22 Wednesday
October 2025
2025 October 22
1447 Joumada I 0

കേരളം വര്‍ഗീയമായി വിഭജിക്കപ്പെടുമ്പോഴും സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുന്നത് ആശങ്കാജനകം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: കേരളം വര്‍ഗീയമായി വിഭജിക്കപ്പെടാതിരിക്കാന്‍ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. വര്‍ഗീയത ആളിക്കത്തിച്ച് വിശ്വാസികളെ തമ്മിലടിപ്പിക്കാനും സാമുദായികാന്തരീക്ഷം കലുഷമാക്കാനും ഗൂഢ ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായിരിക്കുന്നത് അംഗീകരിക്കാവതല്ല. ലൗ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് ക്രൈസ്തവ വിശ്വാസികളെ മുസ്‌ലിംകള്‍ക്കെതിരില്‍ ഇളക്കി വിട്ട് സാമുദായ സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്റെ അള്‍ത്താര പ്രഭാഷണം നിസ്സാരമായി അവഗണിക്കാവതല്ല. ബിഷപ്പ് പ്രസ്താവന പിന്‍വലിക്കുന്നില്ലെന്ന് മാത്രമല്ല സദാ വിശ്വാസികളെ ഇളക്കി വിടാന്‍ വീണ്ടും ന്യായീകരണവുമായി രംഗത്ത് വന്നിട്ടും സര്‍ക്കാര്‍ നിസ്സംഗമായിരിക്കുന്നത് ആശങ്കാജനകമാണ്.
വിശ്വാസികളെ തമ്മിലടിപ്പിച്ച് കാര്യസാധ്യത്തിനിറങ്ങിത്തിരിക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. പാലാ ബിഷപ്പിന്റെ വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനക്കും ക്രൈസ്തവ തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന വര്‍ഗീയാധിഷേപത്തിനുമെതിരെ രാഷ്ട്രീയ സാംസ്‌കാരിക നായകര്‍ മൗനം വെടിയണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ ധീരമായ പ്രതികരണം മതേതര വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രതരാവമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ലീഡേഴ്‌സ് മീറ്റ് അഭ്യര്‍ത്ഥിച്ചു.
ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, പ്രൊഫ. പി അബ്ദുല്‍അലി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, സി അബ്ദുല്ലത്തീഫ്, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, കെ പി അബ്ദുറഹ്മാന്‍, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ് കല്‍പറ്റ, അബ്ദുസ്സലാം പുത്തൂര്‍, പ്രൊഫ. ഇസ്മാഈല്‍ കരിയാട്, കെ എ സുബൈര്‍, വി മുഹമ്മദ് സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, ഫൈസല്‍ നന്മണ്ട, ഡോ. അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍ പ്രസംഗിച്ചു.

Back to Top