ജീവവായു കിട്ടാതെ ജനങ്ങള്‍ മരിച്ചൊടുങ്ങുന്നതിന് മുമ്പ് പരിഹാരം വേണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: ജീവവായു കിട്ടാതെ നൂറുക്കണക്കിനാളുകള്‍ മരിച്ചൊടുങ്ങുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കാതെ ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അസഹിഷ്ണുതയും അപരവിദ്വേഷവും പ്രതിപക്ഷ ശത്രുതയും അവസാനിപ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടിയുമായി മുന്നോട്ടുവരണം. കോവിഡ് മഹാമാരി വരുത്തിവെക്കുന്ന ദുരന്തം അറിയാമായിരുന്നിട്ടും മുന്‍കരുതലൊന്നുമെടുക്കാത്തതിന്റെ പേരില്‍ ജനങ്ങള്‍ ദാരുണമായി മരിച്ചൊടുങ്ങുന്നത് ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കയാണ്. മോദീ സര്‍ക്കാറിന്റെ ഭരണ പരാജയത്തിന് ആയിരങ്ങളുടെ ജീവനുകളും രാജ്യത്തിന്റെ അഭിമാനവും ബലി നല്‍കേണ്ടി വരുന്നത് ഗൗരവതരമായി തന്നെ കാണണം. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഐക്യപ്പെടണമെന്നും കോവിഡ് വാക്‌സിന്‍ ചലഞ്ചില്‍ കഴിയുന്നത്ര പേര്‍ പങ്കാളികളാകണമെന്നും യോഗം ആഹ്വാനം ചെയ്തു.
അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ നിരുപാധികം വിട്ടയക്കണം. കേവലം വിചാരണ തടവുകാരനായ സിദ്ദീഖ് കാപ്പനെ ക്രൂരവും പ്രാകൃതവുമായി പീഡിപ്പിക്കുന്നതിനെതിരെ മനസാക്ഷിയുണരണം. കാപ്പന്റെ ചികിത്സക്ക് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായെട്ടു.
ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുല്‍അലി മദനി, അഡ്വ. മുഹമ്മദ് ഹനീഫ, ശംസുദ്ദീന്‍ പാലക്കോട്, സി അബ്ദുല്ലത്തീഫ്, പ്രഫ. കെ പി സക്കരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, യു പി യഹ്‌യഖാന്‍, സുഹൈല്‍ സാബിര്‍, ഫൈസല്‍ നന്മണ്ട, കുഞ്ഞമ്മദ് മദനി, ഫാസില്‍ ആലുക്കല്‍, ഷഹീര്‍ വെട്ടം പ്രസംഗിച്ചു.