ആത്മീയ ചൂഷകരെ വിശ്വാസികള്‍ ഒറ്റപ്പെടുത്തണം – മുജാഹിദ് നവോത്ഥാന സമ്മേളനം

കോഴിക്കോട്: ചൂഷണങ്ങള്‍ക്ക് ഒരു പഴുതുമില്ലാത്ത ദര്‍ശനമാണ് ഏകദൈവ വിശ്വാസമെന്നും മതത്തിന്റെ പേരില്‍ തട്ടിപ്പിനിറങ്ങിയ ആത്മീയ ചൂഷകരെ വിശ്വാസി സമൂഹം ഒറ്റപ്പെടുത്തണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രവാദ കൊലകളുള്‍പ്പെടെ അന്ധവിശ്വാസങ്ങളുടെ ഭാഗമായുള്ള തിന്മകള്‍ സാംസ്‌കാരിക കേരളത്തില്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഇനിയും വൈകിക്കരുത്.
ശബാബ് ചീഫ് എഡിറ്റര്‍ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, റാഫി പേരാമ്പ്ര, ജില്ലാ സെകട്ടറി ടി പി ഹുസൈന്‍ കോയ, എം ടി അബ്ദുല്‍ഗഫൂര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ചെറുവാടി, എം എസ് എം ജില്ലാ പ്രസിഡന്റ് യഹ്‌യ മുബാറക്, എം ജി എം സംസ്ഥാന വൈ. പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ, അബ്ദുല്‍മജീദ് പുത്തൂര്‍ പ്രസംഗിച്ചു.
