പാഠ്യപദ്ധതി ചട്ടക്കൂട്: ഉദാരവാദങ്ങള്‍ തള്ളിക്കളയണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടില്‍ ജെന്‍ ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ കടത്തിക്കൂട്ടി പുതുതലമുറയെ മൂല്യനിരാസത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢനീക്കങ്ങളെ സാംസ്‌കാരിക കേരളം തള്ളിക്കളയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ലിംഗ നീതി എന്ന പേരില്‍ മുന്നോട്ട് വെക്കുന്ന പുതിയ ആശയങ്ങള്‍ സ്ത്രീകളെ അധമാവസ്ഥയിലേക്ക് എത്തിക്കാനേ ഉപകരിക്കൂ. സ്ത്രീയെ അവളുടെ പ്രകൃതിയില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും ജില്ലാ സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ്, റഷീദ് മടവൂര്‍, മുര്‍ഷിദ് പാലത്ത്, അബ്ദുസ്സലാം പുത്തൂര്‍, പി അബ്ദുല്‍മജീദ് മദനി, പി സി അബ്ദുറഹ്മാന്‍, കുഞ്ഞിക്കോയ ഒളവണ്ണ, എന്‍ ടി അബ്ദുറഹ്മാന്‍, സത്താര്‍ ഓമശ്ശേരി, പ്രഫ. അബ്ദുമുബാറക്, എം പി മൂസ, എന്‍ പി അബ്ദുറഷീദ്, പി ടി സുല്‍ഫിക്കര്‍, ഫൈസല്‍ ഇയ്യക്കാട് പ്രസംഗിച്ചു.
