9 Saturday
November 2024
2024 November 9
1446 Joumada I 7

ദൈവനിരാസവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്നത് ചെറുക്കും – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: സാമൂഹ്യ അരാജകത്വത്തിലേക്ക് നയിക്കുന്ന സ്വതന്ത്ര ലൈംഗികതയെയും സ്വവര്‍ഗ രതിയെയും ബോധപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന തങ്ങളുടെ വിദ്യാര്‍ഥി സംഘടനയുടെ സാംസ്‌കാരിക വിരുദ്ധവും അപകടകരവുമായ പ്രവണതയെ നിയന്ത്രിക്കാന്‍ സി പി എം നേതൃത്വം തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. വിശ്വാസപരവും ധാര്‍മികവുമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിലേക്ക് പ്രത്യയശാസ്ത്രപരമായ മതവിരുദ്ധ ധാര്‍മികതാവിരുദ്ധ നയനിലപാടുകള്‍ വിപണനം നടത്താനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി.
കേരള പോലീസിന്റെ സൈബര്‍ വിംഗ് കേരളത്തിലെ പ്രതികരണ ശേഷിയുള്ളവരുടെ നാവടപ്പിക്കാനുള്ള സംവിധാനമാണെങ്കില്‍ അതനുവദിക്കുകയില്ല. സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഛിദ്രതയും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ സംഘപരിവാര്‍ നടത്തുന്ന ഗൂഢപദ്ധതികളെ തുറന്നുകാണിക്കുന്നവരെ കയ്യാമം വെക്കാന്‍ കേരള പോലീസിലെ സൈബര്‍ വിംഗ് നടത്തുന്ന ശ്രമങ്ങളെ ഇനിയും സഹിക്കാന്‍ കേരളീയ മുസ്‌ലിംസമൂഹം തയ്യാറല്ല.
അകാരണമായി മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന കേരള പോലീസിലെ ഫ്രാക്ഷനുകളെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട നടപടി പിന്‍വലിക്കാനോ അതുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താനോ തയ്യാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തിയ എ ഐ പി സ്‌കൂളുകളിലെ നിയമനങ്ങള്‍ റദ്ദ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിച്ച് നിയമനാംഗീകാരം നല്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, കെ അബൂബക്കര്‍ മദനി, സി മമ്മു കോട്ടക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എന്‍ജി. സൈദലി പ്രസീഡിയം നിയന്ത്രിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ്, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ഡോ. മുസ്തഫ സുല്ലമി, പ്രഫ. ഇസ്മാഈല്‍ കരിയാട്, എം ടി മനാഫ്, സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി പ്രസംഗിച്ചു.

Back to Top