20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മനസ്സിലാക്കുന്നതില്‍ സി പി എം പരാജയപ്പെട്ടു – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകളെയും അവരുടെ പ്രശ്‌നങ്ങളെയും മനസ്സിലാക്കുന്നതില്‍ സി പി എം സമ്പൂര്‍ണ പരാജയമാണെന്നാണ് സി പി എം നേതാവ് പി ജയരാജന്റെ പുസ്തകവും അതിന്റെ പ്രകാശന ചടങ്ങില്‍ നടന്ന പ്രഭാഷണങ്ങളും തെളിയിക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച ദുരുപധിഷ്ഠമായ പ്രസ്താവം ഇസ്‌ലാമിക ഖിലാഫത്തിനെക്കുറിച്ച തികഞ്ഞ അജ്ഞതയാണ് വ്യക്തമാക്കുന്നത്. ഇസ്‌ലാമിക തത്വങ്ങളും മൂല്യങ്ങളും അനുസരിച്ച് നടന്ന ഖിലാഫത്ത് ചരിത്രത്തിലിന്നോളം കണ്ടതില്‍ വെച്ചേറ്റവും മാനവികത ഉയര്‍ത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചവയാണെന്ന് ചരിത്രം സാക്ഷിയാണ്. ഖലീഫ ഉമറിന്റെ ഖിലാഫത്തിനെയാണ് ഞാന്‍ ഇന്ത്യക്കായി സ്വപ്‌നം കാണുന്നതെന്ന് മഹാത്മാ ഗാന്ധി പറഞ്ഞത് കമ്യൂണിസ്റ്റു നേതാക്കള്‍ അറിയാതെ പോവാന്‍ സാധ്യതയില്ല.
മലബാറിലെ മുസ്‌ലിംകള്‍ മുഖ്യധാരയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. മലബാറിന്റെ പൊതു മണ്ഡലത്തിന്റെ പുരോഗതിയില്‍ മുസ്‌ലിം സമുദായം നല്കിയ സംഭാവനകളെക്കുറിച്ച് സി പി എം ഇനിയെങ്കിലും പഠന വിധേയമാക്കണം. മലബാറിലെ മുസ്‌ലിംകള്‍ ഏതൊരു രംഗത്താണ് വേറിട്ടു നിന്നതെന്ന് വ്യക്തമാക്കാന്‍ സി പി എം തയ്യാറാവണം. കഴിഞ്ഞകാല സര്‍ക്കാറുകള്‍ മലബാറിനെ എല്ലാ മേഖലകളിലും ബോധപൂര്‍വമായി അവഗണിച്ചതിനെ മലബാര്‍ ജനത ചോദ്യം ചെയ്യുന്നതിനെ മുസ്‌ലിംകളുടെ മുഖ്യധാരയില്‍ നിന്നുള്ള വേറിട്ടു നില്‍ക്കലാണെങ്കില്‍ അത് തുടര്‍ന്നും തുടരുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി.
സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, സലീം കരുനാഗപ്പള്ളി, ഡോ. അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, കെ എം കുഞ്ഞമ്മദ് മദനി, ശാക്കിര്‍ ബാബു കുനിയില്‍, ഡോ. ലബീദ്, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.

Back to Top