26 Monday
January 2026
2026 January 26
1447 Chabân 7

യോഗീ സര്‍ക്കാറിനെ പിരിച്ചുവിട്ട് നിയമവാഴ്ച ഉറപ്പു വരുത്തണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ യോഗീ ആദിത്യനാഥ് സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് കെ എന്‍ എം. മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കര്‍ഷക കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന യോഗീ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായും ഭരണഘടനാപരമായും അവകാശമില്ലെന്നും കര്‍ഷക കൊലയാളിയെ സംരക്ഷിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്ന കേന്ദ്രമന്ത്രി അജയ് ശര്‍മയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുന്നാക്ക സംവരണം നടപ്പിലാക്കിയതിലൂടെ മുസ്‌ലിം സമുദായത്തിനുണ്ടായ നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കിട്ടിയ ആയിരക്കണക്കിന് മുസ്‌ലിം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അവസരം കിട്ടാതെ വലയുമ്പോള്‍ മിനിമം മാര്‍ക്ക് വാങ്ങിയ മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പോലും അവസരം കിട്ടുന്നു എന്നത് സര്‍ക്കാര്‍ നടപടിയിലെ വഞ്ചന വ്യക്തമാക്കുന്നതാണ്.
മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് കിട്ടിയ മുസ്‌ലിം കുട്ടികള്‍ അവഗണിക്കപ്പെടുമ്പോഴും റാങ്കുകാരായ മുന്നാക്ക വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്നു എന്നത് മുന്നാക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ അവസരം കവര്‍ന്നെടുക്കുന്നു എന്ന യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്. ഈ വിവേചനത്തിനെതിരെ അടിയന്തിര പരിഹാരം വേണമെന്നും യോഗം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇരുപത് വര്‍ഷത്തോളം മര്‍കസുദ്ദഅ്‌വ മാനേജരായി സേവനമനുഷ്ടിച്ച് പിരിഞ്ഞ് പോകുന്ന പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ക്ക് (കൊട്ടപ്പുറം) പ്രവര്‍ത്തക സമിതി യാത്രയയപ്പ് നല്‍കി.

വൈ. പ്രസി. പ്രൊഫ. പി അബ്ദുല്‍ അലി മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി. സകരിയ്യ, ബി പി എ. ഗഫൂര്‍, ഡോ. ഐ പി. അബ്ദുസ്സലാം, പി പി. ഖാലിദ്, ഡോ. ജാബിര്‍ അമാനി, കെ. അബ്ദുസ്സലാം മാസ്റ്റര്‍, കെ എ. സുബൈര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം എം ബഷീര്‍ മദനി, അബ്ദുസ്സലാം പുത്തൂര്‍, വി. മുഹമ്മദ് സുല്ലമി, അഡ്വ. എം മൊയ്തീന്‍ കുട്ടി, മൂസ മാസ്റ്റര്‍ ആമയൂര്‍, ആബിദ് മദനി മലപ്പുറം വെസ്റ്റ്, ഉബൈദുല്ല പാലക്കാട്, സി സി. ഷക്കീര്‍ ഫാറൂഖി കണ്ണൂര്‍, കെ എം ഷാകിര്‍ എറണാകുളം, കാസിം മാസ്റ്റര്‍ കൊയിലാണ്ടി, എ പി നൗഷാദ് ആലപ്പുഴ, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, ഇസ്ഹാഖ് ബുസ്താനി തൃശൂര്‍, ടി പി ഹുസൈന്‍ കോയ കോഴിക്കോട് പ്രസംഗിച്ചു

Back to Top