20 Saturday
April 2024
2024 April 20
1445 Chawwâl 11

മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ഒന്നിക്കണം – ഇ ടി മുഹമ്മദ് ബഷീര്‍


കോഴിക്കോട്: വെല്ലുവിളികളെ അതിജീവിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു മുന്നേറേണ്ടുന്ന സാഹചര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ പരസ്പരമുള്ള അധിക്ഷേപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ആശയപരമായുള്ള വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ രാജ്യത്തിന്റെയും മുസ്‌ലിംകളുടെയും നന്മ ലക്ഷ്യംവെച്ച് പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് മുസ്‌ലിം സംഘടനകള്‍ ഐക്യപ്പെടണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
ആശയപരമായ സര്‍ഗാത്മക സംവാദങ്ങളാകാം. എന്നാല്‍ അത് സംഘടനാപരമായ ഏറ്റുമുട്ടലുകളാവരുത്. ഫാസിസ്റ്റ് വെല്ലുവളി അതിന്റെ ഭീകരരൂപം പ്രാപിച്ചു വരുന്നത് അവഗണിക്കാവതല്ല. രാജ്യത്ത് സകല മേഖലകളിലും മുസ്‌ലിംകളെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ഗൂഢമായ ശ്രമം ശക്തിയാര്‍ജിച്ചു വരുന്ന സാഹചര്യത്തില്‍ മതേതരചേരിക്ക് വിള്ളല്‍ വീഴ്ത്താതിരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ക്കാണ് ഏറെ ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിമാരായ കെ പി സകരിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍, ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുവത ബുക് ഹൗസ് പുറത്തിറക്കിയ ‘1921 മലബാര്‍ സമരം’ ഗ്രന്ഥപരമ്പരയിലെ മൂന്നും നാലും വാള്യങ്ങള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിക്ക് സമ്മാനിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x