കൂടോത്ര വിവാദം പ്രബുദ്ധകേരളത്തിന് ചേര്‍ന്നതല്ല -കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: തങ്ങളുടെ രാഷ്ട്രീയ ജയ പരാജയങ്ങളും രോഗവും ആരോഗ്യവുമെല്ലാം കൂടോത്രവും മന്ത്രവാദങ്ങളും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ കേരളത്തിലെ ഉന്നതരായ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പ്രബുദ്ധകേരളത്തിന് ചേര്‍ന്നതല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മതപരമായോ ശാസ്ത്രീയമായോ യാതൊരു അടിത്തറയുമില്ലാത്ത കൂടോത്രത്തെ ഭയപ്പെട്ടു നടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രബുദ്ധതയെയാണ് അപഹാസ്യമാക്കുന്നത്.
ദുര്‍ബല വിശ്വാസികളെ ചുഷണം ചെയ്യാനിറങ്ങിത്തിരിച്ച മന്ത്രവാദികളും ആള്‍ദൈവങ്ങളും സിദ്ധന്‍മാരും ആഭിചാരകരുമാണ് തങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതെന്ന മൗഢ്യത അത്തരം രാഷ്ട്രീയക്കാര്‍ തിരുത്തണം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോഴിക്കോട് മുതലക്കുളത്ത് വെച്ച് ലോകത്തുള്ള മുഴുവന്‍ മന്ത്രവാദികളെയും ആഭിചാരകരെയും തങ്ങള്‍ക്കെതിരെ കൂടോത്രം പ്രയോഗിക്കാന്‍ വെല്ലുവിളിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നേവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നത് വ്യക്തമാണ്. സംസ്ഥാനത്ത് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവന്നാല്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഇല്ലാതാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, എം അഹമ്മദ്കുട്ടി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി സകരിയ, എം കെ മൂസ സുല്ലമി, ഡോ. ജാബിര്‍ അമാനി, എന്‍ജി. സൈതലവി, കെ എ സുബൈര്‍ ആലപ്പുഴ, ഡോ. ഐ പി അബ്ദുസ്സലാം, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത്, പി അബ്ദുസ്സലാം, സുഹൈല്‍ സാബിര്‍, ആദില്‍ നസീഫ് മങ്കട പ്രസംഗിച്ചു.
