കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം; സന്ദേശ പ്രചാരണത്തിന് ഉജ്വല തുടക്കം
കോഴിക്കോട്: നവ ലിബറല്‍ പ്രസ്ഥാനങ്ങള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന മതനിരാസ പ്രചാരണങ്ങള്‍ സാമൂഹിക ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും ശിഥിലമാക്കിക്കൊണ്ടിരിക്കുകയും സമൂഹത്തിന്റെ ധാര്‍മികാടിത്തറ തകര്‍ത്തുകൊണ്ടിരിക്കുന്നതിനെയും ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ദ്വൈമാസ പ്രചാരണത്തിന് തുടക്കമായി.
സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി സന്ദേശ പ്രചാരണം ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളെ അവമതിച്ച് സ്വതന്ത്ര ലൈംഗികതയിലൂടെ സമൂഹത്തെ അരാജകത്വത്തിലേക്കാണ് ചിലര്‍ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ ശൈഥില്യങ്ങള്‍ സാമൂഹിക് ബന്ധങ്ങളുടെ അടിത്തറ തന്നെ തകര്‍ക്കും. സ്ത്രീ ശാക്തീകരണത്തിന്റെ മറപിടിച്ച് സ്വതന്ത്ര ലൈംഗികതയും ലൈംഗിക ഏകത്വവും പ്രചരിപ്പിക്കുന്നതിനെ ഗൗരവമായി കണ്ടില്ലെങ്കില്‍ സമൂഹം കനത്ത വില നല്‍കേണ്ടി വരും. മാതാപിതാക്കളും സഹോദരീ സഹോദരന്‍മാരും ഉമ്മ പെങ്ങന്‍മാരുമടങ്ങുന്ന കുടുംബ ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ മതനേതൃത്വങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, ഫൈസല്‍ നന്മണ്ട, സി പി അബ്ദുസ്സമദ്, ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ്, റാഫിദ ഖാലിദ്, അഫ്‌നിദ പുളിക്കല്‍, അബ്ദുറഷീദ് ഉഗ്രപുരം, റാഫി കുന്നുംപുറം പ്രസംഗിച്ചു.