ബജറ്റില്‍ മുസ്‌ലിം ക്ഷേമ പദ്ധതികളെ അവഗണിച്ചത് കടുത്ത അനീതി – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
മഞ്ചേരി: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ മുസ്‌ലിം ക്ഷേമ പദ്ധതികളെ പാടെ അവഗണിച്ചത് കടുത്ത അനീതിയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. സച്ചാര്‍ കമ്മിഷന്‍ ശിപാര്‍ശ പ്രകാരം നടപ്പിലാക്കിയിരുന്ന ക്ഷേമ പദ്ധതികള്‍ സര്‍ക്കാറിന്റെ അനാസ്ഥ കാരണം സമുദായത്തിന് നഷ്ടമായിരിക്കുകയാണ്. വിദ്യാഭ്യാസ, ഉദ്യോഗ, തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിംകളുടെ പുരോഗതിക്കാവശ്യമായ യാതൊന്നും ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല. സര്‍ക്കാര്‍ കവര്‍ന്നെടുത്ത മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുന്നതിനോ മലബാറില്‍ ജനസംഖ്യാനുപാതികമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിനോ തയ്യാറായിട്ടില്ല. പൊതു ഖജനാവിന്റെ വിനിയോഗത്തില്‍ തുല്യനീതി നിഷേധിക്കുന്ന നിലപാട് തിരുത്തി ഉദ്യോഗ, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളില്‍ പിന്നാക്ക ന്യൂനപക്ഷ സമുദായത്തിന് അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ബജറ്റില്‍ വിഹിതം ഉള്‍കൊള്ളിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പ്രഭാഷണം നടത്തി. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ അബൂബക്കര്‍ മൗലവി, സി മമ്മു കോട്ടക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, സി അബ്ദുല്ലത്തീഫ്, എന്‍ജി. സൈതലവി, ഇസ്മായില്‍ കരിയാട്, എം ടി മനാഫ്, ഡോ. ഐ പി അബ്ദുസലാം, പി സുഹൈല്‍ സാബിര്‍, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, പി ടി അബ്ദുല്‍മജീദ് സുല്ലമി, കാസിം മാസ്റ്റര്‍, സലീം അസ്ഹരി, ആബിദ് മദനി, ഡോ. യു പി യഹ്‌യാഖാന്‍, ഉബൈദുല്ല മാസ്റ്റര്‍ പ്രസംഗിച്ചു.