കെ കെ എം ജമാലുദ്ദീന്‍ മൗലവി; സാഹിത്യകാരനായ പണ്ഡിതന്‍
ഹാറൂന്‍ കക്കാട്
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്ത ധീരനായ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു കെ കെ എം ജമാലുദ്ദീന്‍ മൗലവി. സാഹിത്യലോകത്തിനു മറക്കാനാവാത്ത എഴുത്തുകാരനും പ്രതിഭാശാലിയായ അറബി കവിയുമായിരുന്നു അദ്ദേഹം. 1909ല്‍ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരിയില്‍ പ്രമുഖ പണ്ഡിതനായിരുന്ന കൊളമുള്ളതില്‍ കൊയിലോത്ത് കുഞ്ഞമ്മദ്കുട്ടി മുസ്‌ലിയാരുടെയും തറക്കണ്ടി ആയിശുമ്മയുടെയും മകനായാണ് കെ കെ എം ജമാലുദ്ദീന്‍ മൗലവിയുടെ ജനനം. കോറാമല്‍ മാപ്പിള സ്‌കൂള്‍, പൈങ്ങോട്ടായി ബോര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, സ്വന്തം പിതാവില്‍ നിന്നും നാട്ടില്‍ നിന്നും മതപഠനവും അഭ്യസിച്ചു.
നാദാപുരം ദര്‍സ്, കാസര്‍കോഡ് ദര്‍സ്, ഉമറാബാദ് ജാമിഅ ദാറുസ്സലാം എന്നിവിടങ്ങളില്‍ നിന്നാണ് തുടര്‍പഠനം നടത്തിയത്. കൊളമുള്ളതില്‍ കൊയിലോത്ത് മുഹമ്മദ് ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ എന്ന പേര് കെ കെ എം ജമാലുദ്ദീന്‍ മൗലവി എന്നാക്കിയത് ഉമറാബാദില്‍ നിന്നാണ്. 1936ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പരീക്ഷ ഒന്നാം റാങ്കോടെയാണ് മൗലവി പാസായത്. അന്ന് രണ്ടാം റാങ്കിന് അര്‍ഹനായത് പ്രമുഖ പണ്ഡിതന്‍ എം സി സി ഹസന്‍ മൗലവിയായിരുന്നു.
വടകര മനാര്‍ സ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, കൊച്ചി മദ്‌റസത്തുല്‍ മുജാഹിദീന്‍, കുറ്റ്യാടി ഇസ്‌ലാമിയാ കോളജ്, കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ പള്ളിദര്‍സ്, പറവണ്ണ മദ്‌റസത്തുല്‍ ബനാത്ത്, മാഹി എം എം ഹൈസ്‌കൂള്‍, തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജമാലുദ്ദീന്‍ മൗലവി അധ്യാപകനായിരുന്നു. കോഴിക്കോട് ജെഡിറ്റി ഇസ്‌ലാം, തിരൂരങ്ങാടി യതീംഖാന എന്നീ സ്ഥാപനങ്ങളുടെ റസീവറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ ജുമുഅത്ത് പള്ളിയില്‍ മഹത്വങ്ങള്‍ സങ്കല്‍പിച്ചുകൊണ്ട് പൂര്‍വകാലത്ത് ഒരു കല്ല് പ്രതിഷ്ഠിച്ചിരുന്നു. നൂറ്റാണ്ട് കാലം പഴക്കമുള്ള ഈ പ്രതിഷ്ഠയെ പള്ളി ഭാരവാഹികള്‍ ആദരിക്കുകയും ബഹുമാനിക്കുകയും തദ്ഫലമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഇവിടേക്ക് തീര്‍ഥാടനം നടത്തുകയും പതിവായിരുന്നു. ഈ ആത്മീയ ചൂഷണകേന്ദ്രത്തെ കുറിച്ച് അറിഞ്ഞ ജമാലുദ്ദീന്‍ മൗലവി ഇവിടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ഈ അനിസ്‌ലാമിക ആരാധനയുടെയും ആത്മീയവാണിഭത്തിന്റെയും നിരര്‍ഥകതയെയും അപകടങ്ങളെയും കുറിച്ച് യുക്തിഭദ്രമായി പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിച്ചു. പ്രഭാഷണം ശ്രവിച്ചവരൊക്കെ സത്യം ഉള്‍ക്കൊണ്ടു. താമസിയാതെ ഈ പ്രതിഷ്ഠ പള്ളിയില്‍ നിന്ന് നീക്കം ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ എരിത്തോട് പുഴക്കരയില്‍ റാത്തീബ് നടത്താന്‍ വേണ്ടി മാത്രം ഒരു സ്രാമ്പി നിര്‍മിച്ചിരുന്നു. അനാചാരമായ റാത്തീബ് നടത്താന്‍ വേണ്ടി മാത്രം ഒരു കേന്ദ്രം നിലകൊള്ളുന്നു എന്നറിഞ്ഞ ജമാലുദ്ദീന്‍ മൗലവി അവിടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. മൗലവിയുടെ പ്രമാണബദ്ധവും ചിന്തോദ്ദീപകവുമായ പ്രഭാഷണം ശ്രവിച്ച നാട്ടുകാര്‍ക്ക് യാഥാര്‍ഥ്യം കൃത്യമായി മനസ്സിലായി. പ്രഭാഷണ പരമ്പര അവസാനിച്ചതിന്റെ പിറ്റേ ദിവസം റാത്തീബ് പള്ളി നടത്തിപ്പുകാര്‍ തന്നെ പൊളിച്ചുമാറ്റി.
ഒരിക്കല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജമാലുദ്ദീന്‍ മൗലവി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ യാഥാസ്ഥിതികര്‍ കൂക്കും ആര്‍പ്പുവിളികളുമായി സദസ്സ് അലങ്കോലപ്പെടുത്തി. ജനം അത്യുച്ചത്തില്‍ കൂകിയാര്‍ത്തപ്പോള്‍ മൗലവി പ്രസംഗം നിര്‍ത്തി. തുടര്‍ന്ന് വശ്യമധുരമായ ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുതുടങ്ങി. സദസ്സ് അതിവേഗം ശാന്തമായി. അങ്ങനെ മൗലവി പ്രസംഗം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് മഞ്ചേരിയിലെ പള്ളിയില്‍ വിശ്രമിക്കാന്‍ ചെന്നപ്പോള്‍ ദര്‍സ് വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് നിരവധി ചോദ്യങ്ങള്‍ ഉതിര്‍ത്തു. എല്ലാറ്റിനും മൗലവി വസ്തുനിഷ്ഠമായി മറുപടി നല്‍കി. അവര്‍ പഠിച്ചുകൊണ്ടിരുന്ന കിതാബുകളിലുള്ള ആശയങ്ങള്‍ മൗലവി കാണിച്ചുകൊടുത്തു. അവരുടെ പാഠ്യപദ്ധതികളിലുള്ള സത്യങ്ങള്‍ക്ക് വിരുദ്ധമായാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവര്‍ക്കും ബോധ്യമായി.
മികച്ച എഴുത്തുകാരനായിരുന്നു ജമാലുദ്ദീന്‍ മൗലവി. വൈജ്ഞാനിക സാഹിത്യവും സര്‍ഗസാഹിത്യവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. കാലികവിഷയങ്ങളില്‍ പ്രസക്തമായ നൂറുകണക്കിന് ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, അല്‍മനാര്‍, യുവകേസരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മൗലവിയുടെ രചനകളാല്‍ സമ്പന്നമായിരുന്നു. നിഷ്പക്ഷ നിരൂപണം, തര്‍ക്കത്തിലെ മര്‍മം, ചിന്താര്‍ഹമായ പ്രവചനം തുടങ്ങി മൗലവി അല്‍മനാറില്‍ എഴുതിയ പംക്തികള്‍ വായനക്കാരെ വളരെയധികം സ്വാധീനിച്ചിരുന്നു.
കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ് അംഗമായിരുന്ന അദ്ദേഹം പാഠപുസ്തക രചനയില്‍ അഗ്രഗണ്യനായിരുന്നു. സ്വഭാവസംസ്‌കരണ വിഷയങ്ങളില്‍ രണ്ട് ഗ്രന്ഥങ്ങളും ‘അഹ്കാമുല്‍ ഖുത്ബ’ എന്ന കൃതിയും അദ്ദേഹം രചിച്ചു. കേരളത്തിലെ ആധുനിക അറബി കവികളില്‍ അദ്വിതീയനായിരുന്നു ജമാലുദ്ദീന്‍ മൗലവി. അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ടു. കേരളത്തില്‍ ഒരു മുസ്‌ലിം പണ്ഡിതന്‍ രചിച്ച ആദ്യ നോവല്‍ മൗലവിയുടേതാണ്.
സംഭവബഹുലമായ മൗലവിയുടെ ജീവിതപശ്ചാത്തലത്തെ ആധാരമാക്കി അന്ധവിശ്വാസങ്ങളെയും യാഥാസ്ഥിതിക ചിന്തകളെയും വിപാടനം ചെയ്യുന്നതിനു വേണ്ടി അദ്ദേഹം എഴുതിയ ‘ഖിള്ര്‍ നബിയെ കണ്ട നഫീസ’, ‘ഹിയാലിലകത്ത് സൈനബ’ എന്നീ നോവലുകള്‍ കേരളത്തിന്റെ നവോത്ഥാന മേഖലയില്‍ പുതുചരിത്രമാണ് കുറിച്ചത്. ഈ നോവലുകളിലെ കുഞ്ഞാലി മുസ്‌ലിയാരും അത്തര്‍ വില്‍പനക്കാരനും സൈനബയും നഫീസയുമെല്ലാം വായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ കഥാപാത്രങ്ങളാണ്.
1948ല്‍ കെ കെ എം ജമാലുദ്ദീന്‍ മൗലവി തിരൂരങ്ങാടി യതീംഖാനയുടെ റസീവറായി എടത്തനാട്ടുകരയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തോട് വിമുഖത കാണിക്കുകയും പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു. ഈ പ്രദേശത്തുള്ള ഇരുപതോളം അനാഥ കുട്ടികളെ ഒരാള്‍ ഇതേ വര്‍ഷം തിരൂരങ്ങാടി യതീംഖാനയിലേക്ക് ചേര്‍ക്കാന്‍ കൊണ്ടുപോയി. എന്നാല്‍ അവിടെ കൂടുതല്‍ കുട്ടികളെയെടുക്കാന്‍ സാധിക്കാത്തതിനാല്‍ പോയവര്‍ക്കു മുഴുവന്‍ മടങ്ങേണ്ടിവന്നു. മുജാഹിദ് പ്രസ്ഥാനത്തിനും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും എക്കാലത്തും സാമ്പത്തിക പിന്‍ബലം വേണ്ടുവോളം നല്‍കിയിരുന്ന എടത്തനാട്ടുകരക്കാര്‍ക്ക് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വിഷമമാണ് കെ കെ എം ജമാലുദ്ദീന്‍ മൗലവിയോടുള്ള ചോദ്യംചെയ്യലായി പരിണമിച്ചത്.
ഒരു മറുചോദ്യം ഉന്നയിച്ചാണ് ജമാലുദ്ദീന്‍ മൗലവി അവരെ നേരിട്ടത്: ”തിരൂരങ്ങാടിയില്‍ വിറകു വാങ്ങുന്ന പണം മതിയല്ലോ ഇവിടെ കുട്ടികള്‍ക്ക് ആകെ ചെലവ് കൊടുക്കാന്‍. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്കു തന്നെ സ്വന്തമായൊരു യതീംഖാന നടത്തിക്കൂടാ?” മൗലവിയുടെ ഈ ചോദ്യം എടത്തനാട്ടുകരയിലെ മുജാഹിദ് നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ കര്‍മചൈതന്യത്തിന്റെ സടകുടഞ്ഞെഴുന്നേല്‍ക്കലായി മാറ്റിത്തീര്‍ത്തു. അങ്ങനെ 1949ല്‍ കെ എം മൗലവി, ഇ കെ മൗലവി, സി എന്‍ അഹ്മദ് മൗലവി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മദ്രാസിലെ വിദ്യാഭ്യാസ വിചക്ഷണന്‍ സയ്യിദ് അബ്ദുല്‍വഹാബ് ബുഖാരി അനാഥാലയത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു.
മതനവോത്ഥാന മേഖലയില്‍ വിശ്രമമില്ലാത്ത യാത്രകളായിരുന്നു മൗലവിയുടേത്. പ്രഭാഷണങ്ങളും എഴുത്തും അധ്യാപനവും മറ്റുമായി മാതൃകാധന്യമായ എമ്പാടും ചരിത്രശേഷിപ്പുകള്‍ കൈരളിക്ക് നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മൂത്രാശയ രോഗസംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്ന് 1965 ഫെബ്രുവരി 26 വെള്ളിയാഴ്ച കെ കെ എം ജമാലുദ്ദീന്‍ മൗലവി നിര്യാതനായി. കീഴല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് ഭൗതികശരീരം സംസ്‌കരിച്ചത്.