5 Friday
December 2025
2025 December 5
1447 Joumada II 14

കോഴിക്കോട് സൗത്ത് ജില്ലയില്‍ സമ്മേളന പ്രചാരണത്തിന് തുടക്കം


കോഴിക്കോട്: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സിന് കളങ്കമേല്പിച്ച മണിപ്പൂര്‍ കലാപം ഉള്‍പ്പെടെ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന വര്‍ഗീയ നീതിഷേധ നീക്കങ്ങളെ തുടച്ചുനീക്കാന്‍ പ്രതിപക്ഷ വിശാലസഖ്യമായ ‘ഇന്ത്യ’ക്ക് കരുത്തുപകരാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ലാ പ്രചരണ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തെ ഒന്നായി കാണുന്ന ഭരണ നേതൃത്വത്തിന് മാത്രമേ ആ രാജ്യത്തെ മുന്നോട്ടു നയിക്കാനാകൂ എന്നിരിക്കെ തുടരെത്തുടരെ വര്‍ഗീയകാര്‍ഡ് ഇറക്കി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാര കസേര ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഭരണകൂട കുതന്ത്രങ്ങളെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണം. ഏകസിവില്‍കോഡ്, രാഹുല്‍ഗാന്ധിയുടെ അയോഗ്യത, ഇ ഡി വേട്ട, വംശീയ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ കണ്ണടക്കുകയാണ്. ‘ഇന്ത്യ’ സഖ്യത്തിലൂടെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം കാണാനാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
എഴുത്തുകാരന്‍ കെ പി രാമനുണ്ണി ടൗണ്‍ഹാളില്‍ പ്രചാരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ വിശ്വമാനവികത പുലരാന്‍ പര്യാപ്തമാണെന്നും മതദര്‍ശനങ്ങളെ മുന്‍വിധികളില്ലാതെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തെ അതിജയിക്കേണ്ടത് വൈകാരികത കൊണ്ടല്ലെന്നും പക്വതയും വിവേകവും കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയര്‍മാന്‍ പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ വിഷയാവതരണം നടത്തി. സമ്മേളനോപഹാരമായി വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന മെസേജ് കിറ്റുകളുടെ വിതരണോദ്ഘാടനം കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ കെ പി രാമനുണ്ണിക്ക് കിറ്റ് കൈമാറി നിര്‍വഹിച്ചു.
അബ്ദുസ്സലാം മുട്ടില്‍, റിഹാസ് പുലാമന്തോള്‍, റാഫി കുന്നുംപുറം, ടി പി ഹുസൈന്‍ കോയ, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്‍മണ്ട, എം ടി അബ്ദുല്‍ഗഫൂര്‍, നസീം മടവൂര്‍, യഹ്‌യ മലോറം, ഷമീന ഇയ്യക്കാട്, നദ നസ്‌റീന്‍, ശുക്കൂര്‍ കോണിക്കല്‍, റാഫി രാമനാട്ടുകര, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, എം അബ്ദുല്‍റശീദ്, കുഞ്ഞിക്കോയ ഒളവണ്ണ, ഫാറൂഖ് പുതിയങ്ങാടി, അബ്ദുസ്സലാം കാവുങ്ങല്‍, പി സി അബ്ദുറഹ്മാന്‍, ഫാദില്‍ പന്നിയങ്കര, സഫൂറ തിരുവണ്ണൂര്‍ പ്രസംഗിച്ചു.

Back to Top