26 Friday
July 2024
2024 July 26
1446 Mouharrem 19

കെ കെ മുഹമ്മദ് അബ്ദുല്‍കരീം ചരിത്രത്തെ സംരക്ഷിച്ച പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


2002 ജനുവരിയിലെ ഒരു സായാഹ്നത്തില്‍ കെ കെ മുഹമ്മദ് അബ്ദുല്‍കരീം എന്ന കരീം മാഷിനോട് ഒറ്റ കാര്യമേ ഞാന്‍ ചോദിച്ചുള്ളൂ: എങ്ങനെ മാഷൊരു ചരിത്രകാരനായി? അക്ഷരങ്ങള്‍ ചുമരുകള്‍ തീര്‍ത്ത അദ്ദേഹത്തിന്റെ എഴുത്തുമുറിയിലെ കസേരയിലിരുന്ന് കരീം മാഷ് പുഞ്ചിരിയോടെ ജീവിതം പറഞ്ഞു. നമുക്കൊരു പക്ഷേ തീര്‍ത്തും നിസ്സാരമെന്ന് തോന്നുന്ന ഓരോരോ അറിവിന്റെ പൊരുളും തേടി കേരളത്തിന്റെ മുക്കുമൂലകളില്‍ അദ്ദേഹം സഞ്ചരിച്ച കഥകള്‍! ‘ഇതിഹാസത്തിന്റെ മണിവിളക്ക്’ എന്ന തലക്കെട്ടില്‍ കരീം മാഷുമായുള്ള അഭിമുഖം ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നതിന്റെ നിര്‍വൃതി പിറ്റേന്നാള്‍ കോഴിക്കോട്ട് നിന്ന് കണ്ടപ്പോള്‍ അദ്ദേഹം പങ്കിട്ടു.
1932 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊളത്തൂരില്‍ കീടക്കാട്ട് കാവുങ്ങലക്കണ്ടിയില്‍ ബീരാന്‍കുട്ടി മുസ്ല്യാരുടെയും കീടക്കാട്ട് തെക്കുവീട്ടില്‍ ഫാത്തിമക്കുട്ടിയുടെയും മകനായാണ് ജനനം. കൊളത്തൂരിലെ ഓത്തുപള്ളി, കൊളത്തൂര്‍ എ എം എല്‍ പി സ്‌കൂള്‍, കൊണ്ടോട്ടി ജി എം എല്‍ പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം മദ്‌റസ, മൊറയൂര്‍ വി എച്ച് എം ഹൈസ്‌കൂള്‍, മലപ്പുറം ഗവ. ട്രെയിനിങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ മദ്‌റസയിലും പള്ളി ദര്‍സിലും പഠിച്ചു. 1951-ല്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി. 1987 ജൂണ്‍ 30-ന് സര്‍വീസില്‍നിന്ന് വിരമിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മനാടായ കൊണ്ടോട്ടിയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന് വൈദ്യര്‍ കൃതികള്‍ ആവേശമായിരുന്നു. വൈദ്യരുടെ പ്രമുഖ കൃതികള്‍ വ്യാഖ്യാനിച്ചതും സമ്പൂര്‍ണ കൃതികള്‍ സമാഹരിച്ചതും കരീം മാഷാണ്. അറബി മലയാള ഗവേഷണമേഖലയില്‍ അദ്ദേഹത്തിന്റെ ശേഖരമാണ് മറ്റാരുടേതിനേക്കാളും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അതിന് തെളിവായി സി എന്‍ അഹ്മദ് മൗലവിയുമായി ചേര്‍ന്ന് അദ്ദേഹം രചിച്ച ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന കൃതി മാത്രം മതി. അറബി മലയാള സാഹിത്യത്തെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ പഠനമാണിത്.
തബൂക് കിസ്സപ്പാട്ട് രചയിതാവും മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഗുരുവുമായ ചുള്ളിയാടന്‍ ബീരാന്‍കുട്ടി കരീം മാഷുടെ പിതാമഹനാണ്. പിതാവിന്റെ സുഹൃത്തുക്കളായ ഫലഖി മുഹമ്മദ് മൗലവിയുടെയും കെ സി കോമുക്കുട്ടി മൗലവിയുടെയും സംഭാഷണങ്ങള്‍ ശ്രദ്ധിച്ചുവളര്‍ന്ന അദ്ദേഹത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ ചരിത്രാന്വേഷണ കൗതുകവും എഴുതാനുള്ള ആഗ്രഹവും വളര്‍ന്നുവന്നിരുന്നു.
പതിനാറാം വയസ്സില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങിയിരുന്നു കരീം മാഷ്. അല്‍ഇത്തിഹാദ്, അല്‍മുര്‍ശിദ്, അല്‍ബുര്‍ഹാന്‍, അല്‍മനാര്‍, ശബാബ്, യുവകേസരി, അല്‍ഫാറൂഖ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റും കീടക്കാടന്‍, ഇബ്‌നു മീരാന്‍കുട്ടി, അബൂ നശീദ, അബൂ അബ്ദുറഷീദ് തുടങ്ങിയ തൂലികാനാമങ്ങളിലും അദ്ദേഹം എഴുതിയിരുന്നു. കേരള മുസ്ലിംകള്‍ക്കിടയില്‍ ഉജ്വലമായ പാരമ്പര്യങ്ങളെ കുറിച്ച് അതിശക്തമായ അവബോധം രൂപപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ഗ്രന്ഥങ്ങളാണ് കരീം മാഷ് എഴുതിയത്.
ഗവേഷകരും പണ്ഡിതരും സാധാരണക്കാരും ഒരുപോലെ ഉപയോഗപ്പെടുത്തിയ വലിയ ഒരു ലൈബ്രറിയാണ് മാഷുടെ വീട്. അംഗീകൃത ഗവേഷണ ബിരുദങ്ങളില്ലാതെ ഒരു നാട്ടിന്‍പുറത്തെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ സമൂഹത്തിന് എത്രമേല്‍ അനിവാര്യമായ സേവനങ്ങളാണ് ചെയ്തതെന്ന് കരീം മാഷുടെ ജീവിതം അടയാളപ്പെടുത്തിയിരിക്കുന്നു. സര്‍വ്വകലാശാലകള്‍ നല്‍കുന്ന അക്കാദമിക യോഗ്യതയേക്കാള്‍ എത്രയോ മുകളില്‍ വരുന്നതാണ് അദ്ദേഹത്തിന്റെ അന്വേഷണങ്ങളും പഠനങ്ങളും അപൂര്‍വശേഖരങ്ങളും.
മുപ്പത് വര്‍ഷത്തെ കഠിന പ്രയത്നത്തിലൂടെയാണ് ‘മക്തി തങ്ങളുടെ സമ്പൂര്‍ണകൃതികള്‍’ അദ്ദേഹം സമാഹരിച്ചത്. വൈദ്യരുടെ ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍, ഗസ്വത് ബദറുല്‍ കുബ്റാ എന്ന പടപ്പാട്ട്, കുഞ്ഞായിന്‍ മുസ്ല്യാരുടെ കപ്പപ്പാട്ട് തുടങ്ങിയവയ്ക്ക് അദ്ദേഹം വ്യാഖ്യാനങ്ങളെഴുതി. മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും എന്ന സമാഹാരത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ 40 പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. മൗലിക രചനകള്‍ക്ക് പുറമെ അറബി, ഉര്‍ദു ഭാഷകളില്‍ അനേകം കൃതികള്‍ അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ സാഹിത്യകാരനായ സ്റ്റീഫന്‍ ഫ്രെഡറിക് ഡേലിന്റെ മാപ്പിളാസ് ഓഫ് മലബാര്‍ 1498-1922 എന്ന ഡോക്ടറേറ്റിനായുള്ള ഗവേഷണത്തിന് മുഖ്യമായി അവലംബിച്ചത് കരീം മാഷുടെ പഠനങ്ങളും കൃതികളുമായിരുന്നു. ഈ കൃതി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി 1980-ല്‍ പ്രസിദ്ധീകരിച്ചു. റോളണ്ട് ഇ മില്ലറുടെ കൂടെ ‘മാപ്പിള മുസ്ലിം ഓഫ് കേരള’ എന്ന കൃതി രചിക്കുവാനും കരീം മാഷുണ്ടായിരുന്നു. ജപ്പാനിലെ തോഷിയ അവായയും ഗ്രന്ഥങ്ങളെഴുതാന്‍ കരീം മാഷെ അവലംബിച്ചു.
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍, വിശുദ്ധനബിയുടെ രണ്ട് പിതൃവ്യന്മാര്‍, ഇബ്‌റാഹീമിബ്നു അദ്ഹം, കെ എം മൗലവി ജീവചരിത്രം, സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി, ഖിലാഫത്ത് സമര നേതാക്കള്‍, മുഹമ്മദ് നബി പൂര്‍വ വേദങ്ങളില്‍, ഹസ്രത്ത് മമ്പുറം സയ്യിദ് അലവി തങ്ങള്‍, മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും, ചേരമാന്‍ പെരുമാള്‍, മാപ്പിളകവി സാമ്രാട്ട് മോയിന്‍കുട്ടി വൈദ്യര്‍, ഇസ്ലാം ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍, കോഴിക്കോട് ചരിത്രം, മുഹമ്മദ് നബി, ബദ്റുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍, ഹസ്രത്ത് മാലിക് ബ്നു ദീനാര്‍, ശഹീദെ മില്ലത്ത് ടിപ്പു സുല്‍ത്താന്‍, മുഗള്‍ സുല്‍ത്താന്‍മാര്‍, അറബികളുടെ കപ്പലോട്ടം, 1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും തുടങ്ങി തൊണ്ണൂറോളം കൃതികളും തലമുറകള്‍ക്ക് ഗവേഷണം നടത്തുന്നതിന് ഉപയുക്തമായ അപൂര്‍വ ശേഖരങ്ങളും കരീം മാഷിന്റെ വിലമതിക്കാനാവാത്ത സംഭാവനകളാണ്.
മാപ്പിള സാഹിത്യ അക്കാദമി പ്രസിഡന്റ്, ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്, കലിമ വിജ്ഞാനകോശം ചീഫ് എഡിറ്റര്‍, ഖിലാഫത്ത് സ്മരണിക പത്രാധിപര്‍, കേരള മുസ്ലിം ഡയറക്ടറി, യുവത ബുക്ഹൗസിന്റെ ‘ഇസ്ലാം അഞ്ച് വാള്യങ്ങളില്‍’ എന്നിവയുടെ പത്രാധിപ സമിതിയംഗം തുടങ്ങിയ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ഉബൈദ് സാഹിബ് അവാര്‍ഡ്, പി എ സൈദ് മുഹമ്മദ് പുരസ്‌കാരം, തിരൂര്‍ സര്‍ഗശാല അവാര്‍ഡ്, ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഫ്രൈഡെ ക്ലബ് അവാര്‍ഡ്, റിയാദ് ബ്രദേഴ്‌സ് ഇന്ത്യാ ഫൗണ്ടേഷന്‍ അവാര്‍ഡ്, കാസര്‍കോട് കലാ സാഹിത്യ വേദി അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ കരീം മാഷെ തേടിയെത്തി.
‘മുഹമ്മദ് അബ്ദുല്‍കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്’ എന്ന പേരില്‍ കരീം മാഷുടെ വൈജ്ഞാനിക സപര്യയുടെ നിധികുംഭം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ചരിത്രാധ്യാപകനായ ഡോ. കെ കെ മുഹമ്മദ് അബ്ദുസ്സത്താര്‍, സാമ്പത്തിക ശാസ്ത്ര അധ്യാപകരായ കെ കെ മുഹമ്മദ് അബ്ദുല്‍ജബ്ബാര്‍, കെ കെ റഷീദ എന്നീ മക്കളും കൂടി ഉള്‍ക്കൊള്ളുന്ന മാഷുടെ കുടംബവും അഭ്യുദയകാംക്ഷികളുമാണ് ഈ ചരിത്രരേഖകള്‍ സംരക്ഷിക്കുന്നത്. കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ അറബി മലയാളം ഗവേഷണ ഗ്രന്ഥാലയത്തിലെ ശേഖരത്തിന്റെ മുക്കാല്‍ പങ്കും കരീം മാഷുടേതാണ്.
ഒന്നും പകരം ചോദിക്കാതെയും ആഗ്രഹിക്കാതെയും ജീവിതകാലമത്രയും ശേഖരിച്ചത് മുഴുവന്‍ സമൂഹത്തിന് വാരിക്കോരി നല്‍കി 2005 ഏപ്രില്‍ ഏഴിന് 73ാം വയസ്സില്‍ കരീം മാഷ് നിര്യാതനായി. കൊളത്തൂര്‍ മഞ്ചക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x