കിഡ്‌സ്‌പോര്‍ട്ട് സംസ്ഥാന വളണ്ടിയര്‍ സംഗമം
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കുന്ന കിഡ്‌സ്‌പോര്‍ട്ട് പവലിയന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഫെബ്രുവരി 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായാണ് കിഡ്‌സ്‌പോര്‍ട്ട് എഡുടെയ്ന്‍മെന്റ് പാര്‍ക്ക് പ്രവര്‍ത്തിക്കുക.
യു പി സ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം. കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് കിഡ്‌സ്‌പോര്‍ട്ട്‌കൊണ്ട് ലക്ഷ്യമാക്കുന്നത്. ഗെയിം സോണ്‍, ആക്ടിവിറ്റി സോണ്‍, 3ഡി തിയേറ്റര്‍, എക്‌സിബിഷന്‍ തുടങ്ങി നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്തങ്ങളായ പവലിയനുകളാണ് ഇതിന്റെ ഭാഗമായി തയ്യാറാവുന്നത്.
കിഡ്‌സ്‌പോര്‍ട്ട് പവലിയനില്‍ പ്രവര്‍ത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ നടന്ന സംഗമം എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ഫാസില്‍ ആലുക്കല്‍, നബീല്‍ പാലത്ത്, ഫാത്തിമ ഹിബ, നിഷ്ദ, നിദ ഹനാന്‍, നദ നസ്രിന്‍, ഹന ഷറിന്‍, ആയിഷ ഹുദ പ്രസംഗിച്ചു.