2 Monday
December 2024
2024 December 2
1446 Joumada II 0

അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇപ്പോള്‍ തന്നെ നിലവിലുണ്ട്

മല്ലികാര്‍ജുന്‍ ഖാര്‍ഗെ / രാജ് ചെങ്കപ്പ, കൗഷിക് ഡേക

‘ഇന്‍ഡ്യ’യുടെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) കണ്‍വീനര്‍ എന്ന നിലയ്ക്ക്, മല്ലികാര്‍ജുന്‍ ഖാര്‍ഗേക്ക് സീറ്റ് പങ്കുവെപ്പ് സംബന്ധിച്ച കാര്യങ്ങളിലും നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടുന്നതിന് ഒരു പൊതു ആഖ്യാനം രൂപീകരിക്കുന്നതിലും 26 പാര്‍ട്ടികളെയും ഒരു സമന്വയത്തില്‍ എത്തിക്കുക എന്ന ബൃഹത്തായ ചുമതലയുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 52 സീറ്റെന്ന ദയനീയ നില മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തവും 81കാരനായ ഈ കോണ്‍ഗ്രസ് അധ്യക്ഷന് ഉണ്ട്.
ഖാര്‍ഗെയുമായുള്ള സംഭാഷണം.


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? പ്രധാന വെല്ലുവിളികള്‍ എന്തൊക്കെ?
കോണ്‍ഗ്രസിലും സഖ്യകക്ഷികളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം അതിശയകരമാണ്. ഭൂരിപക്ഷം കടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഞങ്ങള്‍ ഒരു വിഭവ പ്രതിസന്ധി നേരിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്ക് മത്സരിക്കാന്‍ ഒരു തുല്യ അവസരം നല്‍കുന്നില്ല. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും ഇടം നല്‍കിയില്ലെങ്കില്‍ ജനപിന്തുണ ഏതു പക്ഷത്തിനാണെന്ന് അറിയില്ല.
അദ്ദേഹം എതിരാളികളെ ബുള്‍ഡോസറിന് ഇരയാക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും 25 നേതാക്കള്‍ ഒന്നുകില്‍ ബിജെപിയില്‍ ചേരുകയോ സഖ്യകക്ഷികളാവുകയോ ചെയ്തിട്ടുണ്ട്. മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഇവര്‍ക്കെതിരെ സിബിഐ – ഇഡി കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ നേതാക്കള്‍ പക്ഷം മാറിയതോടെ അവരില്‍ 23 പേര്‍ക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിച്ചു. കോണ്‍ഗ്രസിനെ അഴിമതിപ്പാര്‍ട്ടിയെന്നാണ് മോദി വിശേഷിപ്പിക്കുന്നത്. അഴിമതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അഴിമതിക്കാരനെ അദ്ദേഹം തന്റെ അരികില്‍ ഇരുത്തുന്നു. അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ അദ്ദേഹത്തിന് കൈ കൊടുത്താല്‍ രക്ഷപ്പെടും. താന്‍ മാത്രമാണ് സത്യസന്ധന്‍, മറ്റുള്ളവരെല്ലാം അഴിമതിക്കാരാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ മോദി ശ്രമിക്കുന്നു. എന്നാല്‍ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് മോദി സര്‍ക്കാര്‍ എന്നതാണ് സത്യം.

അത് ഗുരുതരമായ ആരോപണമാണ്. ഇതിന് തെളിവെവിടെ?
സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍), മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 8.5 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് മോദി ഭരണത്തില്‍ നടന്നത്. ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍, സിഎജിക്കും അത് ഉണ്ടാക്കിയവര്‍ക്കും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുക. മാധ്യമങ്ങള്‍ക്കും ഇത് അറിയാം. പക്ഷേ, അവര്‍ അത് തുറന്നുകാട്ടുന്നില്ല. കാരണം മാധ്യമപ്രവര്‍ത്തകരും കഷ്ടപ്പെടുന്നുണ്ട്. സര്‍ക്കാര്‍ തെളിവ് ചോദിക്കുന്നു. പക്ഷേ, എല്ലാവരെയും അവര്‍ ഉന്നം വെക്കുമ്പോള്‍ എങ്ങനെ തെളിവുണ്ടാകും? അവര്‍ക്ക് ജുഡീഷ്യറി, വിജിലന്‍സ്, ഇഡി- എല്ലായിടത്തും അവരുടെ ആളുകളുണ്ട്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും അവര്‍ പിടിച്ചെടുത്തു. അപ്പോള്‍ ഉത്തരവാദിത്തം എവിടെയാണ്?
ഇപ്പോള്‍ ഇവിടെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ട്. ഒരു സ്വേച്ഛാധിപതിയെ പോലെയാണ് മോദി പെരുമാറുന്നത്. അദ്ദേഹം ഒരിക്കലും പത്രസമ്മേളനങ്ങള്‍ നടത്താറില്ല. നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ ആശങ്കാകുലരാണ്. അഭിപ്രായ പ്രകടനത്തിനോ സ്വയം തിരഞ്ഞെടുക്കുന്നതിനോ സഞ്ചാരത്തിനോ പോലും സ്വാതന്ത്ര്യമുണ്ടാവില്ല.

എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും 1975ലെ അടിയന്തരാവസ്ഥയെയുമാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.
നാല് പതിറ്റാണ്ടിലേറെയായി ഈ പ്രചാരണം നടക്കുന്നുണ്ട്. അത് തെറ്റാണെന്ന് ഇന്ദിരാഗാന്ധി തന്നെ സമ്മതിച്ചതാണ്. മോദി സര്‍ക്കാര്‍ അതിലേറെ മോശമായാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ വരെ അറസ്റ്റിലാകുന്നു. അടിയന്തരാവസ്ഥക്കാലത്ത് സമരക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ എവിടെയാണ് ഭരണം? ചാട്ടവാറടി മാത്രം. നിങ്ങള്‍ ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ നിങ്ങളെ ഉപദ്രവിക്കും.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അങ്ങേയറ്റം അഴിമതിക്കാരായിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. അതുകൊണ്ടാണ് 2014ല്‍ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതെന്ന് പറയുന്നു.
യുപിഎ സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചത്. 2ജി കുംഭകോണമെന്നും കല്‍ക്കരി കുംഭകോണമെന്നും അറിയപ്പെടുന്ന സംഭവങ്ങള്‍ക്ക് എന്ത് സംഭവിച്ചു? ഞങ്ങള്‍ക്കെതിരെ ഒന്നും തെളിയിക്കപ്പെട്ടില്ല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ അവര്‍ പര്‍വതീകരിക്കുകയാണ് ഉണ്ടായത്. ഗാന്ധി കുടുംബത്തെ പ്രധാനമന്ത്രി അധിക്ഷേപിക്കുന്നു. 1989 മുതല്‍ ഗാന്ധി കുടുംബത്തിലെ ഒരു അംഗവും അധികാരത്തില്‍ വന്നിട്ടില്ല. അവര്‍ ഒരിക്കലും ഒരു അധികാരവും ദുരുപയോഗം ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം ആ കുടുംബത്തെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനു കാരണം അദ്ദേഹത്തിന് ഗാന്ധി കുടുംബത്തെ ഭയമാണ്.
സോണിയാ ഗാന്ധി അപൂര്‍വമായി മാത്രമേ സംസാരിക്കാറുള്ളൂ. എന്നിരുന്നാലും ആളുകള്‍ അവരെ ഗൗരവമായി കാണുന്നു. മോദി ദിവസവും വായിട്ടലക്കുന്നുണ്ട്. ആരും അദ്ദേഹത്തെ കാര്യമായി എടുക്കുന്നില്ല. അദ്ദേഹം മുഴുസമയവും പ്രചാരണ പരിപാടിയിലാണ്. ജില്ലാ പഞ്ചായത്ത് മുതല്‍ ലോക്‌സഭാ വരെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന ഒരു പ്രധാനമന്ത്രിയെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹം എപ്പോഴും റാലികളിലുണ്ട്, ഒരിക്കലും തന്റെ ഓഫീസില്‍ ഉണ്ടാവില്ല. അദ്ദേഹം ഒരിക്കലും മനസ്സുകൊണ്ട് ഇക്കാര്യങ്ങളില്‍ മുഴുകുന്നില്ല. അതുകൊണ്ടാണ് എപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത്. വികസനമല്ല, തിരഞ്ഞെടുപ്പാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം.

കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെടുന്നത് എവിടെയാണ് നിങ്ങള്‍ കാണുന്നത്? കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ വന്ന 200ഓളം സീറ്റുകളില്‍ 90 ശതമാനത്തിലധികം സീറ്റുകള്‍ അവര്‍ നേടി.
ഏതാണ്ട് മൂന്നില്‍ രണ്ടു സംസ്ഥാനങ്ങളും ഒരു കാലത്ത് ബിജെപി ഇതര പാര്‍ട്ടികളുടെ നിയന്ത്രണത്തിലായിരുന്നു. കോണ്‍ഗ്രസോ ബിജെപിയുടെ എതിരാളികളോ വിജയിച്ചിടത്തെല്ലാം അദ്ദേഹം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. കര്‍ണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് ജനങ്ങള്‍ കണ്ടതാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം ഹിമാചല്‍ പ്രദേശില്‍ ഞങ്ങള്‍ക്കു പിന്നാലെയുണ്ട്.
അദ്ദേഹം കേന്ദ്ര ഫണ്ട് അനുവദിക്കുന്നില്ല, പ്രകൃതി ദുരന്തങ്ങളില്‍ സഹായം നല്‍കുന്നില്ല. തനിക്കു മാത്രമേ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ എന്ന വ്യാജമായ ധാരണയാണ് പ്രധാനമന്ത്രി വളര്‍ത്തിയെടുത്തത്. മോദി തങ്ങളുടെ അജണ്ട പൂര്‍ത്തിയാക്കുമെന്ന് കരുതിയ ആര്‍എസ്എസിന്റെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അദ്ദേഹം പുല്‍വാമ പോലുള്ള വൈകാരിക വിഷയങ്ങള്‍ ചൂഷണം ചെയ്യുകയോ വര്‍ഗീയ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ധ്രുവീകരിക്കുകയോ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ പ്രത്യയശാസ്ത്രത്തെയോ പ്രകടന റെക്കോര്‍ഡിനെയോ അടിസ്ഥാനമാക്കി വോട്ടു ചെയ്യില്ല.
വികസനരേഖകളൊന്നും കാട്ടിയല്ല മോദി വോട്ടര്‍മാരുടെ അടുത്തേക്കു പോകുന്നത്. കാണിക്കാന്‍ ഒന്നും ഇല്ലതന്നെ. ‘നിങ്ങള്‍ക്ക് രാമനെ വേണമെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ’ എന്നാണ് അദ്ദേഹം പറയുന്നത്. എന്നിരുന്നാലും കോണ്‍ഗ്രസും ഞങ്ങളുടെ സഖ്യകക്ഷികളും കഠിനാധ്വാനത്തിലാണ്. 80 ശതമാനം സീറ്റിലെങ്കിലും ഞങ്ങള്‍ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ‘ഇന്‍ഡ്യാ’ സഖ്യം ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന ഭൂരിപക്ഷം നേടും. അടിയൊഴുക്കുകള്‍ ഇത്തവണ മോദിക്ക് തിരിച്ചടിയാകും.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്രം വലിയ ചര്‍ച്ചയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിഗ്രഹപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാഞ്ഞത്?
ഞാനൊരു ദലിതനാണ്. ഞാന്‍ ഒരു ഹിന്ദുവുമാണ്. മല്ലികാര്‍ജുന്‍ എന്ന എന്റെ പേരിന്റെ അര്‍ഥം ‘പര്‍വതങ്ങളുടെ അധിപന്‍’ എന്നാണ്. ഇത് ശിവന്റെ മറ്റൊരു പേരാണ്. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ ആരാധന നടത്താന്‍ എനിക്ക് അനുവാദമില്ല. ഈ രാജ്യത്ത് ദലിതര്‍ക്ക് ഇപ്പോഴും പലയിടത്തും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഒരു ക്ഷണക്കത്തിന് ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ? ഉയര്‍ന്ന ജാതിക്കാര്‍ ഉപയോഗിക്കുന്ന അതേ സ്രോതസ്സില്‍ നിന്നുള്ള വെള്ളം ഇപ്പോഴും ദലിതര്‍ക്ക് കുടിക്കാന്‍ അനുവാദമില്ല.
ദലിതരുടെ വിവാഹ ഘോഷയാത്രകള്‍ ബലമായി തടയപ്പെടുന്നു. ദലിത് വരന്‍മാര്‍ കുതിരപ്പുറത്ത് കയറിയാല്‍ തല്ലിച്ചതയ്ക്കുന്നു. ഞാന്‍ ഒരിക്കലും ജാതി കാര്‍ഡ് കളിച്ചിട്ടില്ല. എന്നാല്‍ ഇതാണ് സത്യം. ദലിതര്‍ക്ക് വിഗ്രഹത്തിനടുത്ത് ചെല്ലുന്നത് പോയിട്ട് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പോലും അനുവാദമില്ല. അത് നമ്മുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കിയെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ബിജെപി നേതാക്കള്‍ ഈ വ്യക്തികളെ ബഹുമാനിക്കുന്നുണ്ടോ? പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടപ്പോള്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ മോദി അനുവദിച്ചില്ല.
ശങ്കരാചാര്യന്മാര്‍ പോലും അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയില്‍ പങ്കെടുത്തില്ല. ഉപരിതലത്തില്‍ ബിജെപി കാണിക്കുന്നത് ശരിയല്ല. എല്ലാവര്‍ക്കും ഇടമുള്ള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി, ബിജെപിക്ക് ഒരു മറഞ്ഞിരിക്കുന്ന അജണ്ടയുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തിന്റെ പ്രഭാവത്തിലേക്ക് മടങ്ങിവന്നാല്‍, മതം വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ കാര്യമാണെന്നും ഒരു വ്യക്തി സൃഷ്ടിക്കുന്ന മാനസികാവസ്ഥയെ അടിസ്ഥാനമാക്കി ആളുകള്‍ വോട്ടു ചെയ്യില്ലെന്നും ഞാന്‍ കരുതുന്നു.

വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് 25 ഉറപ്പുകളുണ്ട്. മോദിയുടെ ഉറപ്പുകളില്‍ നിന്ന് അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
2004ലും 2009ലും ഞങ്ങള്‍ ഒരു ഗ്യാരന്റിയും നല്‍കിയില്ല. പക്ഷേ, ഞങ്ങള്‍ ചെയ്തു കാണിച്ചു. ഞങ്ങള്‍ തൊഴിലുറപ്പ് പദ്ധതി അവതരിപ്പിച്ചു, പൗരന്മാര്‍ക്ക് വിവരാവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം എന്നിവ നല്‍കുന്ന നിയമങ്ങള്‍ ഞങ്ങള്‍ രൂപപ്പെടുത്തി. ഞങ്ങള്‍ വലിയ സംസാരമൊന്നും നടത്തിയില്ല. ഞങ്ങള്‍ പറഞ്ഞത് നടപ്പില്‍ വരുത്തി. ഞങ്ങളുടെ ഉറപ്പുകളെക്കുറിച്ച് ഞങ്ങള്‍ സത്യസന്ധരാണ്. എന്നാല്‍ എന്തായിരുന്നു മോദിയുടെ ഉറപ്പുകള്‍? ഓരോ വര്‍ഷവും 20 ദശലക്ഷം തൊഴിലവസരങ്ങള്‍, ഓരോ അക്കൗണ്ടിലും 15 ലക്ഷം രൂപ, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നൈപുണി പരിശീലനം… ഈ ഉറപ്പുകളില്‍ ഒന്നെങ്കിലും അദ്ദേഹം നിറവേറ്റിയിട്ടുണ്ടോ? കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിച്ചു. ഞങ്ങളുടെ ഗ്യാരന്റി പ്രാവര്‍ത്തികമാക്കുമ്പോള്‍, മോദി അത് പകര്‍ത്തുന്നു. യുവാക്കളെയും പാവപ്പെട്ടവരെയും സ്ത്രീകളെയും കര്‍ഷകരെയും എന്നു വേണ്ട, എല്ലാവരെയും മോദി കബളിപ്പിക്കുകയാണ്.
ഞങ്ങള്‍ എന്തെങ്കിലും ചോദ്യം ചെയ്യുമ്പോഴെല്ലാം മോദി വിരല്‍ ചൂണ്ടുന്നത് ഞങ്ങള്‍ക്കു നേരെയാണ്. ഞങ്ങള്‍ ഇവിഎം പ്രശ്‌നം ഉന്നയിക്കുകയാണെങ്കില്‍, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും ഇവിഎമ്മുകള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രശ്‌നം സാങ്കേതികവിദ്യയല്ല, മറിച്ച് അതിന്റെ ദുരുപയോഗമാണ്. പച്ചക്കറികള്‍ അരിയാനും ഒരാളെ കൊല്ലാനും കത്തി ഉപയോഗിക്കാം. ആയുധം ഒന്നുതന്നെ. ജനക്ഷേമത്തിനല്ല, പ്രതിപക്ഷത്തെ തകര്‍ക്കാനാണ് മോദി അതേ ആയുധം ഉപയോഗിക്കുന്നത്.

വികസിത ഭാരതം നല്‍കുമെന്ന പ്രധാനമന്ത്രി മോദിയുടെ വിവരണത്തോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?
കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ സ്ഥാപിച്ചു? എയിംസ്, ഐഐഎം, ഐഐടി, ഐഐഎസ്‌സി തുടങ്ങിയ ഏതെങ്കിലും അടിസ്ഥാന സ്ഥാപനങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ? നിങ്ങള്‍ സംഖ്യകളിങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു. ശാസ്ത്ര ഗവേഷണത്തിനുള്ള ബജറ്റ് നിങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടോ? രാകേഷ് ശര്‍മയെ മോദിയാണോ ബഹിരാകാശത്തേക്ക് അയച്ചത്? രാമക്ഷേത്ര നിര്‍മാണം പൂര്‍ണമാവാതെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി തിടുക്കത്തില്‍ മോദി അത് ഉദ്ഘാടനം ചെയ്തു. ഇന്ന് തൊഴിലവസരങ്ങള്‍ കുറഞ്ഞു. വിദ്യാസമ്പന്നരായ ആളുകള്‍ക്ക് ഇന്ത്യയില്‍ ഭാവിയില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ് ഏകദേശം 1.4 ദശലക്ഷം ആളുകള്‍ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടത്.

എന്തുകൊണ്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ജാതി സെന്‍സസ് ഇത്ര പ്രധാന വിഷയമായിരിക്കുന്നത്? 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ കണ്ടെത്തലുകള്‍ യുപിഎ സര്‍ക്കാര്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല?
ജാതി സെന്‍സസ് പ്രധാനമാണ്. കാരണം ഇതിനെ അടിസ്ഥാനമാക്കി കൃത്യമായ ക്ഷേമ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. 2011ലെ ജാതി സെന്‍സസിന്റെ കണക്ക് വന്നതിനു ശേഷം മൂന്നു വര്‍ഷമേ ഞങ്ങള്‍ അധികാരത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഡാറ്റ ഏകീകരിക്കാനും വിശകലനം ചെയ്യാനും സര്‍ക്കാരിന് സമയം ആവശ്യമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാര്‍ അധികാരത്തിലുണ്ട്. എന്തുകൊണ്ടാണ് ഡാറ്റ പുറത്തുവിടാത്തത്?

‘ഇന്‍ഡ്യാ’ സഖ്യം ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനായി സമയം പാഴാക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? നിതീഷ് കുമാര്‍ പുറത്തു പോയി. എന്‍സിപി തകര്‍ന്നു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഒറ്റയ്ക്ക് പോരാടുകയാണ്. സീറ്റ് വിഭജന ധാരണയിലെത്തുന്നതിനും കാലതാമസമുണ്ടായി.
കാലതാമസമൊന്നും ഉണ്ടായില്ല. നിതീഷ് കുമാറിന്റെ ഉദ്ദേശ്യം സത്യസന്ധമായിരുന്നില്ല. ഞങ്ങളുടേത് പ്രത്യയശാസ്ത്ര സഖ്യമാണ്. അത് അധികാരം പിടിക്കാന്‍ വേണ്ടി മാത്രമല്ല. അധികാരത്തിനു വേണ്ടി ഞങ്ങള്‍ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. എന്നാല്‍ നിതീഷ് ചെയ്യുന്നു. മതേതരത്വത്തെ കുറിച്ച് സംസാരിച്ച് ബിജെപിയുമായി കൈകോര്‍ക്കുന്നത് കാപട്യമാണ്. അങ്ങേയറ്റം പിന്നാക്കമായ വിഭാഗങ്ങള്‍ക്കിടയില്‍ (ഇബിസി) തന്റെ പിന്തുണ നിലനിര്‍ത്താന്‍ നിതീഷ് ആഗ്രഹിച്ചു. അവര്‍ക്കിടയില്‍ ആര്‍ജെഡിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. നേതാക്കള്‍ വരുന്നു പോകുന്നു, പക്ഷേ ആളുകള്‍ ‘ഇന്‍ഡ്യ’യിലേക്ക് നീങ്ങുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അധിര്‍ രഞ്ജന്‍ ചൗധരിയുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം കോണ്‍ഗ്രസ്-ടിഎംസി സഖ്യം യാഥാര്‍ഥ്യമായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍, പാര്‍ട്ടിയുടെ വലിയ താല്‍പര്യങ്ങള്‍ക്കായി എന്തുകൊണ്ടാണ് നിങ്ങള്‍ അദ്ദേഹത്തെ നിയന്ത്രിക്കാതിരുന്നത്?
ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ, അത് വിജയിച്ചില്ല. ഞങ്ങള്‍ ഇപ്പോഴും ശ്രമിക്കുന്നു. സാധ്യമാകുന്നിടത്തെല്ലാം ഞങ്ങള്‍ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും.
പ്രധാനമന്ത്രി മോദി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രപതി മാതൃകയിലുള്ള തിരഞ്ഞെടുപ്പാക്കി മാറ്റി. മോദിക്കെതിരെ ശക്തമായ മുഖം കാണിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക ദൗര്‍ബല്യമെന്ന് വിമര്‍ശകര്‍ പറയുന്നു.
സഖ്യമായാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിലയിലെത്തിക്കഴിഞ്ഞാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. പണ്ട് മൊറാര്‍ജി ദേശായിയുടെ കാലത്തും വി പി സിംഗിന്റെയും ദേവഗൗഡയുടെയും കാലത്തും അത് സംഭവിച്ചിട്ടുണ്ട്.

നിങ്ങള്‍ എന്ത് പ്രത്യയശാസ്ത്ര യുദ്ധമാണ് നടത്തുന്നത്?
നമ്മുടെ പ്രത്യയശാസ്ത്രം ലളിതമാണ്. ദരിദ്രര്‍ പുരോഗമിക്കണം. മോദിയുടെ കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. വലിയ തൊഴിലില്ലായ്മയുണ്ട്. പണപ്പെരുപ്പം ഉയര്‍ന്നതാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് അവരുടെ പ്രചാരണത്തിന്റെ ബലത്തിലാണ്. എന്നാല്‍ ഇതിലെ കള്ളത്തരങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് കാണാന്‍ കഴിയും. കഴിഞ്ഞ 70 വര്‍ഷമായി എന്താണ് സംഭവിച്ചതെന്ന് ബിജെപി ചോദിക്കുന്നു.
കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് രാജ്യത്ത് ഇത്രയധികം പുരോഗതി കാണുമായിരുന്നില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ മാത്രമാണോ? ഹിന്ദുത്വത്തെ രക്ഷിക്കുക എന്ന ആര്‍എസ്എസ് അജണ്ടയോടെയാണ് മോദി ആദ്യം തുടങ്ങിയത്. സാവധാനം ആ അജണ്ട മാറ്റിവെച്ച് മോദിയെ കുറിച്ച് എന്തെല്ലാം ഉണ്ടാക്കി? ഇപ്പോള്‍ എല്ലാം മോദിയെ രക്ഷിക്കലാണ്, മോദിയുടെ ഗ്യാരന്റികളാണ്. പ്രധാനമന്ത്രി തന്നെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയെക്കുറിച്ചോ അതിന്റെ തത്വങ്ങളെക്കുറിച്ചോ സംസാരിക്കുന്നില്ല. ഇത് അദ്ദേഹത്തിന്റെ അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കും.

നിങ്ങള്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഈ വൈരുധ്യം നിങ്ങള്‍ എങ്ങനെ വിശദീകരിക്കും?
നമ്മള്‍ പോരാടുന്നത് ഒരു വ്യക്തിക്കു വേണ്ടിയല്ല, ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, അത് രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാവണം. മോദി സര്‍ക്കാര്‍ ജനാധിപത്യ മര്യാദകള്‍ ആസൂത്രിതമായി തകര്‍ക്കുന്നതിനെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. ഈ പോരാട്ടത്തിന്റെ ഗുണഭോക്താക്കളാകാന്‍ ആര്‍ക്കും കഴിയും. ഭരണഘടന അനുസരിക്കാനും നല്ല ഭരണം നല്‍കാനും ഞങ്ങള്‍ മോദിയോട് ആവശ്യപ്പെടുന്നു. പക്ഷേ, അദ്ദേഹം നിയമം കൈയിലെടുക്കുകയും എതിരാളികളെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അദ്ദേഹം തകര്‍ക്കുകയാണ്.

കോണ്‍ഗ്രസ് ഇലക്ടറല്‍ ബോണ്ട് വിഷയം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിങ്ങളുടെ പാര്‍ട്ടിയും ഈ ബോണ്ടുകള്‍ വഴി സംഭാവന സ്വീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് അധികാരത്തിലില്ല. സംഭാവന നല്‍കാന്‍ ആളുകളെ നിര്‍ബന്ധിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം ഞങ്ങള്‍ക്ക് സംഭാവന ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ബിജെപി ഫണ്ട് ശേഖരിച്ചത്? പകരം കരാറുകള്‍ നല്‍കിക്കൊണ്ട്, ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട്, ആളുകളെ അറസ്റ്റ് ചെയ്തുകൊണ്ട്. കരാറുകാരെ ഭീഷണിപ്പെടുത്തുന്നു. ഇഡി നോട്ടീസ് അയക്കുന്നു. ‘ചന്ദാ ദോ, ദന്ദാ ലോ’ (സംഭാവനകള്‍ നല്‍കുക, ബിസിനസ് എടുക്കുക) എന്ന നയമാണിത്. ബിജെപി ഭരണകക്ഷിയെന്ന സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്. അതാണ് അടിസ്ഥാനപരമായ വ്യത്യാസം. അത് നിയമവിരുദ്ധമാണ്. അങ്ങനെയാണ് അവര്‍ ഇത്രയും വലിയ തുക സമാഹരിച്ചത്. കൊള്ളയാണ് ബിജെപിയുടെ ഫണ്ട് ശേഖരണ മാര്‍ഗം. ഞങ്ങള്‍ക്ക് ഫണ്ടിനായി യാചിക്കേണ്ടിവന്നു.

രാഹുല്‍ ഗാന്ധിയുടെ രണ്ടു യാത്രകള്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് നേടാന്‍ സഹായിക്കുമോ?
വന്‍തോതിലുള്ള സ്വാധീനമാണ് യാത്രയ്ക്ക് ഉണ്ടായത്. യാത്രകളില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ദശലക്ഷക്കണക്കിന് ആളുകളെ രാഹുല്‍ കണ്ടു. മണിപ്പൂരില്‍ പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം നിന്നു. ഡസന്‍കണക്കിന് വിദേശ പര്യടനങ്ങള്‍ നടത്താന്‍ സമയമുണ്ടായിട്ടും മോദി നാളിതുവരെ മണിപ്പൂരില്‍ കാലുകുത്തിയിട്ടില്ല. നഫ്രത് കി ദുകാന്‍ (വെറുപ്പിന്റെ കട) സ്ഥാപിക്കാന്‍ മാത്രമേ ബിജെപി-ആര്‍എസ്എസിന് അറിയൂ. ഞങ്ങള്‍ ആളുകളുടെ അടുത്തേക്ക് പോകുന്നത് നമ്മുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാനും ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമാണ്; ധ്രുവീകരണ പ്രസംഗങ്ങള്‍ നടത്താനല്ല. ബിജെപി-ആര്‍എസ്എസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യപ്പെടുന്നത് പുതിയ ഭരണഘടന ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ്. അവരുടെ എംപിമാരും പാര്‍ട്ടി നേതാക്കളും ഇക്കാര്യം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഭരണഘടനയ്‌ക്കെതിരെ സംസാരിക്കുന്നത് ദേശവിരുദ്ധമല്ലേ? ജനവികാരം വിലയിരുത്താന്‍ വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മോദി തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസിനെ കുടുംബവാഴ്ചയുള്ള പാര്‍ട്ടിയെന്നും ഗാന്ധി കുടുംബത്തിന് അപ്പുറത്തേക്ക് നോക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും പരിവാര്‍ വാദമാണ് വിജയിക്കുന്നതെന്നും ബിജെപി വിശേഷിപ്പിക്കുന്നു.
ഇന്ദിരാഗാന്ധിയെ അംഗീകരിക്കാന്‍ ആര്‍ക്കെങ്കിലും ജനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയുമായിരുന്നോ?
അവര്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ജീവിച്ചിരിപ്പില്ല. നെഹ്‌റു അവരെ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചോ? അതുപോലെ, ഇന്ദിരയുടെ കൊലപാതകത്തിനു ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. അവര്‍ അദേഹത്തിന്റെ പേര് നല്‍കിയിരുന്നില്ല. അത് സമൂഹത്തിന്റെ പൊതുതാല്‍പര്യമായിരുന്നു.
1989 മുതല്‍ ഗാന്ധി കുടുംബത്തിലെ ഏതെങ്കിലും അംഗം സര്‍ക്കാരില്‍ എന്തെങ്കിലും സ്ഥാനം വഹിച്ചിട്ടുണ്ടോ? സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രഗത്ഭനായ ഒരു സാമ്പത്തിക വിദഗ്ധന്റെ സേവനം രാജ്യത്തിന് ആവശ്യമാണെന്ന് വിശ്വസിച്ചതിനാലാണ് 2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള അവസരം ത്യജിച്ചത്. 2009ല്‍ പാര്‍ട്ടി വലിയ ജനവിധിയോടെ തിരിച്ചെത്തിയപ്പോഴും അവര്‍ പ്രധാനമന്ത്രിക്കസേര സ്വീകരിച്ചില്ല. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം പ്രധാനമന്ത്രി എ ബി വാജ്‌പേയി, മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ ആലോചിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയാണ് മോഡിയെ രക്ഷിച്ചത്. ഇന്ന്, പരമശിവന്റെ അനുഗ്രഹം ലഭിച്ച ശേഷം ശിവനെത്തന്നെ കൊല്ലാന്‍ ശ്രമിച്ച അസുരനെപ്പോലെ, അദ്വാനിയെ മോദി എങ്ങനെ ഒഴിവാക്കിയെന്ന് കാണുക. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴും ഗാന്ധി കുടുംബം മൗനം പാലിച്ചു.
നിയമ നടപടികളില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. രാജീവ് കൊല്ലപ്പെട്ടതിനു ശേഷം ഗാന്ധി കുടുംബം കൊലയാളികളെ കുറിച്ച് വിഷം ചീറ്റിയില്ല. പ്രിയങ്കാ ഗാന്ധി പ്രതികളിലൊരാളെ ജയിലില്‍ പോയി കാണുകയും ചെയ്തു. ആ കുടുംബത്തിന് എത്രമാത്രം അനുകമ്പയുണ്ടെന്ന് ഇത് കാണിക്കുന്നു. ബി ജെ പിയുടെ കാര്യത്തിലാണെങ്കില്‍, തങ്ങളോട് ചെറിയ രീതിയിലെങ്കിലും എതിരിടുന്നവരെ പോലും വെറുതെ വിടാറില്ല. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരപരാധികള്‍ക്കു നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കുന്നു.

എല്ലാ മുതിര്‍ന്ന നേതാക്കളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആഗ്രഹിച്ചിരുന്നുവെങ്കിലും ചുരുക്കം ചിലരൊഴിച്ച് മിക്കവരും നിരസിച്ചു. താങ്കള്‍ പോലും മത്സരിക്കുന്നില്ല. തോല്‍വി സമ്മതിച്ചു എന്നതിന്റെ ലക്ഷണമാണോ ഇത്?
പ്രായം അനുവദിച്ചിരുന്നെങ്കില്‍ ഞാന്‍ മത്സരിച്ചേനെ. മറ്റു നേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ നമുക്ക് ഇക്കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലല്ലോ.
വിവ. ഡോ. സൗമ്യ പി എന്‍

Back to Top