16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

ഖന്‍ദഖിന്റെ ഭൂമിയും മസ്ജിദുല്‍ ഖിബ്‌ലതൈനിയും

എന്‍ജി. പി മമ്മദ് കോയ


ഉഹ്ദില്‍ നിന്ന് അത്രയൊന്നും ദൂരയല്ലാതെ മറ്റൊരു ഖന്‍ദഖ് യുദ്ധഭൂമിയിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. ഖന്‍ദഖ് എന്നാല്‍ കിടങ്ങ് എന്നാണ് അര്‍ഥം. ഖന്‍ദഖിന്റെ ചരിത്രം മനസ്സില്‍ തെളിയുമ്പോള്‍ ഹൃദയം ശോകമൂകമാകും. തിരുനബിയുടെയും അനുചരന്‍മാരുടെയും ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും ചിത്രമാണ് ഖന്‍ദഖ് വരച്ച് ചേര്‍ക്കുന്നത്.
അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഖുറൈശികളും യഹൂദരും മറ്റനേകം ഗോത്രങ്ങളുമടങ്ങിയ പതിനായിരത്തോളം വരുന്ന ശത്രു സൈന്യം മദീന ആക്രമിക്കാന്‍ തയ്യാറായി. വിവരമറിഞ്ഞ റസൂലും സ്വഹാബികളും മദീനക്കകത്തുവെച്ച് അവരെ നേരിടാന്‍ ധാരണയായി. യുദ്ധ തന്ത്രങ്ങളെക്കുറിച്ച് സ്വഹാബികളുമായി ചര്‍ച്ച ചെയ്തു. സല്‍മാനുല്‍ ഫാരിസി പ്രായോഗികമായ ഒരു അഭിപ്രായം പറഞ്ഞു. സുരക്ഷ ദുര്‍ബലമായ ഭാഗത്ത് ഒരു വലിയ കിടങ്ങ് (ഖന്‍ദഖ്) കുഴിച്ച് ശത്രു പ്രവേശനം തടയുക. ആ അഭിപ്രായം അംഗീകരിക്കപ്പെടുകയും പ്രായോഗികമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഏകദേശം രണ്ടര കിലോമീറ്റര്‍ നീളത്തില്‍ 4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള കിടങ്ങു കുഴിക്കാന്‍ തുടങ്ങി. കഠിനമായ ചൂടും ദാഹവും വിശപ്പും സഹിച്ച് സ്വഹാബികളോടൊപ്പം റസൂലും കിടങ്ങ് കുഴിക്കുകയും മണ്ണു ചുമക്കുകയും ചെയ്തു. റസൂലിന്റെ അനിതര സാധാരണമായ നേതൃപാടവവും തന്ത്രവും കൊണ്ട് ഖന്‍ദഖ് യുദ്ധം വന്‍വിജയമാക്കാനും ശത്രുപക്ഷത്തെ മുസ്‌ലിംകളുടെ അജയ്യമായ ശക്തി ബോധ്യപ്പെടുത്താനും കഴിഞ്ഞു.
ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ പ്രസ്തുത യുദ്ധഭൂമിയുടെ അടയാളങ്ങളോ കിടങ്ങിന്റെ അവശിഷ്ടങ്ങളോ ഇന്നു ദൃശ്യമല്ല. പക്ഷെ ഖന്‍ദഖിലെ ഓരോ മണ്‍തരിയും ആ ചരിത്ര വിജയത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയവിറക്കുന്നുണ്ടാകും!
പിന്നീട് ഖുബാ പള്ളിയിലേക്കാണ് പോയത്. മദീനയിലേക്ക് വന്ന നബി(സ)യെയും അബൂബക്കര്‍ സിദ്ദീഖിനെയും ആദ്യം സ്വീകരിച്ച പ്രദേശമാണ് ഖുബാ. മദീനാ പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് റസൂല്‍ ശിലാ സ്ഥാപനം നടത്തി നിര്‍മ്മിച്ച മസ്ജിദാണ് ഖുബാ മസ്ജിദ്. തിരുനബിയുടെ അധ്വാനവും വിയര്‍പ്പും ഖുബാ പള്ളിയുടെ നിര്‍മാണത്തിലുണ്ട്. മദീനയില്‍ മുസ്‌ലിംകള്‍ ആദ്യം നിര്‍മ്മിച്ച പള്ളി എന്ന പ്രാധാന്യവും ഇതിനുണ്ട്.
ഖുബാ പള്ളിക്ക് മസ്ജിദുത്തഖ്‌വ എന്ന പേരുകൂടിയുണ്ട്. എല്ലാ ശനിയാഴ്ചകളിലും റസൂല്‍ ഇവിടെ വന്നു രണ്ടു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നുവത്രെ! താമസ സ്ഥലത്ത് നിന്ന് അംഗശുദ്ധി വരുത്തി ഖുബയില്‍ വെച്ച് രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കരിച്ചാല്‍ ഒരു ഉംറക്ക് സമാനമായ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആദര്‍ശത്തിന് വേണ്ടി സ്വന്തം നാടും കുടുംബവും സമ്പത്തും വിട്ടേച്ച് ഹിജറ വന്ന റസൂലിന്റെയും സഹാബത്തിന്റെയും പ്രോജ്ജ്വലമായ ഓര്‍മ്മകളാണ് ഖുബാ പള്ളിയും പരിസരവും സമ്മാനിക്കുന്നത്.
പിന്നീട് പോയത് മസ്ജിദുല്‍ ഖിബ്‌ലത്തൈനിയിലേക്കാണ്. ഖിബ്‌ലത്തൈന്‍ എന്ന് പറയുന്നത് രണ്ട് മിഹ്‌റാബുകളുള്ളത് കൊണ്ടാണ്. ബനൂസലമ എന്നായിരുന്നു ഇതിന്റെ ആദ്യനാമം. ഹറം ശരീഫിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് അഞ്ചര കിലോമീറ്റര്‍ ദൂരെയാണ് ഈ പള്ളി.
ഒരു മിഹ്‌റാബ് മദീനയുടെ വടക്ക് ഭാഗത്തുള്ള ഖുദ്‌സ് നഗരത്തിന് നേരെയാണ്. ഹിജ്‌റ കഴിഞ്ഞു പതിനാറ് മാസത്തോളം പ്രവാചകനും അനുചരന്‍മാരും ഫലസ്തീനിലുള്ള ബൈത്തുല്‍ മുഖദ്ദിസിന് നേരെയായിരുന്നു നമസ്‌കരിച്ചത്. യഹൂദരുടെ ഖിബ്‌ലയും അതു തന്നെയായിരുന്നു.
‘മുഹമ്മദ് ഞങ്ങളുടെ ഖിബ്‌ലയാണ് സ്വീകരിച്ചത് എന്നാല്‍ പിന്നെ ഞങ്ങളുടെ മതവും സ്വീകരിച്ചു കൂടേ’ എന്ന് യഹൂദര്‍ നബിയെ പരിഹസിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധ കഅ്ബ ഖിബ്‌ലയാക്കാന്‍ റസൂല്‍ അതിയായി ആഗ്രഹിച്ചിരുന്നു.
ഒരു ദിവസം ബനൂസലമയില്‍ വെച്ച് റസൂലിന്റെ നേതൃത്വത്തില്‍ ദ്വുഹ്ര്‍ നമസ്‌കാരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കഅ്ബ ഖിബ്‌ലയാക്കാന്‍ അല്ലാഹുവിന്റെ അനുമതി ലഭിക്കുന്നത്. ഖുദ്‌സിന് നേരെ നമസ്‌കരിച്ചു കൊണ്ടിരുന്ന പ്രവാചകന്‍ നമസ്‌കാരത്തില്‍ വെച്ചുതന്നെ കഅ്ബലയിലേക്ക് തിരിയുകയായിരുന്നു. ഇസ്ലാമിക ലോകത്തിന് വിശുദ്ധ കഅ്ബ ഖിബ്‌ലയാക്കി നിശ്ചയിച്ച ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത് കൊണ്ടാണ് ബനൂസലമ പിന്നീട് മസ്ജിദുല്‍ ഖിബ്‌ലത്തൈനി എന്നറിയപ്പെട്ടത്.
സല്‍മാനുല്‍ ഫാരിസി എന്ന സ്വഹാബിയെ മോചിപ്പിക്കാന്‍ വേണ്ടി റസൂലും അനുചരന്‍മാരും നട്ടുനനച്ചുണ്ടാക്കിയ ഒരു കാരക്ക തോട്ടം അവിടെയുണ്ട്. വിശാലമായ ആ തോട്ടത്തില്‍ ആ സമയത്ത് വിളവെടുപ്പ് നടക്കുകയായിരുന്നു. ഒരു മധ്യവയസ്‌കന്‍ ഈന്തപ്പനയുടെ പട്ടക്ക് മുകളില്‍ കയറിയിരുന്നു പഴുത്ത് പാകമായ കാരക്ക പറിക്കുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ സ്ത്രീകളോട് ഷാളുകള്‍ നിവര്‍ത്തിപ്പിടിക്കാന്‍ പറയുകയും അതിലേക്ക് പഴുത്ത കാരക്ക എറിഞ്ഞുതരികയും ചെയ്തു.
ഈ തോട്ടത്തിന്നടുത്താണ് റസൂലിന്റെ(സ) അന്ത്യകര്‍മ്മങ്ങള്‍ക്ക് വെള്ളമെടുത്തത് എന്ന് പറയുന്ന കിണര്‍ ഉള്ളത്. വലിയ മെയിന്റനന്‍സും പ്രാധാന്യവുമൊന്നും കൊടുക്കാത്ത ഒരു ചരിത്ര സാക്ഷ്യം. നബിയെ സുരക്ഷിതമായി ഇരുത്തിയ ഉഹ്ദ് മലയിലെ ഗുഹ കോണ്‍ക്രീറ്റ് ചെയ്തു അടച്ചതായി കണ്ടു. ദുര്‍ബല വിശ്വാസികളുടെ ശല്യമാണ് അധികാരികളെ ഇതിന് പ്രേരിപ്പിച്ചത്. സന്ദര്‍ശക പ്രാധാന്യവും ചരിത്ര പ്രസക്തിയുമുള്ള സ്ഥലങ്ങളിലൊക്കെ താക്കീതു ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. ”ഇവയൊന്നും ആരാധനാ സഥലങ്ങളല്ല. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്. ഈ സ്ഥലങ്ങള്‍ക്കൊക്കെ ചരിത്ര പ്രാധാന്യം മാത്രമാണുളളത്” -ബോര്‍ഡുകള്‍ വിശദീകരിക്കുന്നു.
പല ഹജ്ജ് ഗ്രൂപ്പുകളും ചുറ്റുമതിലിന്റെയും മലകളുടെയും മുകളില്‍ കയറി കല്ലും മതിലും തൊട്ടുമുത്തി ടവ്വല്‍ കൊണ്ടും ഷാളുകൊണ്ടും തടവി ‘ബര്‍ക്കത്തെ’ടുക്കുന്നത് സര്‍വ സാധാരണ കാഴ്ചയാണ്. നിരോധനമെഴുതി വെച്ച ബോര്‍ഡുകള്‍ക്ക് മുന്നില്‍ പോലും ചില പണ്ഡിത വേഷധാരികള്‍ ദിക്‌റും സ്വലാത്തും ചൊല്ലി കൂട്ടമായി നിന്ന് പ്രാര്‍ഥനകള്‍ നടത്തുന്നത് കാണാം.
അല്ലാഹുവിന്റെ ഏകത്വം പ്രഘോഷണം ചെയ്തത് കാരണം നടും നഗരവും വിട്ട് പാലായനം ചെയ്യേണ്ടി വന്ന, അനവധി അഗ്നി പരീക്ഷണങ്ങളെ നേരിടേണ്ടി വന്ന ഇബ്‌റാഹിം നബി(അ)യുടെ ത്യാഗ സുരഭിലമായ ജീവിതം ഓര്‍മ്മിപ്പിക്കുന്നതാണ് ഹജ്ജ് കര്‍മങ്ങള്‍. പ്രസ്തുത കര്‍മങ്ങള്‍ ചെയ്തു പുണ്യം നേടാന്‍ വന്നവരാണ് ഈ തരത്തിലുള്ള ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നതാണ് സങ്കടകരം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x