ജനപ്പെരുപ്പവും ലോകത്തിന്റെ ഭാവിയും
ഖലീലുര്‍റഹ് മാന്‍ മുട്ടില്‍
ആഗോള ജനസംഖ്യ 7.8 ബില്യണ്‍ കവിഞ്ഞു. ലോകത്തെ മിക്കവാറും രാഷ്ട്രങ്ങളിലെല്ലാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജനസംഖ്യയില്‍ വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും ജനസംഖ്യ കുതിച്ചുയരുകയാണ്. ഇന്ത്യന്‍ ജനസംഖ്യ ആഗോള ജനസംഖ്യയുടെ നാലിലൊന്ന് എത്താന്‍ കുറച്ചു വര്‍ഷങ്ങള്‍ മതി.
ജനങ്ങളുടെ വര്‍ധനവ് എല്ലാ രാഷ്‌ട്രങ്ങളിലും ജനവിഭാഗങ്ങളിലും നടക്കുന്നുണ്ടെങ്കിലും മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെ ലോകം അഭിമുഖീകരിക്കേണ്ട ഒരു ഭീഷണിയാണെന്ന് ചില മുസ്‌ലിം വിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ആഗോളാടിസ്ഥാനത്തില്‍ തന്നെ മുസ്‌ലിം വിരുദ്ധ ശക്തികള്‍ മുസ്‌ലിംകളുടെ എണ്ണത്തില്‍ ആശങ്കാകുലരാകുന്നു.
ചൈനയില്‍ ഉയ്‌ഗൂര്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്ബന്ധിതരായിക്കൊണ്ടിരിക്കു
തിബത്തില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും വംശം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയാകുന്നു. പൗരത്വനിയമ ഭേദഗതി പാസ്സാക്കാന്‍ മോദി സര്‍ക്കാര്‍ തിടുക്കം കൂട്ടിയതിന്റെ പിന്നിലെ പ്രചോദനവും മറ്റൊന്നല്ല. മറ്റു രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്ന മുസ്‌ലിംകളെ മാത്രം തിരിച്ചയക്കാനും പൗരത്വം തെളിയിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ പൗരന്മാരായ മുസ്‌ലിംകളെ മാത്രം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളൊരുക്കി പീഡിപ്പിക്കാനുമുള്ള അമിത്‌ഷായുടെ ഫറോവ മനസ്സും മുസ്‌ലിം ജനസംഖ്യ ആരെയാണ് പേടിപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ആണിനെയും പെണ്ണിനെയും വേറെ വേറെ പാര്‍പ്പിക്കുകയാണ് പതിവ്. അവരുടെ പ്രത്യുത്‌പാദനം തടയുകയും ഒരു വംശാവലിയുടെ അന്ത്യം കുറിക്കുകയുമാണതിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ ഫാസിസം മാത്രമല്ല, മുസ്‌ലിം ജനസംഖ്യയെ ഭയക്കുന്നത്. 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഉദ്‌ബുദ്ധ കേരളത്തില്‍ പോലുമുണ്ടായ കോലാഹലം തന്നെ കേരളീയ ഫാസിസത്തിന്റെ മനസ്സും വിഭിന്നമല്ല എന്ന് വ്യക്തമാക്കുന്നതാണ്. “താത്തമാര്‍ പന്നി പ്രസവിക്കും പോലെ പ്രസവിച്ചു കൂട്ടുക തന്നെ ചെയ്യും. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് ചേര്‍ത്തി വിടുകയോ മറ്റോ വേണ്ടിവരും നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍” എന്നായിരുന്നു വംശീയ വിഷം ചീറ്റിക്കൊണ്ട് അന്നൊരു സ്‌ത്രീ പ്രസ്‌താവിച്ചത്. ഫാഷിസ്റ്റ് മീഡിയകള്‍ അതിനെ ബൗദ്ധിക തെളിവുകള്‍ നിരത്തി സൈദ്ധാന്തവത്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ജനസംഖ്യ ക്രമാതീതമായി വളരുന്നത് നമ്മുടെ പ്രകൃതി വിഭവങ്ങളുടെ ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ട്. വെള്ളം പണം കൊടുത്ത് വാങ്ങുകയെന്നത് ഒരു കാലത്ത് തമാശയായിരുന്നുവെങ്കില്‍ ഇന്നത് യാഥാര്‍ഥ്യമായിരിക്കുന്നു. വായുവിനും ഇതുപോലെ നാം കാത്തിരിക്കേണ്ടി വരും. ജനസംഖ്യാ പെരുപ്പത്തില്‍ ഏറ്റവും കൂടുതല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മുസ്‌ലിംകള്‍ തന്നെയാണ് ഇതിന്നുത്തരവാദികള്‍. അതിനും പുറമെ മുസ്‌ലിംകള്‍ക്ക് ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ചില ഗൂഢ ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്ന് അവര്‍ കണ്ടെത്തുന്നു. തങ്ങളുടെ മതത്തില്‍ ആളുകളുടെ എണ്ണം വര്‍ധിപ്പിക്കലും ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കലുമാണതെന്ന് അവര്‍ സ്ഥിരീകരിക്കുന്നു. ഹിന്ദുക്കളുടെ ജനസംഖ്യാവര്‍ധനവ് 2.17 ശതമാനമാണെങ്കില്‍ മുസ്‌ലിംകളുടേത് 3.47 ആകുന്നു. ഇങ്ങനെ പോയാല്‍ മൂന്നു പതിറ്റാണ്ടു കഴിഞ്ഞാല്‍ ഇന്ത്യ പാകിസ്‌താനായി മാറുമെന്നവര്‍ പ്രചരിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഫാസിസ്റ്റുകള്‍ മുസ്‌ലിം ജനസംഖ്യയെ ഭയപ്പെടുന്നത് എന്നതിന്റെ ഉത്തരം കൂടി ഇതിലുണ്ട്.
ജനപ്പെരുപ്പം മതാടിസ്ഥാനത്തില്‍ മാത്രമോ?
ഭൂരിപക്ഷം വര്‍ഗീയത ഊതിക്കത്തിച്ചു നിര്‍ത്തുവാനുള്ള ഫാഷിസ്റ്റു തന്ത്രം മാത്രമാണ് ഇത്തരം സാങ്കല്‌പിക കണ്ടുപിടുത്തങ്ങളെങ്കിലും ഒരു ജനതയെ ഇത്രമാത്രം ആക്രമിക്കാന്‍ ശത്രുക്കളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നത് പ്രസക്തമായ ചോദ്യമാകുന്നു. ജനസംഖ്യാവര്‍ധനവിന്റെ പേരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഭയപ്പെടേണ്ടതുണ്ടെങ്കില്‍ ആ ഭീതി മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല വേണ്ടത്. ഭാഷയുടെയും വര്‍ണത്തിന്റെയും രാഷ്ട്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ഇത്തരം കടന്നാക്രമണങ്ങള്‍ നടത്തേണ്ടി വരും. World Population Prospects-2019എന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 – 2050 കാലയളവില്‍ ചൈനയിലെ ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാഷ്ട്രമായി മാറുമെന്നും പറയുന്നു. ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പം ചൈനയെ ഇല്ലാതാക്കുമെന്നും അതുകൊണ്ടാണ് ചൈന ഇന്ത്യയോട് യുദ്ധത്തിനൊരുങ്ങുന്നതെന്നും ഫാഷിസം പറയുമോ? 2050-ല്‍ ലോക ജനസംഖ്യ ആയിരം കോടിയായി വര്‍ധിക്കുമെന്നും അതില്‍ ഇന്ത്യ, ചൈന, പാകിസ്‌താന്‍, അമേരിക്ക, ഈജിപ്‌ത്, നൈജീരിയ, കോംഗോ, എത്യോപ്യ, ഇന്‍ഡോനേഷ്യ, ടാന്‍സിയ എന്നീ പത്തു രാജ്യങ്ങളിലായിരിക്കും ലോകജനസംഖ്യയുടെ പകുതിയുമുണ്ടായിരിക്കുക എന്നുകൂടി യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മറ്റു രാഷ്ട്രങ്ങള്‍ ഈ പത്തു രാഷ്ട്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണോ ഫാഷിസം പറയുക? അതോടൊപ്പം ഇന്ത്യക്കാരായ നമ്മള്‍ ഒട്ടും നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്ന സ്വര്‍ഗമാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ മുസ്‌ലിം വിരുദ്ധ ഫാഷിസത്തിന് കഴിയേണ്ടതില്ലേ?
സന്താന നിയന്ത്രണം ഇസ്‌ലാമില്‍
ഗര്‍ഭനിരോധനം, ദര്‍ഭഛിദ്രം, സന്താന നിയന്ത്രണം എന്നിവ ആധുനിക സമൂഹത്തില്‍ വ്യാപകമാവുന്നു. രണ്ടില്‍ കൂടുതല്‍ മക്കളുള്ളത് അപമാനമായി കാണുന്നവരും മക്കള്‍ക്ക് ആധുനിക രീതിയിലുള്ള പരിചരണം നല്‍കാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നവരും സമൂഹത്തില്‍ ഏറിവരികയാണ്. അതോടൊപ്പം ജനസംഖ്യാ പെരുപ്പത്തിലുള്ള ഉത്‌കണ്‌ഠയും വര്‍ധിച്ചുവരുന്നു.
വിശ്വാസി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നിര്‍ദേശിക്കുന്ന ഇസ്‌ലാം സന്താന നിയന്ത്രണത്തിലും ഇടപെടുന്നുണ്ട്. ദാരിദ്ര്യം, പട്ടിണി, അപമാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയിലോ ശേഷമോ കൊന്നുകളയുന്നത് കുറ്റകരമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. “ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊന്നുകളയരുത്. നാമാവുന്നു അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. തീര്‍ച്ചയായും അവരെ കൊലചെയ്യുന്നത് വന്‍ പാതകമത്രെ” (17:31). അപമാനം കൊണ്ട് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയിരുന്ന അറബികളുടെ നീചവൃത്തിക്കെതിരെ ഖുര്‍ആന്‍ പ്രതികരിച്ചതും അതിശക്തമായിട്ടായിരുന്നു (81:8,9).
എന്നാല്‍ മാതാവിന്റെയും കുഞ്ഞിന്റെയും മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് സന്താന നിയന്ത്രണം നടത്തുന്നതിന് മതം എതിരല്ല. തുടര്‍ച്ചയായുള്ള പ്രസവം, മാതാവിന്റെ അനാരോഗ്യം എന്നിവ മാതാവിന്റെ ജീവനെയും കുഞ്ഞിന്റെ മാനസിക- ശാരീരിക വളര്‍ച്ചയെയും ബാധിക്കുമെന്നത് ശാസ്‌ത്രീയ സത്യമാവുന്നു. അതുകൊണ്ട് തന്നെയായിരുന്നു പ്രവാചകന്‍(സ) അന്ന് നിലവിലുണ്ടായിരുന്ന സന്താന നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് അനുയായികള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. ജാബിര്‍(റ) പറയുന്നു: “ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഞങ്ങള്‍ അസ്‌ല്‍ നടത്താറുണ്ടായിരുന്നു” (ബുഖാരി). സ്‌ത്രീ-പുരുഷ ലൈംഗിക ബന്ധം നടക്കുമ്പോള്‍ ബീജം പുറത്തേക്കു കളയുന്നതിനെയാണ് അസ്‌ല്‍ എന്നു പറയുന്നത്. ഇതില്‍ നിന്നും ആധുനിക ഗര്‍ഭനിയന്ത്രണം മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് വായിച്ചെടുക്കാന്‍ കഴിയും. ഇസ്‌ലാം വിരോധിക്കുന്നത് വന്ധ്യംകരണം പോലുള്ള അനിസ്‌ലാമികവും സ്ഥായിയായ പ്രത്യുല്‌പാദന മാര്‍ഗങ്ങളവലംബിക്കുന്നതും അകാരണമായ ഗര്‍ഭഛിദ്രത്തെയുമാകുന്നു. കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും മാതാവിന്റെ ആരോഗ്യസുരക്ഷയ്‌ക്കും ഗുണകരമായ രീതിയില്‍ ആസൂത്രിതമായി സന്താന നിയന്ത്രണം സ്വീകരിക്കുന്നതിനെ മതം വിലക്കുന്നില്ല. എന്നാല്‍ സന്താന നിയന്ത്രണം എന്ന വാക്ക് പോലും ആധുനിക സമൂഹത്തില്‍ ഗര്‍ഭഛിദ്രത്തിനും ഗര്‍ഭധാരണ ശേഷി ഇല്ലാതാകുന്നതിനും ദുരുപയോഗം ചെയ്യുന്നുവെന്നത് ദു:ഖകരമാവുന്നു.
ജനസംഖ്യയും ദാരിദ്ര്യവും
പിറക്കാനൊരുങ്ങുന്ന കുഞ്ഞിനെ മണ്ണ് തൊടീക്കാതിരിക്കാന്‍ പുരാതന കാലം മുതല്‍ ആധുനിക ലോകത്തെ വിദഗ്‌ധര്‍ വരെ കണ്ടെത്തുന്ന അടിസ്ഥാന കാരണം ദാരിദ്രമാവുന്നു. അതുകൊണ്ട് തന്നെയായിരിക്കാം ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ കുഞ്ഞുങ്ങളെ കൊല്ലരുതെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതും. ഐക്യരാഷ്ട്ര സഭ 1987 മുതല്‍ ലോകജനസംഖ്യാ ദിനം വര്‍ഷം തോറും ആചരിച്ചുവരുമ്പോഴും ലോകത്തോട് പറയുന്നത് ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുന്നു എന്നാകുന്നു. ഈ നിഗമനത്തിനു കാരണം ഗണിക്കപ്പെടാതെ പോയ സത്യങ്ങളും ദൈവിക മാര്‍ഗനത്തിന്റെ അഭാവവുമാകുന്നു. യഥാര്‍ഥത്തില്‍ ലോകത്തില്‍ ദാരിദ്ര്യം നിലനില്‍ക്കാനുള്ള കാരണം ഒരു പറ്റം മനുഷ്യരുടെ സ്വാര്‍ഥ താല്‌പര്യമാവുന്നു. അല്ലാഹു ഈ മണ്ണില്‍ പിറന്നു വീഴുന്നവര്‍ക്കെല്ലാം ആവശ്യമായ ഭക്ഷ്യവസ്‌തുക്കള്‍, ആവാസ മേഖല എന്നിവയെല്ലാം സംവിധാനിച്ചുവെച്ചിട്ടുണ്ട്. പക്ഷെ, ഏതാനും ആളുകള്‍ അവ വെട്ടിപ്പിടിച്ച് കൈവശം വെച്ചതുകൊണ്ട് മാത്രമാണ് ദാരിദ്ര്യം ഉണ്ടാവുന്നത്.
അതോടൊപ്പം സമ്പാദ്യത്തിന് അല്ലാഹു നിശ്ചയിച്ച സകാത്ത് നല്‍കാത്തതും ദാരിദ്ര്യത്തിനും പട്ടിണിക്കും നിമിത്തമാവുന്നു. ജനസംഖ്യ എത്ര കുറച്ചാലും മനുഷ്യരില്‍ ഒരു വിഭാഗം അല്ലാഹു നിശ്ചയിച്ച ഈ വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിച്ചാല്‍ ലോകത്തുനിന്നും ദാരിദ്യം തുടച്ചുനീക്കാന്‍ കഴിയില്ല. ഭൂമിയില്‍ മനുഷ്യര്‍ മാത്രമല്ല നിവസിക്കുന്നത്. മൃഗങ്ങളും പക്ഷികളും സമുദ്രജീവികളുമെല്ലാമുണ്ട്. അവിടെ നമുക്ക് പട്ടിണിമരണം കാണാന്‍ കഴിയില്ല. അല്ലാഹു നിശ്ചയിച്ച വ്യവസ്ഥിയില്‍ അവ കൈകടത്തുന്നില്ല എന്നതു തന്നെയാണതിനുള്ള കാരണം. ദൈവിക നിര്‍ദേശങ്ങളെ മറികടക്കാനുള്ള മനുഷ്യന്റെ തീവ്ര ശ്രമം അവനെ നാശത്തിലേക്ക് നയിക്കുക തന്നെ ചെയ്യും തീര്‍ച്ച.