3 Tuesday
December 2024
2024 December 3
1446 Joumada II 1

ഖലീലുല്ലാഹ് ഇബ്‌റാഹീം സഹനത്തിന്റെ പര്യായം

ഷാജഹാന്‍ ഫാറൂഖി


സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇറാഖിലെ ബാബിലോണിയയില്‍ ഭൂജാതനായ ഒരു മഹാ പ്രവാചകന്‍. ഭൂമിലോകത്ത് ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന ഭൂരിഭാഗം ജനവിഭാഗങ്ങളുടെയും ആത്മീയ നേതാവും വഴികാട്ടിയുമായ, അല്ലാഹുവിന്റെ ചങ്ങാതി എന്ന സ്ഥാനപ്പേരു നല്‍കി ആദരിക്കപ്പെട്ട പ്രവാചക പുംഗവന്‍- അതാണ് ത്യാഗിവര്യനായ ഖലീലുല്ലാഹ് ഇബ്‌റാഹീം.
ത്യാഗനിര്‍ഭരമായ ജീവിതത്തിനുടമ, സഹനത്തിന്റെ പര്യായം, അചഞ്ചലമായ വിശ്വാസദാര്‍ഢ്യം, തൗഹീദീ ആശയങ്ങളുടെ കരുത്ത്, സര്‍വോപരി മാനവരാശിയുടെ സ്വീകാര്യനായ ആത്മീയ നേതാവ്. പരീക്ഷണത്തിന്റെ തീച്ചൂളയിലൂടെ പാകപ്പെടുത്തിയ മനസ്സിന്റെ ഉടമകള്‍ക്കു മാത്രമേ ആ നേതൃപദം അലങ്കരിക്കാനുള്ള അര്‍ഹത നേടിയെടുക്കാനാവൂ എന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍ കൊണ്ട് പരീക്ഷിക്കുകയും അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും നിങ്ങള്‍ അനുസ്മരിക്കുക. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്.”
ഇബ്‌റാഹീം(അ) ഒരു സമുദായമായിരുന്നു. ഒരു സമൂഹം ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്തമാണ് ഒരു പുരുഷായുസ്സു കൊണ്ട് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ബിംബാരാധനകനായ തന്റെ പിതാവിനു മുമ്പില്‍ വിവേകശാലിയും വിനയാന്വിതനുമായ പുത്രന്‍, ജീവിതം അല്ലാഹുവിന് സമര്‍പ്പിച്ച സാത്വികനും ഭക്തനുമായ ഭര്‍ത്താവ് എന്നീ നിലകളിലെല്ലാം തന്റെ ജീവിതത്തെ ലക്ഷ്യപൂര്‍ണമാക്കിയ ‘ഉലുല്‍ അസ്മി’ല്‍പെട്ട അല്ലാഹുവിന്റെ പ്രവാചകന്‍. ഇബ്‌റാഹീം മില്ലത്ത് അനുധാവനം ചെയ്യാത്തവര്‍ വിഡ്ഢിയല്ലാതെ മറ്റാരാണ് എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ജീവിതം അല്ലാഹുവിന് സമര്‍പ്പിക്കൂ എന്ന് രക്ഷിതാവ് പറയേണ്ട താമസം അദ്ദേഹമത് പ്രഖ്യാപിച്ചു. ജീവിതസായാഹ്നത്തില്‍ അല്ലാഹു തനിക്ക് കനിഞ്ഞേകിയ ഓമനപുത്രനെ ബലി നല്‍കാനുള്ള കല്‍പന ഒരു മടിയും കൂടാതെ നടപ്പാക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. അല്ലാഹുവിന്റെ കല്‍പനകളെ നടപ്പാക്കുന്നതിന് പൂര്‍ണമായും കൂടെ നിന്ന അദ്ദേഹത്തിന്റെ കുടുംബവും സന്താനങ്ങളും ലോക ജനതയ്ക്ക് മാതൃകയായി ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. ഭൂമുഖത്ത് ആദ്യമായി സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കാന്‍ നിര്‍മിതമായി ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയ ഊര്‍ജം നല്‍കി നൂറ്റാണ്ടുകളായി പരിലസിക്കുന്ന വിശുദ്ധ മന്ദിരം. അവിടെ നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍. ഒരു കുടുംബത്തിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ മിന്നിമറയുന്ന സ്മരണകള്‍. ഇതിനേക്കാള്‍ മഹത്തായ ഒരു പുണ്യം പ്രതീക്ഷിക്കാവതല്ല. ആ മഹാനുഭാവന്റെ ജീവിതം വിശ്വാസിസമൂഹത്തിന് ബാക്കിയാക്കിയ ധാരാളം ഗുണപാഠങ്ങള്‍ നമുക്ക് വായിച്ചെടുക്കാം.
വിശ്വാസം
മുറുകെപ്പിടിക്കുക

ശത്രുപക്ഷത്തെ പരാജയപ്പെടുത്താനുള്ള മൂര്‍ച്ചയേറിയ ആയുധം എക്കാലത്തും വിശ്വാസം തന്നെയാണെന്ന് ഇബ്‌റാഹീം പ്രവാചകന്‍ ലോകത്തെ പഠിപ്പിച്ചു. പിതാവ് അടങ്ങുന്ന സമൂഹവും ജനങ്ങളെ അടക്കിവാണ നംറൂദും വിശ്വാസമെന്ന അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ ആയുധത്തിനു മുമ്പില്‍ പകച്ചുനിന്നു. അക്ഷമനായ രാജാവ് ഒരുക്കിയ ഒരു വലിയ അഗ്നികുണ്ഡം നിഷ്പ്രഭമായത് അല്ലാഹു അക്ബര്‍ എന്ന മൂര്‍ച്ചയേറിയ പ്രഖ്യാപനത്തിനു മുന്നിലായിരുന്നു. പ്രതിയോഗിയുടെ ആയുധവും ആള്‍ബലവുമെല്ലാം ഈ മന്ത്രവാക്യത്തിനു മുമ്പില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. ആ വിശ്വാസദാര്‍ഢ്യത്തിന്റെ പര്യായമാണ് ഇബ്‌റാഹീം പ്രവാചകന്‍. ആധുനിക നംറൂദുമാരുടെ ഭീഷണികള്‍ക്കു തടയിടാന്‍ ഇബ്‌റാഹീം മില്ലത്ത് മുറുകെപ്പിടിക്കല്‍ മാത്രമാണ് പരിഹാരമെന്ന് നാം മറക്കാതിരിക്കുക.
പീഡനങ്ങളെ ക്ഷമ കൊണ്ട് നേരിടുക

സ്വന്തം പിതാവും നാട്ടുകാരും ഭരണാധികാരിയും അദ്ദേഹത്തെ ബഹിഷ്‌കരിച്ചു. അപ്പോഴും ‘ക്ഷമയും സഹനവും മുറുകെപ്പിടിച്ച് ഞാന്‍ എന്റെ റബ്ബിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്, അവര്‍ എനിക്ക് നേര്‍വഴി കാണിച്ചുതരും’ എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഈ ആര്‍ജവം എല്ലാ കാലത്തും പ്രബോധകര്‍ക്ക് മാതൃക തന്നെയാണ്. ‘അദ്ദേഹം ഏറെ താഴ്മയുള്ളവനും സഹനശീലനുമാണ്’ (9:114) എന്ന ഖുര്‍ആന്റെ വിശേഷണം അന്വര്‍ഥമാണ്. അഗ്‌നികുണ്ഡത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴും നിര്‍വികാരനായി അതിനെ നേരിടാനുള്ള കരുത്തും ആത്മധൈര്യവും സഹനശീലവും അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത.
സാമൂഹിക
പ്രതിബദ്ധത

സ്രഷ്ടാവുമായുള്ള സംഭാഷണങ്ങളിലും പ്രാര്‍ഥനകളിലുമെല്ലാം നന്മയില്‍ അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിപ്പിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ദാഹവും അഭിനിവേശവും നമുക്ക് ദര്‍ശിക്കാനാകും: ‘എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ, എന്റെ സന്തതികളില്‍ പെട്ടവരെയും. ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്യേണമേ’ (14:40). ‘ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ’ (14:41).
തന്റെ നാട്ടില്‍ നിര്‍ഭയത്വവും സമാധാനവും നിലനിര്‍ത്തി ദാരിദ്ര്യമുക്തവും സുഭിക്ഷവുമായ ഒരു ജീവിതം സാധ്യമാക്കേണമേ എന്ന പ്രാര്‍ഥന മതേതര സൗഹൃദം ആഗ്രഹിക്കുന്നവരില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ. മാനവ സമൂഹത്തെ സംസ്‌കരിക്കാനും നന്മയിലേക്ക് നയിക്കാനും തന്റെ പിന്‍ഗാമികളില്‍ നിന്ന് പ്രവാചകന്മാരെ നിയോഗിക്കേണമേ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുന്നത് മനോഹരമായി ഖുര്‍ആന്‍ വര്‍ണിക്കുന്നു.
അല്ലാഹുവില്‍
ഭരമേല്‍പിക്കുക

വിശ്വാസികളില്‍ ഉണ്ടാകേണ്ട ഏറ്റവും മഹിതമായ വിശേഷണമാണ് തവക്കുല്‍ എന്നത്. മക്കയുടെ വിജനമായ താഴ്‌വരയില്‍ ഭാര്യ ഹാജറയെയും മകന്‍ ഇസ്മാഈലി(അ)നെയും താമസിപ്പിച്ച് സ്രഷ്ടാവില്‍ ഭരമേല്‍പിച്ച് യാത്രയാവുന്ന പ്രവാചക പുംഗവന്‍ അല്ലാഹുവിന്റെ കല്‍പന മാനിച്ചാണ് തന്റെ പ്രിയതമന്‍ അങ്ങനെ ചെയ്യുന്നതെന്നു ബോധ്യപ്പെട്ട ഹാജറ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് ആ ത്യാഗം ഏറ്റെടുക്കുന്നു. അല്ലാഹുവിന്റെ കല്‍പനയാണ് തന്നെ ബലി നല്‍കാന്‍ പിതാവിനെ പ്രേരിപ്പിച്ചതെങ്കില്‍ അതിന് സന്നദ്ധത അറിയിക്കുന്ന മഹാനായ പുത്രന്‍ ഇസ്മാഈല്‍(അ) പ്രവാചകത്വം അനന്തരമായി എടുക്കാന്‍ മാത്രം യോഗ്യത നേടിയ അല്ലാഹുവിന്റെ ഇഷ്ടദാസനായി മാറുന്നു. സ്രഷ്ടാവിനെ മാത്രം ആരാധിക്കാന്‍ ഭൂലോകത്ത് ആദ്യമായി പടുത്തുയര്‍ത്തിയ വിശുദ്ധ കഅ്ബയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആ പിതാവിനെയും പുത്രനെയും ഖുര്‍ആന്‍ വാഴ്ത്തിപ്പറഞ്ഞ് പരിചയപ്പെടുത്തുന്നത് ഇങ്ങനെ വായിക്കാം: ‘ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ അടിത്തറ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരിക്കുക. അവര്‍ പ്രാര്‍ഥിച്ചു: രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (2:127).
പിതാവും മാതാവും പുത്രനുമടങ്ങുന്ന ഈ മാതൃകാ കുടുംബത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളെ കര്‍മപഥത്തില്‍ ആവാഹിക്കാതെ ഇസ്‌ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ വിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാന്‍ വിശ്വാസികള്‍ക്ക് ഒരിക്കലും കഴിയില്ല. വറ്റാത്ത ഉറവയുടെ പ്രതീകമായ ‘സംസം’ ഉള്‍പ്പെടെ ഐശ്വര്യത്തിന്റെ എണ്ണമറ്റ പ്രതീകങ്ങള്‍ തീര്‍ഥാടകര്‍ക്ക് നല്‍കി ലോകത്തെ അനുഗ്രഹിച്ച ഈ മാതൃകാ കുടുംബത്തോട് നാം കടപ്പെട്ടിരിക്കുന്നു. പുലരുന്ന പ്രാര്‍ഥനകളുടെ സാന്നിധ്യം ലോകത്ത് അനുഗ്രഹമായി വര്‍ഷിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നിയോഗത്തിലൂടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ‘ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് നിങ്ങള്‍ പഠിക്കുക’ എന്ന് പ്രവാചകന്‍ ഓര്‍മിപ്പിച്ചു.
പ്രബോധനത്തിന്റെ
മനശ്ശാസ്ത്രം

ബിംബാരാധനയിലും പ്രകൃതിപൂജയിലും ആത്മനിര്‍വൃതി കണ്ടെത്തിയ ഒരു സമൂഹത്തെയാണ് ഇബ്‌റാഹീം നബിക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. സൂര്യ-ചന്ദ്ര-നക്ഷത്രാദികളെ ആരാധിക്കുന്ന ഒരു വിഭാഗത്തെ പടിപടിയായി തൗഹീദീ ആദര്‍ശത്തിലേക്ക് ആനയിക്കാന്‍ തത്വാധിഷ്ഠിതവും ബുദ്ധിപരവുമായ സമീപനമാണ് വേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ ചക്രവാളത്തില്‍ സജീവമാകുമ്പോള്‍ ഇവ തന്നെയാണ് കണ്‍കണ്ട ദൈവങ്ങള്‍ എന്ന് തന്റെ ജനതയോട് സംവദിക്കുന്ന പ്രവാചകന്‍, അവയെല്ലാം അസ്തമിക്കുമ്പോള്‍ ഇവയ്ക്കൊന്നും ദൈവികത അവകാശപ്പെടാനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം ജനങ്ങളെ നോക്കി ആകുലപ്പെടുന്നു.
ജീവിക്കാനും മരിപ്പിക്കാനും എനിക്കു കഴിയുമെന്ന് ആക്രോശിക്കുന്ന ധിക്കാരിയായ നംറൂദിനോട് കിഴക്ക് ഉദിക്കുന്ന സൂര്യനെ പടിഞ്ഞാറു നിന്നു കൊണ്ടുവരൂ എന്ന വെല്ലുവിളിയിലൂടെ നിശ്ശബ്ദനാക്കുന്നു. ബിംബങ്ങളെ തച്ചുടച്ച്, വലിയ ബിംബത്തിന്റെ കഴുത്തില്‍ മഴു കെട്ടിത്തൂക്കി. വിചാരണയ്ക്ക് വിധേയനായപ്പോള്‍ അദ്ദേഹം പറഞ്ഞു, വലിയ ദൈവത്തോടു തന്നെ ചോദിച്ചുനോക്കൂ എന്ന്. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത ശിലാശില്‍പങ്ങളെ ആരാധിക്കുന്നതിലുള്ള മൗഢ്യം ബോധ്യപ്പെടുത്തി അവരുടെ ബോധമനസ്സിനെ പടിപടിയായി തട്ടിയുണര്‍ത്താന്‍ ശ്രമിക്കുന്ന പ്രബോധനശൈലി എക്കാലത്തും അനുകരണീയമാണ്. ‘ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന് ഞാനിതാ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. അനുസരണയോടെ വക്രതയില്ലാതെ ഞാനൊരിക്കലും അല്ലാഹുവില്‍ പങ്കുചര്‍ക്കുന്നവരില്‍ പെട്ടവനല്ല തന്നെ’- അദ്ദേഹം പ്രഖ്യാപിച്ചു.
ഇബ്‌റാഹീം മില്ലത്തിന്റെ
സമകാലിക പ്രസക്തി

കാലം സഹസ്രാബ്ദങ്ങള്‍ പിന്നിടുമ്പോഴും ബൗദ്ധികമായ അടിമത്തത്തില്‍ നിന്ന് മാനവരാശി ഇപ്പോഴും മുക്തമായിട്ടില്ല. അഥവാ ഇബ്‌റാഹീം നബിയുടെ പ്രബോധിത സമൂഹം വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസാചാരങ്ങളിലെ അധമത്വം മാറ്റമില്ലാതെ തുടരുകയാണ്. ആരാധ്യവസ്തുക്കളുടെ കാര്യത്തില്‍ ‘കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍’ എന്ന പ്രയോഗം കൂടുതല്‍ പ്രസക്തമാകുന്ന പരിസരമാണ് നമ്മുടേത്.
ആള്‍ദൈവങ്ങളും അമ്മദൈവങ്ങളും മാത്രമല്ല പിശാചുക്കള്‍ പോലും ആരാധ്യരുടെ തലങ്ങളിലേക്ക് ഉയരുന്ന ദയനീയമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുടിയും പൊടിയും സിഹ്‌റും ജിന്നുസേവയും നാടിനെ കൈയടക്കി പൗരോഹിത്യം തഴച്ചുവളരുമ്പോള്‍ വ്യാജസിദ്ധന്മാരും ഔലിയാക്കളും പ്രപഞ്ചത്തെത്തന്നെ നിയന്ത്രിക്കാന്‍ പോന്നവരാണെന്ന വാദം ഉയര്‍ത്തുന്ന ഒരു കാലത്താണ് നാം ഇബ്‌റാഹീം മില്ലത്ത് ചര്‍ച്ച ചെയ്യുന്നത്.
വംശഹത്യയും ആള്‍ക്കൂട്ട കൊലകളും അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി സ്വേച്ഛാധിപതികളും ഫാഷിസ്റ്റുകളും പ്രയോഗിക്കുമ്പോള്‍ ആധുനിക നംറൂദുമാരെ എങ്ങനെ തളയ്ക്കണമെന്ന് ഇബ്‌റാഹീം മില്ലത്ത് വഴികാണിക്കുന്നു.
വിഡ്ഢികള്‍ മാത്രമേ ഇബ്‌റാഹീം മില്ലത്തിനെ അവഗണിക്കുകയും തള്ളിക്കളയുകയുമുള്ളൂ എന്ന ഖുര്‍ആന്റെ ഉദ്ബോധനം ശ്രദ്ധിക്കുക: ‘സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക! ഇഹലോകത്ത് അദ്ദേഹത്തെ നാം വിശിഷ്ടനായി തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്തും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും’ (2:130).
ലോകം ബൗദ്ധികമായി വികസിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ തലോടുമ്പോഴും മാനസിക വ്യവഹാരങ്ങള്‍ ഇപ്പോഴും അധഃപതനത്തിന്റെ മലീമസമായ ചളിക്കുണ്ടില്‍ ശിരസ്സുയര്‍ത്താന്‍ കഴിയാത്തവിധം ആഴ്ന്നിറങ്ങുന്ന കാഴ്ച എത്രമാത്രം ദയനീയമാണ്! നഗ്‌നസന്യാസികള്‍ക്ക് പാദസേവ ചെയ്യുന്നവര്‍, മഹാമാരികളില്‍ നിന്ന് മോചനം ലഭിക്കാന്‍ പിശാചുക്കളെ പ്രീതിപ്പെടുത്തുന്നവര്‍, ശകുനം നോക്കി ബഹിരാകാശപേടകങ്ങള്‍ പോലും ലോഞ്ച് ചെയ്യുന്ന ശാസ്ത്രകേസരികള്‍, കന്നിമൂലയുടെ വിപത്തുകള്‍ ചികഞ്ഞ് നിര്‍മാണകലയില്‍ ഏര്‍പ്പെടുന്ന എന്‍ജിനീയറിംഗ് വിദഗ്ധന്മാര്‍, ഗ്രഹനില നോക്കി മന്ത്രിമന്ദിരങ്ങള്‍ക്ക് തറക്കല്ലിടുന്ന രാഷ്ട്രമീമാംസകര്‍- ഇതൊക്കെയാണ് ഇബ്‌റാഹീം മില്ലത്തിനോട് വിമുഖത കാണിക്കുന്ന മൂഢന്മാരുടെ ലോകം.
ഹജ്ജിന്റെ വിളംബരം
ഇബ്‌റാഹീം മില്ലത്തിന്റെ ജ്വലിക്കുന്ന താളുകളില്‍ സുപ്രധാനമായ കര്‍മരൂപമാണ് മനാസികുല്‍ ഹജ്ജ് അഥവാ ഹജ്ജ് എന്ന ആരാധന. പ്രവാചക ശ്രേഷ്ഠന്റെ ക്ഷണം സ്വീകരിച്ച് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നു ഒഴുകിയെത്തുന്ന ലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ഒരു താളമാണ് ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബൈക്ക്. തൗഹീദീ വിളംബരത്തിന്റെ ആണിക്കല്ല്. പ്രവാചകന്മാര്‍ അഖിലവും നെഞ്ചേറ്റിയ ആദര്‍ശത്തിന്റെ അകക്കാമ്പ് ദേശ-ഭാഷാ-വര്‍ണവൈവിധ്യങ്ങള്‍ക്ക് അതീതമായി ലോക ജനത ഒരേയൊരു മുദ്രാവാക്യത്തില്‍ പരിമിതമാകുന്ന അനുഗൃഹീത മുഹൂര്‍ത്തം.
തങ്ങള്‍ പിതാവായ ഇബ്‌റാഹീം പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് അഭിമാനിക്കുന്ന ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ ഇബ്‌റാഹീം മില്ലത്തില്‍ നിന്ന് ബഹുദൂരം പിന്നിലാണ് സഞ്ചരിക്കുന്നതെന്ന് ഖുര്‍ആന്‍ ബോധ്യപ്പെടുത്തിത്തരുന്നത് ശ്രദ്ധിക്കുക: ‘ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും അല്ലാഹുവിന് കീഴ്പെട്ടവനുമായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല’ (3:67).
ഇബ്‌റാഹീം മില്ലത്ത് ഒരാദര്‍ശമാണ്. ദൈവികമായ കര്‍മപദ്ധതിയാണ്. ജീവിതവിജയങ്ങളുടെ താക്കോലും.

Back to Top