5 Tuesday
March 2024
2024 March 5
1445 Chabân 24

ഓർമയിലെ പെരുന്നാൾ

ഖദീജ നര്‍ഗീസ്

ബാല്യത്തിലെ പെരുന്നാളുകളുടെ മാധുര്യം ഇപ്പോഴും മനസിലുണ്ട്. നിഷ്‌കളങ്കമായി ആഹ്ലാദിക്കുന്ന കുരുന്നു ബാല്യം. മുപ്പതു ദിവസത്തെ നോമ്പ് കഴിഞ്ഞ് പെരുന്നാളെത്തുമ്പോഴേക്ക് കുട്ടികളൊക്കെ ആവേശഭരിതരാവും. ഇരുപത്തിയേഴാം രാവിന് വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ച നാണയത്തുട്ടുകള്‍ ചേര്‍ത്തുവെച്ച് പെരുന്നാളിന് പൊലിമയേകാനായി പടക്കങ്ങളും പൂത്തിരികളും വാങ്ങി വെക്കും. പണത്തിന്റെ അഭാവം വര്‍ഷത്തിലൊരിക്കല്‍ മതി പുതുവസ്ത്രം വാങ്ങല്‍ എന്ന തീരുമാനമെടുപ്പിച്ചിരുന്നു. മിക്കവാറും അത് ചെറിയ പെരുന്നാളിനാവും. പാവാടയും ബ്ലൗസും തയ്പ്പിക്കാന്‍ തുണി വാങ്ങുന്നതു മുതല്‍ തുടങ്ങും അതിന്റെ സന്തോഷാരവം. അന്നൊക്കെ സന്തോഷം പങ്കിടാന്‍ കുറെ കുട്ടികള്‍ ഉണ്ടാവും. കൂട്ടുകുടുംബമായിരുന്നു അധികവും.
പെരുന്നാള്‍ തലേന്നാള്‍ എല്ലാവരും വീട്ടിലെ വേലിയില്‍ നില്‍ക്കുന്ന മൈലാഞ്ചി അറുത്തുകൊണ്ടു വന്ന് അമ്മിയില്‍ ഇട്ട് അരയ്ക്കും. അരയ്ക്കുന്നിടത്തും മത്സരമാണ്. അമ്മിയില്‍ അരയ്ക്കുമ്പോള്‍ കൈകളില്‍ തട്ടുന്ന ഭാഗം ചുമന്നുപോകും. അത് വൃത്തികേടായി കാണുന്നതുകൊണ്ട് ആരും അരയ്ക്കാന്‍ തയ്യാറാകില്ല. അത് ഉമ്മ തന്നെയാണ് അരയ്ക്കുക. അല്ലെങ്കില്‍ ഞങ്ങളുടെ വീട്ടിലെ നീലിയേടത്തി അരച്ചു തരും.
അരച്ച് മൈലാഞ്ചി ഇടാന്‍ അല്പം പ്രയാസമാണ്. ഇന്നത്തെപ്പോലെ അന്ന് ട്യൂബ് ഒന്നുമില്ല. നല്ല ഡിസൈനില്‍ ഇടണമെന്നുള്ളവര്‍ ചക്കചവണി ഉരുക്കി അതില്‍ ഊര്‍ക്കിളി കൊണ്ട് തൊട്ട് കൈയില്‍ ഡിസൈന്‍ വരയ്ക്കും. അതിന്റെ മീതെയാണ് മൈലാഞ്ചിയിടുക. രാത്രി 12 മണി വരെയൊക്കെ മൈലാഞ്ചി ഇടുന്ന കോലാഹലമായിരിക്കും. അന്ന് കറന്റുമില്ല. റാന്തല്‍, ചിമ്മിനി ഒക്കെ കത്തിച്ച് വെച്ചാണ് മൈലഞ്ചി ഇട്ടിരുന്നത്. ഞങ്ങള്‍ ആങ്ങളടയക്കം ഏഴ് പേരുണ്ട്. എല്ലാവരുടെയും മൈലാഞ്ചി ഇടല്‍ കഴിയുമ്പോഴേക്ക് രണ്ടു മണിയൊക്കെയാകും.
നേരം പുലര്‍ന്നാല്‍ കുളിച്ച് പുത്തനുടുപ്പുകള്‍ ധരിക്കും. ആ ഒരു സന്തോഷ നിമിഷം ഇന്നില്ല. കൊല്ലത്തില്‍ ഒരു പ്രാവശ്യം മാത്രം ലഭിക്കുന്ന പുത്തനുടുപ്പ് ധരിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ പിന്നെ ഉച്ചക്കാണ് പെരുന്നാള്‍ ഭക്ഷണം.
ആണുങ്ങള്‍ മാത്രമായിരുന്നു അന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് പോകാറുണ്ടായിരുന്നത്. അവര്‍ വന്നാല്‍ ഉടനെ ചോറു വിളമ്പും. അന്ന് ബിരിയാണിയോ നെയ്‌ച്ചോറോ കബ്‌സ തുടങ്ങിയവയൊന്നും ഇല്ല. നല്ല കുമ്പളങ്ങ മോരു കറി, പുളിയിഞ്ചി, സ്രാവ് പൊരിച്ചത്, ചോറ് ഇതാണ് വലിയ ഭക്ഷണം.
തേങ്ങാ ചോറ് വെക്കാറുണ്ട്. അതാണെങ്കില്‍ പപ്പടവും പോത്തു വരട്ടിയതും ഗംഭീരമായിരിക്കും. ഊണു കഴിഞ്ഞാല്‍ ചെറുപഴം ഇഷ്ടം പോലെ കാണും. വീട്ടില്‍ തന്നെ കുറെ പഴുപ്പിക്കും. ഉച്ചക്ക് ഊണിന് മുമ്പ് പടക്കം, പൂത്തിരി തുടങ്ങിയവ കത്തിക്കും.
വീട്ടില്‍ ഉണ്ണുന്നതിനു മുമ്പ് അയല്‍പക്കത്തെ സഹോദര സമുദായത്തിലെ സഹോദരങ്ങളുടെ വീട്ടില്‍ പഴുത്ത പഴം കൊണ്ടുപോയി കൊടുക്കും. അവിടുത്തെ കുട്ടികള്‍ക്കും വലിയവര്‍ക്കും അതൊരു സന്തോഷമാണ്.
ഉച്ചയൂണു കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കുടുംബ വീടുകളിലേക്കു പോകും. അന്ന് ഞങ്ങളുെട ഉമ്മാമ (ബാപ്പയുടെ ഉമ്മ) ഉള്ള കാലമാണ്. ഉമ്മാമക്ക് പേര മക്കള്‍ വരുന്നത് വലിയ സന്തോഷമായിരുന്നു. വീട്ടില്‍ നിന്ന് ചോറ് കഴിച്ചാലും തറവാട് വീട്ടില്‍ ചെന്നാല്‍ ചോറ് കഴിക്കണം. അന്ന് അങ്ങനെയായിരുന്നു. നാലു വീടുകളില്‍ പോയാല്‍ നാലു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കണം. ഏതാണ്ടെല്ലാം ഒരുപോലെയായിരിക്കും. എന്നാലും അതൊരു രസമായിരുന്നു.
വൈകുന്നേരമാകുമ്പോഴേക്ക് വയറ് നിറഞ്ഞ് ഒരു പരുവത്തിലായിട്ടുണ്ടാകും. എന്നാലും കുടുംബവീട് സന്ദര്‍ശിക്കുകയും അവിടെ നിന്നൊക്കെ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത് അന്നത്തെ ഒരു ആചാരമായിരുന്നു.
പെരുന്നാളിന്റെ അന്ന് വൈകീട്ട് ഉമ്മ എല്ലാവരുടെയും വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങി നന്നായി അലക്കി സൂക്ഷിക്കും. വലിയ പെരുന്നാളിന് പുതുവസ്ത്രമെടുക്കുന്ന പതിവില്ല. അന്നേക്ക് ഉപയോഗിക്കാന്‍ സൂക്ഷിച്ചുവെക്കും.
പെരുന്നാളിനു അമ്മായിമാരൊക്കെ വിരുന്നു വരും. അതും ഒരു പെരുന്നാളായിരുന്നു. അവരും അവരുടെ മക്കളും ഒക്കെ ഉണ്ടാകുമ്പോള്‍ അവര്‍ക്കായി ഉണ്ണിയപ്പം, നെയ്യപ്പം പോലെ എന്തെങ്കിലും ഉണ്ടാകും. അതും അടുത്ത വീട്ടില്‍ കൊടുത്തുവിടും.
എല്ലാവരും ചേര്‍ന്ന് വിവിധ കളികള്‍ ഉണ്ടാകും. ഊഞ്ഞാല്‍ ആട്ടം, ഒപ്പന എന്നിവയാണ് പ്രധാന കളി. ആണ്‍കുട്ടികള്‍ പന്ത് കളിക്കും. കുട്ടിയും കോലും, കക്കു കളി, തൊട്ടുകളി ഇതൊക്കെ അന്നത്തെ പ്രധാന കളികളായിരുന്നു.
ആ ചെറുപ്പത്തെക്കുറിച്ച കഥകള്‍ പറഞ്ഞു നടക്കാനേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവയില്‍ പലതും അപ്രത്യക്ഷമായി. പുതുവസ്ത്രങ്ങളുടെ പുതുമ നഷ്ടമായി. ആവശ്യത്തിനും അനാവശ്യത്തിനുമായി സാധനങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ പെരുന്നാള്‍ വിഭവങ്ങള്‍ ചടങ്ങു മാത്രമായി. ലാളിത്യമകന്ന് ധാരാളിത്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.
ഒരു മഹാമാരി നമ്മെ പിടികൂടി ഇപ്പോള്‍ നിര്‍ബന്ധിതമായി ലാളിത്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. പഴയ റമദാനും പെരുന്നാളും ആവര്‍ത്തിക്കുകയാണെന്ന തോന്നല്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ റമദാനും പെരുന്നാളുമെങ്കിലും നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x