പ്രവാചകപത്‌നി ഖദീജയുടെ പേരില്‍ തെരുവ്; എതിര്‍പ്പുമായി ഫ്രഞ്ച് തീവ്ര വലതുപക്ഷം

പാരിസിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തെ സ്റ്റെയിന്‍ മുനിസിപ്പാലിറ്റിയിലെ ഒരു തെരുവിന് പ്രവാചകപത്‌നി ഖദീജ ബിന്‍ത് ഖുവൈലിദിന്റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രാജ്യത്തെ തീവ്ര വലതുപക്ഷം. വിവിധ രാഷ്ട്രങ്ങളില്‍ ചരിത്രനിര്‍മിതിയില്‍ പങ്കാളികളായ/ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളെ ആദരിക്കുന്നതിന് ‘സ്ത്രീകളുടെ ഇടം’ എന്ന പദ്ധതിക്ക് സ്റ്റെയിന്‍ മുനിസിപ്പാലിറ്റി തുടക്കമിട്ടിരുന്നു. അതില്‍ ഖദീജ(റ), അല്‍ജീരിയന്‍ വിമോചന പോരാളി ജമീല ബൂപാഷ, മൊറോക്കന്‍ സാമൂഹിക ശാസ്ത്രജ്ഞ ഫാത്വിമ മെര്‍നിസി, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് എന്നിവരുടെ പേരുകളുണ്ട്. എന്നാല്‍, ഇതില്‍ നിന്ന് ഖദീജയുടെ പേര് നീക്കണമെന്നാണ് തീവ്ര വലതുപക്ഷത്തിന്റെ ആവശ്യം. മുനിസിപ്പാലിറ്റിയില്‍ അറബ്-ആഫ്രിക്കന്‍ വംശജരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കൗണ്‍സില്‍ അംഗങ്ങളുടെ ചിത്രങ്ങള്‍ തീവ്ര വലതുപക്ഷ അംഗങ്ങള്‍ പ്രസിദ്ധീകരിച്ചു. അറബ്-ആഫ്രിക്കന്‍-ലാറ്റിന്‍ വിഭാഗങ്ങള്‍ ജനസംഖ്യാ ഘടനയില്‍ മാറ്റം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗൂഢാലോചന രാജ്യത്തെ പ്രതിസന്ധിയില്‍ അകപ്പെടുത്തുമെന്ന ഫ്രഞ്ച് വലതുപക്ഷ ചിന്തകനായ റെനോ കാമോയുടെ ‘മഹത്തായ പകരംവെക്കല്‍’ സിദ്ധാന്തമാണ് ഇവിടെ നടപ്പാക്കുന്നതെന്ന് അവര്‍ ആരോപിച്ചു. മുനിസിപ്പാലിറ്റിയെ നയിക്കുന്നത് അല്‍ജീരിയന്‍ വംശജനായ ഇസുദ്ദീന്‍ തായ്ബിയാണ്.
