8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

‘കേവല അധികാരം ലഭിച്ചേക്കാം പക്ഷേ, കീഴൊതുങ്ങി നില്‍ക്കണം’

പ്രഫ. കെ എസ് മാധവന്‍ / ഷബീര്‍ രാരങ്ങോത്ത്‌


ബ്രാഹ്മണ്യം കേവലം ബ്രാഹ്മണരുടെ മാത്രം സങ്കല്പമല്ല. ബ്രാഹ്മണരാണ് അതിന്റെ പ്രധാനപ്പെട്ട ഉപാധിയെങ്കില്‍ പോലും ബ്രാഹ്മണ കയ്യാളിത്തത്തിലുള്ള ഈ വൈജ്ഞാനിക പദ്ധതി അടിസ്ഥാനപരമായി മനുഷ്യരെ വര്‍ണത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിവിധ പദവിയില്‍ നിലനിര്‍ത്തുന്നതാണ്. വരേണ്യതയുടെയും കീഴാളത്തത്തിന്റെയും തലത്തിലാണ് പദവികള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നതും വൈജ്ഞാനികമായും സാംസ്‌കാരികമായും സ്ഥാനപ്പെട്ടിരിക്കുന്നതും.
ബ്രാഹ്മണ്യത്തില്‍ തുല്യതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം ഭാവനപ്പെടുത്താന്‍ കഴിയില്ല. ഹിന്ദുത്വം നിലനില്ക്കുന്നതുതന്നെ ബ്രാഹ്മണ്യം എന്ന ശുദ്ധി-അശുദ്ധി സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ്. വേര്‍തിരിവിനെയും അപരവത്കരണത്തെയും സ്വാഭാവികമായി കാണുന്ന അവ അടിസ്ഥാനപരമായി ദൈവികവും സനാതനവും ശാശ്വതവും ലംഘിക്കാന്‍ പാടില്ലെന്നും പറയുന്നതാണ് വര്‍ണ-ജാതി ഹൈന്ദവിക ധര്‍മം. ഹൈന്ദവിക ധര്‍മത്തിന്റെ അടിത്തറയിലാണ് ഹിന്ദുത്വം നിലനില്ക്കുന്നത്. അത് ജനാധിപത്യത്തെയും സാഹോദര്യത്തെയും തുല്യതയെയും നീതിയെയും മാനവികതയെയും നിഷേധിക്കുന്നതാണ്. ആ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവന്‍ കീഴാളനായാലും മുസ്‌ലിമായാലും ഈ ബോധമണ്ഡലത്തെ പേറുന്നവനാണവന്‍. കീഴാള ഹിന്ദുത്വം എന്ന വേര്‍തിരിവ് സത്യസന്ധമല്ല എന്ന തലക്കെട്ടിലുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

? സുപ്രധാനമായ അധികാരസ്ഥാനങ്ങളില്‍ കീഴാള ഹിന്ദുക്കളെ നിയോഗിച്ചത് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയെ വെല്ലുവിളിക്കലാണെന്നും പ്രചാരണമുണ്ട്. അത് അത്തരമൊരു വെല്ലുവിളിയാണെന്ന് പറയാനാകുമോ?
അല്ല. ബ്രാഹ്മണ്യത്തിന്റെ ഒരു സ്വഭാവം അത് പുറംതള്ളി അപരരാക്കി നിര്‍ത്തുകയും, പുറംതള്ളിയവരെ കൂട്ടിനിര്‍ത്തുകയും ചെയ്യും എന്നതാണ്. കുറച്ച് ബ്രാഹ്മണര്‍ക്കും ത്രൈവര്‍ണികര്‍ക്കും മാത്രമായി ഇന്ത്യ എന്ന രാജ്യത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പറ്റില്ല. അതിന് എപ്പോഴും പണിയെടുക്കുന്നവരും ആശ്രിതരും അനുസരണയുള്ളവരുമായ ബഹുഭൂരിപക്ഷം മനുഷ്യരെ ഇതിന്റെ കീഴിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അധ്വാനിക്കുന്നവരും തൊഴിലും മറ്റ് ഉല്‍പാദന പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ കീഴാളപ്പെടുത്തി നിലനിര്‍ത്തുകയാണ് അതിനുള്ള വഴി. സനാതന-വര്‍ണ അസമത്വ വ്യവസ്ഥയിലേക്ക് അവരെ ചേര്‍ക്കുകയും രക്ഷ നേടാന്‍ കഴിയാത്ത വിധം കൂട്ടിനിര്‍ത്തുകയും ചെയ്യുന്നു.
ജാതിയുടെ കോയ്മ കൊണ്ട് മനുഷ്യരെ ജാതിയുടെ അടിത്തട്ടില്‍ പിടിച്ചുനിര്‍ത്തുന്നു. അങ്ങനെ പിടിച്ചുനിര്‍ത്തുന്ന മനുഷ്യരെ പോലും തങ്ങള്‍ ഹിന്ദുക്കളാണെന്നു വിശ്വസിപ്പിച്ച് അതില്‍ നിലനിര്‍ത്തുന്നു. കീഴാളത്തം എന്നത് കേവലം ജാതികളായി കീഴാളപ്പെട്ട് നിലനില്‍ക്കല്‍ മാത്രമല്ല, ബ്രാഹ്മണ്യത്തിലേക്ക് കീഴാളപ്പെട്ടു നില്‍ക്കുന്ന അവസ്ഥ കൂടിയാണ്. ക്ഷേത്രങ്ങളും ദൈവങ്ങളും നിങ്ങളുടേതാണ് എന്നു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അംബേദ്കര്‍ ‘ത്രൈവര്‍ണികരുടെയും ബ്രാഹ്മണരുടെയും ദൈവങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നിടത്തോളം കാലം ബ്രാഹ്മണരും ത്രൈവര്‍ണികരും നിങ്ങളെ ഭരിക്കും’ എന്നു പറഞ്ഞത്.
ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയെ ശരിയും വിമോചനാത്മകവും നല്ലതും എന്നു കരുതുകയും, സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ ഞാന്‍ വിമോചിപ്പിക്കപ്പെടും എന്നും തെറ്റായി ധരിച്ച് അതിന്റെ ഭാഗമായി മാറുന്നിടത്തോളം കാലം ഏതു സ്ഥാനമാനങ്ങളിലിരുന്നാലും അവരെ ത്രൈവര്‍ണികര്‍ ഭരിക്കും. ത്രൈവര്‍ണികര്‍ എപ്പോഴും കീഴാള മനുഷ്യരെ ഉപകരണങ്ങളാക്കിയാണ് നിലനിര്‍ത്തുന്നത്. പണിയെടുക്കുന്ന സമൂഹത്തെ എങ്ങനെയാണോ ബ്രാഹ്മണ്യ സമൂഹം കീഴാളപ്പെടുത്തി വെച്ചിരുന്നത്, അതുപോലെ തന്നെയാണ് ആധുനിക ഹിന്ദുരാഷ്ട്ര ഭാവനയില്‍ സ്ഥാനമാന പദവികള്‍ നല്‍കി ഈ മനുഷ്യരെ കീഴ്‌പ്പെടുത്തുന്നത്.
കീഴാളര്‍ ഹൈന്ദവികവത്കരിക്കപ്പെട്ടതുകൊണ്ടോ ബ്രാഹ്മണ്യത്തിന്റെ ആചാരപദ്ധതികളില്‍ വിശ്വസിച്ചതുകൊണ്ടോ ഹിന്ദുരാഷ്ട്രം ലക്ഷ്യംവെക്കുന്ന രാഷ്ട്രീയത്തില്‍ ഭാഗമായതുകൊണ്ടോ തുല്യനീതിയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ നിര്‍മിക്കാന്‍ കഴിയില്ല. എന്നു മാത്രമല്ല, ഇവര്‍ കൂടി പങ്കാളികളാകുന്ന ഹിന്ദുത്വത്തില്‍ ഇവര്‍ കേവലം കാലാള്‍പ്പടകളായി മാറുകയും ഇവരുടെ ശക്തി ഉപയോഗിച്ച് ത്രൈവര്‍ണികര്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്യും. ഇന്ത്യയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ച് ഒന്നാലോചിക്കൂ. കൂടുതലും ത്രൈവര്‍ണികരാണ് എന്നു കാണാം. തീരുമാനമെടുക്കുന്ന ഉദ്യോഗപദവികളില്‍ ത്രൈവര്‍ണികര്‍ ഇരിക്കുകയും വളരെ സിംബോളിക്കായി ചില പദവികളില്‍ കീഴാളരെ നിലനിര്‍ത്തി, അവരുടെ കൂടി താല്പര്യത്തിലാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതെന്ന് ത്രൈവര്‍ണികര്‍ അവകാശപ്പെടുകയും ചെയ്യുകയാണ്. നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ഭാഗമായി നില്‍ക്കുന്നു, എന്നാല്‍ ത്രൈവര്‍ണികരെ നിങ്ങളെ ഭരിക്കാന്‍ അനുവദിക്കുകയും ബ്രാഹ്മണ്യത്തിന്റെ കോയ്മാ പ്രത്യയശാസ്ത്രത്തില്‍ നിങ്ങള്‍ കീഴൊതുക്കപ്പെടുകയും ചെയ്യുന്നു എന്നാണ്.

? വര്‍ണ-ജാതിവ്യവസ്ഥ കീഴാളരെ ചേര്‍ത്തുനിര്‍ത്തുന്നതായിരുന്നില്ലല്ലോ. അവരെ അകറ്റുക, ദൂരെ നിര്‍ത്തുക എന്നതായിരുന്നല്ലോ അതിന്റെ പ്രധാന പ്രവൃത്തികളിലൊന്ന്. പിന്നീട് എപ്പോഴാണ് അതില്‍ ഇത്തരമൊരു മാറ്റം വന്നത്?
ഇന്ത്യാ ചരിത്രത്തില്‍ വേദകാലഘട്ടത്തിലാണ് ആരെയും ഇതിലേക്ക് ഉള്‍പ്പെടുത്താതെ വര്‍ണസമൂഹത്തിന്റെ ശുദ്ധി-വരേണ്യതയില്‍ അധിഷ്ഠിതമായ വര്‍ണസമൂഹമായി നിലനിന്നത്. പിന്നീട് ത്രൈവര്‍ണികരുടെ കോയ്മാ സമൂഹമുണ്ടായി വന്നു. മധ്യകാലഘട്ടത്തിലത് പുരാണ മതസമൂഹമായി വികസിച്ചുവന്നു. ത്രൈവര്‍ണിക ആര്യസമൂഹങ്ങളുടെ സാംസ്‌കാരിക വ്യാപനം ദക്ഷിണേന്ത്യയിലേക്കും ഡെക്കാനിലേക്കുമെല്ലാമായി വികസിച്ചുവരുന്ന ഒരു ഘട്ടമാണ് ഇതിഹാസ-പുരാണങ്ങളുടെ വളര്‍ച്ച എന്നു പറയുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി ഭരണകൂട സംവിധാനങ്ങളും വികസിച്ചുവന്നു.
അതിന്റെ ഭാഗമായി ഈ വര്‍ണജാതി വ്യവസ്ഥയെയും ബ്രാഹ്മണ്യ ത്രൈവര്‍ണികാധിപത്യമുള്ള സമൂഹത്തെയും ധര്‍മവ്യവസ്ഥയായി നിലനിര്‍ത്തേണ്ടത് വ്യത്യസ്ത ഭരണകൂടങ്ങളുടെ ആവശ്യമായി മാറുകയും ചെയ്തതോടൊപ്പം തന്നെയാണ് മറ്റു ചിലത് നടക്കുന്നത്. ത്രൈവര്‍ണികരല്ലാത്ത തദ്ദേശീയ ഗോത്രസമൂഹങ്ങളിലേക്കും അയിത്തജാതി സമൂഹങ്ങളിലേക്കും കൂടി അതിന്റെ അധിനിവേശമുണ്ടായി. സാംസ്‌കാരിക രൂപങ്ങളിലൂടെ നിശ്ശബ്ദമായ അധിനിവേശമാണുണ്ടായത്. ഇതിഹാസ കഥകളിലൂടെ, അനുഷ്ഠാന പദ്ധതികളിലൂടെ അധിനിവേശം നടത്തുകയും അവരുടെ ദൈവങ്ങളെയും അനുഷ്ഠാനങ്ങളെയും പാരമ്പര്യങ്ങളെയും വര്‍ണ-ജാതിവ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഇതോടുകൂടി വര്‍ണ-ജാതിവ്യവസ്ഥ കുറച്ചുകൂടി സങ്കീര്‍ണമായിത്തീര്‍ന്നു. ഗോത്രദൈവങ്ങളൊക്കെ സംസ്‌കൃതവത്കരിക്കപ്പെട്ട് ബ്രാഹ്മണ്യമായ അനുഷ്ഠാന പദ്ധതിയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുകയും ചെയ്ത സങ്കീര്‍ണാവസ്ഥയിലാണ് മധ്യകാല പുരാണ ഹിന്ദു ഉണ്ടാവുന്നത്. വര്‍ണവ്യവസ്ഥയ്ക്കുള്ളിലേക്ക് കീഴ്ജാതി ഗോത്രങ്ങളെക്കൂടി ഉള്‍ച്ചേര്‍ത്ത് അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി വൈവിധ്യവും വ്യത്യസ്തതയുമുള്ള ക്ഷേത്രമതസമൂഹമായി പുരാണ ഹിന്ദു മാറുകയും ചെയ്തു. പക്ഷേ, അതില്‍ പോലും ത്രൈവര്‍ണികരുടെ സാമ്പത്തികവും സാമൂഹികവുമായ ഒരാധിപത്യം ഉണ്ടാവുകയും ഇതെല്ലാം സാധൂകരിക്കുന്ന ധര്‍മവ്യവസ്ഥയായി വര്‍ണ-ജാതിവ്യവസ്ഥയെ നിലനിര്‍ത്തുകയും ബ്രാഹ്മണ പുരോഹിതര്‍ അതിനെ ന്യായീകരിക്കുകയും ചെയ്തു.
കൂടുതല്‍ മനുഷ്യരെ ഉള്‍ച്ചേര്‍ത്ത് ഇതു വിപുലപ്പെടുത്തി, അപ്പോള്‍ പോലും ഇതിനെ ഒരു വര്‍ണ-ജാതിവ്യവസ്ഥയായി നിലനിര്‍ത്തുന്നതിന് ആവശ്യമായ സാമൂഹികവും വൈജ്ഞാനികവും സാംസ്‌കാരികവും സാമ്പത്തികവും അനുഷ്ഠാനപരവും മതപരവുമായ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും നല്‍കി. ഈ ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയ വേദകാലഘട്ടം മുതലേ ഉണ്ടായിരുന്നതാണ്. അടുത്ത കാലത്ത് ഉണ്ടായിവന്നതൊന്നുമല്ല.
1920കളില്‍ ഹിന്ദുത്വം ഒരു രാഷ്ട്രീയ പദ്ധതിയായി വളര്‍ന്നപ്പോള്‍ ഇന്ത്യ എന്നത് ഹിന്ദുക്കളുടേതാണ് എന്ന വാദം ഉയര്‍ന്നു. ആരാണ് ഈ വാദം ഉയര്‍ത്തുന്നത്? ത്രൈവര്‍ണികര്‍, പ്രത്യേകിച്ച് ബ്രാഹ്മണര്‍. പൂനെ ബ്രാഹ്മണരാണ് ഹിന്ദുക്കള്‍ക്കു വേണ്ടി ഒരു രാഷ്ട്രമുണ്ടാകണമെന്നും, ആ രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമുള്ള സ്ഥാനം ഇതാവണമെന്നും വാദമുയര്‍ത്തുന്നത്. പറയാതെ പറയുന്ന ഒരു കാര്യം, ഇത് ത്രൈവര്‍ണികരുടെ ആധിപത്യമുള്ള രാജ്യം തന്നെയായിരിക്കുമെന്നാണ്. കീഴാളര്‍ ഈ വര്‍ണവേരുകളുള്ള രാഷ്ട്രത്തില്‍ കീഴൊതുക്കപ്പെട്ട് നിലനില്‍ക്കണം എന്നുതന്നെയാണ്. നിങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ ഉണ്ടാവാം, പക്ഷേ അടിസ്ഥാനപരമായി ഈ ത്രൈവര്‍ണികാധിപത്യത്തിന് കീഴൊതുങ്ങിയിരിക്കണം എന്നാണ്. സ്ഥാനമാനങ്ങള്‍ നല്‍കി നിലനിര്‍ത്തപ്പെടുന്നവര്‍ ഒരുപകരണമായിട്ടായിരിക്കാം നിലനിര്‍ത്തപ്പെടുന്നത്.
മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ ലിംഗപരമായോ വേര്‍തിരിവില്ലാത്ത ഒരു സമൂഹത്തെയാണ് ഹിന്ദുത്വം ലക്ഷ്യംവെക്കുന്നതെന്ന് നമുക്കൊരിക്കലും വിശ്വസിക്കുക സാധ്യമല്ല. കാരണം, ഇതിനടിസ്ഥാനമായ ലോകബോധം ബ്രാഹ്മണ്യത്തിന്റേതാണ്.

? ഹിന്ദുത്വ സംഘടനകള്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രത്തിന്റെയും വക്താക്കളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടല്ലോ.
ഹിന്ദുത്വ പരിവാര്‍ എന്ന വ്യത്യസ്ത സംഘരൂപങ്ങള്‍ അടിസ്ഥാനപരമായി പങ്കിടുന്നത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച വര്‍ണ-ജാതി വേര്‍തിരിവില്‍ അധിഷ്ഠിതമായ ലോകബോധവും സാമൂഹിക ക്രമവുമാണ്. ഇത് മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളെക്കുറിച്ച് ഡോ. ബി ആര്‍ അംബേദ്കര്‍, ഫൂലേ, ഇ വി രാമസ്വാമി പോലുള്ള ആളുകള്‍ സ്വാതന്ത്ര്യസമരകാലത്തു തന്നെ എഴുതുകയും പ്രസംഗിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ളണ്ട്.
ഈ വര്‍ണവ്യവസ്ഥ ആദര്‍ശാത്മകമായി കാണുന്നവരാണ് ഈ ഹിന്ദുത്വ പരിവാര്‍ സംഘടനകള്‍. അതില്‍ വല്ലതും മോശമായിട്ടുണ്ടെങ്കില്‍ തന്നെ ഹിന്ദുക്കളുണ്ടാക്കിയതോ ബ്രാഹ്മണരുണ്ടാക്കിയതോ അല്ല, അവ ഇസ്‌ലാമിക ദുര്‍ഭരണകാലത്ത് ഉണ്ടാക്കിയതാണെന്നാണ് അവരുടെ വാദവും ന്യായവും. ഈ ജാതി-വര്‍ണവ്യവസ്ഥയില്‍ ഒരു കുഴപ്പവും കാണാത്തവരാണവര്‍. തുല്യത, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയവ പാശ്ചാത്യമാണെന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും പറയുന്നവരാണ് ഈ പരിവാര്‍ സംഘങ്ങള്‍. ആധുനിക കാലഘട്ടത്തില്‍ കൂടുതല്‍ ആളുകളും അംഗീകരിച്ചിരിക്കുന്ന ഒരു രാഷ്ട്രീയക്രമമാണ് ജനാധിപത്യം. എന്നാല്‍ ഇതിനോട് വിയോജിക്കുകയാണ് അവര്‍.
ബ്രാഹ്മണ്യത്തെ ശാസ്ത്രമായി കാണുന്നവരാണ് ഹിന്ദുത്വ പരിവാര്‍ സംഘടനകള്‍. തുല്യത, ജനാധിപത്യം തുടങ്ങിയവ മുന്നോട്ടുവെക്കുന്ന ഭരണഘടനയെ പോലും അവര്‍ അംഗീകരിക്കുന്നില്ല. ഭരണഘടന ചര്‍ച്ച ചെയ്യപ്പെടുന്നിടങ്ങളിലൊക്കെ ഇതു പാശ്ചാത്യമാണെന്നും മനുസ്മൃതി പോലുള്ള ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലുള്ള മൂല്യങ്ങളാണ് ഭരണനിര്‍വഹണത്തിനു വേണ്ടതെന്നും പറഞ്ഞുകൊണ്ടിരിക്കുകയാണവര്‍. ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളോട് അവര്‍ക്കുള്ള എതിര്‍പ്പാണ് ഈ പാശ്ചാത്യ ആരോപണങ്ങള്‍ക്കു പിന്നില്‍. ഹിന്ദുത്വത്തിന്റെ കേന്ദ്രം ബ്രാഹ്മണ്യമാണ്. ബ്രാഹ്മണ്യമാകട്ടെ തുല്യതയെ അംഗീകരിക്കുന്നില്ല. ഈ ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളോട് യോജിപ്പിലെത്താന്‍ കഴിയില്ല.
ബ്രാഹ്മണ്യ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ ഭാവനപ്പെടുത്തുമ്പോഴാണ് അത് രാഷ്ട്രീയ ഹിന്ദുത്വമാകുന്നത്. ഈ ബ്രാഹ്മണ്യ ഹിന്ദുത്വം വ്യത്യസ്ത രാജവംശങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരായിരുന്നു എങ്ങനെ ഭരിക്കണമെന്ന് രാജാവിനെ ഉപദേശിച്ചിരുന്നവര്‍. സമൂഹത്തില്‍ ഇടപെട്ട് ആധിപത്യമുറപ്പിക്കാന്‍ അവര്‍ക്ക് എല്ലാ കാലത്തും സാധിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണമായ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെ ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തിക്കൊണ്ട് ഇന്ത്യക്കാരെ കൊളോണിയല്‍ വിരുദ്ധ ജനതയായി നിലനിര്‍ത്തുന്നതില്‍ യാതൊരുവിധ പങ്കാളിത്തവും വഹിക്കാതിരുന്നവരാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍. ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങള്‍ സമരങ്ങളില്‍ പങ്കെടുത്തപ്പോള്‍ ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു ഈ ഹിന്ദുത്വര്‍.
മതേതര ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ ക്രമമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ഉണ്ടായിരിക്കേണ്ടത് എന്ന് 1920കള്‍ മുതല്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വരാജാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഭരണഘടന ഇന്നും മുമ്പോട്ടുവെക്കുന്ന അടിസ്ഥാന ആശയങ്ങളോടും മൂല്യങ്ങളോട് ഒരു യോജിപ്പുമില്ലാതിരുന്നവരും അതിനെ എതിര്‍ത്തിരുന്നവരുമായിരുന്നു ഹിന്ദുത്വര്‍.
പക്ഷേ, ഇന്ന് ഇവര്‍ക്കൊരു രീതിയിലും പങ്കാളിത്തമില്ലാത്ത രാഷ്ട്രീയ ജനാധിപത്യ രാജ്യമുണ്ടായി. ഇപ്പോള്‍ ജനാധിപത്യക്രമത്തെ തന്നെ സമഗ്രാധിപത്യ സ്വഭാവമുള്ള ഒന്നാക്കി ഉപയോഗിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രമാക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ ആശയക്കാര്‍. തുല്യതയില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ ക്രമം ഹിന്ദുരാഷ്ട്ര വാദത്തിലില്ല തന്നെ. അതുകൊണ്ടുതന്നെ ജനാധിപത്യത്തിനും തുല്യപൗരത്വത്തിനും സെക്കുലര്‍ രാഷ്ട്രീയത്തിനും എതിരായുള്ള പദ്ധതിയാണ് ഹിന്ദുത്വ രാഷ്ട്രവാദം.

? ഒരു ഘട്ടത്തില്‍ ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നു എന്നു തോന്നിക്കുന്ന രീതിയില്‍ ന്യൂനപക്ഷ സംഘടനകള്‍ ഉണ്ടാക്കുകയും ചെറിയ ചലനങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, അതേ സമയം സവര്‍ണ സംവരണം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. ഈ ചേര്‍ത്തുപിടിക്കല്‍ ശ്രമങ്ങള്‍ ആത്മാര്‍ഥമല്ലെന്നത് പ്രകടമാണ്. എന്നാല്‍ അത്തരമൊരു ശ്രമത്തിനുള്ള മോട്ടീവ് എന്തായിരിക്കാം?

നമുക്കുള്ളത് ബഹുസ്വര ജനാധിപത്യമാണ്. അതായത് ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്ന ജനാധിപത്യമല്ല. ഗാന്ധി, അംബേദ്കര്‍, നെഹ്‌റു തുടങ്ങി ഇന്ത്യയെ നിര്‍മിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ആളുകളുടെ മനസ്സിലുണ്ടായിരുന്നത് ഈ ബഹുസ്വര സങ്കല്പമാണ്. വൈവിധ്യങ്ങള്‍, വ്യത്യസ്തതകള്‍, പലമകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ക്രമമാണ് അവര്‍ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് നമുക്ക് ഫെഡറല്‍ വ്യവസ്ഥയുണ്ടായത്. അതുകൊണ്ടാണല്ലോ ഭരണവ്യവസ്ഥകളില്‍ തന്നെ യൂണിയന്‍ ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റുമൊക്കെ ഉണ്ടാകുന്നത്.
ഇവിടെ ഭരണക്രമം മതഭൂരിപക്ഷത്തില്‍ അധിഷ്ഠിതമായതാവണം എന്നാണ് അവര്‍ കരുതുന്നത്. ന്യൂനപക്ഷ മതങ്ങളെയും ഭൂരിപക്ഷ മതത്തില്‍ തന്നെയുള്ള വ്യത്യസ്തമായ അഭിപ്രായങ്ങളെയും അവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ മതഭൂരിപക്ഷമുണ്ടോ എന്നതും വലിയ ചോദ്യമാണ്. അടിസ്ഥാനപരമായി അങ്ങനെ ഒരു മതഭൂരിപക്ഷം ഇന്ത്യയിലില്ല. എല്ലാ ജനതകളും ന്യൂനപക്ഷങ്ങളാണ്. സാംസ്‌കാരികമായോ മതപരമായോ ഒരു ഏകീകരണമില്ല. ഹിന്ദു എന്നതുപോലും മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരാണ്. അങ്ങനെയൊരു മതപരമായ ഏകീകരണം അവരില്‍ സാധ്യമല്ല. ദലിതരില്‍ പോലും വളരെ വ്യത്യസ്തമായ വിശ്വാസക്രമങ്ങളാണ്. ഇവരെയെല്ലാം എങ്ങനെ ഹിന്ദു എന്നു വിളിക്കാനൊക്കും! ബ്രാഹ്മണരില്‍ തന്നെ നൂറുകണക്കിന് ബ്രാഹ്മണരില്ലേ? ഇവരെയെല്ലാം ചേര്‍ത്ത് നിങ്ങളെല്ലാം ഹിന്ദുക്കളാണെന്നു പറയുന്നത് തെറ്റായ സങ്കല്പമാണ്.
അങ്ങനെ വരുമ്പോള്‍ ഭൂരിപക്ഷ ഹിന്ദുക്കളെന്ന വാദം അതില്‍ പെട്ടവര്‍ തന്നെ അംഗീകരിക്കുന്നില്ല എന്നു വരും. ഹിന്ദുക്കള്‍ എന്നു വര്‍ഗീകരിക്കപ്പെട്ടവരെല്ലാം ഈ ഹിന്ദുത്വവാദികളുടെ നിര്‍വചനത്തില്‍ വരുന്നവരല്ല. ഹിന്ദുക്കളില്‍ തന്നെ താഴേക്കിടയിലുള്ളവര്‍ക്ക് സവര്‍ണ ജാതികള്‍ അനുഷ്ഠിക്കുന്ന ആരാധനകളോ ആചാരങ്ങളോ ആചരിക്കാനും അനുഷ്ഠിക്കാനും എവിടെയാണ് സാധിക്കുക? ബ്രാഹ്മണനായ അധ്യാപകനെ തൊട്ടതിന്റെ പേരില്‍ മര്‍ദനമേല്‌ക്കേണ്ടിവന്ന ദലിത് വിദ്യാര്‍ഥികളുള്ള നാടാണ് നമ്മുടേത്. അവരെന്ത് ഹിന്ദുവാണപ്പോള്‍! ഭൂരിപക്ഷ ഹിന്ദു എന്നത് തെറ്റായ പരികല്പനയാണ്. ഭൂരിപക്ഷ ഹിന്ദുക്കള്‍, ഞങ്ങളാണ് ഈ രാജ്യം ഭരിക്കേണ്ടതെന്നു പറയുന്നത് ശുദ്ധമണ്ടത്തരമാണ്.
എന്നാല്‍ ഭരണഘടനാപരമായി ഒന്നുണ്ട്. നമ്മള്‍ എപ്പോഴും ജനതയെ കാണേണ്ടത് സവിശേഷമായ പരിഗണന അര്‍ഹിക്കുന്ന സാമൂഹിക മതവിഭാഗങ്ങള്‍ എന്ന രീതിയിലാണ്. ലോകത്തെല്ലായിടത്തും പ്രത്യേകമായ ചില സവിശേഷതകളുള്ള ചെറിയ സമൂഹങ്ങളുണ്ടാവും. ചിലപ്പോള്‍ അത് ഭാഷാസമൂഹമാവും. ചിലപ്പോള്‍ മതസമൂഹമാകും. ചില ഗോത്രവിഭാഗങ്ങളാകും. ഇവരെ സംരക്ഷിക്കുക എന്നു പറയുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതാണ് ഇന്ത്യയില്‍ മതപൗരത്വമല്ലാതിരിക്കുന്നതിന്റെയും തുല്യപൗരത്വമായിരിക്കുന്നതിന്റെയും കാരണം. നിയമപരമായും സാമൂഹികമായും ആ പൗരത്വം ഉണ്ടായിരിക്കേണ്ടതുണ്ട്. നിങ്ങള്‍ പ്രത്യേക ഭക്ഷണം കഴിക്കുന്നതുകൊണ്ടോ വസ്ത്രം ധരിക്കുന്നതുകൊണ്ടോ പ്രത്യേക വിശ്വാസികളായതുകൊണ്ടോ നിയമപരമായ പൗരത്വമുണ്ടായിരിക്കെയും സാമൂഹികമായി അത് ചോദ്യം ചെയ്യപ്പെട്ടുകൂടാ. തുല്യപൗരത്വത്തിനെതിരായി ഒരു പ്രത്യേക മതാനുയായികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഫാസിസം തന്നെയാണ്.
യഥാര്‍ഥത്തില്‍ എല്ലാവരും ന്യൂനപക്ഷമാണ്. ന്യൂനാല്‍ ന്യൂനപക്ഷമായ ബ്രാഹ്മണ്യത്തിന്റെ ആധിപത്യം മറ്റു ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു മേല്‍ അടിച്ചേല്പിക്കപ്പെടുന്നു എന്നതാണ്. ഭൂരിപക്ഷവാദം ഉയര്‍ത്തുന്ന ഈ ഭൂരിപക്ഷത്തിനുള്ളില്‍ പോലും തുല്യതയില്ല. അടിച്ചമര്‍ത്തലും പുറംതള്ളലുമാണവിടെ നടക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ ചൂണ്ടിക്കാണിച്ചാണ് ഈ വിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നത്. അത് കീഴാള ഹിന്ദു തിരിച്ചറിയേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം അവരുടെ അടുപ്പിക്കല്‍ ശ്രമങ്ങള്‍ ആത്മാര്‍ഥമല്ല എന്നതിന്റെ പ്രകടോദാഹരണവുമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x