2 Saturday
December 2023
2023 December 2
1445 Joumada I 19

കേരളീയ തിരുമനസ്സ്


സനാതന ധര്‍മം ഉദ്‌ബോധിപ്പിക്കാന്‍ രാജഭാഷയില്‍ നോട്ടീസ് ഇറക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയിലേക്കുള്ള ക്ഷണക്കത്താണിത്. തിരുമനസ്സ്‌കൊണ്ട് തുല്യം ചാര്‍ത്തിയ രാജകുടുംബത്തിലെ അംഗങ്ങളെയെല്ലാം പഴയ രാജഭക്തിയോടെ തന്നെ ആ ഭാഷയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഈ നോട്ടീസ് ഒറ്റപ്പെട്ട സംഭവമല്ല. മുമ്പ് ഒരു സ്‌കൂള്‍ പരിപാടിയിലേക്ക് രാജകുടുംബത്തില്‍ നിന്നൊരാളെ എഴുന്നള്ളിച്ചിരുന്നതും കേരള നിയമസഭാമന്ദിരം വാസ്തുപ്രകാരമല്ലാത്തതു കൊണ്ടാണ് എന്നും അവിടെ തര്‍ക്കങ്ങളുണ്ടാകുന്നത് എന്ന് ഒരു രാജകുടുംബാംഗം പ്രസ്താവിച്ചിരുന്നതും ഔദ്യോഗിക വേദികളിലാണ്. ജനാധിപത്യത്തിന്റെ മഹിതമായ മൂല്യങ്ങളിലൊന്നും താല്‍പര്യമില്ലാത്തവരാണ് ഇപ്പോഴും രാജഭക്തിയില്‍ അഭയം തേടുന്നവര്‍.
സവര്‍ണ വിധേയത്വമാണ് രാജഭക്തിയുടെ പ്രധാന സവിശേഷത. ഇത്തരം പരിപാടികളിലൂടെ അത് ഇടയ്ക്കിടെ വെളിപ്പെടുന്നുവെന്നുമാത്രം. രാജ്യത്ത് ആദ്യമായി സവര്‍ണ സംവരണം നടപ്പിലാക്കിയ സര്‍ക്കാറാണ് കേരളത്തിലേത്. അതുകൊണ്ട് തന്നെ സവര്‍ണ വിധേയത്വം പല രൂപത്തിലാണ് പ്രയോഗവത്കരിക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ സവര്‍ണ സംവരണം നടപ്പിലാക്കിയതിന് ശേഷം, കേന്ദ്രസര്‍ക്കാറിന്റെ സവര്‍ണ്ണ സംവരണ നിയമത്തിന്റെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് മുമ്പെ എല്ലാ മേഖലയിലും സവര്‍ണ സംവരണം പ്രയോഗവത്കരിച്ചതും ഈ സര്‍ക്കാറാണ്. സംവരണ- വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ സെന്‍സസ് ഡാറ്റ വേണമെന്നിരിക്കെ, ജാതി സെന്‍സസ് നടത്താന്‍ വേണ്ടി സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍, സാമ്പത്തിക ഞെരുക്കം പറഞ്ഞ് ഒഴിയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൃത്യമായ ജാതി സെന്‍സസ് നടന്നാല്‍, അനര്‍ഹമായി അധികാരത്തില്‍ തൂങ്ങിനില്‍ക്കുന്ന സവര്‍ണ മേധാവിത്തം വെളിപ്പെടുമെന്നത് തീര്‍ച്ചയാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി നഷ്ടപ്പെട്ട പ്രാതിനിധ്യം ചര്‍ച്ചയാവുകയും ചെയ്യും. അതുകൊണ്ട് കൃത്യമായ ഡാറ്റ ഇല്ലാതിരിക്കുക എന്നത് സവര്‍ണ താല്‍പര്യമാണ്.
സനാതന ധര്‍മം എന്നാല്‍ ശ്രേണീകൃതമായ ജാതി വ്യവസ്ഥയാണ്. അത് നിര്‍മൂലനം ചെയ്യപ്പെടേണ്ടതാണെന്നാണ് ഉദയനിധി സ്റ്റാലിന്‍ വാദിച്ചത്. അംബേദ്കര്‍ സംസാരിച്ചതും ജാതിനിര്‍മൂലനത്തെക്കുറിച്ചാണ്. ഉദയനിധി സ്റ്റാലിന് രാഷ്ട്രീയ പിന്തുണ നല്‍കിയവരാണ് കേരളത്തിലെ ഇടതുപക്ഷം. എന്നാല്‍ സ്വന്തം തട്ടകത്തില്‍ സാംസ്‌കാരിക രംഗം എത്രമാത്രം വലതുപക്ഷവത്കരിക്കപ്പെട്ടിട്ടുണ്ട് എന്ന് വെളിവാക്കുന്നതാണ് സവര്‍ണ വിധേയത്വം പ്രകടമാക്കുന്ന ഈ സംഭവങ്ങള്‍. ഒരു ജനത പോരാടി നേടിയ അവകാശം ഫ്യൂഡല്‍ തമ്പുരാക്കന്മാരുടെ തിരുമനസ്സ് കൊണ്ട് സംഭവിച്ചതാണ് എന്ന ചരിത്രവായന അടിമ മനോഭാവത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. മൊണാര്‍ക്കി സെന്റിമെന്റ് എന്നത് പല ജനാധിപത്യ രാജ്യങ്ങളിലും ചെറു ന്യൂനപക്ഷത്തിന് ഉണ്ടാകുന്ന ഒരു പ്രത്യേകതയാണ്. ബ്രിട്ടനില്‍ പോലും അത് കാണാറുണ്ട്. എന്നാല്‍ അത്തരം സെന്റിമെന്റ്‌സുകള്‍ക്ക് ഔദ്യോഗിക പരിവേഷമോ അംഗീകാരമോ ലഭിക്കാറില്ല. കേരളത്തില്‍ ഔദ്യോഗികമായി തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാഷയും സംസ്‌കാരവും വെളിപ്പെടുത്താന്‍ അവസരം ലഭിക്കുന്നുവെന്നത് ഗൗരവകരമായി കാണണം. ഈ നോട്ടീസ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ദേവസ്വം മന്ത്രിയുടെ പ്രസ്താവന. അത്രയും നല്ലത് തന്നെ.
കേരളത്തിന്റെ പുരോഗമന മനസ്സിന്റെ കാപട്യം കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇതേ ദിവസങ്ങളില്‍ തന്നെയാണ് ലിവിംഗ് മ്യൂസിയം എന്ന് പേരിട്ട് ആദിവാസികളെ കാഴ്ചവസ്തുക്കളാക്കിയ സംഭവം ഉണ്ടായത്. മ്യൂസിയം എന്ന പേരിന്റെ തന്നെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്ന കീഴാള വായനകളുടെ കാലത്താണ് ഇതും ഉണ്ടായിരിക്കുന്നത്. കേരളീയ തിരുമനസ്സ് എത്രമാത്രം സവര്‍ണവും പിന്നാക്ക- ആദിവാസി – ദളിത് വിരുദ്ധവുമാണ് എന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല. കൊട്ടിഘോഷിക്കപ്പെടുന്ന നവോത്ഥാനം എന്നത് പലപ്പോഴും ഗീര്‍വാണ പ്രസംഗങ്ങള്‍ക്കും കയ്യടികള്‍ക്കും വേണ്ടി മാത്രമാകുന്നു എന്നതാണ് ദുരവസ്ഥ. സവര്‍ണ വിധേയത്വവും ജാതിവിവേചന മൂല്യങ്ങളോടുള്ള ഭ്രമവും അവസാനിപ്പിക്കാതെ ഒരു നവോത്ഥാനവും സാധ്യമല്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x