ആ ചോദ്യം കേരളത്തിനും ബാധകമാണ്
കര്‍ണാടകയിലെ ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ആ സമയത്തുതന്നെയാണ് കേരളത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ യൂണിഫോമില്‍ ഹിജാബ് അനുവദിക്കാനാവില്ല എന്ന് കേരള സര്‍ക്കാറും ഉത്തരവിറക്കിയത്. അതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ പോലീസ് കേഡറ്റില്‍ ഹിജാബ് അനുവദിക്കുന്നത് അതിന്റെ മതേതര സ്വഭാവത്തെ ഹനിക്കുമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. എസ് പി സി നിര്‍ബന്ധിത മേഖല യ ല്ല എന്നതുകൊണ്ടുതന്നെ, ഹിജാബിന്റെ പേരില്‍ മൗലികാവകാശമായ വിദ്യാഭ്യാസം തടയപ്പെടുന്നില്ല എന്ന ന്യായമാണ് അന്നുന്നയിക്കപ്പെട്ടിരുന്നത്. മാത്രമല്ല, വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ മഫ്ത ധരിച്ച വിദ്യാര്‍ഥിനികള്‍ പ്രാര്‍ഥനാഗീതം ചൊല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ സംഘപരിവാര്‍ സമ്മര്‍ദഫലമായി കൊണ്ടുവന്ന ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഹിജാബ് ധരിച്ചുകൊണ്ടു തന്നെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാമെന്ന രാഷ്ട്രീയ വെല്ലുവിളി കൂടിയാണ് ആ ചിത്രത്തിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ആ രാഷ്ട്രീയ സന്ദേശത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ വെമ്പല്‍ കൊണ്ടവര്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് തുടരുന്നതിനെതിരെ മൗനം പാലിക്കുകയാണ്.
പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിന്റെ ഭാഗമായി അലോട്ട്‌മെന്റ് ലഭിച്ച ഒരു മുസ്ലിം വിദ്യാര്‍ഥിനി പ്രവേശനത്തിനുവേണ്ടി ചെന്നപ്പോഴാണ് പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ല എന്ന കാര്യം അറിയുന്നത്. വിദ്യാര്‍ഥിനി ഈ പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നു. എന്നാല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ഘട്ടമായിട്ടും ഒരു നടപടി പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഹിജാബ് വിഷയത്തിലെ കേരളത്തിന്റെ രാഷ്ട്രീയ സന്ദേശം ആഘോഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന സര്‍ക്കാര്‍ എന്ന നിലയില്‍, സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന ഈ സ്ഥാപനത്തിന്റെ മൗലികാവകാശ ലംഘനത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവേണ്ടതായിരുന്നു. അതുണ്ടായില്ല എന്നതിനാല്‍ ആ വിദ്യാര്‍ഥിനി ടി സി വാങ്ങി പോവുകയാണ് ചെയ്തത്.
ഏകദേശം ഒരു മാസം മുമ്പ് ഇതു സംബന്ധിച്ച വിവാദമുയര്‍ന്നപ്പോള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ചിലരുടെ പ്രസ്താവനകള്‍ പുറത്തുവന്നിരുന്നു. അതില്‍ അങ്ങേയറ്റം അജ്ഞത നിറഞ്ഞതും ഇസ്ലാമോഫോബിക്കുമായ ചില വാദങ്ങളുണ്ടായിരുന്നു. യൂണിഫോമില്‍ മഫ്ത ഉള്‍പ്പെടുത്തിയാല്‍ കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുമത്രേ. കേരളത്തില്‍ മഫ്തയിലൂടെ ലഹരി ഒളിച്ചുകടത്തിയ എത്ര കേസുകളുണ്ട്, അല്ലെങ്കില്‍, മഫ്ത ധരിക്കാത്ത ആരും കഞ്ചാവ് കേസില്‍ ഉള്‍പ്പെടാറില്ല എന്നാണോ ഇവര്‍ കരുതുന്നത്? ഇത് കേവലം അജ്ഞതയൊന്നുമല്ല; കടുത്ത വംശീയതയും ഇസ്ലാം വിദ്വേഷവുമാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി ഇതേ സമയത്തുതന്നെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കുന്നത്. ഹിജാബ് വിലക്കിനെതിരെ രൂക്ഷമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി എന്നത് നല്ലകാര്യമാണ്. അതേസമയം, തന്റെ അധികാരപരിധിയിലുള്ള ഒരു സ്‌കൂളില്‍ ഹിജാബ് വിലക്കിന്റെ പേരില്‍ ടി സി വാങ്ങിപ്പോകേണ്ടിവന്ന വിദ്യാര്‍ഥിനി നിസ്സഹായയായി നില്‍ക്കുന്നുണ്ട് എന്ന കാര്യം അത്ര നിസ്സാരമല്ല. എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ നയത്തിനും നിയമത്തിനും അപ്പുറത്താണോ? അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തില്‍, മാനേജ്‌മെന്റുകള്‍ അധിക പ്രസംഗം നടത്തേണ്ട, വേണമെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് അതെല്ലാം ഏറ്റെടുക്കുമെന്ന് ഭീഷണിയുടെ സ്വരത്തില്‍ നിലപാട് സ്വീകരിച്ച ഒരു മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഹിജാബ് വിലക്കിനെതിരെ മൗനം പാലിക്കുന്നത്?
സര്‍ക്കാറിന് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമേ നിലവിലുള്ളൂ. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ വോട്ട് ബാങ്ക് പൊളിറ്റിക്‌സ് കളിക്കുന്നവര്‍ക്കു പോലും, മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള മലബാറിലെ ഒരു സ്‌കൂളിലാണ് ഹിജാബ് വിലക്ക് നിലനില്‍ക്കുന്നത് എന്ന കാര്യം ഗൗരവകരമായി തോന്നാത്തത് എന്തുകൊണ്ടാണ്? സഭയുടെ നിയന്ത്രണത്തിലുള്ള ഗേള്‍സ് സ്‌കൂളാണ്, അതുകൊണ്ട് കാമ്പസിനകത്ത് മാത്രമല്ലേ ശിരോവസ്ത്രം അഴിച്ചുവെക്കാന്‍ പറയുന്നുള്ളൂ എന്ന ന്യായം ഉന്നയിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് ഇസ്ലാമിക വിശ്വാസത്തെക്കുറിച്ചും വസ്ത്രധാരണ നിയമത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് ആ ചോദ്യത്തിനു പിറകിലുള്ളത്. കര്‍ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഉന്നയിക്കപ്പെട്ട ഒരു സുപ്രധാന ചോദ്യമുണ്ട്.
ശിരോവസ്ത്രം വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന ആളുകളുണ്ട്. അവരോട് നിങ്ങള്‍ മൗലികാവകാശത്തെ മാറ്റിനിര്‍ത്തൂ, എങ്കില്‍ നിങ്ങ ള്‍ക്ക് വിദ്യാഭ്യാസം നല്‍കാം എന്നൊരു നിലപാട് സ്വീകരിക്കാന്‍ എങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കും? മൗലികാവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ പകരം ലഭിക്കുന്ന ഒന്നായി വിദ്യാഭ്യാസത്തെ മാറ്റാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്? ഈ ചോദ്യങ്ങള്‍ കര്‍ണാടക സര്‍ക്കാറിനോട് മാത്രമല്ല, കോഴിക്കോട്ടെ പ്രോവിഡന്‍സിനോടും കേരള സര്‍ക്കാറിനോടും കൂടിയാണ്.