23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

കേരളത്തിന് പ്രായമാവുന്നു; വയോജന സംരക്ഷണത്തില്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും?

വി കെ ജാബിര്‍


വാര്‍ധക്യമെന്നത് ജീവിക്കാനുള്ള മറ്റൊരവസരം മാത്രമാണ് എന്ന് യു എസ് മോഡലും ബൂം എന്ന പ്രകൃതിദത്ത കോസ്മെറ്റിക്സ് കമ്പനി സ്ഥാപകയുമായ സിന്‍ഡി ജോസഫ് പറയുന്നുണ്ട്. ഒരു സ്ത്രീയുടെ പ്രായം മറച്ചുവയ്ക്കാനല്ല, പൂരകമാകാന്‍ രൂപകല്പന ചെയ്ത കമ്പനി എന്നാണവര്‍ സ്വയം വിശേഷിപ്പിച്ചത്. അറുപത്തിയേഴാം വയസ്സില്‍ മരിക്കുന്നതുവരെ അവര്‍ മോഡലിംഗ് രംഗത്തുണ്ടായിരുന്നു. ജീവിതത്തിലെ അനിവാര്യ സന്ധിയായ വാര്‍ധക്യം മറച്ചുവയ്ക്കാതെ ആഘോഷമാക്കുകയായിരുന്നു അവര്‍.
ജനിച്ചു വീഴുന്നതു മുതല്‍ ജീവിക്കാന്‍ തുടങ്ങും. അപ്പോള്‍ മുതല്‍ പ്രായമായിത്തുടങ്ങും. അപ്പോള്‍ ജീവിക്കുക, പ്രായമാവുക എന്നത് ഒരര്‍ഥത്തില്‍ പരസ്പരം ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നര്‍ഥം.
വാര്‍ധക്യം ശരീരത്തിലും മനസ്സിലും തലച്ചോറിലും സ്വാഭാവികമായും വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. വാര്‍ധക്യം ഏതു പ്രായത്തിലാണ് തുടങ്ങുന്നത്? ഔദ്യോഗിക റിട്ടയര്‍മെന്റു പ്രായമാണോ ഇതിന്റെ അളവ് എന്നൊക്കെ സജീവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരി ക്കുകയാണ്. ആധുനികതയ്ക്ക് മുമ്പ്, ലോകത്തിന്റെ എല്ലാ ദേശങ്ങളിലും ആയുര്‍ദൈര്‍ഘ്യം ഏകദേശം 30 വര്‍ഷമായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1900 മുതല്‍ ആഗോള ശരാശരി ആയുര്‍ദൈര്‍ഘ്യം 50 ശതമാനത്തിലേറെ വര്‍ധിച്ചു. ഇപ്പോഴത് 70 വയസ്സിനു മുകളിലാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ അസന്തുലിതാവസ്ഥ വിവിധ രാജ്യങ്ങളില്‍ വലിയ തോതിലുണ്ടെന്നു കാണാം.
മുതിര്‍ന്ന പൗരന്മാര്‍ ആരെന്നതിന് ആഗോളാടിസ്ഥാനത്തില്‍ കണിശമായൊരു അഭിപ്രായമില്ല. പ്രായമല്ല, ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ശാരീരിക- മാനസിക ആരോഗ്യം പോലുള്ള ഘടകങ്ങളുമാണ് വാര്‍ധക്യത്തിന്റെ അളവുകോലെന്ന് ഒരു പരിധിവരെ കാണാം. 60നും 75നുമിടയില്‍ യൗവനയുക്ത വാര്‍ധക്യമെന്നും 75നും 85നുമിടയില്‍ വാര്‍ധക്യമെന്നും 85നു മുകളിലുള്ളവരെ ദുര്‍ബലരായ വയോജനങ്ങളായും കണക്കാക്കപ്പെടുന്നു.
വാര്‍ധക്യം ജീവിതചക്രത്തില്‍ പുതിയൊരധ്യായം തുറക്കുകയാണ്. പതിവു തിരക്കുകളില്‍ നിന്നു മാറി ഒഴിവു സമയം ലഭിക്കും. പുതിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. കണ്ണും മനസ്സും എത്തുന്നേടത്തേക്ക് കാല്‍ പെട്ടെന്ന് എത്താതെ വരും. മുടിയുടെ നിറം മാറും. തൊലിപ്പുറത്ത് ചുളിവുകള്‍ ചിത്രം വരയ്ക്കും. അനുഭവ സമ്പത്ത് സമ്മാനിക്കുന്ന പക്വതയും ഉത്തരവാദിത്ത ബോധവും കൂടും. ശാരീരികമായ മാറ്റങ്ങള്‍ ഒരു പരിധിക്കപ്പുറം തടുക്കാനാവില്ല. വാര്‍ധക്യം തടഞ്ഞു നിര്‍ത്താനുമാവില്ല. പക്ഷെ വാര്‍ധക്യം സ്വയം ഏറ്റെടുക്കേണ്ട വീട്ടു തടങ്കലാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
ചിന്താരീതിയിലും പെരുമാറ്റത്തിലും ശാരീരികമായും അനുഭവിക്കുന്ന ഭാവമാറ്റങ്ങള്‍ സ്വാഭാവികമാണ്. ജീവിത ചാക്രികതയുടെ അനിവാര്യമായ ഘട്ടമാണ്. അപ്പോള്‍ കൂടെ നില്‍ക്കേണ്ടവര്‍ കൈ പിടിച്ചില്ലെങ്കില്‍ അവരനുഭവിക്കുക വലിയ ഒറ്റപ്പെടലാണ്. അവഗണന അവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും ഭീകരമായ ശിക്ഷയാണ്. അതിനപ്പുറം ഭക്ഷണവും മറ്റു സൗകര്യങ്ങളും നിഷേധിക്കപ്പെടുന്ന വാര്‍ത്തകള്‍ നമുക്കു ചുറ്റും കുമിഞ്ഞു വരുന്നുണ്ട്. കുടുംബത്തില്‍ നിന്നും ഉറ്റവരില്‍ നിന്നും വാര്‍ധക്യ കാലത്ത് അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ അവരെ ഏകാന്തതയിലേക്കു തള്ളിവിടും.
ഏകാന്തത അനുഭവിക്കുന്നവരില്‍ വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ അമിതമാകുമെന്നും വിഷാദത്തിനും ഓര്‍മ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും പഠനങ്ങളുണ്ട്. 40 മുതല്‍ 70 ശതമാനം വരെ വാര്‍ധക്യത്തിലെത്തിയവരില്‍ വിഷാദാവസ്ഥ കണ്ടുവരുന്നുവെന്ന് കേരളത്തില്‍ നടത്തിയ പഠനം തെളിയിക്കുന്നു. അകാരണമായ നിരാശ, വിശപ്പിലും ഉറക്കിലുമുള്ള വ്യതിയാനം, തളര്‍ച്ച, നെഗറ്റീവ് ചിന്തകള്‍, ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥ എന്നിവ ഇത്തരക്കാരില്‍ കണ്ടുവരുന്നു. ഒറ്റപ്പെടത്തലും അവഗണനയും ആണവരെ കൂടുതല്‍ അവശരും വൃദ്ധരും രോഗികളുമാക്കുന്നത്.
അവഗണനയും സ്നേഹനിരാസവും കാരണമുണ്ടാകാവുന്ന വിഷാദം, അസുഖം തുടങ്ങിയവ ചുറ്റുപാടുകളിലെ മാറ്റം കൊണ്ടും സ്നേഹം നിറഞ്ഞ ഇടപെടല്‍ കൊണ്ടും ഉണക്കാവുന്ന മുറിവുകളാണെന്നു പഠനങ്ങള്‍ പറയുന്നു.
കണക്കുകള്‍
പറയുന്നത്

കേരളത്തിലെ ജനസംഖ്യക്കു പ്രായമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഇരുപത് ശതമാനം അറുപതിനു മേല്‍ പ്രായമായവരാണിപ്പോള്‍. 2011 സെന്‍സസ് പ്രകാരം അറുപതിനു മുകളില്‍ വയസ്സുള്ളവര്‍ 13 ശതമാനമായിരുന്നു. എന്നാലിത് 2036 ആകുമ്പോഴേക്ക് 23 ശതമാനമാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2051ഓടെ വയോജനങ്ങളുടെ എണ്ണം 34.3 ശതമാനമായി ഉയരും.
1951ല്‍ കേരളത്തിലെ പ്രായമായവരുടെ എണ്ണം 5.1 ശതമാനമായിരുന്നുവെന്നോര്‍ക്കുക. അറുപത് വര്‍ഷം കൊണ്ട് ഇത് 13 ശതമാനത്തിലേറെയായി ഉയര്‍ന്നിരിക്കുന്നു. രാജ്യത്തെ വയോജനങ്ങളുടെ മൊത്തം ശതമാനം 8.3 ശതമാനം മാത്രമാണ് ഇപ്പോഴും. 2015ലെ എസ് ആര്‍ എസ് സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് അവലംബിച്ചുള്ള കണക്കുകളാണിത്.
48 ലക്ഷം ആളുകള്‍ കേരളത്തില്‍ അറുപത് വയസ്സിനു മേല്‍ ഉള്ളവരാണ്. അതില്‍ 15 ശതമാനം പേര്‍ 80 വയസ്സിനു മുകളില്‍ ഉള്ളവരത്രെ. വാര്‍ധക്യത്തിലെത്തിയവരില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. 60 മുതല്‍ 69 വരെ വയസ്സുള്ളവരില്‍ 23 ശതമാനം വിധവകളാണെന്നതും വേദനിപ്പിക്കുന്ന കണക്കാണ്. സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുള്ള ആരോഗ്യ സംരക്ഷണ നടപടികളും അതുള്‍ക്കൊളളുന്ന, വിദ്യാസമ്പന്നരായ ജനങ്ങളുമാണ് കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം.
വാര്‍ധക്യം
കളര്‍ഫുളാക്കാമോ?

ജീവിത നിലവാരത്തിന്റെ വിവിധ മേഖലകളില്‍ ഉയരങ്ങള്‍ താണ്ടുന്ന നമ്മുടെ സമൂഹത്തില്‍ രണ്ടാം ബാല്യകാലം മനോഹരമായി ജീവിക്കാനുള്ള സാഹചര്യവും സൗകര്യവും ഉണ്ടോ എന്നത് വലിയ ചോദ്യമാണ്. മരണം കാത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാനുള്ള കാലമല്ല ജീവിത സായാഹ്നം. മനുഷ്യന്റെ അനുഭവവും പരിചയവും അറിവും എത്രത്തോളം പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. വിദേശരാജ്യങ്ങള്‍ സ്വീകരിക്കുന്നത് അത്തരമൊരു രീതിയാണ്.
നമ്മുടെ വാര്‍ധക്യം മനോഹരമാകണമെങ്കില്‍ പ്രായമാകുന്ന കാലത്തേക്ക് വേണ്ടിയുള്ള ചെറിയൊരു സമ്പാദ്യം നേരത്തെ കണ്ടെത്തണം. പ്രായമായാല്‍ ഭൂരിപക്ഷം പേര്‍ക്കും പല കാര്യങ്ങള്‍ക്കും മക്കളെ ആശ്രയിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പലതും കണ്ടില്ലെന്നു നടിക്കേണ്ടിവരുന്നു. മാതാപിതാക്കളുടെ നല്ല കാലത്ത് അവര്‍ എല്ലാം തങ്ങള്‍ക്കു വേണ്ടിയാണ് ചെലവഴിച്ചതും ജീവിച്ചതും എന്നു പലപ്പോഴും മക്കള്‍ മറന്നുപോകുന്നു. സാമ്പത്തിക സുരക്ഷിതത്വമുണ്ടെങ്കില്‍ ഇത്തരമൊരവസ്ഥയെ മറിടക്കാന്‍ സാധിക്കും.

മക്കളോട് നിശ്ചിത വരുമാനം മാസത്തില്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട ഒരു രക്ഷിതാവിനെ കുറിച്ചറിയാം. മക്കളെയൊക്കെ നല്ല നിലയില്‍ പഠിപ്പിക്കുകയും ജീവിത സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. ഒമ്പതു മക്കളുള്ള ഇദ്ദേഹത്തിന് വരുമാനമുള്ള മക്കളെല്ലാം മാസം നിശ്ചിത തുക സമയം തെറ്റാതെ അയച്ചുകൊടുക്കുന്നു. അതുകൊണ്ടദ്ദേഹം സന്തോഷവാനായി, അഭിമാനത്തോടെ കുടുംബത്തെയും പേരക്കുട്ടികളെയും നോക്കുന്ന സംഭവമുണ്ട്. കഥയല്ല, പച്ചയായ അനുഭവമാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്തും ജീവിത ശൈലി പരിഷ്‌കരിച്ചും ചിട്ടയായ വ്യായാമം വഴിയും വാര്‍ധക്യ സഹജമായ ശാരീരിക മാനസിക പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധിവരെ മോചനം നേടാമെന്ന് വിദഗ്ധര്‍ പറയുന്നു. കൃത്യമായ വ്യായാമം മെയ്വഴക്കവും കായിക ശേഷിയും മെച്ചപ്പെടുത്തും. ശാരീരികമായും മാനസികമായും ഉണര്‍വ് നേടാനത് വഴിയൊരുക്കുന്നു. വീഴ്ചകള്‍ക്കും ഹൃദ്രോഗത്തിനും മസ്തിഷ്‌കാഘാതത്തിനുമൊക്കെയുള്ള സാധ്യത അവിടെ കുറയുകയും ചെയ്യും. ഉണര്‍വും ഊര്‍ജസ്വലതയും ഉണ്ടാവുന്നതിനൊപ്പം ഓര്‍മശക്തി, ഉറക്കം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് എന്നീ ഗുണങ്ങളില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാകും. മാനസികസമ്മര്‍ദങ്ങളില്‍ നിന്നും വിഷാദത്തില്‍ നിന്നും മോചിപ്പിക്കപ്പെടുക തുടങ്ങിയ ഗുണങ്ങളും വ്യായാമത്തിനുണ്ട്. ഓര്‍മശക്തിക്ക് സുപ്രധാനമായ, ഹിപ്പോകാമ്പസ് പോലുള്ള മസ്തിഷ്‌കഭാഗങ്ങളുടെ വലുപ്പവും അങ്ങോട്ടുള്ള രക്തയോട്ടവും നിത്യവ്യായാമക്കാരില്‍ കൂടുന്നുണ്ട്. അത് മറവിരോഗം തടയാന്‍ സഹായകമാണ്.
ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കുക, താല്പര്യമുള്ള വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ കേള്‍ക്കുക, പുതിയ ഭാഷ പഠിക്കുക, അറിവിന്റെ പുതിയ മേഖലകളെ കുറിച്ചു പഠിക്കുക, ചര്‍ച്ചകളില്‍ പങ്കെടുക്കുക, ക്ലാസെടുക്കുക, സംവാദങ്ങള്‍ നടത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ തലച്ചോറിനെ സക്രിയമാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
വിട്ടുനില്‍ക്കേണ്ട
കാലമല്ല

പ്രായമായെന്നു കരുതി എല്ലാറ്റില്‍ നിന്നുമൊഴിഞ്ഞ് മൂലയ്ക്കിരിക്കുന്നത് ആരോഗ്യകരമായ രീതിയല്ല. ശിഷ്ടജീവിതത്തെപ്പറ്റി കൃത്യമായ ലക്ഷ്യബോധവും ദിശാബോധവും സൂക്ഷിച്ചാല്‍ ജീവിതം ആരോഗ്യകരമാകും. പുതിയൊരു ഹോബിയോ താത്പര്യമോ കഴിവോ വികസിപ്പിക്കുക, സര്‍ഗാത്മക വൃത്തികളില്‍ മുഴുകുക എന്നിവ ആത്മവിശ്വാസവും മനഃസന്തുഷ്ടിയും കൈവരുത്തും. നല്ല താത്പര്യമുണ്ടായിട്ടും മുന്‍പ് ഏതൊക്കെ കാര്യങ്ങളാണ് സമയമോ അവസരമോ ധൈര്യമോ പണമോ ഇല്ലാഞ്ഞതിനാല്‍ സാധിക്കാതെ പോയത് എന്നാലോചിക്കണം. അവയോട് ഇപ്പോഴും ആഭിമുഖ്യം നിലനില്‍ക്കുന്നുവെങ്കില്‍, അവ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതും പരിഗണിക്കണമെന്ന് ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റല്‍ സൈക്യാട്രിസ്റ്റും ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്‍ എഡിറ്ററുമായ ഡോ. ഷാഹുല്‍ അമീന്‍ നിര്‍ദേശിക്കുന്നു. ചെയ്തുകൊണ്ടിരുന്ന തൊഴിലിനോട് ഇപ്പോഴും അഭിനിവേശമുണ്ടെങ്കില്‍ അതില്‍ത്തന്നെ തുടരുക. അല്ലെങ്കില്‍ വേറൊന്നു കണ്ടെത്തുക എന്നാണ് ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്നത്. മനസ്സിനെയും ശരീരത്തെയും സക്രിയമാക്കി നിര്‍ത്താനും ബന്ധങ്ങള്‍ രൂപപ്പെടുത്താനും സ്വയംമതിപ്പും സ്വാതന്ത്ര്യബോധവും അനുഭവപ്പെടാനും സാമ്പത്തിക ഭദ്രതയ്ക്കും ജീവിതത്തിന് അടുക്കും ചിട്ടയും കിട്ടാനുമൊക്കെ തൊഴില്‍ പ്രയോജനപ്പെടും.
സാമൂഹിക ബന്ധങ്ങളില്‍ മുഴുകുമ്പോള്‍ ഇടയ്ക്കിടെ തീരുമാനങ്ങള്‍ എടുക്കുകയും ആസൂത്രണങ്ങള്‍ നടത്തുകയുമൊക്കെ വേണ്ടിവരും. അത് തലച്ചോറിന് മികച്ചൊരു വ്യായാമമാകും. നല്ല ബന്ധങ്ങളുള്ളവരില്‍ ഓര്‍മശക്തി ദുര്‍ബലമാകുന്നതിന്റെ വേഗം 70 ശതമാനത്തോളം കുറയുന്നുണ്ടെന്നു പഠനങ്ങളുണ്ട്. മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ സൗഹൃദങ്ങള്‍ സഹായിക്കും. വിവിധ പ്രായങ്ങളില്‍നിന്നുള്ളവരുമായി, കുട്ടികളടക്കമുള്ളവരോട് ബന്ധം പുലര്‍ത്തുന്നത് പുതു കാഴ്ചപ്പാടുകളും അഭിരുചികളും തരും. ഓണ്‍ലൈന്‍ ചങ്ങാത്തങ്ങള്‍ക്കും ഇവിടെ പ്രസക്തിയുണ്ട്.
പ്രായാധിക്യം വരുത്തുന്ന കഷ്ടങ്ങളിലും ഇല്ലായ്മകളിലും മാത്രം ശ്രദ്ധയര്‍പ്പിക്കാതെ, അതിന്റെ പോസിറ്റീവ് വശങ്ങള്‍ കൂടി കണക്കിലെടുക്കുക. സ്വാതന്ത്ര്യം, സമയം, പരിചയസമ്പത്ത്, പക്വത, അധികം ഉത്തരവാദിത്തങ്ങളില്ലായ്മ എന്നിങ്ങനെ വാര്‍ധക്യത്തിന് ഏറെ നല്ല വശങ്ങളും ഉണ്ടല്ലോ. വാര്‍ധക്യത്തെ പോസിറ്റീവായി സമീപിക്കുന്നവര്‍ക്ക് സമ്മര്‍ദ സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനാകും. നെഗറ്റീവ് സമീപനമുള്ളവരെക്കാള്‍ അവര്‍ക്ക് ഏഴര വര്‍ഷത്തിന്റെ ആയുസ്സ് അധികമായിക്കിട്ടുന്നുണ്ടെന്നും സൂചനയുണ്ട്.
സോഷ്യല്‍ സപ്പോര്‍ട്ട്
നെറ്റ്‌വര്‍ക്കുകള്‍

വയോജനങ്ങളുടെ ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ സോഷ്യല്‍ സപ്പോര്‍ട്ട് നെറ്റ്വര്‍ക്കുകള്‍ രൂപപ്പെടുത്തുക നല്ലൊരു പരിഹാരമാണെന്ന് പുതിയ പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. അത് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും സാമൂഹികമായ ഒറ്റപ്പെടല്‍ തടയാനും സഹായിക്കും. സീനിയര്‍ ചാറ്റ് ഗ്രൂപ്പുകള്‍, ക്ലബ്ബുകള്‍, സാമൂഹിക പരിപാടികള്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ മുതിര്‍ന്നവരെ ഒരുമിച്ച് കൊണ്ടുവരികയും അവര്‍ക്ക് പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്യാന്‍ സഹായിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, വിരമിക്കല്‍ പദ്ധതികള്‍, സാമ്പത്തിക സഹായ പരിപാടികള്‍ എന്നിവ പ്രായമായവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ ജീവിത നിലവാരം നിലനിര്‍ത്തുന്നതിനും സഹായിക്കും. ഇത്തരം സാമ്പത്തിക പിന്തുണ നല്‍കുന്ന പദ്ധതികള്‍ താഴ്ന്ന വരുമാനമുള്ള മുതിര്‍ന്ന ആളുകള്‍ക്ക് കൈത്താങ്ങാവാനും ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ശ്രദ്ധ നല്‍കാനും കഴിയും.
പ്രായമായ ആളുകള്‍ പലപ്പോഴും വിട്ടുമാറാത്ത പല രോഗങ്ങളും അനുഭവിക്കുന്നു. അവര്‍ക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. മതിയായ പരിചരണം നല്‍കുന്ന ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത് മുതിര്‍ന്നവരുടെ ആരോഗ്യവും മാനസികോല്ലാസവും നിലനിര്‍ത്താന്‍ വളരെ സഹായിക്കും.
മുതിര്‍ന്ന വ്യക്തികള്‍ക്ക് ഗതാഗതം, ഭക്ഷണം, നിയമോപദേശം തുടങ്ങിയ മേഖലകളില്‍ പിന്തുണ പലപ്പോഴും ആവശ്യമാണ്. ഈ സേവനങ്ങള്‍ ആയാസരഹിതമായി ലഭ്യമാണെന്ന് ഉറപ്പാക്കുന്നത് വയോജനങ്ങളെ സുഖകരവും സ്വതന്ത്രവുമായ ജീവിതം നയിക്കാന്‍ സഹായിക്കും. സമൂഹത്തിന്റെ ഇത്തരത്തിലുള്ള പിന്തുണ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്താനും പ്രായമായവര്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും നല്‍കാനും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

സംരക്ഷണം
മക്കളുടെ ചുമതല

കുടുംബത്തില്‍ നിന്നു തന്നെയാവണം രക്ഷിതാക്കളുടെ സംരക്ഷണം തുടങ്ങേണ്ടത്. അത് മക്കളില്‍ സ്വയം അര്‍പ്പിതമായ ബാധ്യതയാണ്. മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കുന്നത് കുടുംബത്തിലെ പുതു തലമുറ കണ്ടു വളരണം. അതിന്റെ ഗുണവശങ്ങളവര്‍ പഠിക്കണം. അതവര്‍ക്കു മാതൃകയാവണം. അപ്പോള്‍ പ്രായമായവരെയും രോഗികളെയും ഉള്‍ക്കൊള്ളാനുള്ള മനസ്സ് പാകപ്പെടും.
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മാത്രം പോരാ പിന്തുണ. മാനസികമായും വൈകാരികമായും പ്രായമായവര്‍ക്കു പിന്തുണ നല്‍കണം. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും മുതിര്‍ന്നവരുടെ പിന്തുണയും അഭിപ്രായവും പങ്കാളിത്തവും തേടുന്നതിനുള്ള സാഹചര്യം ഒരുക്കണം.
പ്രായമായവരുടെ സംരക്ഷണ ചുമതല ആണ്‍കുട്ടികളുടെ മാത്രം ഉത്തരവാദിത്തമാണെന്നൊരു ധാരണ സമൂഹത്തില്‍ പൊതുവെയുണ്ട്. വിശേഷിച്ച് കുടുംബത്തിലെ ഇളയ ആണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണെന്നാണ് സമൂഹം ധരിച്ചുവരുന്നത്. വീടിന്റെ അവകാശം ഇളയ ആണ്‍കുട്ടിക്കു ലഭിക്കുന്നതു കൊണ്ടാവാം ഇങ്ങനെയൊരു സങ്കല്പം രൂപപ്പെട്ടത്. വീടും അനന്തര സ്വത്തും ഇല്ലാത്തവരുടെ കാര്യം അപ്പോള്‍ എങ്ങനെയാകും എന്നത് ശ്രദ്ധിക്കേണ്ടതാണല്ലോ.
ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും രക്ഷിതാക്കള്‍ ഒരുപോലെയാണല്ലോ നോക്കി വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നല്‍കുന്നതും. അപ്പോള്‍ അവരെ സംരക്ഷിക്കേണ്ടതും ഒരാളുടെ മാത്രം ബാധ്യതയാകേണ്ട സംഗതിയല്ല. ഓരോരുത്തരും സ്വയം ഏറ്റെടുക്കുന്ന കടമയാകണം. നിസ്വാര്‍ഥമായ സ്നേഹം ലഭിച്ചിട്ടുണ്ടെങ്കില്‍ കൊടുക്കുന്നതും അങ്ങനെ തന്നെയാകണം. തിരിച്ചു നല്‍കുന്ന സ്നേഹത്തിന് ലിംഗ വ്യത്യാസം ഉണ്ടാകേണ്ടതില്ല. സാമ്പത്തിക ഏറ്റക്കുറച്ചിലുകളും ലാഭനഷ്ടങ്ങളും അവിടെ പ്രസക്തമല്ല. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ വരുന്ന സംഗതിയാകയാല്‍ അത് രക്ഷിതാക്കളെ നോക്കുന്നതില്‍ ആരെയും വ്യത്യസ്തമാക്കുന്നില്ല.
മാറിയ ജീവിത
സാഹചര്യങ്ങള്‍

ആണും പെണ്ണും ജോലിക്കു പോകേണ്ട അനിവാര്യ സാഹചര്യത്തില്‍ വീട്ടിലുള്ള പ്രായമായവരെ സംരക്ഷിക്കാന്‍ ഹോം നഴ്സുമാരെ തേടേണ്ട സാഹചര്യം വന്നു ചേരുന്നുണ്ട്. അതില്‍ കുറ്റം പറയാന്‍ കഴിയില്ല. കൂടുതല്‍ പേര്‍ പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നതു കാരണം മാതാപിതാക്കള്‍ ഒറ്റപ്പെടുന്ന സാഹചര്യവും കൂടിവരുന്നുണ്ട്. മുമ്പൊക്കെ കുടുംബത്തില്‍ ഒരാള്‍ മാത്രം ജോലി തേടി പുറത്തുപോയിരുന്നെങ്കില്‍ ഇന്ന് ഏതാണ്ട് എല്ലാവരും വീടു വിട്ടു പോകുന്ന സാഹചര്യമുണ്ട്. ആണും പെണ്ണും വിദ്യാസമ്പന്നരായി തൊഴില്‍ തേടി വിവിധ സ്ഥലങ്ങളിലേക്കു ചേക്കേറുന്നു. മാതാപിതാക്കളുടെ കാര്യമോര്‍ത്ത് ജോലി ഒഴിവാക്കുന്നവരുമുണ്ട്.
ജീവിത സാഹചര്യങ്ങളില്‍ നിന്നു പറിച്ചുമാറ്റപ്പെടുന്നത് പല രക്ഷിതാക്കളും ഇഷ്ടപ്പെടാത്തതു കാരണം അവരെ കൂടെ കൊണ്ടുപോരുന്നത് എളുപ്പമാവില്ല. ജീവിക്കാനുള്ള വഴിയുണ്ടെങ്കില്‍ മാതാപിതാക്കളോടൊപ്പം തന്നെ കഴിയണം. അവരെ സംരക്ഷിക്കാന്‍ മക്കള്‍ തന്നെ വഴി കണ്ടെത്തുകയും വേണം. നോക്കാന്‍ സാഹചര്യമില്ലാത്തതു കൊണ്ടാണ് വൃദ്ധസദനങ്ങള്‍ കൂടിവരുന്നത് എന്നതൊരു വശമാണ്. അതിനാല്‍ കണ്ണടച്ച് എതിര്‍ക്കാന്‍ കഴിയില്ല. പക്ഷെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യവുമല്ല. വാര്‍ധക്യത്തിലെത്തിയവരുടെ ഒറ്റപ്പെടലിന്റെ പ്രശ്നങ്ങളെ കുറിച്ച് മക്കള്‍ കൃത്യമായി ബോധവാന്മാരാകേണ്ടതുണ്ട്.
ചെറിയ നീക്കിവെപ്പ്
നല്ലതാണ്

വൃദ്ധ സദനങ്ങളും ഓള്‍ഡ് ഏജ് ഹോമുകളും കേരളത്തില്‍ പോലും വര്‍ധിച്ചുവരികയാണ്. വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്നതും ഭക്ഷണവും വസ്ത്രവും സമ്മാനിക്കുന്നതും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും മുന്‍കൈയാല്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. വിഡിയോ പിടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. അവരുടെ കൂടെ കുറെ സമയം ചെലവിടുന്നു. ഇതു നല്ലതു തന്നെ.
പക്ഷെ ഇതിനൊരു മറുവശമുണ്ടെന്നത് കാണാതിരിക്കരുത്. തങ്ങള്‍ അഗതികളാണ്, നോക്കാനാളില്ലാത്തവരാണ്, മറ്റുള്ളവരാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ഒരു തോന്നല്‍ അന്തേവാസികള്‍ക്കുണ്ടാകാന്‍ ഇതു വഴിയൊരുക്കിയേക്കും. പകരം, അവരുദ്ദേശിക്കുന്ന സ്ഥാപനത്തില്‍, എന്താണോ കൊടുക്കാനുദ്ദേശിക്കുന്നത് അത് അന്തേവാസികള്‍ അറിയാതെ കൊടുത്താല്‍ അതിനു കൂടുതല്‍ മനോഹാരിതയും അഴകുമുണ്ടാകും. അതവര്‍ക്ക് കൂടുതല്‍ സന്തോഷം പ്രദാനം ചെയ്തേക്കും. ആത്മാഭിമാനത്തിനൊരു പോറലുമേല്‍ക്കില്ല.
രക്ഷിതാക്കള്‍ മക്കള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്. എല്ലാം അവര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു. കുട്ടികളെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം രൂപപ്പെടുത്തുന്നതു തന്നെ. വിദ്യാഭ്യാസ സൗകര്യം തേടി താമസം മാറുന്നവരെത്രയാണ്. അങ്ങനെ എല്ലാം ത്യജിച്ച് അവര്‍ ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോള്‍ മക്കളുടെ സംരക്ഷണം കിട്ടാതെ പോകുന്നത് എന്തുമാത്രം സങ്കടകരമാണ്. വാര്‍ധക്യത്തില്‍ അവര്‍ സാമ്പത്തികമായും ശാരീരികമായും ശോഷിച്ചു പോയവരാകാം.
അതിനാല്‍, ആയ കാലത്ത് മക്കളെ നോക്കുന്നതിനൊപ്പം തങ്ങളുടെ വാര്‍ധക്യത്തിലേക്കു കൂടി ഒരു പങ്കു മാറ്റിവയ്ക്കാനവര്‍ ശ്രദ്ധിക്കുന്നതു നന്നാകും. വിചാരിച്ച പോലെ ഓടാന്‍ കഴിയാത്തൊരു കാലം വരാനുണ്ടെന്ന ചിന്ത നല്ലതാണ്. കാലേക്കൂട്ടി ഒരു നീക്കിവെപ്പു ഗൗരവത്തോടെ ആലോചിക്കേണ്ട കാര്യമാണെന്ന് എഴുത്തുകാരിയും അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂള്‍ അധ്യാപികയുമായ റസീന കെ.പി നിര്‍ദേശിക്കുന്നു.
നന്ദികേട് കാണിക്കരുത്
രക്ഷിതാക്കളുടെ അന്തസ്സോടെയുളള സംരക്ഷണം മക്കളുടെ ഉത്തരവാദിത്തമായാണ് ഇസ്‌ലാം കാണുന്നത്. ക്ഷീണവും പ്രയാസവുമായി മാസങ്ങളോളം ഗര്‍ഭം ചുമന്നതും പ്രസവിച്ചതും ചുരുങ്ങിയതു രണ്ടു വര്‍ഷം മുലയൂട്ടിയതും മറന്നുപോകരുതെന്നും അതുകൊണ്ടവരോടു നന്ദികേട് കാണക്കരുതെന്നുമാണ് ഖുര്‍ആനി ന്റെ കര്‍ശനമായ നിര്‍ദേശം. മാതാപിതാക്കളുടെ അനിഷ്ടത്തിനു പാത്രമാകുന്നത് നഷ്ടക്കച്ചവടമായാണ് മതം പഠിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് നിരന്തരം ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു. അത്തരക്കാര്‍ ധര്‍മനിഷ്ഠരാണെന്നു വ്യക്തമാക്കുന്നു. വയോജനങ്ങളായ മാതാപിതാക്കളോട് മോശം ഭാഷ പ്രയോഗിക്കാന്‍ പോലും പാടില്ലെന്നും കയര്‍ത്തു സംസാരിച്ചു പോകരുതെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു. മാതാപിതാക്കളോടുള്ള നിരുത്തരവാദപരമായ സമീപനം വലിയ അനീതിയായാണ് കാണുന്നത്. മക്കളില്ലാത്ത വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണെന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്.
ഓടിത്തളര്‍ന്നാണവര്‍ അരികിലേക്കു മാറ്റപ്പെട്ടത്. അവരോടിയതത്രയും പുതു തലമുറയുടെ മുഖത്ത് സന്തോഷം വിടരുന്നത് കമാണാനായിരുന്നു. കൂനിക്കൂടിയിരിക്കുന്നവര്‍ക്ക് അവഗണനയുടെ കരിന്തിരി കൂടുതല്‍ ഇരുട്ടാണ് നല്‍കുക. പുഞ്ചിരി തിളങ്ങുന്ന മുഖങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞാല്‍, ചുക്കിച്ചുളിഞ്ഞ മുഖങ്ങളില്‍ പടരുന്ന വെളിച്ചത്തിന് സ്വര്‍ഗീയമായ സുഗന്ധമുണ്ടാകും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x