7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

ഒരു കേരള നുണക്കഥ


കേരളത്തില്‍ നിന്ന് മുപ്പതിനായിരത്തിലധികം സ്ത്രീകളെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ച് ഐ എസ് ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന ഭീകരമായ നുണയെ മുന്‍ നിര്‍ത്തിയുള്ള ഒരു ചലചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഒരു സിനിമ എന്ന നിലക്കുള്ള കേവല ഭാവനയായിട്ടല്ല ഈ റിക്രൂട്ട്‌മെന്റ് കഥ പറഞ്ഞുവെക്കുന്നത്. സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അവകാശപ്പെടുന്നത് ഇതൊരു സംഭവ കഥയാണ് എന്നാണ്. സിനിമ ബേസ്ഡ് ഒണ്‍ ട്രൂ സ്റ്റോറി എന്ന വിശേഷണമാണ് ഈ അസംഭവ്യമായ ഭാവനക്ക് നല്‍കിയിരിക്കുന്നത്.
ഇതൊരു പ്രൊപഗണ്ട സിനിമയാണ്. സംഘപരിവാര്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷം പടര്‍ത്താനുമാണ് ലക്ഷ്യമാക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത് എന്നതുകൊണ്ട് തന്നെ 2024 ഇലക്ഷന്‍ മുന്‍നിര്‍ത്തിയുള്ള ടാര്‍ഗറ്റ് വ്യക്തമാണ്. ഭരണ നിര്‍വഹണ രംഗങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്ന, സമുദായാന്തര ബന്ധങ്ങളില്‍ ഏറെ അഭിമാനകരമായ പാരമ്പര്യം അവകാശപ്പെടാവുന്ന കേരളം സംഘപരിവാരത്തിന് വളക്കൂറുള്ള മണ്ണ് അല്ല എന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസവും സജീവമായ മാധ്യമ പ്രവര്‍ത്തനവും മികച്ച ഗവേണന്‍സും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് സംഘപരിവാരത്തിന് സ്വാധീനമില്ല എന്നുവന്നാല്‍ അതിനര്‍ഥം, ബി ജെ പി വളരുന്നത് പൗരന്മാരുടെ അരക്ഷിതാവസ്ഥയിലാണ് എന്നതാണ്. കേരളത്തില്‍ അക്കൗണ്ടില്ല എന്നത് ബി ജെ പിയുടെ അഭിമാന പ്രശ്‌നമായി മാറുന്നത് അതുകൊണ്ടാണ്. അതിനെ മറികടക്കാനുള്ള ബി പ്ലാനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. റബ്ബറിന്റെ താങ്ങുവിലയും ഈസ്റ്റര്‍ ദിന പ്രത്യേക സന്ദര്‍ശനവും ഒക്കെ സജീവ ചര്‍ച്ചയിലേക്ക് വരുന്നതിന് പിന്നിലെ കാരണമിതാണ്. ഈ സിനിമയിലൂടെ ഇപ്പോള്‍ ലൗ ജിഹാദിനെ ചര്‍ച്ചക്ക് കൊണ്ടുവരുന്നതും കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടുകൊണ്ടാണ്. കാരണം, പ്രണയവും ലഹരിയും വഴി സമുദായത്തിലെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന അരമന പ്രസംഗങ്ങള്‍ സമീപകാലത്ത് നാം കേട്ടതാണ്. വസ്തുതകളുമായോ യാഥാര്‍ഥ്യവുമായോ ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളും ആശങ്കകളും കേരളം ഒറ്റക്കെട്ടായി തന്നെ അന്ന് എതിരിടുകയുണ്ടായി.
ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നുവെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുസംബന്ധിച്ച് കേരള- കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആരോപണം വ്യാജമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. അതിന് ശേഷവും ഈ ആരോപണങ്ങളെ സംഭവ കഥകളായി വ്യാഖ്യാനിക്കുമ്പോള്‍ എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെയാണ് പരിഹസിക്കുന്നത്. മാത്രമല്ല, കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തില്‍ നിന്ന് ഇത്രയധികം ഐ എസ് റിക്രൂട്ട്‌മെന്റ് നടന്നിട്ടും ഒരു അന്വേഷണ ഏജന്‍സിക്ക് പോലും കണ്ടെത്താനായില്ല എന്നത് രാജ്യത്തെ ആഭ്യന്തര വകുപ്പിന് നേരെയുള്ള ചോദ്യമാണ്. ഭാവനയില്‍ വിരിയുന്ന കണക്കനുസരിച്ച് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഇതിന്റെ ഇരകളുണ്ടായിരിക്കണമല്ലോ. ഇത്രയധികം മാധ്യമ സാക്ഷരത നേടിയ ഒരു സംസ്ഥാനത്ത് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാതെ പോയി എന്നത് മാധ്യമ തമ്പുരാക്കളെ കൂടി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്.
സിനിമയുടെ ട്രെയിലറില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ 2010-ല്‍ പറഞ്ഞ ഒരു വിദ്വേഷ പ്രസ്താവന ഉദ്ധരിക്കുന്നുണ്ട്. 20 വര്‍ഷം കൊണ്ട് കേരളം, മുസ്‌ലിം രാജ്യമായി മാറുമെന്നും അതിനായി വ്യാപകമായ മതപരിവര്‍ത്തനവും വിവാഹവും നടക്കുന്നുവെന്നുമാണ് അന്ന് വി എസ് പറഞ്ഞത്. ഇതര സമുദായങ്ങളിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ കൂടി അപമാനിക്കുന്ന ഈ പ്രസ്താവന ഇന്നേവരെ തിരുത്താന്‍ പാര്‍ട്ടി സന്നദ്ധമായിട്ടില്ല. ലൗ ജിഹാദ് സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്ന സന്ദര്‍ഭത്തില്‍ യോഗി ആദിത്യനാഥും ഇപ്പോള്‍ നുണക്കഥ സിനിമയാകുമ്പോഴും ഉപയോഗിക്കപ്പെടുന്ന റഫറന്‍സ് വി എസിന്റെ പ്രസ്താവനയാണ്. അതുകൊണ്ട് ഈ കാര്യത്തില്‍ സി പി എമ്മിന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. വി എസിന്റെ പ്രസ്താവന തിരുത്തിക്കാനും നുണക്കഥ പ്രമേയമായ, വിദ്വേഷം പടര്‍ത്തുന്ന സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x