26 Saturday
April 2025
2025 April 26
1446 Chawwâl 27

കേരള മുസ്‌ലിംകളുടെ സാമൂഹിക നവോത്ഥാനം ഐക്യസംഘത്തിനുശേഷം

കെ എം അല്‍ത്താഫ്/ വി കെ ജാബിര്‍


ഒരു നൂറ്റാണ്ടു മുമ്പെ വിപ്ലവകരമായ സാമൂഹിക മുദ്രാവാക്യങ്ങളുമായി കേരളീയ മുസ്‌ലിംകളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് രംഗത്തു വന്ന മൂവ്‌മെന്റാണ് കേരള മുസ്‌ലിം ഐക്യസംഘം. ഐക്യസംഘത്തിന്റെ ഉജ്വലമായ പ്രവര്‍ത്തന പദ്ധതികളും മാര്‍ഗരേഖകളും കാലത്തിന്റെ ഒഴുക്കില്‍ മായ്ക്കപ്പെടുകയാണ്. ഇസ്‌ലാം വിരോധിച്ചിട്ടുള്ള അനൈക്യത്തിനും കക്ഷി മത്സരങ്ങള്‍ക്കും ഛിദ്രതക്കുമെതിരായി സമുദായ ഐക്യം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഐക്യസംഘത്തിന്റെ മുഖ്യ അജണ്ട. കേരളീയ മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കും വിപ്ലവകരമായ തുടക്കം കുറിച്ച സംഘം ഒന്നര പതിറ്റാണ്ടോളം കാലമാണ് സജീവമായി പ്രവര്‍ത്തനപഥത്തിലുണ്ടായിരുന്നത്.
സംഘത്തിന്റെ ലക്ഷ്യം, മുന്‍ഗണ, സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്, ഐക്യസംഘത്തിന്റെ കാര്യദര്‍ശികളിലൊരാളായിരുന്ന കെ എം സീതി സാഹിബിന്റെ കൊച്ചുമകനും ‘നവോത്ഥാന’ സംസ്‌കൃതിയുടെ സ്പീക്കര്‍ സീതി സാഹിബ്, ‘നേര്‍ക്കു നേരായി’ എന്നീ പുസ്തകങ്ങളുടെ രചയിതാവുമായ കെ എം അല്‍ത്താഫ് സംസാരിക്കുന്നു. മുസ്‌ലിം ഐക്യസംഘവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു നടന്ന സാമൂഹിക നവോത്ഥാന മൂവ്‌മെന്റുകളെ കുറിച്ച് പഠനം നടത്തിവരികയാണ് അദ്ദേഹം.
ടാക്‌സ് കമ്മിഷനില്‍ നിന്ന് ജോയിന്റ് കമ്മിഷണറായി 2010ല്‍ റിട്ടയര്‍ ചെയ്ത അദ്ദേഹം, കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്.
ഐക്യസംഘത്തിന്റെ
മുഖ്യ മുന്‍ഗണനകള്‍

കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ നവോത്ഥാനത്തിന്റെ വിത്തു പാകുന്നത് സീതി സാഹിബിന്റെ പിതാവ് സീതി മുഹമ്മദ് ഹാജിയാണ്. ഇദ്ദേഹം വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ സമകാലികനാണ്. വക്കം മൗലവി 1873ലാണ് ജനിച്ചതെങ്കില്‍ ഹാജി സീതി മുഹമ്മദ് കൊടുങ്ങല്ലൂരില്‍ 1874ലാണ് ജനിച്ചത്. വക്കം മൗലവി 60 വയസ്സു വരെ ജീവിച്ചെങ്കില്‍ സീതി മുഹമ്മദ് 55ാം വയസ്സില്‍ മരണപ്പെട്ടു.
കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ യഥാര്‍ഥ പേര് മുസ്‌ലിം ഐക്യസംഘം എന്നാണ്. വക്കം മൗലവിയാണ് ഈ പേര് നിര്‍ദേശിക്കുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഐക്യസംഘം എന്ന പേരിലുമാണ്.
1906ല്‍ വക്കം മൗലവി മുസ്‌ലിം മാസിക പ്രസിദ്ധീകരണം തുടങ്ങുന്ന കാലത്ത്, അദ്ദേഹവുമായുള്ള വ്യക്തിബന്ധം സീതി മുഹമ്മദ് ഹാജിയുടെ നവോത്ഥാന ചിന്തകളെ ഒരു മുന്നേറ്റമായി രൂപപ്പെടുത്തുന്നതില്‍ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പ്രദേശത്ത് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എത്തുന്നത് അങ്ങനെയാണ്. അതിന്റെ പിന്നിലെ ചാലക ശക്തി ഹമദാനി തങ്ങളായിരുന്നു. 1900 തുടക്കത്തില്‍ തന്നെ ഹമദാനി തങ്ങള്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങുന്നത് സീതി മുഹമ്മദ് ഹാജിയുടെ പ്രേരണ കാരണമായിരുന്നു.
മുസ്‌ലിം മാസികയിലൂടെ, അന്ധവിശ്വാസത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ ശരിയായ ഇസ്‌ലാമിക വിശ്വാസം മലയാളികളില്‍ പ്രചരിപ്പിക്കുകയായിരുന്നു വക്കം മൗലവിയുടെ ലക്ഷ്യം. സീതി മുഹമ്മദ് ഹാജിയും വക്കം മൗലവിയും ഹമദാനി തങ്ങളും ചേര്‍ന്നുള്ള നവോത്ഥാന ചിന്തകളാണ് ഐക്യസംഘത്തിന്റെ പിറവിയിലേക്കു നയിച്ചത്.
പിന്നീട് വരുന്ന തലമുറയില്‍ പെട്ട സീതി സാഹിബും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും ഇതിന്റെ തുടര്‍ച്ച ജീവിതലക്ഷ്യമായി ഏറ്റെടുക്കുകയായിരുന്നു. റോളണ്ട് ഇ മില്ലര്‍ ഉള്‍പ്പെടെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സീതി സാഹിബിന്റെ ജനനം 1899ലും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം 1890ലുമായിരുന്നു.
ഹമദാനി തങ്ങള്‍ പ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുമ്പോഴാണ് 1900കളുടെ തുടക്കത്തില്‍, ചെറുപ്പക്കാരനായ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയെ ഉപയോഗപ്പെടുത്തി സീതി മുഹമ്മദ് ഹാജി യുവാക്കളുടെ ഇടയിലേക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വേരുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. സമുദായ നവീകരണം ലക്ഷ്യമിട്ട് നിഷ്പക്ഷ സംഘം എന്ന പേരിലാണ് 1922ല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
അഴീക്കോട് പുത്തന്‍പള്ളിയില്‍ ഒരു വെള്ളിയാഴ്ച ജുമുഅ നമസ്‌കാര ശേഷം സാമുദായിക ഐക്യത്തിന്റെ ആവശ്യകതയെ കുറിച്ചും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രഭാഷണം നിര്‍വഹിക്കണമെന്ന്, മലബാറില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ എത്തിയ കെ എം മൗലവി സാഹിബിനോട് സീതി സാഹിബും പിതാവ് സീതി മുഹമ്മദ് ഹാജിയും ആവശ്യപ്പെടുന്നു. ഇ കെ മൗലവിയുടെയും സീതി മുഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു അത്. മലബാര്‍ സമരാനന്തരം കൊടുങ്ങല്ലൂരിലെത്തിയ കെ എം മൗലവി 1922 ജനുവരിയിലാണ് സീതി മുഹമ്മദ് ഹാജിയുടെ നമ്പൂതിരിമഠം വീട്ടില്‍ താമസമാരംഭിക്കുന്നത്.
മലബാര്‍ സമരത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ, സാമൂഹിക സംഘര്‍ഷാവസ്ഥയിലായിരുന്നു വടക്കന്‍ കേരളത്തിലെ മുസ്‌ലിംകള്‍. എന്നാല്‍, ഇതിന്റെ അലയൊലികളൊന്നും കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്ന ശ്രദ്ധേയമായ സാമൂഹിക സാഹചര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. തെക്കന്‍ കേരളത്തില്‍ മലബാര്‍ കലാപത്തിന്റെ അലയൊലികളോ വൈദേശിക ശക്തികള്‍ക്കെതിരായ പോരാട്ടങ്ങളോ ഒന്നും വലിയ വിഷയമായിരുന്നില്ല.
മലയാളവും ഇംഗ്ലീഷും പഠിക്കരുത് തുടങ്ങിയ ആധുനിക വിദ്യാഭ്യാസ രീതികളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന സമുദായ നേതൃത്വം ഒരുഭാഗത്ത്. ആഢ്യത്വവും കുടുംബമഹിമയും പോരിശയും പറഞ്ഞ് സമുദായത്തിനുള്ളില്‍ തന്നെ പ്രശ്‌നവും അനൈക്യവും തീര്‍ക്കുന്ന സാഹചര്യം മറുഭാഗത്ത്. സാമ്പത്തികമായി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്‌നങ്ങള്‍, ഉള്ളവന്‍ ഇല്ലാത്തവനെ വലിയ തോതില്‍ ചൂഷണം ചെയ്യുക തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ രൂക്ഷമായ പശ്ചാത്തലമായിരുന്നു അന്ന്. പൊതു വിഷയങ്ങളില്‍ ചേരുന്ന യോഗങ്ങളിലും സമ്മേളനങ്ങളിലും ഉയരുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വലിയ വഴക്കിലേക്കും വാക്കേറ്റത്തിലേക്കും അകല്‍ച്ചയിലേക്കും പകയിലേക്കും എത്തിപ്പെടുന്നത് അപൂര്‍വ സംഭവമായിരുന്നില്ല.
സീതി മുഹമ്മദ് ഹാജിയുടെ കോട്ടപ്പുറത്ത് കുടുംബം, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കുടുംബം, കുഞ്ഞമ്മദ് ഹാജിയുടെ മണപ്പാട്ട് കുടുംബം തുടങ്ങിയ പ്രമുഖ തറവാടുകളിലെ പുരോഗമന ചിന്തയുള്ള ആളുകളെല്ലാം ഈ സാമൂഹിക പ്രശ്‌നത്തിനെതിരെ നിലപാടെടുത്തിരുന്നു. ഹമദാനി തങ്ങളും സീതി മുഹമ്മദ് ഹാജിയും ഇതിനെതിരായി ഒരു മൂവ്‌മെന്റ് കൊണ്ടുവരാനുള്ള കാര്യമായ ആലോചനകളിലായിരുന്നു.
ഇതിനിടെ സീതി സാഹിബിന്റെ വിവാഹം നടന്നു. ആ വിവാഹത്തിനും വലിയ സാമൂഹിക പ്രസക്തിയുണ്ടായിരുന്നു. ഉന്നത കുടുംബത്തിലുള്ള സീതി സാഹിബിന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെയായിരുന്നു നടന്നിരുന്നത്. ഇത് കുടുംബങ്ങളിലും കാരണവന്മാരിലും സമൂഹത്തിലും വലിയ പ്രശ്‌നമുണ്ടാക്കി. അധികമാരെയും വിളിക്കാതെ നടത്തിയ വിവാഹം വലിയ ചര്‍ച്ചയായി. അനിസ്‌ലാമിക ഏര്‍പ്പാടാണെന്നു വരെ വാദങ്ങള്‍ ഉയര്‍ന്നു.
വിദ്യാഭ്യാസത്തിന്റെ അഭാവവും തൊഴിലില്ലായ്മയും നഷ്ടത്തിലായ കാര്‍ഷിക മേഖലയും അന്നത്തെ വലിയ പ്രശ്‌നമായിരുന്നു. അത് മുസ്‌ലിം ജന്മിമാര്‍ മുസ്‌ലിംകളെ തന്നെ അടിമത്തം കണക്കെ ചൂഷണം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയിരുന്നു. കൊടുങ്ങല്ലൂരിലെത്തിയ കെ എം മൗലവി സാഹിബിനോട് ഇക്കാര്യങ്ങളില്‍ ശക്തമായ ബോധവത്കരണം നടത്തണമെന്ന് സീതി മുഹമ്മദ് ഹാജിയും മറ്റുള്ളവരും ആവശ്യപ്പെടുന്നത് ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തിലാണ്. കെ എം മൗലവി സാഹിബിന്റെ പ്രസംഗത്തില്‍ അദ്ദേഹം വെച്ച നിര്‍ദേശമായിരുന്നു നിഷ്പക്ഷ സംഘം രൂപീകരിക്കാം എന്നത്. സമാന ചിന്താഗതിക്കാരായ ആളുകളെ സംഘത്തില്‍ ചേര്‍ത്ത് ചെറുപ്പക്കാരിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുവാക്കള്‍ക്ക് മതപരവും സാമൂഹികവും തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങള്‍ കൊടുത്തു കൊണ്ടു വേണം ഇത്തരമൊരു പ്രവര്‍ത്തനം ചെയ്യേണ്ടതെന്നും അഭിപ്രായമുയര്‍ന്നു.
കെ എം മൗലവിയുടെ പ്രസംഗം കേട്ട പൊതുജനങ്ങള്‍ അന്ധാളിച്ചിരിക്കെ സീതി മുഹമ്മദ് ഹാജിയും സീതി സാഹിബും എഴുന്നേറ്റ് നിന്ന് ഈ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുകയായിരുന്നു. ചെറുപ്പക്കാരിലൊരാളെന്ന നിലയില്‍ മണപ്പാട്ട് കുടുംബത്തിലെ കുഞ്ഞമ്മദ് ഹാജിയെ മുന്നില്‍ നിര്‍ത്തി നിഷ്പക്ഷ സംഘമെന്ന നിലയില്‍ മുന്നോട്ടുപോകാമെന്നും ഇവര്‍ അവിടെ വെച്ചു പ്രഖ്യാപിച്ചു. അങ്ങനെയാണ് നിഷ്പക്ഷ സംഘവും തുടര്‍ന്ന് ഐക്യസംഘവും രൂപം കൊള്ളുന്നത്. സംഘത്തിന്റെ ആദ്യ അധ്യക്ഷന്‍ ഹമദാനി തങ്ങള്‍ തന്നെയായിരുന്നു.
എന്നാല്‍ ആറു മാസത്തിനകം (1922) തന്നെ ഹമദാനി തങ്ങള്‍ മരണപ്പെട്ടു. 1923ല്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചന്ത മൈതാനത്തു നടന്ന ഒന്നാം വാര്‍ഷിക സമ്മേളനത്തിലാണ് സംഘത്തിന്റെ പേരു മാറ്റണമെന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കുന്നത്. വക്കം മൗലവിയുള്‍പ്പെ പങ്കെടുത്ത ആ യോഗമാണ് മുസ്‌ലിം ഐക്യസംഘമെന്ന പേരും പ്രവര്‍ത്തന പരിപാടികളും തീരുമാനിക്കുന്നത്. എന്നാല്‍ ഐക്യസംഘമെന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതൊരുപക്ഷെ അന്നത്തെ സാമൂഹിക സാഹചര്യം കാരണം അത്തരമൊരു നിലപാട് എടുത്തതാകാന്‍ സാധ്യതയുണ്ട്.
മലബാര്‍ സമരാനന്തരം കൊടുങ്ങല്ലൂരെത്തിയ കെ എം മൗലവിക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ചില പ്രചാരണങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. ഇദ്ദേഹം സര്‍ക്കാരിനെതിരാണെന്നും മുസ്‌ലിംകളെ സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന് പ്രേരിപ്പിക്കുന്നയാളാണെന്നുമായിരുന്നു പ്രചാരണത്തിന്റെ ചുരുക്കം. അതുകൊണ്ടായിരിക്കാം, കെ എം മൗലവിയുടെ കൂടി പിന്തുണയുള്ള ഒരു മൂവ്‌മെന്റിന്റെ പേരില്‍ നിന്ന് ‘മുസ്‌ലിം’ ഒഴിവാക്കിയത്.

Muhammad Abduh, Egypt’s senior judicial authority at the start of the twentieth century and an admirer of Darwin. He is now ­recognized, according to Christopher de Bellaigue, ‘as one of the most influential liberal Islamic thinkers.’


ഐക്യസംഘത്തിന്റെ
പ്രവര്‍ത്തനങ്ങള്‍

കയര്‍ വ്യവസായം, നൂല്‍നൂല്പ്, കൃഷി, കുടില്‍ വ്യവസായങ്ങള്‍, തീപ്പെട്ടി വ്യവസായം തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ മേഖല ശക്തിപ്പെടുത്താനും സീതി മുഹമ്മദ് ഹാജിയുടെയും മണപ്പാട്ട് കുഞ്ഞമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി. കുഞ്ഞമ്മദ് ഹാജി സമ്പന്ന കുടുംബത്തില്‍ പെട്ടയാളായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബും രംഗത്തുണ്ട്. സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പു നേരിട്ടുവെങ്കിലും യുവാക്കളുടെ ഇടയില്‍ ശക്തമായ ചലനങ്ങളുണ്ടായി.
വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് ആ പുതിയ സംഘം ഉയര്‍ന്നുവരുന്നത്. വിദ്യാഭ്യാസം നേടിയാലേ ജനങ്ങളുടെ നിലനില്പ് ശോഭനമാകൂ എന്നവര്‍ വാദിച്ചു, ശക്തമായി പ്രചരിപ്പിച്ചു. അറബി മലയാളം, മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിച്ചു.
ഇതിനു മുമ്പേ തന്നെ, 1909ല്‍ സീതി മുഹമ്മദ് ഹാജി അഴീക്കോട് പ്രൈമറി സ്‌കൂള്‍ ആരംഭിച്ചിരുന്നു. 1919ല്‍ അല്‍ മദ്‌റസത്തുല്‍ ഇത്തിഹാദ് എന്ന പേരില്‍ ഏറിയാട്ട് മതപഠന കേന്ദ്രം തുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിന് 1928ല്‍ യു പി സ്‌കൂളായി അംഗീകാരം ലഭിച്ചു. 1922ല്‍ മണപ്പാട് കുടുംബത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ആരംഭിച്ചു. അഥവാ, പൊതുജന വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇതേസമയം തന്നെ നടന്നു. വീടുകള്‍ കയറിയിറങ്ങിയിട്ടായിരുന്നു ഈ മുന്നേറ്റത്തിനു പിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ സാധിച്ചത്.
ഇതേസമയത്ത്, ഈഴവ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റവുമായി സഹോദരന്‍ അയ്യപ്പന്‍ കൊടുങ്ങല്ലൂരിലെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്ര സന്നിധിയില്‍ വെച്ച് യോഗം കൂടുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു. ഇതുപക്ഷെ വലിയ പ്രശ്‌നമാവുകയും സഹോദരന്‍ അയ്യപ്പനെ കായികമായി നേരിടാന്‍ വലിയ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീതി മുഹമ്മദ് ഹാജിയുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ ഐക്യസംഘത്തിനു കീഴില്‍ മുസ്‌ലിം യുവാക്കളാണ് സഹോദരന്‍ അയ്യപ്പന് സംരക്ഷണം തീര്‍ത്തത്. സീതി മുഹമ്മദ് ഹാജി മുന്നില്‍ നിന്നതോടെ പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞു. നല്ല ശരീര പ്രകൃതമുള്ള സീതി മുഹമ്മദ് ഹാജിയുടെ സാമൂഹിക സേവനരംഗത്തെ ഇടപെടലുകളും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന് വലിയ രീതിയില്‍ പൊതുജനാംഗീകാരവും ആദരവും നേടിക്കൊടുത്തിരുന്നു. സത്യം തുറന്നുപറയലാണ് യഥാര്‍ഥ ജിഹാദ് എന്നതായിരുന്നു സീതി മുഹമ്മദ് ഹാജിയുടെ നയം എന്ന് ഇ കെ മൗലവി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ സത്യം തുറന്നു പറയുന്ന നിലപാടായിരുന്നു ഹാജിയുടേത്. പ്രസംഗകനോ എഴുത്തുകാരനോ അല്ലാതിരുന്നിട്ടും ആശയ സമ്പന്നനും സാമൂഹിക മുന്നേറ്റങ്ങളെ ഏകോപിപ്പിക്കാന്‍ പ്രാപ്തിയുമുള്ള കരുത്തുറ്റ വ്യക്തിയായിരുന്നു അദ്ദേഹം. നല്ല സാമ്പത്തിക പിന്‍ബലവുമുണ്ടായിരുന്നു. സ്വന്തം സമുദായ സമുദ്ധാരണത്തിനൊപ്പം സഹോദര സമുദായങ്ങളുടെ ഉന്നതി കൂടി ലക്ഷ്യമിട്ടാണ് ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത് എന്നും ചരിത്രത്തില്‍ നിന്നു ധാരാളമായി വായിക്കാന്‍ കഴിയും. വാര്‍ഷിക സമ്മേളനങ്ങളായിരുന്നു സംഘത്തിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും നടപ്പാക്കാനുള്ള പ്രധാന വേദി. ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് സീതി മുഹമ്മദ് ഹാജിയും മണപ്പാടന്‍ കുടുംബവും മാത്രമായിരുന്നു.

സംഘത്തില്‍
വിയോജിപ്പുകളുടെ തുടക്കം

വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ഐക്യസംഘത്തിലും രൂപപ്പെടുന്നതായി ചരിത്രത്തില്‍ നിന്നു മനസ്സിലാക്കാനാകും. 1924ല്‍ ആലുവയില്‍ നടന്ന മുസ്‌ലിം ഐക്യ സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് നാമ്പിടുകയും അത് പിന്നീട് വലിയ ഭിന്നതയായി രൂപപ്പെടുകയും ചെയ്തു.
ഹമദാനി തങ്ങളുടെ വലിയ സ്വപ്‌നമായിരുന്നു മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി ഒരു കോളെജ് സ്ഥാപിക്കണമെന്നത്. എട്ടേക്കര്‍ സ്ഥലം ആലുവയില്‍ ഉണ്ടായിട്ടു പോലും സമുദായത്തിലെ ധനാഢ്യരുടെ പിന്തുണ ലഭിക്കാത്തതു കാരണം ആ സ്വപ്‌നം സഫലമായില്ല. അങ്ങനെയാണ് ഐക്യസംഘം ഈ ദൗത്യം ഏറ്റെടുക്കുന്നത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഉള്‍പ്പെടെ യുവാക്കള്‍ മുമ്പില്‍ നിന്നുകൊണ്ടാണ് ആലുവ സമ്മേളനം ഈ തീരുമാനം എടുത്തത്.
വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് കോളെജ് അധ്യാപകനായിരുന്ന മൗലാന അബ്ദുല്‍ജബ്ബാര്‍ സാഹിബ് ഉള്‍പ്പെടെ പങ്കെടുത്ത യോഗമാണത്. ഇവിടെയാണ് അഭിപ്രായവ്യത്യാസത്തിന്റെ അനുരണനങ്ങളുയരുന്നത്. ഐക്യസംഘം വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവമായി ഇടപെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടേണ്ടെന്നതായിരുന്നു പൊതു ധാരണ.
അതേസമയം, ദേശീയ രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ നിലപാടുണ്ടായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും കൂടി ഐക്യസംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ വരണമെന്ന നിലപാടെടുത്തു. രാഷ്ട്രീയത്തിലും ഇടപെടണമെന്ന പ്രമേയം അദ്ദേഹം സമ്മേളനത്തില്‍ കൊണ്ടുവരുന്നു.
എന്നാല്‍ സീതി മുഹമ്മദ് ഹാജി ഈ അഭിപ്രായത്തെ ശക്തിയുക്തം എതിര്‍ത്തു. ഈ മൂവ്‌മെന്റില്‍ ഒരുതരം രാഷട്രീയവും കലര്‍ത്തരുതെന്നും അങ്ങനെ വന്നാല്‍ സംഘത്തില്‍ ചേരിതിരിവ് സംഭവിക്കുമെന്നും അത് സംഘം മുന്നോട്ടുവെക്കുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സമുദായത്തെ ഒന്നാകെ ഐക്യത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ സമരാനന്തരമുള്ള കോണ്‍ഗ്രസ് നിലപാടു മാറ്റം സ്വാഭാവികമായും മുസ്‌ലിംകളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആ പ്രമേയം ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടുവെങ്കിലും അഭിപ്രായ വ്യത്യാസത്തിന്റെ ഒരു നാമ്പ് അവിടെ മുളയ്ക്കുകയായിരുന്നു.
1924ല്‍ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘത്തിന് രൂപം കൊടുത്തിരുന്നു. അതൊരു ബുദ്ധിപൂര്‍വകമായ നീക്കമായിരുന്നു. കെ എം മൗലവിയും സീതി മുഹമ്മദ് ഹാജിയും മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയും ആലോചിച്ചെടുത്ത തീരുമാനം. ഐക്യസംഘം മതപരമായ വിഷയങ്ങള്‍ മുഖ്യമായി ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സാമൂഹികവിദ്യാഭ്യാസ വിഷയങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്താനാകാതെ പോകുമെന്ന ശ്രദ്ധേയമായ ഉള്‍ക്കാഴ്ചയായിരുന്നു ആ നീക്കത്തിനു പിന്നില്‍. മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ മതവിധികളുമായി ബന്ധപ്പെട്ട ഒരു മത്സര സ്വഭാവം നിലനിന്ന ആ കാലത്ത് മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനത്തിലെത്താനും ഒരു സ്വതന്ത്ര സംഘടന വേണമെന്നതായിരുന്നു ജംഇയ്യത്തുല്‍ ഉലമ രൂപീകരണത്തിന്റെ കാതല്‍. സാമൂഹിക ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നൊരു തീരുമാനമായിരുന്നു അത്.
പിന്നീട് ഖാന്‍ ബഹാദൂര്‍ ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ 1925ല്‍ കോഴിക്കോട്ടും 1926ല്‍ മെര്‍മഡ്യൂക് പിക്താളിന്റെ സാന്നിധ്യത്തില്‍ തലശ്ശേരിയിലും 1927ല്‍ കണ്ണൂരും അടുത്ത വര്‍ഷം തിരൂരിലും 1929ല്‍ എറണാകുളത്തും 1930ല്‍ തിരുവനന്തപുരത്തും 31ല്‍ മലപ്പുറത്തും 32ല്‍ കാസര്‍ക്കോട്ടും 1933ല്‍ വീണ്ടും കൊടുങ്ങല്ലൂരിലും ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. 1934ല്‍ കണ്ണൂര്‍ അറയ്ക്കല്‍ കൊട്ടാരത്തില്‍ വെച്ചാണ് ഐക്യസംഘത്തിന്റെ ഔദ്യോഗികമായ അവസാന വാര്‍ഷിക സമ്മേളനം നടക്കുന്നത്.
ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തെ തുടര്‍ന്ന്, രാഷ്ട്രീയ വിഷയങ്ങളില്‍ സംഘം ഇടപെടേണ്ടെന്ന കര്‍ശനമായ നിലപാടുള്ള വ്യക്തികളായിരുന്നു സീതി മുഹമ്മദ് ഹാജിയും മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയും. സീതി മുഹമ്മദ് ഹാജിയുടെ മകനും ഐക്യസംഘം നേതാവുമായിരുന്ന കെ എം സീതി സാഹിബ് ദേശീയ സമരത്തില്‍ ഭാഗമാകുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസം ഒഴിവാക്കിക്കൊണ്ടല്ല അദ്ദേഹം സമരങ്ങളില്‍ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. നിസ്സഹകരണ സമരങ്ങളില്‍ അദ്ദേഹം പങ്കാളിയായത് കോളെജ് വിദ്യാഭ്യാസം ഉപേക്ഷിച്ചുകൊണ്ടായിരുന്നില്ല. വിദ്യാഭ്യാസം കളഞ്ഞുകൊണ്ടുള്ള ഒരു സമരത്തിന് നില്‍ക്കരുതെന്ന പിതാവ് സീതി മുഹമ്മദ് ഹാജിയുടെ കര്‍ശന നിലപാടാണ് സീതി സാഹിബിനെ ഈ വഴിക്കു നടത്താന്‍ പ്രേരിപ്പിച്ചത്.
നിഷ്പക്ഷ സംഘമെന്ന സ്വപ്‌നത്തിനു പിന്നിലെ മഹാ ചാലകശക്തിയായ ഹമദാനി തങ്ങള്‍ 1922ല്‍ മരണമടഞ്ഞു. തങ്ങളുടെ പിന്തുടര്‍ച്ച ഏറ്റെടുത്ത സീതി മുഹമ്മദ് ഹാജി 1929ല്‍ മരണപ്പെടുന്നതോടെയാണ് ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായിവരുന്നത് എന്നു നിരീക്ഷിക്കാം. നിയമപഠനം പൂര്‍ത്തിയാക്കിയ സീതി സാഹിബ് 1929ല്‍ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. 1925-28 കാലത്ത് മണപ്പാട് കുഞ്ഞഹമ്മദ് ഹാജി കൊച്ചി നിയമസഭയിലേക്ക് കൊടുങ്ങല്ലൂരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ചിന്താഗതിക്കാരനായ അദ്ദേഹം മതത്തിനപ്പുറം നിരവധി സാമൂഹിക മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി. മണപ്പാട് അതിതീവ്രമായ രീതിയില്‍ എഴുത്തുകളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരുന്നു.
തുടര്‍ന്ന് 1928-31, 1931-34 കാലത്ത് സീതി സാഹിബ് കൊച്ചി നിയമസഭയിലേക്ക് കൊടുങ്ങല്ലൂര്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്വാഭാവികമായും എല്ലാ സമുദായങ്ങളുടെയും പ്രശ്‌നങ്ങള്‍ സീതി സാഹിബ് ഏറ്റെടുക്കുകയും ഇടപെടുകയും ചെയ്തു. നമ്പൂതിരിമാരുടെയും ഈഴവരുടെയും മുസ്‌ലിംകളുടെയും വിഷയങ്ങളില്‍ അദ്ദേഹം നിയമസഭയില്‍ ബില്ലുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സീതി സാഹിബിന്റെ റോള്‍ മോഡല്‍ മഹാത്മാ ഗാന്ധിയായിരുന്നു. 1921ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട്, ചില കോണ്‍ഗ്രസ് നേതാക്കളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഗാന്ധിജി സ്വീകരിച്ച നിലപാടുകളോട് അനിഷ്ടമുണ്ടായിട്ടു പോലും സീതി സാഹിബ് ഗാന്ധിജിയെ തള്ളിപ്പറഞ്ഞിട്ടില്ല. മലബാര്‍ സമ രത്തോടുള്ള കോണ്‍ഗ്രസിന്റെ സമീപനം പല മുസ്‌ലിം നേതാക്കളെയും കോണ്‍ഗ്രസ് വിരോധികളാക്കി മാറ്റിയിരുന്നു. നെഹ്‌റു റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ തുടര്‍ന്ന് കെ എം മൗലവിയും കോണ്‍ഗ്രസില്‍ നിന്നകന്നു.
കൊച്ചി നിയമസഭാംഗമെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ സീതി സാഹിബില്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തും സാമൂഹികപരമായും മാത്രം ഉയര്‍ന്നാല്‍ പോരാ, രാഷ്ട്രീയമായും ശക്തി നേടണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തില്‍ രൂഢമൂലമായി. അധികാര കേന്ദ്രങ്ങളില്‍ നമ്മുടെ ശബ്ദം ഉണ്ടെങ്കില്‍ മാത്രമേ സമൂലമായ പുരോഗതി നേടാനാവൂ എന്ന ചിന്ത സീതി സാഹിബില്‍ ശക്തിപ്പെട്ടു.
1932 കാലത്ത് അദ്ദേഹം മലബാറിന്റെ ആസ്ഥാനമായ തലശ്ശേരിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇക്കാലത്ത് തലശ്ശേരിയില്‍ കേസുകള്‍ നടത്തുകയും നിയമസഭാംഗമെന്ന നിലയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു സീതി സാഹിബ്. തലശ്ശേരിക്കും കൊച്ചിക്കും ഇടയിലുള്ള മാരത്തോണ്‍ ഓട്ടത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ഈ കാലത്തു നടന്ന ഐക്യസംഘത്തിന്റെ സമ്മേളനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സീതി സാഹിബിന് എത്രത്തോളം ഇടപെടാന്‍ സാധിച്ചു എന്ന വിഷയം ഞാന്‍ പഠിച്ചുകൊണ്ടിരിക്കയാണ്. ശാരീരകമായെങ്കിലും ഒരു ചെറിയ അകല്‍ച്ച അദ്ദേഹത്തിന് അക്കാലത്ത് ഉണ്ടായിരിക്കണം.
മുസ്‌ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും ഉഗ്യോഗപരവുമായ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണാന്‍ സാമ്പത്തിക സ്രോതസ്സ് എന്ന നിലയിലാണ് 1930കളില്‍ അദ്ദേഹം കാര്‍ഷിക ബാങ്ക് സ്ഥാപിക്കണമെന്ന ആശയവുമായി വരുന്നത്. സമുദായം സാമ്പത്തിക പിന്തുണയില്ലാതെ നട്ടം തിരിയുമ്പോള്‍ തന്നെ പണമുള്ളവര്‍ ഇതിനൊരു പരിഹാരം കാണാന്‍ താല്പര്യമില്ലാത്ത സാഹചര്യത്തിലാണ് കാര്‍ഷിക ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. മതപണ്ഡിതനായ കെ എം മൗലവിയും ഇതിനോട് യോജിച്ചു. പണക്കാരില്‍ നിന്ന് നിക്ഷേപം/ ഷെയര്‍ സ്വീകരിച്ച് സാധാരണക്കാരന് കൃഷിക്കും തൊഴിലിനും ആവശ്യമായ വായ്പ ലഭ്യമാക്കുക എന്നതായിരുന്നു സീതി സാഹിബിന്റെ നിലപാട്. പലിശയായിരുന്നില്ല, ഷെയര്‍ നല്‍കുന്നവര്‍ക്ക് ചെറിയ ലാഭവിഹിതം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്. പക്ഷെ ബാങ്ക് എന്ന ആശയത്തെ അബ്ദുറഹ്മാന്‍ സാഹിബ് ശക്തമായും പരസ്യമായും എതിര്‍ക്കുകയും അത് വലിയ വാദകോലാഹലങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അത് മുസ്‌ലിം ഐക്യസംഘത്തില്‍ ചേരിതിരിവ് സൃഷ്ടിച്ചു.
എന്നാല്‍ സീതി സാഹിബ് അതില്‍ കടുംപിടിത്തം സ്വീകരിച്ചില്ല. സമുദായത്തിന്റെ ഒരു യാഥാര്‍ഥ്യത്തെ അഡ്രസ് ചെയ്യാനുള്ള പരിശ്രമം മാത്രമാണ് ബാങ്ക് എന്നും ഇസ്‌ലാം വിരോധിച്ച പലിശയ്ക്കുള്ള ഏര്‍പ്പാടല്ല എന്നും സീതി സാഹിബ് പറയുകയും ‘അല്‍അമീന്‍’ (മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ പത്രം), മിതവാദി, ഐക്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്തിരുന്നു.
1929ല്‍ സീതി മുഹമ്മദ് ഹാജിയുടെ മരണത്തോടെ കൊടുങ്ങല്ലൂരില്‍ നിന്നുള്ള, ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം നഷ്ടമാവുകയും അബ്ദുറഹ്മാന്‍ സാഹിബിന് സംഘത്തിന്റെ നിലപാടുകളില്‍ മേല്‍ക്കൈ കിട്ടുകയും ചെയ്തു എന്നു നിരീക്ഷിക്കുന്നതില്‍ തെറ്റില്ല. അദ്ദേഹത്തിന്റെ അഭാവം, ഐക്യസംഘത്തില്‍ ചേരിതിരിവു ശക്തമാക്കാന്‍ കാരണമായി എന്നു ഞാന്‍ വിശ്വസിക്കുന്നു.
കോണ്‍ഗ്രസിനകത്തു ശക്തമായി നില്‍ക്കുമ്പോള്‍ തന്നെ, തീവ്ര നിലപാടുകളുള്ള, ഇടതു സ്വഭാവം കാണിച്ച നേതാവായിരുന്നു അബദുറഹ്മാന്‍ സാഹിബ്. അദ്ദേഹത്തിന്റെ കര്‍ക്കശമായ പ്രകൃതം സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സീതി സാഹിബുമായിട്ട്, ആശയപരമായി ഒരുമിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഐക്യസംഘത്തെ കുറിച്ചുള്ള തീരുമാനങ്ങളില്‍ ഇവര്‍ ഐക്യപ്പെട്ടു കാണില്ല എന്നാണ് എന്റെ പഠനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നിഗമനം.

മജ്‌ലിസിന്റെ രൂപീകരണം;
സംഘത്തിന്റെ അന്ത്യം

1931-32 കാലത്ത് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിം മജ്‌ലിസിന് രൂപം കൊടുത്തു. സോദ്ദേശ്യത്തോടെയെങ്കിലും അതിന് കൃത്യമായ രാഷ്ട്രീയ താല്പര്യങ്ങളുണ്ടായിരുന്നു. ഐക്യസംഘത്തിന് രാഷ്ട്രീയമായി നിലപാടെടുക്കാന്‍ സാധിക്കില്ലെന്നുറപ്പായതോടെ രാഷ്ട്രീയമായി സംഘടിക്കാന്‍ മറ്റൊരു വേദി അനിവാര്യമായിരുന്നു. അപ്പോള്‍ ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം മാറ്റുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യേണ്ടിവരും.
അതേസമയം, മജ്‌ലിസിന്റെ കീഴില്‍ ഉപ്പി സാഹിബിന്റെ നേതൃത്വത്തില്‍ തലശ്ശേരി കേന്ദ്രീകരിച്ച് മുസ്‌ലിം വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുകയും അബ്ദുറഹ്മാന്‍ സാഹിബിനെ അതിന്റെ അധ്യക്ഷനാക്കുകയും ചെയ്യുന്നുണ്ട്. മജ്‌ലിസിന്റെ പ്രവര്‍ത്തനങ്ങളാണ് ഒരര്‍ഥത്തില്‍ ഐക്യസംഘത്തിന്റെ ദൗത്യം അവസാനിപ്പിക്കുന്നതിലേക്കു വഴിതെളിച്ചത്.
ഈ സമയത്ത് കെ എം മൗലവി സാഹിബ് സജീവ രാഷ്ട്രീയത്തിലേക്കു കടന്നു. സത്താര്‍ സേഠ് 1934ല്‍ കേന്ദ്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെത്തി. 1929ല്‍ സീതി മുഹമ്മദ് ഹാജിയും 1933ല്‍ വക്കം മൗലവിയും മരണപ്പെട്ടു. ഇതോടൊപ്പം മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെ സജീവ രാഷ്ട്രീയ ഇടപെടലുകളും സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങളും ഉണ്ടായി. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഈ സാഹചര്യങ്ങളൊക്കെ അതിനനുകൂലമായിരുന്നു. ഐക്യസംഘം നിലനിര്‍ത്താനാഗ്രഹിച്ചവര്‍ക്ക് ഇതെല്ലാം പ്രതികൂല ഘടകങ്ങളുമായിത്തീര്‍ന്നു.
ഐക്യസംഘത്തിന്റെ ആശയവും ആവേശവുമായി നിന്ന സുപ്രധാന നേതാക്കളുടെ അഭാവത്തിലാണ് 1934ല്‍ കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തില്‍ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം ചേര്‍ന്നത്. സീതി സാഹിബ് ആ യോഗത്തില്‍ പങ്കെടുത്തിരുന്നോ എന്നു സംശയമാണ്. സീതി സാഹിബ് പങ്കെടുത്തതായുള്ള രേഖകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. മുസ്‌ലിം മജ്‌ലിസില്‍ ലയിക്കുന്നതില്‍ പല നേതാക്കള്‍ക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ആ അഭിപ്രായക്കാര്‍ പലരും യോഗത്തില്‍ ഹാജരുണ്ടായിരുന്നില്ല. അതുകൊണ്ട് യോഗം അത്തരമൊരു തീരുമാനത്തിലെത്തിയെന്നു കാണാം.
സാമൂഹിക വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളിലുള്‍പ്പെടെ സജീവമായി ഇടപെട്ട് നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളത്തിലൊന്നാകെ സമുദായാംഗങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കി ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ആശയവവുമായി മുന്നോട്ടുവന്നവരുടെ ശബ്ദം പല കാരണങ്ങളാല്‍ നേര്‍ത്തുപോയി.
രാഷ്ട്രീയത്തിന് ഒരു പ്രാമുഖ്യവും കൊടുക്കേണ്ടെന്ന പ്രഖ്യാപിത നിലപാടില്‍ മുന്നോട്ടു പോകേണ്ടെന്ന കര്‍ശന നിലപാടായിരുന്നു ഐക്യസംഘം എന്ന ആശയം ഉയര്‍ത്തിയ നേതാക്കള്‍ക്കുണ്ടായിരുന്നത് എന്നു നാം കണ്ടു. രാഷ്ട്രീയമായി കൂടി ഐക്യസംഘം ഇടപെടണമെന്ന് ആഗ്രഹിച്ചവര്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചതുകൊണ്ടാണ് അറക്കല്‍ കൊട്ടാരത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മജ്‌ലിസില്‍ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറഞ്ഞ അംഗങ്ങള്‍ മാത്രമേ ആ യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് അറിവ്. ആ യോഗത്തിന്റെ സമ്പൂര്‍ണമായ രേഖകള്‍ ലഭ്യമായിട്ടില്ല. ഇതിനിടെ ദേശീയ കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിംകളുടെ അവസ്ഥ കയറ്റിറക്കങ്ങളുടേതായിരുന്നുവല്ലോ.
ഈ നിലപാടില്‍ ഞാന്‍ എത്തുന്നതിന് ഉപോത്ബലകമായി എനിക്കു മുന്നില്‍ വയ്ക്കാനുള്ളത് ഇ കെ മൗലവിയുടെ വാക്കുകളാണ്. മൗലവി സാഹിബ് 1938ലെഴുതിയ, ഹാജി കെ സീതി മുഹമ്മദ് എന്ന പുസ്തകം ഈ ദിശയില്‍ വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. വേദനാജനകമായി അദ്ദേഹം പറയുന്ന ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്:
”കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ജനയിതാക്കളേ, നിങ്ങളുടെ ഐഹികവും പാരത്രികവുമായ വിജയത്തിനുള്ള രാജപാതയായി വിചാരിക്കപ്പെട്ട ആ മഹല്‍ സ്ഥാപനത്തിന്റെ കൊടിക്കൂറക്കു കീഴില്‍ ഇനിയും നിങ്ങള്‍ സമ്മേളിക്കുവിന്‍. ചെയ്തുപോയ കുറ്റത്തെപ്പറ്റി പശ്ചാത്തപിക്കുവിന്‍. സംഘത്തിനു വേണ്ടി നിങ്ങള്‍ ചെയ്ത ത്യാഗങ്ങള്‍ ആത്മാര്‍ഥതയോടെയുള്ളതായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഏക മാര്‍ഗം അതാണ്. സംഘത്തിനുള്ളില്‍ നിന്ന് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്താണോ അതിനു ശേഷമാണോ നിങ്ങള്‍ക്കു മനസ്സമാധാനവും സംതൃപ്തിയും ലഭിച്ചതെന്ന് നിങ്ങള്‍ ഗാഢമായി ആലോചിക്കുവിന്‍. സദാചാരത്തിന്റെ പേരില്‍ നിങ്ങളോട് താണുകേണപേക്ഷിക്കാനേ ഇത്തരുണത്തില്‍ എനിക്കു സാധിക്കുകയുള്ളൂ.
ജനാബ് ഹാജി കെ സീതി മുഹമ്മദ് സാഹിബ് ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ആ വന്ദ്യ പുരുഷന്റെ ബലിഷ്ട കരങ്ങളുടെ സഹായത്താല്‍ ഞാന്‍ നിങ്ങളെ ഐക്യസംഘത്തിന്റെ പ്രവൃത്തിരംഗത്തേക്ക് നയിക്കുമായിരുന്നു. ഹാ കഷ്ടം! ആ മഹാന്‍ എന്നെപ്പോലുള്ള ശുഭപ്രതീക്ഷകരെ രക്താശ്രു സാഗരത്തില്‍ താഴ്ത്തിക്കൊണ്ട് എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു പോയി”.
സീതി മുഹമ്മദ് ഹാജി മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നായിരുന്നു ഇ കെ മൗലവിയുടെ ഉറച്ച ബോധ്യം.

ഐക്യത്തിന്റെ
സന്ദേശം നഷ്ടമാകുന്നു

ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നീങ്ങിയത് രാഷ്ട്രീയവുമായി ഇടകലര്‍ന്നാണ്. ദേശീയ രാഷ്ട്രീയവും മുസ്‌ലിം രാഷ്ട്രീയവും (മുസ്‌ലിം ലീഗ്) സജീവമായതോടെ എല്ലാ സ്ഥലത്തും വാദകോലാഹലങ്ങളും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഉടലെടുത്തു എന്നു നമുക്കറിയാം. യഥാര്‍ഥത്തില്‍ നമുക്കു നഷ്ടമായത് ഐക്യസംഘത്തിന്റെ ചിന്താധാരയും, പാര്‍ശ്വവത്കൃതമായ ഒരു സമുദായത്തിന്റെ സമുദ്ധാരണത്തിനുള്ള ഉന്നതമായ പ്രവര്‍ത്തന പരിപാടികളുമാണ്.
അതേസമയം, അതിന്റെ കുറവുകള്‍ മനസ്സിലാക്കിക്കൊണ്ടായിരിക്കണം, സീതി സാഹിബിനെ പോലുള്ള പിന്നീടു വന്ന നേതാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായി നിന്നുകൊണ്ടു തന്നെ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. സമുദായത്തില്‍ അന്ധവിശ്വാസ അനാചാര പ്രവണതകള്‍ വര്‍ധിച്ചു വന്നെങ്കിലും അതിനെതിരായി, മതപരമായ നവീകരണമേഖലയില്‍ അവര്‍ പിന്നീട് ശ്രദ്ധിച്ചിരുന്നില്ല എന്നു കാണാന്‍ കഴിയും.
മതപരമായ കക്ഷിത്വത്തിന്റെ കാര്യത്തില്‍ വല്ലാത്ത സ്പര്‍ധ സമുദായത്തിനകത്തെ സംഘങ്ങള്‍ക്കിടയില്‍ കടന്നുകൂടി. അന്ന്, കെ എം മൗലവി, ഇ കെ മൗലവി, സീതി സാഹിബ് എന്നിവരുടെ സമീപനമല്ല പില്‍ക്കാലത്ത് സ്വീകരിക്കപ്പെട്ടത് എന്നത് വസ്തുതയാണ്. അവര്‍ കക്ഷിത്വത്തിനതീതമായി എല്ലാ വിഭാഗത്തിന്റെയും പള്ളികളിലും പോവുകയും എല്ലാവരുമായും അടുത്തിടപഴകുകയും ആശയ വിനിമയം നടത്തുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.
ഐക്യ കേരള രൂപീകരണ ശേഷം ഐക്യസംഘത്തിന്റെ പാരമ്പര്യം പിന്തുടരാന്‍ മുസ്‌ലിംകളിലെ ഒരു വിഭാഗത്തിനും സാധ്യമാകാതെ പോയിരിക്കുന്നു. ഓരോരുത്തരും അവരുടേതായ വൃത്തത്തിനുള്ളില്‍ മാത്രം ഒതുങ്ങി. പരസ്പര സഹകരണത്തിന്റെ വാതിലുകള്‍ പലപ്പോഴും അടഞ്ഞു കിടക്കുകയാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മതത്തിനകത്തു സ്പര്‍ധ വളര്‍ന്നുകൊണ്ടിരിക്കുന്ന ദുഖകരമായ സാഹചര്യമാണു കാണുന്നത്.
ഇടുങ്ങിയ മനസ്സുകള്‍ നാം കുറെക്കൂടി വിശാലമാക്കേണ്ടതുണ്ട്. 1930കളില്‍ മുസ്‌ലിം നേതാക്കള്‍ കാണിച്ച വിശാലതയും തുറന്ന കാഴ്ചപ്പാടും പാഠപുസ്തകമായെടുത്തെങ്കില്‍ എന്നാശിക്കുകയാണ്. പിന്നീടു വന്ന മുസ്‌ലിം രാഷ്ട്രീയ കക്ഷിക്കും നേതാക്കള്‍ക്കും ആദ്യകാല നേതാക്കള്‍ ജീവിതം കൊണ്ടു രേഖപ്പെടുത്തിയ മൂല്യങ്ങളും ചിന്താലോകവും കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ല. മുസ്‌ലിം ലീഗിന്റെ പൊതു പ്ലാറ്റ്‌ഫോമിലേക്ക് മുസ്‌ലിംകളിലെ എല്ലാ ചിന്താധാരകളെയും ഒരുമിച്ചു കൂട്ടുകയും ചേര്‍ത്തുകൊണ്ടുപോവുകയുമായിരുന്നു സീതി സാഹിബ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഭാവന ചെയ്തത്. എല്ലാവരെയും ഒറ്റ ചിന്താധാരയിലേക്ക് കൊണ്ടുവരാമെന്ന് അവര്‍ ചിന്തിച്ചതേയില്ല.
മുസ്‌ലിം ലീഗിന് ഭരണപരമായ പങ്കാളിത്തം കൊണ്ട് കുറെ കാര്യങ്ങള്‍ സാധിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. അതേസമയം, ഭൂരിപക്ഷ സമുദായവും ഈഴവ സമുദായം ഉള്‍പ്പെടെയുള്ള സഹോദര സമുദായങ്ങളും സാമ്പത്തികമായി ഉന്നതി പ്രാപിച്ചപ്പോള്‍, ആ അളവില്‍ മുസ്‌ലിംകളില്‍ അടിസ്ഥാനപരമായ പുരോഗതി സാധ്യമായിട്ടില്ലെന്നു കരുതുന്നു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവന്നു. അപ്പോഴും വലിയ വിഭാഗം മുസ്‌ലിം സമൂഹം ഇന്നും പ്രയാസങ്ങള്‍ക്കു മേല്‍ പ്രയാസം നേരിട്ടുകൊണ്ടിരിക്കുന്നു.
മുസ്‌ലിം ലീഗിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ പല സാമൂഹിക കാര്യങ്ങളും ഐക്യസംഘത്തിന്റെ ഭരണഘടനയിലുണ്ടായിരുന്ന പോയിന്റുകളായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മജ്‌ലിസിലൂടെ ഐക്യസംഘമാണ് മുസ്‌ലിം ലീഗിന്റെ പിറവിക്കു പിന്നിലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ ലീഗ് പിന്‍പറ്റുന്നില്ലെന്നതാണ് വസ്തുത. സാമൂഹിക സാമ്പത്തിക പരിവര്‍ത്തനമോ ഇസ്‌ലാമിക മൂല്യങ്ങളുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിയോ അതിന്റെ അജണ്ടയാകുന്നില്ല.
മുസ്‌ലിം ഐക്യസംഘത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സംഘത്തിന്റെ പ്രാധാന്യം പുനരാലോചനയക്ക് വിധേയമാക്കേണ്ടതുണ്ട്. ഐക്യസംഘത്തിന്റെ ചിന്തകളിലേക്ക് മുസ്‌ലിം മത, രാഷ്ട്രീയ സംഘടനകള്‍ തിരികെ വരേണ്ടതുണ്ട്. സമൂഹത്തെ മൊത്തം കണ്ടുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയായിരുന്നു ഐക്യസംഘം മുന്നോട്ടുവച്ചത്. സമുദായത്തിലെ ഏതെങ്കിലും വിഭാഗത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു നീക്കം ഐക്യസംഘത്തിന്റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല.
ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറെക്കാലം കൂടി തുടര്‍ന്നിരുന്നുവെങ്കില്‍ സമൂഹത്തില്‍ അതു വലിയ മാറ്റം ഉണ്ടാക്കുമായിരുന്നു. എങ്കിലും വിദ്യാഭ്യാസപരമായി വന്‍ പുരോഗതി സമുദായത്തിനു നേടാന്‍ സാധിച്ചു. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്ന സമുദായത്തിന് മുന്നില്‍ നിന്നു വഴി കാണിക്കാനും നേതൃത്വം കൊടുക്കാനും ഐക്യസംഘം നേതാക്കള്‍ക്കു കഴിഞ്ഞതിന്റെ ബാക്കി പത്രമാണത്. അവരുടെ പിന്മുറക്കാര്‍ വിദ്യാഭ്യാസ രംഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മിതിയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കക്ഷിത്വത്തിനെതിരായിരുന്നു ഐക്യസംഘം
അന്ധവിശ്വാസത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചപ്പോഴും ഒരു തരത്തിലുള്ള കക്ഷിത്വത്തിനും ഐക്യസംഘം പ്രോത്സാഹനം നല്‍കിയിരുന്നില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പുരോഗമനപരമായ മുന്നേറ്റമാണ് ഐക്യസംഘം സാധ്യമാക്കിയത്. പൗരോഹിത്യത്തിന് ആധിപത്യമുള്ള സ്ഥലങ്ങളില്‍ അക്കാലത്ത് ചെറിയ സംഘര്‍ഷങ്ങളും സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വളരെ പൊസിറ്റീവ് ആയിട്ടായിരുന്നു മുന്നോട്ടുപോയത്.
പല തലത്തിലും വിയോജിപ്പുണ്ടായിരുന്ന പലരുമായും സീതി സാഹിബ് ഉള്‍പ്പെടെയുള്ള ഐക്യസംഘം നേതാക്കള്‍ വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ച പല അനുഭവങ്ങളും മുന്നിലുണ്ട്. കടുത്ത വിരോധം പ്രകടിപ്പിച്ച പലരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തുക അവരുടെ രീതിയായിരുന്നു. അത് ആ നേതാക്കളുടെ മനസ്സായിരുന്നു. ഇന്നത്തെ പോലെ വോട്ടു ബാങ്ക് താല്പര്യമോ രാഷ്ട്രീയ താല്പര്യമോ പ്രീണനമോ ആയിരുന്നില്ല ആ നിലപാടിനു പിന്നില്‍.

ഇതര സമുദായങ്ങളും
മുസ്‌ലിംകളും

വലിയ തോതിലുള്ള സാമൂഹിക ഉച്ഛനീചത്വങ്ങളും വിവേചനവും അനുഭവിച്ച സമൂഹമാണ് ഈഴവ വിഭാഗം. ഈഴവ സമൂഹത്തിലെ നവോത്ഥാന ചിന്തകരെല്ലാം മുസ്‌ലിം സമൂഹവുമായി കൈ കോര്‍ത്തു നിന്നു പ്രവര്‍ത്തിച്ചവരായിരുന്നു. ശ്രീനാരായണ ഗുരു വക്കം മൗലവിയുമായും സഹോദരന്‍ അയ്യപ്പന്‍ സീതി മുഹമ്മദ് ഹാജിയും സീതി സാഹിബും ആയും ചേര്‍ന്നു പ്രവര്‍ത്തിച്ചവരാണ്. വളരെ വിശാലമായ സാമൂഹിക കാഴ്ചപ്പാടായിരുന്നു സഹോദരന്‍ അയ്യപ്പന്റേത്.
ഇത്തരം കൂട്ടായ്മയിലൂടെ നേടിയെടുത്ത പുരോഗതിയുണ്ടായ ഈഴവ സമൂഹത്തിലെ പിന്‍മുറക്കാര്‍ സാമൂഹിക നേട്ടത്തിനപ്പുറം സാമ്പത്തിക നേട്ടത്തിലേക്കു മാത്രമായി ചുരങ്ങിയെന്നു കാണാം. സമ്പത്തുള്ളവര്‍ ഇല്ലാത്തവരെ ചേര്‍ത്തുപിടിക്കുന്നതിലും വലിയ അന്തരം കാണാനാകും. സമുദായങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ തുടര്‍ച്ചകള്‍ പില്‍ക്കാലത്തുണ്ടായോ എന്നും സംശയമാണ്.
നായര്‍ സമുദായം വളരെ സ്പിരിറ്റോടു കൂടി സമുദായാംഗങ്ങളുടെ എല്ലാ തലത്തിലുമുള്ള പുരോഗതിയില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയതായി മനസ്സിലാക്കാം. ഈഴവ, മുസ്‌ലിം വിഭാഗങ്ങളെക്കാള്‍ ജാഗ്രത ആ കാര്യത്തില്‍ അവര്‍ കാണിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ സമുദായം മറ്റുള്ളവരെ അപേക്ഷിച്ച് പുറത്തു നിന്ന് വലിയ തോതില്‍ സാമ്പത്തിക ഉറവിടം ഉള്ള വിഭാഗമാണ്. അതുവെച്ച് അവര്‍ സമുദായത്തെയും അംഗങ്ങളെയും വളര്‍ത്താന്‍ പൂര്‍ണമായി ശ്രദ്ധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലത്തു തന്നെ ഭരണകൂടത്തോട് ചേര്‍ന്നുകൊണ്ട് സമുദായ പുരോഗതി നേടാനാണ് ക്രിസ്ത്യന്‍ വിഭാഗം പരിശ്രമിച്ചതെന്നു നമുക്കറിയാം. സമുദായത്തിലെ ബഹുഭൂരിപക്ഷവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായിരുന്നു. ഭരണകൂടത്തോട് ചേര്‍ന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും മിഷനറി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയായിരുന്നു അവര്‍.
നിലവിലുള്ള ഭരണകൂടത്തോട് ചേര്‍ന്നാവണം സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്ന നിലപാട് ക്രിസ്ത്യന്‍ സമുദായത്തിന് അന്നും ഇന്നും ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അതിനെവിടെയെങ്കിലും പോരായ്മ സംഭവിച്ചാല്‍ പല ടെക്‌നിക്കുകളും അവര്‍ പ്രയോഗിക്കും.
എന്നാല്‍ ഇതു പറഞ്ഞ് പ്രചരിപ്പിക്കാന്‍ നമുക്കു താല്പര്യമില്ല. ഇസ്‌ലാമിക ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു വ്യക്തിക്ക് ഒരിക്കലും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ കഴിയില്ല. ഏതൊരു സമുദായത്തെയും അധിക്ഷേപിക്കാന്‍ ആവില്ല. ഒരു സമുദായത്തിന്റെയും ന്യായമായ അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ല. നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി അവരോടൊപ്പം നിന്നു പ്രവര്‍ത്തിക്കാം എന്നല്ലാതെ ആരുടെയും അവകാശം നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നില്ല. അനര്‍ഹമായ അവകാശം പിടിച്ചുവാങ്ങുന്നത് സാമുദായികമായ അകല്‍ച്ചയ്ക്കു വഴിയൊരുക്കും. അത്തരം പലതും സമുദായങ്ങള്‍ക്ക് പൊതുവായി ഗുണം ചെയ്യില്ലെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

തന്ത്രങ്ങള്‍
മാറേണ്ട കാലമാണ്

വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുസ്‌ലിം സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ നമ്മുടെ സ്ട്രാറ്റജി ഒരുപാട് മാറേണ്ടതുണ്ട്. സമ്പത്തുണ്ടാക്കാന്‍ എന്തു വഴിയും സ്വീകരിക്കണമെന്നല്ല പറയുന്നത്. മതം പൊതു പ്രശ്‌നങ്ങളിലേക്കു വലിച്ചിഴയ്ക്കുകയോ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയോ അരുത്. സ്ത്രീ വിദ്യാഭ്യാസത്തിലും വനിതാ ശാക്തീകരണത്തിലും എടുക്കുന്ന നിലപാട് തുറന്ന പുസ്തകമായിരിക്കണം. നിലപാടുകള്‍ എടുക്കാനും പറയാനും മടിക്കുന്നതും നിശ്ശബ്ദമായിരിക്കുന്നതും വലിയ അപകടമാണ്. സമുദായത്തിലെ ഒരു വിഭാഗത്തെ, വിശേഷിച്ച് യുവജനങ്ങളെ മാറിച്ചിന്തിക്കാനും പുറത്തേക്കു പോകാനും മതവിരുദ്ധ നിലപാടുകളിലേക്ക് എത്തിക്കാനും വഴിയൊരുക്കുമെന്ന അപകടം നമ്മള്‍ കാണാതിരിക്കരുത്.
ഇപ്പോഴത്തെ മുസ്‌ലിം സമുദായം ബാഹ്യതലത്തില്‍ ഏറെ ‘പുരോഗമനപരം’ ആയെങ്കിലും അതിന്റെ ആഭ്യന്തര ഘടനയും മനോനിലയും യാഥാസ്ഥിതികമായി മാറുന്നു എന്ന് അഭിപ്രായമുണ്ട്. പുറമേക്കുണ്ടായ നേട്ടവും പുരോഗതിയും ആന്തരികമായി ഇല്ലാത്തതുകൊണ്ടാണല്ലോ പല വിവാദങ്ങളിലും നാം ചെന്നുപെടുന്നത്.

Back to Top