1 Tuesday
July 2025
2025 July 1
1447 Mouharrem 5

കേരള മുസ്‌ലിം ചരിത്രത്തിന്റെ സഞ്ചരിക്കുന്ന റഫറന്‍സ്‌

അബ്ദുറഹ്മാന്‍ മങ്ങാട് / ഹാറൂന്‍ കക്കാട്‌


അത്യപൂര്‍വ ചരിത്രരേഖകളുടെ നിധികുംഭവുമായി മലപ്പുറം ജില്ലയിലെ കക്കോവില്‍ ഒരു മനുഷ്യന്‍ ഉറങ്ങാതിരിക്കുന്നുണ്ട്. കൗമാരകാലത്ത് തുടങ്ങിയ കൗതുകകരമായ ഈ ഉപാസനയ്ക്ക് എഴുപതാം വയസ്സിലും യാതൊരുവിധ മങ്ങലുമേറ്റിട്ടില്ല. പൂര്‍വാധികം ശക്തിയോടെ തന്റെ നിയോഗം നെഞ്ചേറ്റുകയാണ് അബ്ദുറഹ്മാന്‍ മങ്ങാട് എന്ന ധിഷണാശാലി.
ലോക പ്രശസ്ത പണ്ഡിതനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഉള്‍പ്പെടെ കേരളത്തിലെ അറബി ഗ്രന്ഥകാരന്മാരുടെ അത്യപൂര്‍വ രചനകള്‍, പൗരാണികരായ അറബി ഗ്രന്ഥകാരന്മാര്‍ക്കു പുറമേ ഒന്നോ രണ്ടോ ദശാബ്ദങ്ങള്‍ക്കിടയിലും മുമ്പുമായി മരണമടഞ്ഞ അറബി ഗ്രന്ഥകാരന്മാരുടെ രചനകള്‍, വടക്കേ ഇന്ത്യയിലെ പൗരാണികരും ആധുനികരുമായ മുസ്‌ലിം പണ്ഡിതന്മാരുടെ അത്യപൂര്‍വ രചനകള്‍, കേരള മുസ്‌ലിംകളുടെ പുരാതന പൈതൃകമായ അറബിമലയാള ലിപിയിലുള്ള വിവിധയിനം ഗ്രന്ഥങ്ങള്‍, 18-19 നൂറ്റാണ്ടുകളിലെ കേരളീയ പണ്ഡിതന്മാരുടെ അറബിയിലും അറബിമലയാള ലിപിയിലുള്ളതുമായ വ്യത്യസ്ത വിഷയങ്ങളെ പുരസ്‌കരിച്ച ഫത്‌വകളുടെ സമാഹാരങ്ങള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് പുറത്തിറങ്ങിയ നോട്ടീസുകള്‍- അങ്ങനെ ആധികാരികമായ ഒട്ടേറെ അമൂല്യരേഖകളുടെ വൈജ്ഞാനിക ഖജനാവാണിത്.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍അമീന്‍ പത്രം, കെ സി കോമുക്കുട്ടി മൗലവിയുടെ നിസാഉല്‍ ഇസ്‌ലാം, കെ എം മൗലവിയുടെ അല്‍മുര്‍ഷിദ്, സി എന്‍ അഹ്മദ് മൗലവിയുടെ അന്‍സാരി, തിരൂരിലെ സി സൈതാലിക്കുട്ടി മാസ്റ്ററുടെ സ്വലാഹുല്‍ ഇഖ്‌വാന്‍, അല്‍ബയാന്‍, അല്‍ഇത്തിഹാദ്, കേസരി, യുവകേസരി, അല്‍മനാര്‍, അല്‍ബുഷ്‌റ, പൗരശക്തി, പ്രഭാതം, ന്യൂ അന്‍സാരി, ചിന്തകന്‍, അല്‍ഫാറൂഖ്, സുബ്‌ലുസ്സലാം തുടങ്ങിയവയും മുന്നൂറിലേറെ മുസ്‌ലിം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്മരണികകളും സുവനീറുകളും ഇവിടെയുണ്ട്. വിവിധ ഖുര്‍ആന്‍ തഫ്‌സീറുകളും പ്രവാചക ചരിത്രഗ്രന്ഥങ്ങളും ചരിത്രപ്രാധാന്യമുള്ള എഴുത്തുകുത്തുകളും ഈ ശേഖരത്തിലുണ്ട്.
ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ കടന്നുവരുന്ന വിവിധ വിഷയങ്ങളെ കുറിച്ച് അവലംബിക്കാവുന്ന വിലപിടിപ്പുള്ള പഴയ ഗ്രന്ഥങ്ങള്‍ അലമാരയില്‍ നിന്ന് അതിവേഗം എടുത്ത് അദ്ദേഹം എന്റെ കൈയിലേക്ക് തരും. ഓരോ പുസ്തകത്തിന്റെയും ഉള്ളടക്കം ഉള്‍െപ്പടെ മുഴുവന്‍ കാര്യങ്ങളും കൃത്യമായി അദ്ദേഹത്തിന്റെ നാവില്‍ നിന്ന് പെയ്തിറങ്ങും. ചരിത്രത്തിന്റെ ഓരോ അടരുകളോടും അത്രമേല്‍ ആത്മബന്ധം ദൃഢമാണ് മങ്ങാട് മാഷിന്. എന്നാല്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും കൃത്യമായ ചരിത്രബോധമില്ലാത്തതിനാല്‍ നശിച്ചുപോയ ഒട്ടേറെ വിലപിടിപ്പുള്ള രേഖകളും അമൂല്യമായ ശേഷിപ്പുകളും അദ്ദേഹത്തിന്റെ നികത്താനാവാത്ത വലിയ സങ്കടമായി സംഭാഷണത്തില്‍ നിറഞ്ഞുനിന്നു.
പതിനഞ്ചോ പതിനാറോ വയസ്സ് മാത്രമുണ്ടായിരുന്ന കൗമാരപ്രായത്തില്‍ തുടങ്ങിയ ചരിത്രരേഖകള്‍ മാറോടണക്കാനുള്ള മുഹബ്ബത്തിനും, അത്തരം പൈതൃകങ്ങള്‍ തേടിയുള്ള മുഷിപ്പില്ലാത്ത സഞ്ചാരത്തിനും പിന്നില്‍ കൗതുകകരമായ ഓര്‍മകള്‍ ഒരുപാട് പറയാനുണ്ട് മാഷിന്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മുഴുസമയവും ഊര്‍ജസ്വലതയോടെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് ഈ മഹാ യജ്ഞം. നിരവധി ഗവേഷകരും വിദ്യാര്‍ഥികളും ചരിത്രകുതുകികളും കക്കോവിലുള്ള ഈ അക്ഷര ഖജനാവിലെ അക്ഷയനിധി തേടി ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഒട്ടും മുഷിപ്പില്ലാതെ ഈ ഇല്‍മിന്റെ ബഹ്ര്‍ ചരിത്ര ഗവേഷകര്‍ക്കും വിജ്ഞാനകുതുകികള്‍ക്കും വേണ്ടുവോളം തെളിനീര്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു.
എങ്ങനെ അബ്ദുറഹ്മാന്‍ മങ്ങാട് എന്ന അധ്യാപകന്‍ ഒരു ചരിത്രകാരനായി? അക്ഷരങ്ങള്‍ ചുവരുകള്‍ തീര്‍ത്ത അദ്ദേഹത്തിന്റെ എഴുത്തുമുറിയിലെ കസേരയിലിരുന്ന് മങ്ങാട് മാഷ് പുഞ്ചിരിയോടെ ജീവിതം പറയുന്നു. നമുക്കൊരു പക്ഷേ തീര്‍ത്തും നിസ്സാരമെന്ന് തോന്നുന്ന ഓരോരോ അറിവിന്റെ പൊരുളും തേടി കേരളത്തിന്റെ മുക്കുമൂലകളില്‍ അദ്ദേഹം സഞ്ചരിച്ച കഥകള്‍! വിലപ്പെട്ട വിജ്ഞാനമുത്തുകളുടെ ശേഖരണത്തിനായി സമര്‍പ്പിച്ച ജീവിതയാത്രകള്‍! കര്‍മനൈരന്തര്യത്തിന്റെ ആ നാള്‍വഴികള്‍ പുതുതലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം.
ഗവേഷകരും പണ്ഡിതരും സാധാരണക്കാരും ഒരുപോലെ ഉപയോഗപ്പെടുത്തിയ വലിയ ഒരു ലൈബ്രറിയാണ് കക്കോവിലുള്ള മങ്ങാട് മാഷിന്റെ വീട്. സര്‍വകലാശാലകള്‍ നല്‍കുന്ന അക്കാദമിക യോഗ്യതയേക്കാള്‍ എത്രയോ മുകളില്‍ വരുന്നതാണ് അദ്ദേഹത്തിന്റെ അന്വേഷണങ്ങളും പഠനങ്ങളും അപൂര്‍വ ശേഖരങ്ങളും.
അറബി, അറബിമലയാളം, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂര്‍വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും വിപുലമായ ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളില്‍ താല്‍പര്യമുള്ളവരുടെ മുഖ്യ അവലംബമാണ്. മാപ്പിള പാരമ്പര്യ പഠനങ്ങള്‍ ജീവിതസപര്യയാക്കിയ അബ്ദുറഹ്മാന്‍ മങ്ങാട് കക്കോവിലെ വീട്ടിലിരുന്ന് ശബാബിനോട് മനസ്സു തുറക്കുന്നു.
? കുടുംബം, സേവനമേഖലകള്‍, രചനകള്‍ തുടങ്ങിയവയില്‍ നിന്ന് നമുക്ക് സംസാരം തുടങ്ങാം.
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് പ്രദേശത്ത് 1953ല്‍ ഹസന്‍-കുഞ്ഞാത്തുമ്മ ദമ്പതികളുടെ മകനായാണ് എന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദര്‍സ് പഠനത്തിനു ചേര്‍ന്നു. പിന്നീട് പ്രൈവറ്റായി പരീക്ഷ എഴുതി എസ് എസ് എല്‍ സി, അഫ്ദലുല്‍ ഉലമ, അദീബെ ഫാസില്‍ എന്നിവ വിജയിച്ചു. 1977ല്‍ പി എസ് സി മുഖേന കാസര്‍കോഡ് ജില്ലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരൂര്‍ ജെ എം ഹൈസ്‌കൂളില്‍ ജോലി ചെയ്തു. 2008ല്‍ മലപ്പുറം ജില്ലയിലെ ചേളാരി ഹൈസ്‌കൂളില്‍ നിന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. റാബിത്വത്തുല്‍ അദബില്‍ ഇസ്‌ലാമി (കേരള), കേരള ഇസ്‌ലാമിക് അക്കാദമി എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സി എച്ച് മുഹമ്മദ് കോയ ചെയറില്‍ റിസര്‍ച്ച് ഓഫീസറായി സേവനമനുഷ്ഠിക്കുന്നുണ്ട്.
കക്കോവിലെ പി വി സുലൈഖയാണ് സഹധര്‍മിണി. എം നൗഷാദ്, നാഫില, നബീല, അഹ്മദ് നസീഫ് എന്നിവരാണ് മക്കള്‍.
1921 ഫത്‌വകള്‍ ആഹ്വാനങ്ങള്‍, ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍, ഇശല്‍ പൂത്ത മലയാളം, സച്ചരിതര്‍, കെ എം മൗലവിയുടെ ഫത്‌വകള്‍, ഇസ്‌ലാം ക്വിസ്, നിസാഉല്‍ ഇസ്‌ലാം, കേരള മുസ്‌ലിം ഐക്യസംഘം, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകള്‍, ഇര്‍ശാദുല്‍ ആമ്മ, ഐക്യസംഘം രേഖകള്‍ തുടങ്ങി ഇരുപതോളം പുസ്തകങ്ങള്‍ രചിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഡോ. സി കെ കരീം സമാഹരിച്ച കേരള മുസ്‌ലിം ഡയറക്ടറി (മൂന്നു വാള്യങ്ങള്‍), ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാം വിജ്ഞാനകോശം, പൂങ്കാവനം ബുക്‌സിന്റെ ഇസ്‌ലാമിക വിജ്ഞാനകോശം ഉള്‍െപ്പടെ വിവിധ രചനാസംരംഭങ്ങളിലും ഞാന്‍ പങ്കാളിയായിട്ടുണ്ട്.

? ചരിത്രവിഷയങ്ങളോട് ഇഷ്ടം മുളപൊട്ടിയ കാലത്തെക്കുറിച്ച്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഞാന്‍ അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് പള്ളിദര്‍സില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നെങ്കിലും ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടത്തെ പഠനരീതികളോട് എനിക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. ആ സമയത്ത് സുഹൃത്തും പണ്ഡിതനുമായ അബുല്‍ഖൈര്‍ മൗലവി എന്നോട് പറഞ്ഞു: ”പഠനം അവസാനിപ്പിക്കരുത്. നിനക്ക് പറ്റിയ നല്ലൊരു ദര്‍സ് കക്കോവിലുണ്ട്. അവിടെ ചേര്‍ന്നു പഠിക്കാം.”
എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഇത്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ഞാന്‍ കക്കോവ് ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ ചേര്‍ന്നു. മികച്ച ഇസ്‌ലാമിക വൈജ്ഞാനിക കൃതികളാല്‍ സമ്പന്നമായ വിപുലമായൊരു ലൈബ്രറി ഈ ദര്‍സിന്റെ സവിശേഷതയായിരുന്നു. അന്ന് പുറത്തിറങ്ങിയിരുന്ന എല്ലാ മികച്ച പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭിച്ചിരുന്നു. മസ്ഊദ് ആലം നദ്‌വിയുടെയും ശിബ്‌ലി നുഅ്മാനിയുടെയും അല്‍ ളിയാഅ മാസികയുടെ ഒറിജിനല്‍ കോപ്പികള്‍ ഭംഗിയായി ബൈന്‍ഡ് ചെയ്ത് ഇവിടെ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ദര്‍സിലെത്തിയ ഇഹ്തിശാമുല്‍ ഹഖ് നദ്‌വി ഇത് കണ്ടു. കേരളത്തിലെ ഒരു ലൈബ്രറിയില്‍ ഇതിന്റെ കോപ്പികള്‍ കാണാനിടയായപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു. അവരുടെ ശേഖരത്തില്‍ പോലും അല്‍ ളിയാഅയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മാത്രമേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
മമ്പുറം ഫസല്‍ പൂക്കോയ തങ്ങളുടെ മുഴുവന്‍ കൃതികളും മൗലാനാ മൗദൂദിയുടെയും മീര്‍സാ ഗുലാം ഖാദിയാനിയുടെയും ഖുര്‍ആന്‍ തഫ്‌സീറുകളും ഈ ലൈബ്രറിയില്‍ ലഭ്യമായിരുന്നു. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ടെഴുതിയ അല്ലാമാ ഫൈസിയുടെ സ്വവാത്തില്‍ ഇഅ്‌ലാം ഇവിടെ മാത്രമാണുണ്ടായിരുന്നത്. താരീഖുല്‍ മഹാളിറയുടെ നാല് വാല്യങ്ങള്‍, അല്‍ അറബി, തഹ്മീറെ ഹയാത്ത്, അല്‍ഫാറൂഖ്, അല്‍ബയാന്‍, അല്‍ഹിലാല്‍, അല്‍ബഅ്‌സുല്‍ ഇസ്‌ലാമി തുടങ്ങി വിജ്ഞാനപ്രദമായ നിരവധി പ്രസിദ്ധീകരണങ്ങളാല്‍ ധന്യമായിരുന്നു ഈ ലൈബ്രറി.

? ജീവിതത്തില്‍ മറക്കാനാവാത്ത മധുരാനുഭവങ്ങള്‍ പകര്‍ന്ന അധ്യാപകരെക്കുറിച്ച്.
എന്റെ ജീവിതത്തില്‍ എല്ലാ അര്‍ഥത്തിലും തണല്‍ വിരിച്ച മാതൃകാധ്യാപകനായിരുന്നു മുന്നൂര്‍ സ്വദേശി എം പി അഹ്മദ്കുട്ടി മൗലവി. 1970 മുതല്‍ 77 വരെ കക്കോവ് പള്ളിദര്‍സിലെ ഞങ്ങളുടെ എന്റെ പഠനകാലത്ത് അദ്ദേഹമായിരുന്നു പ്രധാന ഗുരുനാഥന്‍. മികച്ച പണ്ഡിതനും ചിന്തകനുമായിരുന്ന അദ്ദേഹത്തിനു കീഴില്‍ പഠിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ സൗഭാഗ്യമായിത്തീര്‍ന്നു. അക്കാലത്തെ പല പള്ളിദര്‍സുകളിലെയും വിദ്യാര്‍ഥികളെ വീടുകള്‍ തോറും പിരിവിന് അയക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. യാചനാസംസ്‌കാരം വളരാന്‍ അത് നിമിത്തമാവുമെന്ന് നിരീക്ഷിച്ച അദ്ദേഹം നിര്‍ധന കുട്ടികളുടെ ദര്‍സ് പഠന നടത്തിപ്പിന് ‘ഇംദാദുല്‍ മസാകീന്‍’ എന്ന സംവിധാനത്തിലൂടെയാണ് ഫണ്ട് കണ്ടെത്തിയിരുന്നത്.
ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്മാരുമായും വിവിധ സംഘടനകളുമായും അക്കാലത്ത് കത്തെഴുത്ത് നടത്താറുണ്ടായിരുന്നു അഹ്മദ്കുട്ടി മൗലവി. അബുല്‍ ഹസന്‍ അലി നദ്‌വി, മന്‍സൂര്‍ നുഅ്മാനി, ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബ് എന്നിവരുമായിട്ടൊക്കെയായിരുന്നു മൗലവിയുടെ പ്രധാനപ്പെട്ട കത്തിടപാടുകള്‍ നടന്നിരുന്നത്. അദ്ദേഹം നടത്തിയിരുന്ന കത്തിടപാടുകള്‍ വിദ്യാര്‍ഥികളായ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുമായിരുന്നു. വൈജ്ഞാനിക മേഖലകളോട് കൂടുതല്‍ ആഭിമുഖ്യം വളരാനും ഭാഷയില്‍ നിപുണത നേടാനും ഈ കത്തുവായനകള്‍ നിമിത്തമായി.
ഒരു ദിവസം എ പി അഹ്മദ്കുട്ടി മൗലവി എന്നോട് ചോദിച്ചു: ‘ഈ പ്രസിദ്ധീകരണങ്ങളിലെ ആശയങ്ങളെല്ലാം നിനക്ക് മനസ്സിലാവുന്നുണ്ടോ?’ ‘അതെ’ എന്ന് ഞാന്‍ മറുപടി നല്‍കിയപ്പോള്‍ ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘എങ്കില്‍ ഇതില്‍ പ്രസിദ്ധീകരിച്ചു വരുന്ന ലോക മുസ്‌ലിം വാര്‍ത്തകള്‍ എഴുതിത്തരൂ. ഞാന്‍ അവ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കാം.’
അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ അതിരറ്റ ആഹ്ലാദം സമ്മാനിച്ചു. ഇതായിരുന്നു എന്റെ രചനാലോകത്തേക്കുള്ള തുടക്കം. ഉസ്താദിന്റെ പ്രോത്സാഹനാര്‍ഥം ഞാനെഴുതിയ ലേഖനങ്ങള്‍ ചന്ദ്രികയിലും മറ്റും അച്ചടിച്ചുവന്നു.
പ്രധാനപ്പെട്ട ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍ വായിക്കാന്‍ കക്കോവ് പള്ളിദര്‍സിലെ പഠന കാലയളവില്‍ എനിക്ക് അവസരമുണ്ടായി. പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും ചരിത്രങ്ങള്‍ ആഴത്തില്‍ അന്ന് വായിക്കാന്‍ കഴിഞ്ഞു. ഒരു പുസ്തകം വായിക്കുന്നതിനു മുമ്പ് അതിന്റെ ഗ്രന്ഥകര്‍ത്താവിനെയും പ്രസ്തുത ഗ്രന്ഥം എഴുതാനുണ്ടായ സാഹചര്യത്തെയും ഗ്രന്ഥരചന നടന്ന കാലത്തെയും ഗ്രന്ഥകാരന്റെ സാമൂഹിക സ്ഥിതിവിശേഷത്തെയും കുറിച്ച് ഏകദേശ ധാരണയെങ്കിലും ഉണ്ടാവണമെന്ന് ഞാന്‍ മനസ്സിലാക്കിയത് എം പി അഹ്മദ്കുട്ടി മൗലവിയില്‍ നിന്നാണ്.
? കക്കോവ് പള്ളിദര്‍സിലെ പഠനകാലത്തു തന്നെ വിവിധ പ്രസിദ്ധീകരണങ്ങളുടെ ശേഖരണം താങ്കള്‍ തുടങ്ങിയിരുന്നോ?
കക്കോവ് പള്ളിയിലെ ലൈബ്രറി നിരവധി പേര്‍ ഗവേഷണ ആവശ്യാര്‍ഥം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഡോ. സി കെ കരീം വന്ന സമയത്ത് എന്നോട് പറഞ്ഞു: ”ഇതൊരു അപൂര്‍വ ശേഖരമാണ്. ഇത് കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.” എന്നാല്‍ പില്‍ക്കാലത്ത് ഈ ലൈബ്രറിയിലെ പല വിലപ്പെട്ട ഗ്രന്ഥങ്ങളും നഷ്ടപ്പെടുകയായിരുന്നു. പലതും ഓര്‍മ മാത്രമായി.
ഇത്തരം വിജ്ഞാനശേഖരങ്ങളുടെ മൂല്യവും സ്ഥാനവും മനസ്സിലാക്കിയ ഞാന്‍ കേരളത്തിലും മറ്റും പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ആദ്യ ലക്കം മുതല്‍ സാധ്യമാവുന്നത്ര വില കൊടുത്ത് വാങ്ങാനും മതിയായ പ്രാധാന്യത്തോടെ അവയെല്ലാം സൂക്ഷിക്കാനും തുടങ്ങി. ക്രമേണ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമായി ഇത് മാറി. ഇതിനായി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും വളരെ നിസ്സാരമായാണ് ഇത്തരം പൈതൃകങ്ങളെ സമീപിക്കാറുള്ളത്. അതിനാല്‍ വിലപ്പെട്ട പല രേഖകളും നമുക്ക് നഷ്ടമായിട്ടുണ്ട്. (തുടരും)

Back to Top