കേരള മുസ്‌ലിംകളിലെ ശീഅ സ്വാധീനം
പി കെ മൊയ്തീന്‍ സുല്ലമി
വിശ്വാസപരമായി ഇരുവിഭാഗം സമസ്തക്കാരും അവരെ അന്ധമായി അനുകരിക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങളും ശീഅകളും ത്വരീഖത്തുകാരും സൂഫികളും ഒരേ ആദര്‍ശത്തില്‍ നിലകൊള്ളുന്നവരാണ്. തൗഹീദിന്റെ കാര്യത്തില്‍ ഇരുവിഭാഗം സമസ്തക്കാരും സമ്പൂര്‍ണമായും ശീഅകളെ അന്ധമായി അനുകരിക്കുന്നവരാണ്. അല്ലാഹുവോട് പള്ളികളില്‍ വെച്ച് പ്രാര്‍ഥിക്കുന്നതിനെക്കാളും ശീഅകള്‍ പ്രാധാന്യം നല്‍കാറുള്ളത് മരണപ്പെട്ടു പോയ അമ്പിയാ ഔലിയാക്കളുടെ ഖബ്‌റിടത്തില്‍ ചെന്ന് അവരോട് പ്രാര്‍ഥിക്കുന്നതിനാണ്. ഖബ്‌റാരാധന തുടങ്ങിവെച്ചത് യഹൂദികളാണെങ്കിലും അത് സമസ്തക്കാരിലേക്ക് കടന്നുവന്നത് ശീഅകളിലൂടെയാണ്.
യഹൂദികളെ സംബന്ധിച്ചും ക്രിസ്ത്യാനികളെ സംബന്ധിച്ചും നബി(സ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി: ”യഹൂദികളെയും നസ്വാറാക്കളെയും അല്ലാഹു ശപിച്ചിരിക്കുന്നു. പ്രവാചകന്മാരുടെ ഖബ്‌റുകളെ അവര്‍ ആരാധനാ സ്ഥലങ്ങളായി സ്വീകരിച്ചിരിക്കുന്നു.” (ബുഖാരി, മുസ്‌ലിം)
ആഇശ(റ) പറയുന്നു: ”അവര്‍ (ജൂത ക്രിസ്ത്യാനികള്‍) അവരില്‍ നിന്നുള്ള ഒരു സ്വാലിഹായ മനുഷ്യന്‍ മരിച്ചാല്‍ അയാളുടെ ഖബ്‌റിന്മേല്‍ ഒരു ആരാധനാലയം നിര്‍മിക്കും.” (ബുഖാരി, മുസ്‌ലിം). ഈ അനാചാരം ജൂത ക്രിസ്ത്യാനികളില്‍ നിന്നു നേര്‍ക്കുനേരെ സ്വീകരിച്ചത് ശീഅകളാണ്. അവരില്‍ നിന്നാണ് സമസ്തക്കാര്‍ സ്വീകരിക്കുന്നത്. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതിനെയും അവിടെ ആരാധനാ കര്‍മങ്ങള്‍ നടത്തുന്നതിനെയും നബി(സ)യും ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി സ്വീകരിച്ചു പോരുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ശക്തമായി എതിര്‍ത്തുപോന്നിട്ടുള്ളതാണ്. നബി(സ) പ്രസ്താവിച്ചതായി ജാബിര്‍(റ) പറയുന്നു: ”ഖബ്‌റുകള്‍ കുമ്മായമിടുന്നതിനെയും അതിന്മേല്‍ ഇരിക്കുന്നതിനെയും അതിന്മേല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെയും നബി(സ) നിരോധിച്ചിരിക്കുന്നു.” (മുസ്‌ലിം)
കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ സമനിരപ്പാക്കുകയെന്നത് അലി(റ)യോടുള്ള നബി(സ)യുടെ വസ്വിയ്യത്താണ്. അലി(റ) പറയുന്നു: നബി(സ) എന്നോട് ഇപ്രകാരം കല്പിച്ചുകൊണ്ട് എന്നെ നിയോഗിക്കുകയുണ്ടായി: കെട്ടിപ്പൊക്കപ്പെട്ട ഏത് ഖബ്‌റിന്റെ സമീപത്തു കൂടി നടന്നു പോകുന്ന പക്ഷവും നീ ആ ഖബ്‌റിനെ സമനിരപ്പാക്കാതെ വിടരുത്.” (ബസ്സാര്‍)
ഇത്തരം ഹദീസുകളെ മുസ്‌ല്യാക്കള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളത് അത് കാഫിറുകളുടെ ഖബ്‌റിനെ സംബന്ധിച്ചാണെന്ന് ജല്പിച്ചു കൊണ്ടാണ്. ഇസ്‌ലാമിന്റെ നിയമങ്ങള്‍ കാഫിറിനും മുശ്‌രിക്കിനും ബാധകമല്ല. പ്രസ്തുത ഹദീസുകള്‍ മുസ്‌ലിംകളുടെ ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതിനെ സംബന്ധിച്ചു തന്നെയാണെന്ന് മുഹദ്ദിസുകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അബുല്‍ഹയ്യാജ്(റ) പറയുന്നു: അലി(റ) എന്നോട് പറയുകയുണ്ടായി: എന്നെ നബി(സ) നിയോഗിച്ച ഒരു കാര്യത്തിന് താങ്കളെ ഞാന്‍ നിയോഗിക്കട്ടെയോ? അഥവാ കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ഖബ്‌റും താങ്കള്‍ സമനിരപ്പാക്കാതെ വിടരുത്. അതുകൊണ്ടുദ്ദേശിക്കുന്നത് മുസ്‌ലിംകളുടെ ഖബ്ര്‍ തന്നെയാണ്.” (അബ്ദുര്‍റസാഖ്)
സുമാമത്ത്(റ) പറയുന്നു: ”മുസ്‌ലിംകളുടെ ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും നബി(സ) നിരോധിക്കുകയുണ്ടായി.” (മുസ്വന്നഫു അബ്ദുര്‍റസാഖ്)
ഇമാം ശാഫിഈ(റ) പറയുന്നു: ”ഖബ്‌റുകള്‍ ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ മാത്രം ഉയര്‍ത്തുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതിന്മേല്‍ എടുപ്പുണ്ടാക്കാതിരിക്കാനും കുമ്മായമിടാതിരിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്. അത് അഹങ്കാരവും അലങ്കാരവും തോന്നിപ്പിക്കുന്നതാണ്. മരണം എന്നത് അവയിലൊന്നിന്റെയും സ്ഥാനത്തല്ല. മുഹാജിറുകളുടെയും അന്‍സ്വാരികളുടെയും ഖബ്‌റുകള്‍ കുമ്മായമിട്ടതായി ഞാന്‍ കണ്ടിട്ടില്ല. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും നബി(സ) നിരോധിച്ചതായി ത്വാഊസ്(റ) ഉദ്ധരിച്ചിട്ടുണ്ട്. മക്കയില്‍ കെട്ടിപ്പൊക്കപ്പെട്ട ഖബ്‌റുകളെ പൊളിച്ചുനീക്കാന്‍ കല്പിക്കുന്ന ഭരണാധികാരികളെ നാം കണ്ടിട്ടുണ്ട്.” (അല്‍ഉമ്മ് 1:246)
ഖബ്ര്‍ കെട്ടിപ്പൊക്കലും ഖബ്‌റാരാധനയും ശീഅ നിര്‍മിതങ്ങളായ ശിര്‍ക്കന്‍ അനാചാരങ്ങളാണ്. ശീഅകളുടെ വിശ്വാസത്തെക്കുറിച്ച് ഇബ്‌നുതൈമിയ(റ) പറയുന്നു: ”ഖബ്‌റിങ്ങല്‍ വെച്ച് (ഖബ്‌റാളിയോട്) പ്രാര്‍ഥിക്കുകയെന്നത് പള്ളികളില്‍ വെച്ച് (അല്ലാഹുവോട്) പ്രാര്‍ഥിക്കുന്നതിനെക്കാള്‍ ഉത്തരം ലഭിക്കുന്നതാണ്. ഹജ്ജ് കര്‍മത്തേക്കാള്‍ പുണ്യകരം അവരുടെ മഹത്തുക്കളുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതാണെന്ന അഭിപ്രായക്കാരും അവരിലുണ്ട്.” (മിന്‍ഹാജു സുന്നത്തിന്നബവിയ്യ 1:301)
ഇത്തരം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിസ്ഥാനത്തിലാണ് സമസ്തയിലെ പുരോഹിതന്മാര്‍ ഏര്‍വാടിയിലേക്കും അജ്മീറിലേക്കും സിയാറത്ത് ടൂറുകള്‍ സംഘടിപ്പിക്കുന്നത്. ചിലര്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങിവരാറുള്ളത് ഏര്‍വാടിയിലൂടെയോ അജ്മീറിലൂടെയോ ആയിരിക്കും. അതിന് അവരെ പ്രേരിപ്പിക്കുന്നത് അല്ലാഹുവെക്കാള്‍ ഉത്തരം നല്‍കാന്‍ അര്‍ഹതപ്പെട്ടവന്‍ ഖബ്‌റാളിയാണെന്ന ശീഅ വിശ്വാസമാണ്.
ശീഅകള്‍ നബി(സ)യെക്കാളും ഇതര സ്വഹാബികളെക്കാളും ശ്രേഷ്ഠനായി കാണുന്നത് അലി(റ)യെയാണ്. അതു തന്നെയാണ് സമസ്തക്കാരില്‍ ചിലരുടെ അഭിപ്രായവും. അടുത്ത കാലത്ത് സമസ്തയിലെ ഒരു പ്രസംഗകന്റെ വാക്ക് ഇപ്രകാരമായിരുന്നു: ”അലി(റ)യുടെ മുഖത്തേക്ക് നോക്കല്‍ ഇബാദത്താണ്. നബി(സ)യെ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠന്‍ അലി(റ)യാണ്.” ഈ വാദം ശീഅകളുടേതാണെന്ന് പറഞ്ഞ് ആ വ്യക്തിയെ സമസ്തയുടെ പ്രസിഡന്റ് തിരുത്തുകയും ചെയ്തു. ഇപ്പോഴും ഈ പ്രഭാഷകന്‍ സമസ്ത വേദികളില്‍ സ്ഥിരമാണ്.
സുന്നി പ്രസ്ഥാനങ്ങളുടെ വിശ്വാസ സമീപനങ്ങളില്‍ ശിര്‍ക്കിന്റെ അംശങ്ങളുണ്ട്. ശീഅകളുടെ ക്ഷണവും അല്ലാഹു അല്ലാത്ത ശക്തികളോട് പ്രാര്‍ഥിക്കാനും സഹായം തേടാനുമാണ്. ശൈഖ് മുഹമ്മദ് ഹിശാം രേഖപ്പെടുത്തുന്നു: ”വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നത് ശുദ്ധമായ തൗഹീദിലേക്കാണ്. ഇക്കൂട്ടര്‍ (ശീഅകള്‍) ക്ഷണിക്കുന്നത് ശിര്‍ക്കിലേക്കുമാണ്. അല്ലാഹുവിന് മധ്യവര്‍ത്തികളുണ്ടെന്ന് അവര്‍ വാദിക്കുന്നു. അവര്‍ അല്ലാഹു അല്ലാത്തവരോട് സഹായ പ്രാര്‍ഥന നടത്തുകയും വിളിച്ചു തേടുകയും ചെയ്യുന്നു.” (അല്‍ഖുര്‍ആനില്‍ കരീം വ മന്‍സിലതുഹു ബൈനസ്സലഫി 2:999)
അല്ലാഹു അല്ലാത്ത ശക്തികളോട് സഹായ പ്രാര്‍ഥന നടത്തുന്നതിനും അവരെ വിളിച്ചു തേടുന്നതിനും തെളിവുണ്ടാക്കാന്‍ വേണ്ടി സമസ്തക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ നിരവധിയാണ്.
കഅ്ബ ത്വവാഫ് ചെയ്യല്‍ ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങളില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: ”പുരാതനമായ ആ ഭവനത്തെ അവര്‍ പ്രദക്ഷിണം വെക്കുകയും ചെയ്തു കൊള്ളട്ടെ”(ഹജ്ജ് 29). എന്നാല്‍ ഖബ്‌റുകള്‍ ത്വവാഫ് ചെയ്യല്‍ യഹൂദ, നസ്വാറാക്കളുടെ ചര്യയാണ്. സമസ്തക്കാര്‍ക്ക് അത് പുണ്യകര്‍മമാണ്. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: ”ഒരാള്‍ ഖബ്ര്‍ സന്ദര്‍ശിക്കുന്ന പക്ഷം അവന്‍ തന്റെ കൈ ഖബ്‌റിന്മേല്‍ വെക്കരുത്. ഖബ്‌റിനെ ചുംബിക്കുകയും അരുത്. തീര്‍ച്ചയായും അത് യഹൂദികളുടെ സമ്പ്രദായമാണ്.” (അല്‍ഗുന്‍യാ 1:39)
ഇമാം ഗസ്സാലി പറയുന്നു: ”ഖബ്‌റുകള്‍ തൊട്ടുതടവലും ചുംബിക്കലും യഹൂദി നസ്വാറാക്കളുടെ സമ്പ്രദായമാണ്.” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:276). ഇമാം നവവി പറയു ന്നു: ”നബി(സ)യുടെ ഖബ്ര്‍ ത്വവാഫ് ചെയ്യല്‍ അനുവദനീയമല്ല. അത് കൈകൊണ്ട് സ്പര്‍ശിക്കുന്നതും ചുംബിക്കലും വെറുക്കപ്പെട്ടതാകുന്നു.” (അല്‍ഈളാഹ്, 919)
മേല്‍ പറഞ്ഞ ത്വവാഫടക്കമുള്ള എല്ലാ അനാചാരങ്ങളും ശീഅകള്‍ അവരുടെ ശൈഖുമാരുടെ ഖബ്‌റിടങ്ങളില്‍ ചെയ്തു പോരുന്നുണ്ട്. ശൈഖ് മിര്‍സാ ഹുസൈന്‍ രേഖപ്പെടുത്തുന്നു: ”തീര്‍ച്ചയായും അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതു പോലെ അവന്റെ ഭവനം ത്വവാഫ് ചെയ്യാന്‍ കല്പിച്ചു. എന്നാല്‍ ഇവര്‍ (ശീഅകള്‍) ഖബ്‌റുകള്‍ ത്വവാഫ് ചെയ്യാന്‍ അനുവാദം നല്‍കുന്നു.” (മുസ്തദ്‌റകുല്‍ വസാഇല്‍, 366)
കേരളത്തിലെ സമസ്തക്കാരില്‍ ചിലര്‍ ഖബ്‌റാളികളോട് പ്രാര്‍ഥിക്കുകയും ഖബ്‌റിനു മുന്നില്‍ സുജൂദ് പോലും ചെയ്യുന്നവരുമാണ്. ജലാലുദ്ദീനുസ്സുയൂഥി(റ) പറയുന്നു: ”ഇത് കാരണത്താല്‍ സ്വാലിഹീങ്ങളുടെ ഖബ്‌റിന്നരികില്‍ അവരോട് വിനയപ്പെട്ട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്ന നിരവധി വഴിപിഴച്ചവരെ നിനക്ക് കണ്ടെത്താന്‍ കഴിയും. അവര്‍ അല്ലാഹുവിന്റെ പള്ളിയില്‍ വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നതിനെക്കാള്‍ ഉപരിയായി മനസ്സുകൊണ്ട് ഖബ്‌റാളികളെ ആരാധിക്കുന്നവരാണ്. ഏത് ഖബ്‌റിലേക്കാണോ അവര്‍ യാത്ര പുറപ്പെടുന്നത് ആ ഖബ്‌റാളിയില്‍ നിന്ന് പള്ളിയില്‍ വെച്ചു നടത്തുന്ന പ്രാര്‍ഥനയെക്കാള്‍ ഉത്തരം പ്രതീക്ഷിക്കുന്നവരാണര്‍.” (അല്‍അംറു ബില്‍ ഇത്തിബാഇ വന്നഹ്‌യി അനില്‍ ഇബ്തിദാഇ, പേജ് 138).
ശീഅകളുടെ സൃഷ്ടിയാണ് മഹ്ദി ഇമാമിന്റെ ഇറക്കം. സമസ്തക്കാരും നവയാസ്ഥിതികരും ഖാദിയാനികളുമാണ് അതിന്റെ പ്രചാരകര്‍. ഇബ്‌നുതൈമിയ(റ) ശീഅകളിലെ പ്രബല വിഭാഗമായ റാഫിളികള്‍ പറഞ്ഞതായി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ”നബി(സ) പറയുകയുണ്ടായി: അവസാന കാലത്ത് എന്റെ സന്താനപരമ്പരയില്‍ നിന്ന് എന്റെ നാമത്തിലും ഉപനാമത്തിലും ഒരു മനുഷ്യന്‍ വരും. അദ്ദേഹം ഭൂമി നിറയെ നീതികൊണ്ട് നിറക്കും. അദ്ദേഹമാകുന്നു മഹ്ദി. അനന്തരം ഇബ്‌നുതൈമിയ്യ(റ) ഇപ്രകാരവും കൂടി പ്രസ്താവിച്ചു. മേല്‍പറഞ്ഞത് യാഥാര്‍ഥ്യവും അറിയപ്പെടുന്നതുമായിരുന്നെങ്കില്‍ അത് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുമായിരുന്നു.” (മിന്‍ഹാജു സുന്നത്തിന്നബവിയ്യ 2:576)
മഹ്ദിയുടെ ഇറക്കം സംബന്ധിച്ച് വന്ന ഹദീസുകള്‍ മുള്ത്വരിബ് (ആശയക്കുഴപ്പം) സൃഷ്ടിക്കുന്നതാണെന്നാണ് ജലാലുദ്ദീനുസ്സുയൂഥിയുടെ പക്ഷം. ”മഹ്ദിയുടെ ഇറക്കം സംബന്ധിച്ചുവന്ന ഹദീസുകള്‍ വ്യത്യസ്ത രൂപത്തിലാണ്. അപ്രകാരമാണ് പണ്ഡിതന്മാരുടെ പ്രസ്താവന. ചില ഹദീസുകള്‍ മര്‍യമിന്റെ പുത്രന്‍ ഈസായല്ലാതെ മഹ്ദിയില്ലായെന്നാണ്. ബഹുഭൂരിപക്ഷം ഹദീസുകളും അതിന് വിരുദ്ധവുമാണ്. ചില ഹദീസുകളില്‍ അദ്ദേഹം അഹ്‌ലു ബൈതില്‍ പെട്ടവനാണെന്നും മറ്റു ചിലതില്‍ അദ്ദേഹം ഫാത്വിമായുടെ സന്താനപരമ്പരയില്‍ പെട്ടതാണെന്നും വേറെ ചിലതില്‍ അദ്ദേഹം അബ്ബാസിന്റെ(റ) സന്താന പരമ്പരയില്‍ പെട്ടതാണെന്നും വന്നിട്ടുണ്ട്.” (അല്‍ഹാവീലില്‍ഫതാവാ 2:114)
ഈ വിഷയത്തില്‍ റശീദുരിദാ(റ)യുടെ പ്രസ്താവന ഇപ്രകാരമാണ്: ”മഹ്ദിയുടെ ഇറക്കം സംബന്ധിച്ച ഹദീസുകളുടെ കാര്യത്തില്‍ വന്ന വൈരുധ്യങ്ങള്‍ വ്യക്തവും ശക്തവുമാണ്. അത്തരം ഹദീസുകള്‍ യോജിപ്പിക്കല്‍ പ്രയാസകരമാണ്. ആ വിഷയത്തില്‍ വന്ന ബഹുഭൂരിപക്ഷവും തള്ളിക്കളയേണ്ടതാണ്. അത്തരം ഹദീസുകളില്‍ അവ്യക്തത പ്രകടമാണ്. അതുകൊണ്ടു തന്നെയാണ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ അവ ഉള്‍പ്പെടുത്താതിരുന്നതും.” (തഫ്‌സീറുല്‍ മനാര്‍ 9:499)
സമസ്തക്കാരുടെ മിക്കവാറും വിശ്വാസ കര്‍മ ദര്‍ശനങ്ങള്‍ ശീഅകളുടേതാണ്. അതുകൊണ്ടുതന്നെയാണ് സമസ്തക്കാര്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ആളുകളെ ക്ഷണിക്കാതെ അവരുടെ നാട്ടാചാരങ്ങളായ ശിആയിസത്തിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നതും. പക്ഷെ മുന്‍കാലങ്ങളില്‍ അവര്‍ ശീഅ ദര്‍ശനങ്ങളിലേക്ക് ആളുകളെ നേര്‍ക്കുനേരെ ക്ഷണിക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ അതും തുടങ്ങി എന്നു മാത്രം. അതിനാല്‍ സമസ്തക്കാര്‍ ശിആയിസം കൈവെടിഞ്ഞ് ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുവരേണ്ടതാണ്.