കേന്ദ്ര ഭരണപരാജയം: വിവാദങ്ങള്‍ മറയാക്കുന്നു

മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ ഒമ്പത് വര്‍ഷത്തെ ഭരണ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഏകസിവില്‍കോഡ് വിവാദത്തിലൂടെ ശ്രമിക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.
മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങള്‍ മാസങ്ങളായിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബി ജെ പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ആസൂത്രിതമായ വിദ്വേഷ പ്രചാരണങ്ങളിലുടെ രാജ്യത്തെ വര്‍ഗീയമായി വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ ദുരിതം പേറുകയാണ്. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാക്കി സാമുദായിക ധ്രുവീകരണത്തിലൂടെ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം വള്ളുവമ്പ്രത്ത് ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാ ഖാന്‍ നിര്‍വ്വഹിച്ചു. സമ്മേളന സംഘാടകസമിതി രക്ഷാധികാരി ടി പി അബ്ദുല്‍കബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ നൂറുദ്ദീന്‍, അലി മദനി മെറയൂര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി, എം എസ് എം ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍, സി അബ്ദുല്‍ ജലീല്‍, അബു തറയില്‍, ഹമീദലി മൊറയൂര്‍, ഇല്‍യാസ് മോങ്ങം, റഫീഖ് വള്ളുവമ്പ്രം, അബ്ദുല്ല മലപ്പുറം, ഇര്‍ഷാദ് അന്‍വാരി, എന്‍ എം മുസ്തഫ പ്രസംഗിച്ചു.
