12 Thursday
December 2024
2024 December 12
1446 Joumada II 10

കെജ്‌രിവാളിന്റെ അറസ്റ്റ് ആരുടെ വിശ്വാസ്യതയാണ് നഷ്ടമായത്?

മനു ജോസഫ്


ഇന്ത്യയുടെ ഇ ഡി സംവിധാനം ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണെന്നും അഴിമതിയുടെ കറയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയിലെ ചിലരെ പിന്തുടരുന്നതെന്നും ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ടാവാം. എന്നാല്‍, എന്റെ അറിവിലോ പരിചയത്തിലോ ഒരാള്‍ പോലും അത്തരത്തില്‍ ചിന്തിക്കുന്നവരായില്ല.
രാഷ്ട്രീയ കാരണങ്ങളാലാണ് കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് കരുതുന്നവരുമുണ്ട്. എന്നിരുന്നാല്‍ പോലും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാര്‍ക്ക് അനുകൂലമായ മദ്യനയം സ്വീകരിക്കാന്‍ കൈക്കൂലി പറ്റിയെന്ന വാദം തെളിയിക്കാന്‍ ഇ ഡിക്ക് എഎപിക്കു മേല്‍ വല്ല തുമ്പും കിട്ടിയിട്ടുണ്ടാവുമെന്നും ആളുകള്‍ വിശ്വസിക്കുന്നുണ്ട്.
അല്ലെങ്കില്‍ എങ്ങനെ ഡല്‍ഹി മുഖ്യമന്ത്രിയെ തന്റെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്യാനാവുമെന്നും മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയെ എങ്ങനെ മാസങ്ങള്‍ ജയിലിലിടാനും കഴിയും എന്നാണ് അവര്‍ ചിന്തിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നപോലെ മാപ്പുസാക്ഷികളായ ആരോപണവിധേയരുടെ മൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെ തെളിവായുള്ളത്. മറ്റു വല്ല തെളിവുകളും ഉള്ളതായി ഇതുവരെ അറിവില്ല.
2023 ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുന്ന സിസോദിയക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് സുപ്രീം കോടതി, ഒരു പോളിസി ഒരു കൂട്ടരെ സമ്പന്നമാക്കുന്നു എന്നതുകൊണ്ടു മാത്രം രാഷ്ട്രീയക്കാര്‍ ഈ നയം സ്വീകരിച്ചത് കൈക്കൂലിക്കു വേണ്ടിയാണെന്ന് തെളിയുന്നില്ല എന്നും, ഇവര്‍ക്കു നേരെയുള്ള കൈക്കൂലി ആരോപണം തെളിയിക്കാന്‍ അത് സ്ഥാപിക്കപ്പെടുന്ന തരത്തിലുള്ള ഒരു സാമ്പത്തിക ഒഴുക്ക് ഇ ഡി ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും നിരീക്ഷിക്കുകയുണ്ടായി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തെ അവലംബിച്ച് പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ എത്രത്തോളം എളുപ്പത്തില്‍ ഇ ഡിക്ക് ജയിലില്‍ അടയ്ക്കാന്‍ കഴിയുമെന്നും കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എത്ര വിമുഖരാണെന്നും ഈ മദ്യനയ കേസ് കാണിച്ചുതരുന്നുണ്ട്. ഈ അസാധാരണ സാഹചര്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണ്? അഴിമതി മുദ്രകുത്തി കെജ്‌രിവാള്‍ ജയിലിലടക്കപ്പെട്ടു എന്നതിന്റെ പരിണതി എന്താണ്?
ഭാരതീയ ജനതാ പാര്‍ട്ടി ഇവയൊക്കെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത് എന്നു ഞാന്‍ കരുതുന്നു. ഒരു സാധാരണ ബിജെപി അനുഭാവി കെജ്‌രിവാളിന്റെ അറസ്റ്റില്‍ രോഷാകുലനായേക്കില്ല. എന്നാല്‍, ദശലക്ഷക്കണക്കിന് ആളുകള്‍ രോഷാകുലരായേക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ആളുകള്‍ പൊതുവേ ഭീഷണികള്‍ ഇഷ്ടപ്പെടുന്നവരല്ല, പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍. ഒരാള്‍ ഭീഷണിക്ക് അടിമയാകുമ്പോള്‍ തങ്ങളാണ് അവിടെ ഭീഷണിക്കു വിധേയരാകുന്നത് എന്ന ചിന്ത കണ്ടുനില്‍ക്കുന്നവരില്‍ രൂപപ്പെടുന്നതുകൊണ്ടാകാം അത്. അതോടൊപ്പം കെജ്‌രിവാളിന്റെ വശ്യതയെക്കുറിച്ച് ബിജെപി ജാഗ്രതയിലാണെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതിയെ അവര്‍ വില കുറച്ചു കാണുന്നതായി തോന്നുന്നു. അദ്ദേഹത്തിനു വോട്ടു ചെയ്യുന്നില്ലെങ്കിലും ഒട്ടേറെ പേര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്.
ഒന്നിലധികം തവണ ഡല്‍ഹി അസംബ്ലി ഇലക്ഷന്‍ തൂത്തുവാരിയ കെജ്‌രിവാളിനെയും പാര്‍ട്ടിയെയും എന്താണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കിയതിന്റെ പേരില്‍- നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യ സംരക്ഷണം- നിരവധി ആളുകള്‍ അഭിനന്ദിക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു അറസ്റ്റ് കെജ്‌രിവാള്‍ എന്ന രാഷ്ട്രീയക്കാരന്റെ കരുത്തു വര്‍ധിപ്പിക്കാനുതകുന്നതാണ്. അദ്ദേഹത്തിന്റെ അറസ്റ്റിന്റെ മറ്റൊരു പ്രതിഫലനം, അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത സംശയത്തിലായി എന്നതാണ്.

ഇത്തരം സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്ന് ഒരു ശരാശരി ഇന്ത്യക്കാരന് മനസ്സിലായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ തിരിച്ചറിവ് ഉദയം കൊള്ളുന്നത് വിശുദ്ധ പണ്ഡിതന്മാരോ ആക്ടിവിസ്റ്റുകളോ കൂടാതെയാണ് എന്നത് പ്രധാനമാണ്. അത് വളരെ എളുപ്പത്തിലുള്ള ഒരു തിരിച്ചറിവുമല്ല. ഒരു സമ്മതിദായകന്റെ വീക്ഷണകോണില്‍ ഒരു ഗവണ്മെന്റിന്റെ ഗതിവിഗതികള്‍ക്കുള്ള അവകാശം ശക്തവും വ്യക്തവുമാണ്.
കോടതികള്‍, അന്വേഷണ ഏജന്‍സികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ പോലുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് തുല്യമായ പ്രതിബദ്ധതയുള്ളവരായിരിക്കണം എന്നത് സാധാരണയായി ഇന്ത്യന്‍ ബുദ്ധിജീവികള്‍ ഉന്നയിക്കുന്ന ഭക്തിനിര്‍ഭരമായ വാദമാണ്. അത് പ്രസക്തിക്കു വേണ്ടിയുള്ള സ്വന്തം പോരാട്ടത്തിന്റെ പ്രകടനമാണ്.
ഗവണ്മെന്റ് ജനങ്ങളുടെ പരിച്ഛേദമാണ്. ഇത്തരം സ്ഥാപനങ്ങള്‍ ജനാഭിലാഷത്തിന് എതിരു നിന്നാല്‍ പിന്നെ എങ്ങനെയാണ് അവരുടെ വിശാലമായ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുക? എല്ലാത്തിനുമുപരിയായി ഈ സ്ഥാപനങ്ങള്‍ ജനങ്ങള്‍ അപൂര്‍വമായി മാത്രം തിരഞ്ഞെടുക്കുന്ന ബുദ്ധിജീവികളുടെ കുത്തകാധികാരമല്ലേ?
വാസ്തവത്തില്‍, എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും ആധുനിക ഗവണ്‍മെന്റുകള്‍ ബൗദ്ധിക വര്‍ഗത്തോടും ബ്യൂറോക്രസിയോടുമുള്ള ബഹുജന അറപ്പിന്റെ പ്രകടനമല്ലേ? ഒരു സര്‍ക്കാര്‍ അധാര്‍മികമാണെന്ന് തോന്നുകയാണെങ്കില്‍, ഇത് മനുഷ്യ സ്വഭാവത്തിന്റെ മറ്റൊരു പ്രതിഫലനം മാത്രമല്ലേ? പിന്നെ എങ്ങനെയാണ് പണ്ഡിതന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയുക? ധാര്‍മികതയെയും നൈതികതയെയും കുറിച്ചുള്ള ചോദ്യത്തില്‍, ബ്യൂറോക്രാറ്റുകള്‍ക്ക് അവര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ എന്ത് അവകാശമാണുള്ളത്?
എന്നാല്‍, കെജ്‌രിവാളിന്റെ അറസ്റ്റ് പൗരാവകാശങ്ങളെക്കുറിച്ചുള്ള സ്‌കൂള്‍പാഠങ്ങളില്‍ വിവരിച്ച പോലെ സ്ഥാപനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. ഈ വിധം, ആപ് നേതാവിന്റെ അറസ്റ്റ് അടുത്തിടെ കഴിഞ്ഞുപോയ ഏതൊരു സംഭവത്തേക്കാളും സ്വതന്ത്ര സ്ഥാപനങ്ങളുടെ, വിശിഷ്യാ കോടതികളുടെ പ്രാധാന്യത്തിന് അടിവരയിടുന്നുണ്ട്.
നീതിക്കായുള്ള കെജ്‌രിവാളിന്റെ ഹരജി ഒരു കോടതി കേള്‍ക്കുകയും ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അവസരം മുതലെടുക്കാന്‍ അദ്ദേഹം തന്നെ കോടതിയില്‍ വരുകയും ചെയ്താല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ചില പരിഹാസ്യമായ വശങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ നിരത്താനാകും. പിഎംഎല്‍എക്കു കീഴില്‍ പ്രയോഗിക്കാന്‍ കഴിയുന്ന അസാധാരണമായ അധികാരങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതിക്ക് കഴിയും.
അടുത്തിടെ ചെയ്തതുപോലെ, ഇലക്ടറല്‍ ബോണ്ടുകള്‍ നിയമവിരുദ്ധമാണെന്ന് കോടതിക്ക് കണക്കാക്കാന്‍ കഴിയുമെങ്കില്‍, ഈ നിയമത്തിന്റെയും ക്രൂരമായ വശങ്ങളെ കണ്ടെത്താന്‍ കോടതിക്ക് സാധിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, തിരഞ്ഞെടുക്കപ്പെടാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനേക്കാള്‍ ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അത് തെളിയിക്കും. ഒരു സ്ഥാപനം ആശയങ്ങളുടെ തിരഞ്ഞെടുപ്പാണെന്ന് സാധാരണക്കാര്‍ക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞേക്കും.
അവിടെ പ്രചാരണവും പ്രേരണയുമുണ്ട്, പക്ഷപാതം പോലുമുണ്ട്. ആത്യന്തികമായി അനുയോജ്യമായ ആശയം വിജയിക്കുന്നു. ഈ അനുയോജ്യമായ ആശയമായിരിക്കും ഏറ്റവും ധാര്‍മികമായ പൊതുജന പിന്തുണയുള്ള ആശയം. ഒരു രാജ്യത്തിന് ധാര്‍മികമായ ഒരു വശമുണ്ടാവും. അതൊരുപക്ഷേ വോട്ടു കൊണ്ട് അളക്കാവതല്ല, അളക്കേണ്ടതേയല്ല. ഭീഷണികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു എന്നതാണ് അതിന്റെ വിജയം.
വിവ.
ഷബീര്‍ രാരങ്ങോത്ത്‌

Back to Top