12 Thursday
December 2024
2024 December 12
1446 Joumada II 10

കീഴോര്‍ സമൂഹങ്ങളും സാമൂഹിക ജനാധിപത്യ രാഷ്ട്രീയവും

ഡോ. കെ എസ് മാധവന്‍


ബ്രാഹ്മണ്യത്തിന്റെ മൂല്യവിചാരങ്ങള്‍ക്കും മതജീവിതത്തിനും അടിസ്ഥാനപ്പെടുത്തുന്ന ദൈനംദിന ജീവിതക്രമങ്ങളെ ആചാരമര്യാദകളും ധര്‍മാനുഷ്ഠാനങ്ങളുമായി കാണുന്ന വരേണ്യ-ഹിന്ദുജാതികള്‍ സനാതന ഹിന്ദുക്കളും ജാതി ഹിന്ദുക്കളുമായി നിലനില്‍ക്കുന്ന സാമൂഹികക്രമവും അതിന്റെ ധാര്‍മിക പദ്ധതിയും അംബേദ്കര്‍ തുറന്നുകാണിക്കുന്നു. ജാതി ഹിന്ദുക്കള്‍ക്കും അവര്‍ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും കീഴോര്‍ സമൂഹങ്ങളുടെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം എറ്റെടുക്കാന്‍ അവകാശമില്ല എന്ന് അംബേദ്കര്‍ സ്ഥാപിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരും വിഘടിതരുമായി (ആൃീസലി ജലീുഹല) അയിത്ത ജാതികള്‍ മാറിയത് ജാതി ബ്രാഹ്മണ്യത്തിന്റെയും ബ്രാഹ്മണ്യ മത പ്രയോഗങ്ങളുടെയും ഹിംസാത്മകമായ ആധിപത്യം മൂലമാണ്. അസ്പ്രശ്യ സമൂഹങ്ങള്‍ക്ക് മേല്‍ ഭരണം നടത്താന്‍ ജാതി ഹിന്ദുക്കള്‍ക്ക് അവകാശമില്ല എന്ന് അംബേദ്കര്‍ പറയുന്നു. ജാതി വ്യവസ്ഥയും വര്‍ണ മൂല്യങ്ങളും ബ്രാഹ്മണ ആശയങ്ങളും ഒരു ആധുനിക സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ തടസ്സമായി നിലനില്‍ക്കുന്നു എന്ന് അംബേദ്കര്‍ ജാതി ഉന്‍മൂലനം എന്ന ഗ്രന്ഥത്തില്‍ ഊന്നി പറയുന്നുണ്ട്.
ജാതി വിവേചനത്തിനും സാമൂഹിക പുറന്തള്ളലിനും വിധേയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ അയിത്തക്കാരായി സാമൂഹികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട കീഴോര്‍ സമൂഹങ്ങള്‍ അവരുടെ രാഷ്ട്രീയ ഭാഗദേയം സ്വയം നിര്‍മിക്കേണ്ടതുണ്ട്. അതിനായി അവര്‍ രാഷ്ട്രീയമായി വേര്‍തിരിയണം എന്ന് അംബേദ്കര്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്വാതന്ത്ര്യവും തുല്യതയും പാരസ്പര്യപ്പെടുന്ന സാമൂഹിക ജനാധിപത്യവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സിവില്‍ അവകാശങ്ങളും തുല്യപൗരത്വവും കീഴോര്‍ സമൂഹങ്ങളുടെ രാഷ്ട്രീയ ജനാധിപത്യ അന്വേഷണങ്ങളെയും വിമോചന വഴികളെയും സാമൂഹിക നീതി ജനാധിപത്യവും സമതാ രാഷ്ട്രീയ ഭാവനകളുമായി വികസിപ്പിക്കും. ഇതിനായി കീഴോര്‍ സമൂഹങ്ങള്‍ പ്രാതിനിധ്യ പങ്കാളിത്ത ജനാധിപത്യത്തിനായി രാഷ്ട്രീയമായി വേര്‍തിരിഞ്ഞ് സ്വാതന്ത്ര്യത്തെ വിമോചനാത്മക തുല്യതയും ജനായത്തത്തെ സമതാ ജനാധിപത്യമായും പരിവര്‍ത്തിപ്പിക്കണം.
സാമൂഹിക ജനാധിപത്യവും രാഷ്ട്രീയ ജനാധിപത്യവും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയത്തിനു മാത്രമെ തുല്യതയിലും നീതിയിലും അടിസ്ഥാനപ്പെടുന്ന ദേശീയതയും ദേശരാഷ്ട്ര സങ്കല്പവും നിര്‍മിക്കാന്‍ കഴിയൂ എന്നാണ് അംബേദ്കര്‍ ജാതി ഉന്മൂലനം എന്ന പുസ്തകത്തില്‍ അടിവരയിട്ട് പറയുന്നത്.
ചരിത്രപരമായ അസമത്വവും പുറന്തള്ളലും മൂലം വിഭവങ്ങളില്‍ നിന്നും സാംസ്‌കാരിക സാമ്പത്തിക മൂലധനങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ടവരാണ് അയിത്ത ജാതി സമൂഹങ്ങള്‍. ജാതി ബന്ധങ്ങളുടെ ഹിംസാത്മകമായ പ്രയോഗവും പുറന്തള്ളല്‍ വ്യവസ്ഥയുമായി അയിത്തം പ്രയോഗിക്കപ്പെടുന്നു. ഹീനതയും സാമൂഹിക അപരവല്‍ക്കരണവും ബ്രാഹ്മണ്യം സൃഷ്ടിച്ച ശുദ്ധി വരേണ്യതയുടെയും ഹിംസാരൂപങ്ങളുടെയും ഉല്‍പന്നമാണ്. അധികാര കോയ്മയുടെ അനുദിന ചരിത്രഭാരവും സാമൂഹിക ദുരിതങ്ങളുമായി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അയിത്ത ജാതിക്കാര്‍ തളച്ചിടപ്പെട്ടിരിക്കുന്നു. കീഴോര്‍ സമൂഹങ്ങളുടെ മേലുള്ള ജാതി ഹിംസകളെയും മര്‍ദനമുറകളെയും ദൈവനിശ്ചിതവും സ്വാഭാവികവുമായി കാണുന്ന തരത്തില്‍ ജാതി ഹിന്ദുധര്‍മങ്ങള്‍ അവയെ സാമാന്യ ബോധമാക്കി നിലനിര്‍ത്തുന്നു. ഇതിനെ ന്യായീകരിക്കുകയും സാംസ്‌കാരികമായി സാധൂകരിക്കുകയും ചെയ്യുന്നതാണ് ബ്രാഹ്മണ്യത്തിന്റെ ദര്‍ശന പദ്ധതികളും സാഹിത്യങ്ങളും.
ജാതിബോധം പൊതുബോധമായി പ്രവര്‍ത്തിക്കുകയും പുറന്തള്ളല്‍-അടിച്ചമര്‍ത്തല്‍ രീതികള്‍ അനുഷ്ഠാനപരവും സ്വാഭാവിക സാമൂഹിക ജീവിതവുമായി മാറ്റുന്നു. ജാതി ഹിംസകളെ സ്വാഭാവികമാക്കി സമൂഹത്തെ നിരന്തരം സമ്മതിപ്പെടുത്തുന്ന സാമൂഹിക ബോധനമാണ് ബ്രാഹ്മണ്യ ആശയങ്ങള്‍ നിര്‍മിക്കുന്നത്. ജാതി-ഹിന്ദുധര്‍മങ്ങള്‍ക്കും മതമൂല്യങ്ങള്‍ക്കും ജാതിഹിന്ദുക്കളുടെ ജാതി അവകാശങ്ങളെയും കീഴോര്‍ ജാതികളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന ഹിംസകളെയും ജാതി വരേണ്യരുടെ പരമാധികാരത്തെയും സാമൂഹികമായി ശരികേടാണെന്നു പറയുന്ന ഒരു ധാര്‍മിക സംസ്‌കാരമില്ല. ജാതി ഹിന്ദുക്കളുടെ സാമാന്യ ബോധം വിവേചനത്തെ മതധര്‍മവും സാമൂഹികമായി ശരിയുമാണെന്നു വിചാരിക്കുന്ന ഒരു പൊതു ബോധമാണ്.
ഹിന്ദുജാതികള്‍ക്ക് ഒരു ധാര്‍മിക പൊതുബോധമില്ല. ജാതിബോധം മാത്രമേയുള്ളു. ഇതുമൂലം ജാതിജീവിതം നയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാതിരഹിതവും ആണത്ത അധികാര വിമുക്തവുമായ ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാനും സമതയിലും മൈത്രിയിലും നിലനില്‍ക്കുന്ന ഒരു സാമൂഹിക ജനാധിപത്യ സങ്കല്പമില്ല. സാമൂഹിക ജനാധിപത്യ സങ്കല്‍പത്തിലൂടെ മാത്രമെ തുല്യതയുള്ള ഒരു സിവില്‍ സമൂഹമായി മാറാന്‍ ഇന്ത്യക്കാര്‍ക്ക് സാധ്യമാകുകയുള്ളു. സാമൂഹിക ജനാധിപത്യത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രിയ ജനാധിപത്യ ക്രമത്തില്‍ മാത്രമേ തുല്യ പൗരത്വം സാമൂഹികമായി വിനിമയം ചെയ്യപ്പെടുകയുള്ളു. കീഴാള – ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് തുല്യ പൗരത്വം ലഭ്യമാകണമെങ്കില്‍ സാമൂഹിക തുല്യതയില്‍ നിലനില്‍ക്കുന്ന സാമൂഹിക ജനാധിപത്യം സൃഷ്ടിക്കപ്പെടണം എന്നതാണ് അംബേദ്കറുടെ സാമൂഹിക ജനാധിപത്യത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ച. തുല്യ പൗരത്വവും സാമൂഹിക തുല്യതയില്‍ നിലനില്‍ക്കുന്ന സാമൂഹിക ജനാധിപത്യത്തിലും മാത്രമേ പൗരത്വം സാമൂഹികമായി തുല്യമായി ലഭ്യമാകുന്ന ഒരു അവകാശമായി നില നില്‍ക്കുകയുള്ളു.

സാംസ്‌കാരിക ദേശീയതയും
കീഴാള ജ്ഞാനമണ്ഡലവും

ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ജാതിമൂല്യങ്ങള്‍ മതമൂല്യങ്ങളായി നിലനില്‍ക്കുന്ന ധാര്‍മികവിചാരങ്ങളും സാംസ്‌കാരിക ബോധ്യങ്ങളുമാണ് പ്രസരിപ്പിക്കുന്നത്. ചരിത്രപരമായ വികാസ പരിണാമങ്ങള്‍ സമൂഹത്തിലും അധികാര ഘടനയിലും സമ്പദ് ക്രമത്തിലും നടന്നപ്പോഴും ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ നിര്‍ണയം ചെയ്തത് ജാതി പുരുഷാധിപത്യ മൂല്യങ്ങളും അടിച്ചമര്‍ത്തലും പുറന്തള്ളലുമായി പ്രവര്‍ത്തിച്ച പ്രത്യയ ബോധങ്ങളും സാംസ്‌കാരിക പ്രബോധന രീതികളുമായിരുന്നു. ബ്രാഹ്മണ്യ-ഹിന്ദുമതത്തിന്റെ പ്രത്യയ ബോധവും സംസ്‌കാരവുമായി ചരിത്ര പ്രക്രിയയില്‍ ഇടപെട്ട ധാര്‍മിക മൂല്യങ്ങളും അനുഷ്ഠാന പദ്ധതിയും തത്വചിന്താ വിചാരങ്ങളും ബ്രാഹ്മണ്യത്തിന്റെ ആശയങ്ങളും പ്രയോഗ രീതികളുമായി വികസിച്ചു വന്നു. പ്രാദേശിക സംസ്‌കാരങ്ങളെയും തദ്ദേശീയമായ ജീവിത ബോധ്യങ്ങളെയും ഭൗതിക ജീവിത ക്രമങ്ങളെയും അബ്രാഹ്മണ ചിന്താപദ്ധതികളെയും അനുഷ്ഠാന ക്രമങ്ങളെയും ഉദ്ഗ്രഥിക്കുകയും കൂട്ടിനിര്‍ത്തുകയും പുനഃക്രമീകരിക്കുകയും ചെയ്തത് ഇതിഹാസ പുരാണങ്ങളുടെയും സംസ്‌കൃത വേദപാരമ്പര്യങ്ങളുടെയും ദൈവശാസ്ത്ര പദ്ധതികളിലൂടെയും അനുഷ്ഠാന മീമാംസക രൂപങ്ങളിലൂടെയുമായിരുന്നു.
ഈ സാഹിത്യ രൂപങ്ങളെയും ധര്‍മശാസ്ത്ര നിയമ സംഹിതകളെയും ദാര്‍ശനിക ചിന്തകളെയും അംബേദ്കര്‍ വിമര്‍ശനാത്മകമായി അപഗ്രഥിക്കുകയും അവ ജാതി ബ്രാഹ്മണ്യത്തിന്റെയും ബ്രാഹ്മണ്യ പുരുഷാധിപത്യത്തിന്റെയും ആധിപത്യം നിലനിര്‍ത്താനും ഇതിനെതിരായി വരുന്ന നീതി ബോധ്യങ്ങളെയും ചിന്താ പദ്ധതികളെയും ഹീനമായി പുറന്തള്ളി അപരമാക്കാനും വ്യവസ്ഥപ്പെട്ടിരിക്കുന്ന പ്രതിവിപ്ലവ മത തത്വശാസ്ത്രമായിട്ടാണ് അംബേദ്കര്‍ വിലയിരുത്തിയിട്ടുള്ളത്. ഈ ചിന്താപദ്ധതികളെയും അതിന്റെ പ്രത്യയബോധ്യ ആധിപത്യത്തെയും നിരാകരിച്ചു കൊണ്ടേ ഇന്ത്യയില്‍ ഒരു ജനാധിപത്യ സമൂഹം പിറവികൊള്ളൂ എന്നാണ് അംബേദ്കര്‍ വിശദീകരിച്ചിട്ടുള്ളത്.
ജാതിഹിന്ദുക്കളുടെ കോയ്മ വിജ്ഞാനത്തെയും അവര്‍ നിലനിര്‍ത്തിയ ചരിത്ര സാംസ്‌കാരിക അധീശത്വ വ്യാഖ്യാനങ്ങളെയും വിധ്വംസകമായി അഭിമുഖീകരിക്കുവാന്‍ കീഴാള ബൗദ്ധീക മണ്ഡലം ശ്രമിച്ചിരുന്നു. ബ്രാഹ്മണ്യ വിജ്ഞാനത്തെ രാഷ്ട്രീയമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു കീഴാള-ബൗദ്ധികമണ്ഡലം ഒരു വിമര്‍ശ എഴുത്തു സംസ്‌കാരം രൂപപ്പെടുത്തിയത്. ജോതിബായ് ഫുലെ, സ്വാമി അച്ചുതാനന്ദ്, അയോത്തി ദാസ് പണ്ഡിതര്‍, തന്തൈപെരിയോര്‍ ഇ വി ആര്‍, നാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍ മുതലായവര്‍ ഇതില്‍ പ്രധാനികളാണ്.
പ്രാചീന മധ്യകാല ഹൈന്ദവ മൂല്യങ്ങളെയും ത്രൈവര്‍ണിക സാമൂഹിക സാമ്പത്തിക കോയ്മയെയും സംസ്‌കൃത പാഠപാരമ്പര്യങ്ങളെയും വിജ്ഞാനമാക്കുന്ന വരേണ്യ സാംസ്‌കാരത്തെ അടിസ്ഥാനമാക്കുന്ന ദേശീയത സങ്കല്പങ്ങളെ അപനിര്‍മ്മിക്കുന്ന ജ്ഞാന പാരമ്പര്യവും ചരിത്ര വ്യവഹാരങ്ങളുമാണ് ഇവര്‍ സൃഷ്ടിച്ചത്. ഇവരുടെ രാഷ്ട്രീയ ബോധ്യങ്ങളെയും ബ്രാഹ്മണ്യ വിരുദ്ധ പ്രത്യയശാസ്ത്രത്തെയും കീഴാള ബഹുജനങ്ങള്‍ കൊളോണിയല്‍ പൊതുമണ്ഡലത്തില്‍ സാമൂഹിക നീതിയുടെയും ജാതിവിരുദ്ധ ജനാധിപത്യ ചിന്തയുടെയും രാഷ്ട്രിയമായി വികസിപ്പിച്ചു.
പാശ്ചാത്യ ചിന്തകളെയും കോളോണിയല്‍ ആധുനികതയുടെ നൈതിക മൂല്യങ്ങളെയും സാമൂഹിക സമത്വത്തിനായുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊളോണിയല്‍ പരിസരത്തില്‍ ബ്രാഹ്മണ്യ ദേശീയതയ്‌ക്കെതിരായി കീഴാള പ്രസ്ഥാനങ്ങള്‍ ജാതി വിരുദ്ധ ജനാധിപത്യവും സാമൂഹിക നീതിയിലൂന്നുന്ന സമത സങ്കല്പവും സാമൂഹിക ജനാധിപത്യവുമായി പുനര്‍വിന്യസിച്ചു. ഇതിനാവശ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ദര്‍ശനവും രൂപപ്പെടുത്തിയത് അംബേദ്കറായിരുന്നു. കൊളോണിയല്‍ പൊതുമണ്ഡലത്തില്‍ കീഴാള പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചത് ജനാധിപത്യ ഭാവനയുടെയും സമനീതി സാമൂഹികതയുടെയും ദേശീയ ബോധ്യത്തിന്റെ രാഷ്ട്രീയ നൈതികതയായിരുന്നു.
ജനതയും സമതയും ജനാധിപത്യവും
ജനതയും സമതയും പാരസ്പര്യപ്പെടുന്ന ഒരു ജനാധിപത്യ ഭാവനയായി സാമൂഹികതയെയും നീതിയെയും പാരസ്പര്യപ്പെടുത്തി കൊണ്ട് സാമൂഹിക ജനാധിപത്യത്തെ (ീെരശമഹ റലാീരൃമര്യ) രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിത്തറയാക്കാനാണ് കീഴോര്‍ ജനതകളുടെ മുന്നേറ്റങ്ങള്‍ ശ്രമിച്ചത്. ഇതിനാവശ്യമായ രാഷ്ട്രിയ ദര്‍ശനം അംബേദ്കറുടെ ജനാധിപത്യ ദര്‍ശനത്തിലാണ് സ്ഥാനപെട്ടിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി സമതാ സങ്കല്പവും സാമൂഹിക തുല്യതയെയുമായിരുന്നു കീഴാള പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തി കൊണ്ടു വന്നത്. സാമൂഹിക നീതിയും സാമൂഹിക ജനാധിപത്യവും കൂടി നില്ക്കുന്ന ദേശീയത സങ്കല്പവും സാമൂഹിക മൈത്രിയെ അടിസ്ഥാനമാക്കുന്ന സാഹോദര്യ ചിന്തയുമായിരുന്നു ഇതിന്റെ ദാര്‍ശനിക അടിത്തറ.
സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നു രൂപപ്പെടേണ്ട സാഹോദര്യത്തെയും മൈത്രീബോധത്തെയും ആധുനികമായ ദേശീയതാ സങ്കല്പത്തിലേക്ക് വിളക്കി ചേര്‍ത്തത് അംബേദ്കറിന്റെ രാഷ്ട്രീയ ദര്‍ശനമാണ്. കീഴാള സമൂഹങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്ന ബ്രാഹ്മണ്യ വിരുദ്ധവും ജാതിവിരുദ്ധവുമായ ജനാധിപത്യ സമരങ്ങളിലൂടെയായിരുന്നു ഇത് ആധുനിക ഇന്ത്യയില്‍ വികസിച്ചു വന്നത്. സാമൂഹിക ജനാധിപത്യം സഹമനുഷ്യരോടും സഹോദര സമുദായങ്ങളോടും പുലര്‍ത്തേണ്ട മൈത്രി ബന്ധവും വ്യക്തികള്‍ സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട കരുണാവബോധവും സാമൂഹിക ഇടപാടുകളിലെ അനുകമ്പ വിചാരവുമാണ്. ഇതാണ് സാമൂഹിക ജനാധിപത്യത്തെ അടിസ്ഥാനമാക്കുന്ന കീഴാള സമുദായങ്ങളുടെ ദേശീയത സങ്കല്പത്തിന്റെ കാതലായി അംബേദ്കര്‍ മുന്നോട്ടു വച്ചത്.
സാമൂഹിക ജനാധിപത്യത്തിന്റെ ദാര്‍ശനിക അടിത്തറ സാമൂഹിക മൈത്രിയുടെ മൂല്യമണ്ഡലമാണ് എന്ന് ‘ബുദ്ധനും ബുദ്ധ ധര്‍മവും’ എന്ന കൃതിയില്‍ അംബേദ്കര്‍ വിശദീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ സാമൂഹിക വിനിമയങ്ങളില്‍ വ്യക്തികള്‍ നിലനിര്‍ത്തേണ്ട മൂല്യമായി മൈത്രിയും കരുണാവബോധവും സ്ഥാനപ്പെടേണ്ടതുണ്ട് എന്ന് അംബേദ്കര്‍ അടിവരയിട്ടു പറയുന്നു. സിവില്‍ സമൂഹത്തിന്റെ മൂല്യമായിട്ടാണ് ഇത് വികസിച്ചു വരേണ്ടത് എന്നാണ് അംബേദ്കര്‍ പറയുന്നത്. എന്നാല്‍ മാത്രമേ തുല്യ പൗരത്വം സാമൂഹികമായി വിനിമയം ചെയ്യപ്പെടുകയുള്ളു. സാമൂഹിക ജനാധിപത്യത്തില്‍ ഊന്നുന്ന തുല്യ പൗരത്വ സങ്കല്പത്തില്‍ മാത്രമേ സാഹോദര്യം ജനാധിപത്യ മൂല്യമാകുകയുള്ളു. സാമൂഹിക ജനാധിപത്യത്തിലും തുല്യ പൗരത്വത്തിലും അടിയുറച്ചു നില്ക്കുന്ന ഒരു രാഷ്ടിയ ജനാധിപത്യ ഇന്ത്യയെ നിര്‍മിക്കാനാണ് അംബേദ്കര്‍ ശ്രമിച്ചത്.
ത്രൈവര്‍ണിക ജാതി സമൂഹങ്ങളുടെ ലോകബോധം ബ്രാഹ്മണ്യത്തിന്റെ മേല്‍ കീഴ് ജാതി ബോധമായതിനാല്‍ സമൂഹത്തില്‍ തുല്യ നീതി പുലരുന്ന സാമൂഹിക ജനാധിപത്യത്തെ ബ്രാഹ്മണ്യ ജാതി ബോധമുള്ളവര്‍ എതിര്‍ക്കുന്നു. ജാതി കോയ്മകളെ തകര്‍ക്കുന്ന മൂല്യമാണ് സാമൂഹിക ജനാധിപത്യത്തിന്റേത് എന്ന കാര്യം ഏറ്റവും കൂടുതല്‍ അറിയാവുന്നത് ജാതി ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ക്കാണ്. സാമൂഹിക ജനാധിപത്യ ആശയങ്ങള്‍ തടയുന്ന തരത്തില്‍ ഒരു വരേണ്യ ദേശീയ സങ്കല്പവും ജാതി ഹിന്ദു പ്രത്യയശാസ്ത്രവും ദേശീയതയുടെ മൂല്യമണ്ഡലത്തില്‍ ശക്തമായി നിലനിര്‍ത്തി കൊണ്ടാണ് ഇന്ത്യയില്‍ രാഷ്ട്രീയ പരിഷ്‌കരണത്തിനായ ആവശ്യങ്ങള്‍ വരേണ്യരായ ദേശീയ വാദികള്‍ ഉന്നയിച്ചിരുന്നത്.
വരേണ്യ ഹിന്ദു പരിഷ്‌കര്‍ത്താക്കളും ദേശീയവാദികളും ശ്രമിച്ചത് ഇതേ സാംസ്‌കാരിക മൂല്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു. സാമൂഹിക ജീവിതത്തില്‍ വ്യക്തികളും വിവിധ സമുദായിക വിഭാഗങ്ങളും പരസ്പരം ദൈനംദിന ഇടപാടുകളില്‍ പുലര്‍ത്തേണ്ട സിവില്‍ സമൂഹ ബന്ധമായി സാമൂഹിക ജനാധിപത്യം വളര്‍ന്നു വരുന്നതിന് ജാതി ബ്രാഹ്മണ്യ പ്രത്യയ ശാസ്ത്രവും അതിന്റെ രാഷ്ട്രിയ പ്രയോഗ രൂപങ്ങളും ജനാധിപത്യത്തിന്റെ എതിര്‍ പക്ഷത്താണ് നിലകൊണ്ടത്. സമകാലിക ഇന്ത്യയില്‍ ഹിന്ദുത്വരും ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രവും സാമൂഹിക ജനാധിപത്യത്തെയും സാമൂഹിക നീതിയെയും ഇല്ലായ്മ ചെയ്തു കൊണ്ടാണ് സമഗ്രാധിപത്യ ഏകമത രാഷ്ട്രത്തെ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

Back to Top