8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കീഴാള ഹിന്ദുത്വ എന്ന വേര്‍തിരിവ് സത്യസന്ധമല്ല

പ്രൊഫ. കെ എസ് മാധവന്‍ / ഷബീര്‍ രാരങ്ങോത്ത്‌


ഹിന്ദുത്വമെന്ന ആശയം സമൂഹത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചരിത്രപരമായി അതിനോട് രാജിയാവാന്‍ പാടില്ലാത്തവര്‍ വരെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് വളമേകുന്ന കാഴ്ച സജീവമാണ്. അസമത്വത്തിന്റെ ആദര്‍ശഭൂമികയാണ് ഹിന്ദുത്വ. ഈ അസമത്വ പദ്ധതിക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നവര്‍ അതിന്റെ ഗൂഢപദ്ധതികളെക്കുറിച്ച് ബോധവാന്മാരാണോ എന്ന ചിന്ത പ്രസക്തമാണ്. എഴുത്തുകാരനും ചിന്തകനും കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം പ്രഫസറുമായ ഡോ. കെ എസ് മാധവന്‍ ഹിന്ദുത്വയെക്കുറിച്ച് ശബാബുമായി സംവദിക്കുന്നു.

? നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ഹിന്ദുത്വ എന്നത്. യഥാര്‍ഥത്തില്‍ ഹിന്ദുത്വ എന്നത് എന്താണ്? അത് മുന്നോട്ടുവെക്കുന്നത് എന്തൊക്കെയാണ്.
ഹിന്ദുത്വം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പരികല്പനയാണ്. അതിന് സാംസ്‌കാരികമായ തലങ്ങള്‍ ഉണ്ടെങ്കില്‍ പോലും അടിസ്ഥാനപരമായി രാഷ്ട്രീയ പരികല്പനയാണ്. ഹിന്ദുത്വ എന്നതിന് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നതുപോലെ ഒരു ജനവംശ തലവുമുണ്ട്. എന്നാല്‍, അതിന്റെ രാഷ്ട്രീയമായ പരികല്പനയെ മാറ്റിനിര്‍ത്തി സാംസ്‌കാരികമായ ഒരു പരികല്പനയായി വിശദീകരിക്കാനാണ് ഹിന്ദുത്വത്തിന്റെ ആളുകള്‍ ശ്രമിച്ചിട്ടുള്ളത്. അഖണ്ഡ ഭാരതം എന്ന സങ്കല്പത്തില്‍ അതായത് ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്ന സങ്കല്പത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അത് ഹിന്ദുക്കളുടെ ഒരു മാതൃരാജ്യമാണ് എന്നാണ് അവര്‍ വാദിക്കുന്നത്. അഖണ്ഡഭാരതത്തിന്റെ സംസ്‌കാരത്തെ അംഗീകരിക്കുന്നവര്‍ എല്ലാവരും ഹിന്ദുക്കളാണ് എന്ന നിര്‍വചനമാണ് അതിന്റെ ഒരു തലം.
എന്താണ് അതിന്റെ സാംസ്‌കാരിക സവിശേഷത? ഇവിടെ പരമ്പരാഗതമായി നിലനില്‍ക്കുന്ന, സനാതനം എന്നു വിശ്വസിക്കുന്ന സാംസ്‌കാരിക മൂല്യങ്ങളെ സ്ഥാനപ്പെടുത്തുന്ന അതിന്റെ ഗ്രന്ഥപാരമ്പര്യങ്ങളാണ് അതിന്റെ അടിസ്ഥാന ഉറവിടം. വേദാധിഷ്ഠിതമായി വൈദിക പാരമ്പര്യമാണത്. വേദങ്ങള്‍, വേദാനുബന്ധമായ മറ്റു ഗ്രന്ഥങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസ-പുരാണ പാരമ്പര്യങ്ങള്‍, ധര്‍മശാസ്ത്രങ്ങള്‍, ഇതിനെ ചുറ്റിപ്പറ്റിയുള്ള മറ്റു രീതിയിലുള്ള സാഹിത്യങ്ങള്‍ എന്നിവയടങ്ങുന്നതാണത്. ഇതെല്ലാം സംസ്‌കൃതബദ്ധമോ സംസ്‌കൃതഭാഷയില്‍ കെട്ടിയൊരുക്കപ്പെട്ടതോ ആണ്. പിന്നീടാണ് അവ എഴുത്തുരൂപത്തിലേക്ക് വരുന്നത്. അതിനെ അടിസ്ഥാന പ്രമാണമാക്കിയുള്ള മൂല്യങ്ങളെയും സംസ്‌കാരത്തെയുമാണ് ഹൈന്ദവികം എന്നു പറയുന്നത്. ഈ ഗ്രന്ഥങ്ങളെല്ലാം ഹിന്ദുക്കളുടേതാണ് എന്ന് എങ്ങനെ പറയാനാവും എന്ന പ്രശ്‌നമുണ്ട്.
ഹിന്ദു എന്ന സങ്കല്‍പം വളരെ സങ്കീര്‍ണമായ പദമാണ്. ഇന്ത്യയിലെ സിന്ധുനദിക്കിപ്പുറമുള്ള ഭൂപ്രദേശത്തെ വിശേഷിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഹിന്ദു എന്ന വാക്കുണ്ടായത്.അത് ചരിത്രപരമായി എല്ലാവരും അംഗീകരിച്ചുപോരുന്നതുമാണ്. ഭൂമിശാസ്ത്രപരമായ ഒരു സങ്കല്‍പമാണത്. ഹിന്ദുക്കളുടെ രാജ്യമാണ് ഹിന്ദുസ്ഥാന്‍ എന്നു പറയുന്നിടത്ത് മതപരമായ സങ്കല്പമേ അല്ല. ഇതിനൊരു വ്യവസ്ഥാപിതമായ മതപരമായ സങ്കല്പമുണ്ടാകുന്നത് വളരെ വൈകിയാണ്. മധ്യകാലത്ത് അത്തരമൊരു സങ്കല്പമുണ്ടെങ്കില്‍ കൂടിയും ഇന്നു നാം വിവക്ഷിക്കുന്ന തരത്തിലുള്ള മതപരമായ സങ്കല്പമായിരുന്നില്ല അത്. ഭൂമിശാസ്ത്രപരമായ ഒരു സങ്കല്പം പിന്നീട് സാംസ്‌കാരികമായ സങ്കല്പമായി മാറുന്നു, പിന്നീട് അതൊരു മതസങ്കല്പമായി മാറുന്നു എന്നുള്ളതാണ്.
വൈദികമായ സാഹിത്യങ്ങള്‍, പുരാണങ്ങള്‍, അനുബന്ധമായ സാഹിത്യ രൂപങ്ങള്‍ ഒക്കെ ഹിന്ദുക്കളുടെ സാഹിത്യരൂപമായി വരുന്നത് പിന്നീടാണ്. പാശ്ചാത്യരായ ഇന്ത്യാ പഠിതാക്കള്‍ ഇതിനെയെല്ലാം ഹിന്ദുക്കളുടെ സാഹിത്യമെന്ന രീതിയില്‍ വിവക്ഷിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ത്രൈവര്‍ണികരെന്ന് പറയപ്പെടുന്നവരുടെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ ജീവിതപ്രക്രിയകളെയും കോയ്മാ രൂപങ്ങളെയും അതിന്റെ സാംസ്‌കാരികമായ പ്രത്യേകതകളെയുമൊക്കെ സൂചിപ്പിക്കുന്ന ഒട്ടനവധി വിവരണങ്ങളുള്ളതാണ് ഈ സാഹിത്യങ്ങളൊക്കെ തന്നെ. അത് ഇന്ത്യയിലെ ഗംഗാതടത്തിലെ ഒരു ഗോത്രസമൂഹം നിലനിന്ന ഘട്ടത്തില്‍, ഇന്ത്യയിലെ ആര്യന്മാര്‍ എന്നു വിളിക്കപ്പെടുന്ന ഗോത്രസമൂഹത്തിന്റെ ജീവിതപ്രക്രിയകള്‍, ആരാധനാ-അനുഷ്ഠാന ക്രമങ്ങള്‍, ജീവിത പ്രതിസന്ധികള്‍, ഗംഗാ തടത്തില്‍ വന്നു ജീവിക്കുന്നത് തുടങ്ങിയവയൊക്കെ അടങ്ങിയവയായിരുന്നു.
അവര്‍ ഒരു ഭാഷാസമൂഹമായിരുന്നു. അടിസ്ഥാനപരമായി ഇറാന്‍, ഇറാഖ്, സ്റ്റെപ്പി റീജിയന്‍ തുടങ്ങിയവയില്‍ നിന്നുള്ള നാടോടികളായിരുന്നു അവര്‍ എന്നാണ് ചരിത്രകാരന്മാര്‍ വിശദീകരിച്ചത്. അവര്‍ സംസ്‌കൃതത്തിന്റെ പ്രാഗ്‌രൂപം സംസാരിക്കുന്നവരായിരുന്നു. അവര്‍ ഗംഗാതടത്തില്‍ വാസമുറപ്പിക്കുന്നതോടെയാണ് വേദകാല സംസ്‌കൃതവും നാലു വേദങ്ങളും വേദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അനുഷ്ഠാനപരമായ കൃതികളും രചിക്കപ്പെടുന്നത്. ആദ്യകാല ആര്യസമൂഹങ്ങളും അവര്‍ രൂപപ്പെടുത്തിയ സാമൂഹിക ക്രമം വേദരൂപങ്ങളായി വളര്‍ന്നുവരുകയും ആര്യസമൂഹങ്ങള്‍ തന്നെ ഒട്ടനവധി നാള്‍വഴിക്കണക്കുകളുള്ള, വംശാവലികളുള്ള സമൂഹമായി വേര്‍തിരിയുകയും അവരുടെ സാമൂഹിക ക്രമത്തെ ചിട്ടപ്പെടുത്തുന്ന രീതിയിലുള്ള ഒട്ടനവധി ക്രമങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിന്റെ വിവരണങ്ങളാണ് ഈ വേദങ്ങളിലുള്ളത്.

? വര്‍ണാശ്രമത്തില്‍ അധിഷ്ഠിതമായ സാമൂഹിക വേര്‍തിരിവ് രൂപപ്പെടുന്നത് എങ്ങനെയാണ്.
ബ്രാഹ്മണ സമൂഹത്തിന്റെ കോയ്മ മറ്റു സമൂഹങ്ങള്‍ക്കു മുകളില്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയാണ് വര്‍ണം എന്ന ഒരു സാമൂഹിക വേര്‍തിരിവു രൂപത്തെ സൃഷ്ടിച്ചെടുത്തത്. പുരോഹിത ബ്രാഹ്മണരുടെ ശുദ്ധി സ്ഥാപനം നടത്തുന്നതിനായി ത്രൈവര്‍ണികര്‍ ഉണ്ടാവുകയും ആ ത്രൈവര്‍ണിക സമൂഹത്തില്‍ ബ്രാഹ്മണ പുരോഹിത സമൂഹവും ഗോത്രങ്ങളെ നിയന്ത്രിക്കുന്ന രാജന്യര്‍ എന്ന സമൂഹവും ഉണ്ടായി.
കാലക്രമേണ രാജന്യര്‍ ഒരു പ്രദേശത്തിന്റെ നാഥന്മാരായി മാറുകയും അവര്‍ക്ക് പ്രത്യേക രീതിയിലുള്ള വംശാവലികള്‍ ഉണ്ടാവുകയും അങ്ങനെ അവര്‍ ക്ഷത്രിയരെന്ന ഭരണവംശമായി മാറുകയും ചെയ്തു. ഇവര്‍ ബ്രാഹ്മണര്‍ക്ക് യജ്ഞങ്ങളും ഹോമങ്ങളും നടത്താനാവശ്യമായ സമ്പത്തും പിന്തുണയും നല്‍കി. ബ്രാഹ്മണര്‍ പൂജകളും അനുഷ്ഠാന ക്രിയകളും ചെയ്ത് ക്ഷത്രിയരാക്കി മാറ്റിയ ഗോത്രപ്രമുഖരും അവരുടെ സംരക്ഷണത്തിലും സാമ്പത്തികവും ഭൗതികവുമായ പിന്തുണയിലും നിലനില്‍ക്കുന്ന ബ്രാഹ്മണ പൗരോഹിത്യവും കൂടിച്ചേര്‍ന്ന ഒരു കോയ്മാ വ്യവസ്ഥ സമൂഹത്തില്‍ ഉണ്ടാവുകയും ചെയ്തു.
ആര്യന്മാര്‍ ഇന്ത്യയിലേക്കു കടന്നുവരുന്നതിനു മുമ്പുതന്നെ ഇവിടെ നിലനിന്നിരുന്ന തദ്ദേശീയരുണ്ടായിരുന്നു. ആ തദ്ദേശീയ സമൂഹങ്ങളെ ശബരര്‍, പുളിന്ത്യര്‍, നിഷാദര്‍, ചണ്ഡാലര്‍ എന്നീ രീതിയില്‍ കീഴ്മപ്പെടുത്തി ചിത്രീകരിക്കുന്ന ധാരാളം തെളിവുകള്‍ ബ്രാഹ്മണ സാഹിത്യങ്ങളില്‍ തന്നെയുണ്ട്. തദ്ദേശീയ ജനസമൂഹങ്ങളെ അധമരും ഹീനരുമാക്കി ചിത്രീകരിച്ചുകൊണ്ടാണ് ബ്രാഹ്മണ പൗരോഹിത്യവും ക്ഷത്രിയ സമൂഹവും ആധിപത്യമുറപ്പിക്കുന്നത്. സംഘടിതമായ കൃഷിരൂപങ്ങള്‍ വികസിച്ചുവന്നു. ആദ്യത്തില്‍ കാലിസമൂഹത്തെ നിയന്ത്രിച്ചുപോന്നിരുന്ന ആര്യന്മാര്‍ കൃഷി സംഘടിതമായപ്പോള്‍ കൃഷിയില്‍ നിന്നുള്ള മിച്ചം കൈയടക്കുകയും കാര്‍ഷിക സമൂഹങ്ങളെ നിയന്ത്രിക്കുകയും ചെയ്തു. കൈവേലക്കാര്‍, ഉല്‍പന്നങ്ങളുണ്ടാക്കുന്ന ആളുകള്‍, ചെറിയ രീതിയിലുള്ള കൈമാറ്റം, കച്ചവടം എന്നിവ ഉണ്ടായിവരുകയും, അതില്‍ ഏര്‍പ്പെടുന്ന ആളുകള്‍ വിശ് എന്നു വിളിക്കപ്പെടുകയും പിന്നീട് വൈശ്യരായി മാറ്റപ്പെടുകയും ചെയ്തു.

? വേദം പഠിക്കാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടായിരുന്നില്ലല്ലോ. എന്തുകൊണ്ടാണ് വേദപഠനത്തെ നിയന്ത്രിച്ചത്.
മൂന്ന് സാമൂഹിക സ്ഥാനമാനങ്ങളുള്ള സാമൂഹിക വര്‍ഗങ്ങളായി ആര്യസമൂഹം വേര്‍തിരിയുകയും ആര്യസമൂഹത്തില്‍ തന്നെ ഇകഴ്ത്തപ്പെട്ടവര്‍ ഉണ്ടായിവരുകയും ചെയ്തു. ആദ്യം കുടിയേറിപ്പാര്‍ത്ത ആര്യന്മാരും പിന്നീട് വന്ന ആര്യന്മാരും തമ്മില്‍ ചില ഭേദരൂപങ്ങള്‍ രൂപപ്പെട്ടു. ക്ഷത്രിയ ഗോത്രസമൂഹങ്ങളില്‍ ചിലതും ബ്രാഹ്മണ വിഭാഗങ്ങളും തമ്മില്‍ പലവിധ സംഘര്‍ഷങ്ങള്‍ ഉണ്ടായിവരുകയും ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുന്ന ക്ഷത്രിയ സമൂഹങ്ങളായി അത് പരിണമിക്കുകയും ചെയ്തു. ഇത്തരം കലഹങ്ങളിലേര്‍പ്പെടുന്ന ക്ഷത്രിയ ഗോത്രസമൂഹങ്ങളെ ബ്രാഹ്മണര്‍ അംഗീകരിക്കാതിരിക്കുകയും അവര്‍ക്ക് വേദവിജ്ഞാനം കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തു. വേദം പഠിക്കാനുള്ള യോഗ്യത (ഉപനയനം) നിഷേധിക്കുകയും ചെയ്തു. അതോടുകൂടി അവര്‍ വര്‍ണസമൂഹത്തില്‍ എറ്റവും താഴ്ന്നവരായി മാറുകയും ചെയ്തു.
ബ്രാഹ്മണരാല്‍ അധമരെന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗവും കര്‍ഷകവൃത്തിയിലേര്‍പ്പെട്ടിരുന്ന സമൂഹവും ചേര്‍ന്ന് ഒരു സങ്കീര്‍ണമായ വിഭാഗം ഇവിടെ രൂപപ്പെട്ടു. വര്‍ണസമൂഹത്തിന്റെ ഭാഗമാണെങ്കിലും ഇകഴ്ത്തപ്പെട്ട നാലാം സമൂഹമായി അവര്‍ മാറുകയും ശൂദ്രര്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. ശൂദ്രര്‍ ഒരു പതിത സമൂഹമാണ്. പക്ഷേ, ഈ ആര്യസമൂഹത്തിന്റെ ഭാഗം കൂടിയാണ്. മറ്റു മൂന്നു വര്‍ണത്തില്‍ പെട്ടവര്‍ക്ക് മാത്രമേ വേദപഠനത്തിന് അവസരമുണ്ടായിരുന്നുള്ളൂ. ശൂദ്രന്‍ വേദം പഠിച്ചാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു ചില സ്മൃതികളില്‍ പറഞ്ഞിട്ടുള്ളതുതന്നെ ഈ വേദം പഠിക്കാന്‍ അവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടതുകൊണ്ടായിരുന്നു. വൈദിക വിജ്ഞാനത്തില്‍ നിന്ന് പുറംതള്ളപ്പെട്ടവരായിട്ടാണ് ശൂദ്രര്‍ നിലനില്‍ക്കുന്നത്.
ഇങ്ങനെ രൂപപ്പെട്ടുവന്ന വര്‍ണക്രമത്തെ ദൈവനിശ്ചിതമായി ഉണ്ടായിവന്നതാണ് എന്ന് ബ്രാഹ്മണ പൗരോഹിത്യത്തിന് സ്ഥാപിച്ചെടുക്കേണ്ടിയിരുന്നു. ബ്രാഹ്മണരാണ് ഏറ്റവും ഉയര്‍ന്നവരെന്നും ശൂദ്രര്‍ ഏറ്റവും താഴേക്കിടയിലാണെന്നും അവര്‍ക്ക് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അവരാണ് യജ്ഞകര്‍മത്തില്‍ അധിഷ്ഠിതമായ വിജ്ഞാനത്തെ വ്യാഖ്യാനിക്കുന്നവരും നിയന്ത്രിക്കുന്നവരും. അത് സ്ഥാപിക്കാന്‍ ആവശ്യമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വേദസാഹിത്യത്തില്‍ അവര്‍ നിര്‍മിച്ചെടുത്തു. ഋഗ്വേദത്തിന്റെ പത്താം മണ്ഡലമായ പുരുഷസൂക്തം, ദൈവസൃഷ്ടിയാണ് ഈ സാമൂഹിക വേര്‍തിരിവുകള്‍ എന്നാണ് പറയുന്നത്. ബ്രഹ്മാവിന്റെ മുഖത്തു നിന്ന് ബ്രാഹ്മണരും ബാഹുക്കളില്‍ നിന്ന് ക്ഷത്രിയരും വയറില്‍ നിന്ന് വൈശ്യരും കാലടികളില്‍ നിന്ന് ശൂദ്രരും ഉണ്ടായി എന്നു പറയുന്നത്, ഈ വേര്‍തിരിവ് ദൈവസൃഷ്ടിയാണ് എന്ന് സ്ഥാപിച്ചെടുക്കാനാണ്.
സമൂഹത്തെ തന്നെ ഒരു മനുഷ്യ ശരീരമായി ചിത്രീകരിക്കുകയും ഏറ്റവും പ്രധാനപ്പെട്ട മുഖം എന്നത് ബ്രാഹ്മണരായി കാണുകയും ചെയ്യുക എന്നത് അവര്‍ക്ക് വൈശിഷ്ട്യമുള്ളതായി ചിത്രീകരിക്കലാണ്. കാലടി എന്നത് ഏറ്റവും അടിത്തട്ടാണ്. പാദത്തില്‍ നിന്നുണ്ടായവന്‍ ഹീനന്‍ എന്ന സങ്കല്പം സ്ഥാപിച്ചെടുക്കുന്നു. ഇത്തരമൊരു വ്യാഖ്യാനം സൃഷ്ടിക്കുക വഴി ത്രൈവര്‍ണികരുടെ ആധിപത്യമുള്ള ഒരു സമൂഹത്തെ സ്വാഭാവികമായി കാണുകയും അതുകൊണ്ടുതന്നെ അത് സനാതനമാണെന്ന് വരുത്തുകയും ചെയ്യുന്നു. സനാതനം എന്നത് ചോദ്യം ചെയ്യപ്പെടാത്തതും മാറ്റമില്ലാത്തതും അനുസരിക്കപ്പെടേണ്ടതുമാണ് എന്നാണ്. അങ്ങനെയാണ് വര്‍ണം എന്നത് ഒരു സാമൂഹിക ചട്ടക്കൂടായി മാറുന്നത്.

? അങ്ങനെയെങ്കില്‍ ബ്രാഹ്മണ്യം എന്നു വിളിക്കുന്നത് എന്തിനെയാണ്? അതല്ലേ ഹിന്ദുത്വത്തിന്റെ അടിത്തറ.
തദ്ദേശീയരായ വര്‍ണസമൂഹത്തിനു പുറത്തുള്ള മനുഷ്യര്‍ പിന്നീട് അഞ്ചാം വര്‍ണക്കാര്‍ എന്ന നിലയില്‍ അയിത്തക്കാരും ഹീനരുമായിരുന്ന ഒരു സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക പദ്ധതിയാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച വൈദിക കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ സാമൂഹിക ക്രമം. വര്‍ണ-ജാതി വ്യവസ്ഥയെയും അതിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും പൗരോഹിത്യ യജ്ഞസംസ്‌കാരത്തെയുമൊക്കെ ആദര്‍ശാത്മകമായി കാണുന്ന കാഴ്ചപ്പാടിനെയും മൂല്യമണ്ഡലത്തെയുമാണ് യഥാര്‍ഥത്തില്‍ ബ്രാഹ്മണ്യം എന്നു പറയുന്നത്. ഇത് ത്രൈവര്‍ണികരുടെ കോയ്മ പ്രകടമാക്കുന്ന വ്യവസ്ഥയാണ്. ഇതിനെ ആദര്‍ശമായി കാണുന്നതാണ് യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിന്റെ സാംസ്‌കാരികമായ അടിത്തറ. ഇതിനെ നിരാകരിച്ചുകൊണ്ട് ഹിന്ദു എന്ന സങ്കല്പം നിലനില്ക്കില്ല.
ഈ വ്യവസ്ഥയെ സനാതനമായി കാണുന്ന, അതില്‍ വിശ്വസിക്കുന്നയാള്‍ സനാതനിയാണ്. സനാതന ഹിന്ദുക്കള്‍ വേദ-ഇതിഹാസ-പുരാണ പാരമ്പര്യങ്ങളും കര്‍മശാസ്ത്രങ്ങളും അതു മുന്നോട്ടുവെക്കുന്ന മൂല്യവും സാമൂഹിക കാഴ്ചപ്പാടും ലോകബോധവും അടിസ്ഥാനപരമായ ജീവിതവീക്ഷണവും സംസ്‌കാരവും ഇന്ത്യ എന്ന ഭൂപ്രദേശത്ത് ജീവിക്കുന്നവരുടെ പൊതുപാരമ്പര്യമാണെന്നും ആ സാമൂഹിക ജീവിതം പിന്തുടരണമെന്നും കരുതുന്നവരാണ്. വര്‍ണവ്യവസ്ഥയാണ് പിന്നീട് വിവിധ ജാതികളെ സൃഷ്ടിക്കുന്നത്.

? ജാതിവ്യവസ്ഥയുടെ വരവ് എങ്ങനെയാണ്.
ആദ്യം ജാതിയായി മാറിയത് വരേണ്യരായ ത്രൈവര്‍ണിക സമൂഹങ്ങളാണ്. അവര്‍ക്ക് ശൂദ്രരില്‍ നിന്നും അയിത്തജാതിക്കാരില്‍ നിന്നും വ്യത്യസ്തരായ ആളുകളാണ് തങ്ങളെന്ന് സ്ഥാപിച്ചെടുക്കണമായിരുന്നു. ആദ്യം ജാതിയാകുന്നത് ബ്രാഹ്മണരാണ്. അനുലോമ-പ്രതിലോമ വിവാഹക്രമങ്ങളിലൂടെ ബ്രാഹ്മണ ഗോത്രങ്ങള്‍ സഗോത്രവിവാഹങ്ങള്‍ പിന്തുടരുന്നവരായി മാറി. അവര്‍ക്ക് ശുദ്ധി നിലനിര്‍ത്താനാണ് അങ്ങനെ ചെയ്തത്.
ഈ ബ്രാഹ്മണ ഗോത്രങ്ങളെല്ലാം തന്നെ പുരുഷാധിപത്യ സമൂഹങ്ങളായിരുന്നു. സ്ത്രീകള്‍ക്ക് ഉപനയനം നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ക്ക് വേദസാഹിത്യങ്ങളിലേക്ക് തുറവി ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് വീടുകളില്‍ ചെയ്യാവുന്ന കുടുംബപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്; അതു മാത്രമേ ചെയ്യാനാവുമായിരുന്നുള്ളൂ. ജാതിയുടെ അടിസ്ഥാനപരമായ എന്‍ഡോഗമി സഗോത്രവിവാഹങ്ങളും പുരുഷാധിപത്യപരമായ തലവുമായിരുന്നു.
? ജാതീയമായ അസമത്വം ധാര്‍മികമാണെന്ന് വാദിക്കുകയാണല്ലോ ഹിന്ദുത്വര്‍ ചെയ്യുന്നത്.
അതെ. തങ്ങളുടെ കോയ്മ സ്ഥാപിച്ചെടുക്കാന്‍ പര്യാപ്തമായ ഒരു വ്യവസ്ഥയാണിത് എന്നതിനാല്‍ ക്ഷത്രിയരും ബ്രാഹ്മണരും ക്രമേണ ശൂദ്രരും ഇതിനെ ഒരു ആദര്‍ശാത്മക വ്യവസ്ഥയായി കാണുകയായിരുന്നു. ക്രമേണ വര്‍ണസമൂഹം ജാതിസമൂഹമായി മാറുകയും ജാതി അടിസ്ഥാനപരമായി സാമൂഹിക വിഭജനരൂപവും മേല്‍ക്കീഴ് വ്യവസ്ഥയുമായി മാറുകയുമായിരുന്നു. ആ മേല്‍ക്കീഴ് വ്യവസ്ഥയാണ് പിന്നീട് ചരിത്രഘട്ടങ്ങളില്‍ ഗ്രേഡഡ് ഇനീക്വാളിറ്റി (തരം തിരിച്ചു മാറ്റിനിര്‍ത്തുന്ന വേര്‍തിരിവ്, അസമത്വം) ആയി മാറുന്നത്. ഈ വേര്‍തിരിവ് രൂപങ്ങള്‍ ധര്‍മമാണെന്ന തരത്തില്‍ സ്ഥാപിച്ചുവരുകയും ചെയ്തു.
ഉത്തര-മധ്യ ഇന്ത്യയില്‍ ഏറക്കുറെ നാലാം നൂറ്റാണ്ടോടെ തന്നെ ഇത് വ്യവസ്ഥാപിത ധര്‍മക്രമമായി മാറി. ഈ വ്യവസ്ഥയെ ഇന്ത്യയിലെ പൊതുപാരമ്പര്യമായി അംഗീകരിക്കുന്ന ഒന്നാണ് സനാതന ധര്‍മം എന്നത്. ഇത് മാറ്റമില്ലാത്തതും സാമൂഹിക മൂല്യവും വ്യവസ്ഥാപരവും ദൈവനിശ്ചയവുമായി കാണുകയും വളര്‍ത്തുകയും, ഇന്ത്യയിലെല്ലാം അത് നിലനില്ക്കണമെന്ന് കരുതുകയും ചെയ്യുന്ന രാഷ്ട്രീയബോധ്യമാണ് ഹിന്ദുത്വമായി മാറുന്നത്.

? ഹിന്ദുത്വം വര്‍ണവ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്ന് പറഞ്ഞല്ലോ. അത്തരമൊരു വ്യവസ്ഥയില്‍ കീഴാള ഹിന്ദുത്വവും മേലാള ഹിന്ദുത്വവുമൊക്കെ സാധ്യമാണോ? അത്തരമൊരു പ്രയോഗം കൊണ്ട് ഗ്രേഡഡ് ഇനീക്വാളിറ്റിയെ മറികടക്കാനാകുമോ.
ഹിന്ദുത്വമെന്നത് കേവലം മതപരമായ സങ്കല്പം മാത്രമല്ല. അത് സാംസ്‌കാരികവും രാഷ്ട്രീയവുമായ സങ്കല്പമാണ്. എന്നാല്‍ അവ നിലനില്ക്കുന്നത് അടിസ്ഥാനപരമായി വര്‍ണ-ജാതി വ്യവസ്ഥയിലധിഷ്ഠിതമായ മേല്‍ക്കീഴ് വ്യവസ്ഥയെ ആദര്‍ശാത്മകമായി കണ്ടുകൊണ്ടാണ്. വര്‍ണ-ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം ഉണ്ടായിവരണമെന്നാണ് ഹിന്ദുത്വം സങ്കല്പിക്കുന്നത്. അതില്‍ കീഴാള ഹിന്ദുവെന്നോ മേലാള ഹിന്ദുവെന്നോ ഇല്ല. ഈ വ്യവസ്ഥ പ്രചരിപ്പിക്കപ്പെടുന്നത് സനാതനമായിട്ടാണ്. കീഴ്ത്തട്ടിലുള്ള ദലിതരോടും പിന്നാക്കവിഭാഗങ്ങളോടും ‘നിങ്ങള്‍ സനാതന ധര്‍മത്തില്‍ വിശ്വസിക്കൂ’ എന്നാണ് ആവശ്യപ്പെടുന്നത്. എന്താണ് സനാതനമെന്നു ചോദിച്ചാല്‍ അത് ഹിന്ദുത്വമാണ്. അതെന്താണെന്നു ചോദിച്ചാല്‍ വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ തുടങ്ങിയ സാഹിത്യ-സാംസ്‌കാരിക രൂപങ്ങളെ നമ്മുടെ പാരമ്പര്യവും മതഗ്രന്ഥങ്ങളുമായി അംഗീകരിക്കലാണ്.
പക്ഷേ, ഈ സാഹിത്യങ്ങള്‍ അടിസ്ഥാനപരമായി ഉല്‍പാദിപ്പിച്ച മൂല്യമെന്താണ്? അത് ധര്‍മശാസ്ത്രങ്ങളുടെ മൂല്യങ്ങളാണ്. അത് പക്ഷേ ജാതി, വര്‍ണം, പുരുഷാധിപത്യം എന്നിവയില്‍ അധിഷ്ഠിതമാണ്. അതായത് മേലാളരായിട്ടുള്ള ത്രൈവര്‍ണിക വിഭാഗം അവരുടെ സാമ്പത്തിക-സാമൂഹിക-വൈജ്ഞാനിക അധികാരത്തെ അതേപടി ഉറപ്പിച്ച്, ഞാന്‍ സനാതനനാണെന്ന് വിശ്വസിക്കുകയും ചോദ്യം ചെയ്യാതിരിക്കാവുന്ന ഒരു ബോധം കീഴാളനിലും ദലിതനിലും പിന്നാക്കക്കാരനിലും മതത്തിന്റെ പ്രതിച്ഛായയില്‍ രൂപം കൊടുക്കുകയും ചെയ്യുകയാണ്. അതില്‍ വിശ്വസിക്കുന്ന ദലിതനോ ആദിവാസിക്കോ സ്ഥാനമാന പദവികള്‍ ലഭിച്ചേക്കാം. പക്ഷേ മൂല്യവ്യവസ്ഥയില്‍ മാറ്റം വരില്ല.
ഈ വേര്‍തിരിവ് മറികടന്നുകൊണ്ട് എല്ലാവരെയും തുല്യരായി കാണുന്ന ഒരു ജനാധിപത്യ ക്രമത്തെ തങ്ങളുടെ രാഷ്ട്രീയബോധ്യമായി ഇവര്‍ക്ക് കാണാന്‍ പറ്റില്ല. ഹിന്ദുത്വത്തെ അംഗീകരിച്ച് ആചരിക്കുന്നവര്‍ക്ക് കീഴാളമായാലും മേലാളമായാലും ഭേദരൂപത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥയിലേ നിലനില്ക്കാനാകൂ. ഞാനിത്ര വിശദീകരിച്ചു പറഞ്ഞത് അതില്‍ വ്യക്തത ഉണ്ടാകാനാണ്. സാധാരണനിലയില്‍ ‘എന്താണ് ഹിന്ദുത്വ’ എന്നു ചോദിച്ചാല്‍ ‘ഹിന്ദുക്കളുടെ രാജ്യം ഉണ്ടാവണമെന്ന് വാദിക്കുന്ന ഒരാശയം’ എന്നു പറയും.

? അത് സത്യസന്ധമല്ല എന്നര്‍ഥം. അല്ലേ.
അതെ. ഏതാണീ ഹിന്ദു രാജ്യം? അവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരേ പരിഗണനയാണോ? അത് സംഭവിക്കുകയേ ഇല്ല. സനാതന വ്യവസ്ഥ ഒരു കീഴാള ഹിന്ദുവിനെ പുരോഹിതനാവാന്‍ അനുവദിക്കില്ല. ആ വ്യവസ്ഥയില്‍ സവര്‍ണ ബ്രാഹ്മണന് മാത്രമാണ് അതിന് അനുമതി. എത്ര തുല്യമാണെന്നു പറഞ്ഞാലും ആ മൂല്യമണ്ഡലത്തിന് അത് അനുവദിക്കാനാകില്ല. ഹിന്ദുത്വം എന്നത് ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായി നിലനില്‍ക്കുന്ന ഒരു ജീവിത കാഴ്ചപ്പാടും ലോകവീക്ഷണവുമാണ്. (തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x