28 Thursday
March 2024
2024 March 28
1445 Ramadân 18

കാശി മധുര: അജണ്ടകള്‍ അനുവദിക്കരുത്‌

നജാഹ് അഹ്മദ്‌

‘ബാബരി കേവല്‍ ഝാക്കി ഹെ, കാശി മധുര ബാക്കി ഹെ’ (ബാബരി കേവലം സൂചന മാത്രമാണ് / കാശിയും മധുരയും ഇനിയും ബാക്കിയാണ്)- ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ ഇ ന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും നേരെ മുഴക്കിയ റാലിയിലെ വരികളാണിവ.
ഇന്ത്യയിലെ മുസ്ലിം പാരമ്പര്യമുള്ള ചരിത്ര സ്മാരകങ്ങളെയെല്ലാം തകര്‍ക്കുകയോ പുനര്‍നാമകരണം നടത്തുകയോ ചെയ്ത് മുസ്ലിം പൈതൃകങ്ങളെ ചരിത്രരേഖകളില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള കുത്സിത ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുകയാണ്. തദ്ഫലമായി ഇന്ത്യയില്‍ മുസ്ലിംകള്‍ അധിനിവേശം നടത്തിയവരാണെന്നും ചരിത്രപരമായോ സാമൂഹികപരമായോ ഇവര്‍ക്ക് രാജ്യത്ത് യാതൊരു പങ്കുമില്ലെന്നും സമര്‍ഥിക്കാനാണ് തീവ്ര ഹിന്ദു സംഘടനകളുടെ ഭഗീരഥ യത്‌നം. നൂറ്റാണ്ടുകളോളം ഇന്ത്യാ മഹാരാജ്യം ഭരിച്ച്, നിരവധി മഹത്തായ കലാമൂല്യങ്ങളുള്ള പൈതൃകങ്ങള്‍ സമ്മാനിച്ചവരെയാണ് ശേഷിപ്പുകളൊന്നുമില്ലാതെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം പൈതൃകങ്ങള്‍ കുടികൊള്ളുന്ന പ്രമുഖ നഗരങ്ങളെ പലതിനെയും പുനര്‍നാമകരണം ചെയ്തുകഴിഞ്ഞു. ചരിത്രം വക്രീകരിച്ച് വ്യാജരേഖകള്‍ ചമച്ചുണ്ടാക്കി അവര്‍ ദൗത്യം നിറവേറ്റുന്നതില്‍ വ്യാപൃതരാണ്. ബാബരി വെറും സൂചന മാത്രമാണ്, കാശിയും മധുരയും ബാക്കിയാണെന്ന വാക്കുകളെ അന്വര്‍ഥമാക്കും വിധം കരുക്കള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു.
കാശിയിലെ ഗ്യാന്‍വാപി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് ക്ഷേത്രം പണിയണമെന്നാണ് ആവശ്യം. പള്ളിയുടെ പിന്‍ഭാഗത്ത് ശിവലിംഗം കണ്ടെത്തിയെന്നും അവിടെ നിത്യാരാധന ചെയ്യാനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അഞ്ചു സ്ത്രീകള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. മുന്‍കാലങ്ങളില്‍ ഹൗളുകളില്‍ സ്ഥിരം കാഴ്ചയായിരുന്ന ജലധാരയെയാണ് ശിവലിംഗമാണെന്നു ചിത്രീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. 1984-ലാണ് വിശ്വഹിന്ദു പരിഷത്ത് മസ്ജിദിനെതിരായി ആദ്യമായി കേസ് നല്‍കിയത്. 1991-ല്‍ പള്ളി ക്ഷേത്രത്തിന് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹരജി നല്‍കി. എന്നാല്‍ അപകടകരമായ ഈ നീക്കം തിരിച്ചറിഞ്ഞ നരസിംഹ റാവു സര്‍ക്കാര്‍ ‘പ്ലേസ് ഓഫ് വര്‍ഷിപ് ആക്ട്’ കൊണ്ടുവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ അവസരത്തില്‍ ആരാധനാലയങ്ങളുടെ അവസ്ഥയെന്താണോ അത് പ്രകാരം തന്നെ തുടരണമെന്നതാണ് ആ നിയമത്തിന്റെ കാതല്‍.
1947ല്‍ തന്നെ വ്യവഹാരം നടക്കുന്നതിനാല്‍ ബാബരി മസ്ജിദിനെ ഇതില്‍നിന്ന് ഒഴിവാക്കി. അന്നത്തെ എം പി ആയിരുന്ന ബനാത്ത്‌വാല ആയിരുന്നു ഈ നിയമത്തിനു പിന്നില്‍. ബില്ല് പാര്‍ലമെന്റില്‍ വോട്ടിനിട്ടപ്പോ ള്‍ ബി ജെ പി പ്രതിഷേധിച്ചു. ഒരു നിലക്കും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമായപ്പോള്‍ കാശി ഗ്യാ ന്‍വാപി മസ്ജിദിനെയും മഥുരയിലെ ശാഹി ഈദ്ഗാഹിനെയും ഒഴിവാക്കണമെ ന്ന് ആവശ്യപ്പെട്ടു. ഇത്രയും ആസൂത്രിതമായാണ് അവര്‍ കരുക്കള്‍ നീക്കുന്നത്. ഖുത്ബ് മിനാറും കമാലുദ്ദീന്‍ മസ്ജിദും വരെ ക്ഷേത്രമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ബാബരി മുതല്‍ അജ്മീര്‍ ദര്‍ഗ വരെ നീളുന്ന ആരോപണങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യബോധത്തിനും മതസൗഹാര്‍ദത്തിനുമേറ്റ ക്ഷതമാണ്. ജനാധിപത്യ വിശ്വാസികളിലും നീതിപീഠത്തിലും മാത്രമാണ് ഇനി പ്രതീക്ഷ.
നജാഹ് അഹ്മദ്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x