‘ജോര്‍ജ് ഫ്‌ലോയിഡിന് അതൊരു മഹത്തായ ദിനം’ വിവാദം ആളിക്കത്തിച്ച് ട്രംപ്
ആഫ്രോഅമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു എസില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ സമരക്കാരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജ് ഫ്‌ലോയിഡിനെ സംബന്ധിച്ച് അതൊരു മഹത്തായ ദിനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ”കഴിഞ്ഞ ആഴ്ച എന്താണ് സംഭവിച്ചതെന്ന് നാമെല്ലാം കണ്ടു. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു” -പൊലീസുകാരന്‍ കാല്‍മുട്ട് കൊണ്ടമര്‍ത്തി ജോര്‍ജ് ഫ്‌ലോയിഡിനെ വധിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ”ജോര്‍ജ് ഫ്‌ലോയിഡ് താഴേക്ക് നോക്കി ഇപ്പോള്‍ പറയുന്നുണ്ടാകും. നമ്മുടെ രാജ്യത്തിന് വേണ്ടി സംഭവിച്ച മഹത്തായ കാര്യമാണത്. തുല്യതയുടെ കാര്യത്തില്‍ ഇതൊരു മഹത്തായ ദിനം തന്നെയാണ്.” ഫ്‌ലോയിഡ് മരിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം വൈറ്റ് ഹൗസില്‍ ട്രംപ് നടത്തിയ ഈ പ്രസ്താവനയിലൂടെ അദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമല്ല. എന്തായാലും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങളെ ട്രംപ് ന്യായീകരിക്കുകയാണെന്ന വാദത്തിന് അടിവരയിടുന്നതായി ഈ പ്രസ്താവന.
