ഇസറാഈലില്‍ ഐക്യസര്‍ക്കാര്‍ നെതന്യാഹു -ഗാന്‍റ്സ്ധാരണ
ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്റാഈലില്‍ സഖ്യ സര്‍ക്കാറിന് ധാരണ. ലികുഡ് പാര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്‍റ്സും ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. മൂന്നു തെരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിച്ച 17 മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇതോടെ അവസാനമായത്. ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വര്‍ഷം പ്രധാനമന്ത്രി പദവിയില്‍ തുടരും. ശേഷം ഗാന്‍റ്സ് പ്രധാനമന്ത്രിയാകും. നിലവില്‍ പ്രതിരോധ മന്ത്രി പദം ഗാന്‍റ്സ് വഹിക്കും. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ഗാബി അഷ്കനാസിയാകും പുതിയ വിദേശകാര്യ മന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റായ നെസറ്റിനോട് പ്രസിഡന്‍റ് റുവെന്‍ റിവ്ലിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍, സപ്തംബര്‍ മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്‍റെ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. 120 അംഗ നെസറ്റില്‍ 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.