സിറിയയില്‍ ഐ എസ് തീവ്രവാദികള്‍ ജയില്‍ ചാടി
സിറിയയില്‍ ജയിലിലെ ആഭ്യന്തര കലാപത്തിന് പിന്നാലെ ഐ എസ് തീവ്രവാദികള്‍ രക്ഷപ്പെട്ടു. വടക്ക് കിഴക്കന്‍ പട്ടണമായ ഹസാക്കയിലെ ഗഹ്റാന്‍ ജയിലില്‍ നിന്നാണ് ഇവര്‍ കടന്നു കളഞ്ഞത്. ഖുര്‍ദിഷ്, അമേരിക്കന്‍ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഐ എസിനെതിരായ പോരാട്ടത്തില്‍ പിടിക്കപ്പെട്ട 12,000- ത്തോളം പേരാണ് ഇവിടെ തടവിലുള്ളത്. ഇവരില്‍ എത്ര പേര്‍ രക്ഷപ്പെട്ടുവെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഖുര്‍ദിഷ് സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ് ഡി എഫ്) യുടെ നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കന്‍ സിറിയയിലെ ഏറ്റവും വലിയ ജയിലാണിത്. ഞായറാഴ്ചയും തിങ്കളാഴ്ചയും ജയിലിനുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജയില്‍ ഭിത്തിയില്‍ ദ്വാരം തീര്‍ത്തും വാതില്‍ തകര്‍ത്തുമാണ് തടവുകാര്‍ രക്ഷപ്പെട്ടത്. തടവുചാടിയവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായി എസ് ഡി എഫ് പ്രസ് ഓഫിസ് തലവന്‍ മുസ്തഫ അലി മാധ്യമങ്ങളെ അറിയിച്ചു. കലാപത്തിന് ശേഷവും ജയിലിനുള്ളില്‍ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ചു വരികയാണ്.
