ഫ്രാന്‍സില്‍ ഡിസംബറില്‍ കോവിഡ് എത്തിയെന്നു സൂചന
ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുന്‍പുതന്നെ കൊറോണ വൈറസ് ലോകത്ത് പടര്‍ന്നുതുടങ്ങിയിരുന്നു എന്ന സംശയവുമായി ലോകാരോഗ്യ സംഘടന. ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍, കഴിഞ്ഞ ഡിസംബറില്‍ ന്യുമോണിയ ബാധിച്ചെത്തിയ ആളില്‍ നിന്ന് അന്നു ശേഖരിച്ച സാംപിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ സംശയം. ഡിസംബര്‍ 31-നാണ് ചൈന ഔദ്യോഗികമായി രോഗവിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. ഔദ്യോഗിക രേഖകള്‍ പ്രകാരം യൂറോപ്പില്‍ രോഗം എത്തിയതാകട്ടെ ഒരു മാസം കൂടി കഴിഞ്ഞ്. എന്നാല്‍ പുതിയ വിവരമനുസരിച്ച് ഡിസംബര്‍ 27-നു മുന്‍പു തന്നെ രോഗം യൂറോപ്പിലെത്തിയതായി കണക്കാക്കാമെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. എല്ലാ രാജ്യങ്ങളും പഴയ കേസുകള്‍ സംബന്ധിച്ച് വിശദപഠനം നടത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.