രോഗലക്ഷണമല്ലാത്തവരില്‍ നിന്നും കോവിഡ് പകരാന്‍ സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന
പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളില്‍ നിന്നു രോഗം പകരുന്നത് വളരെ അപൂര്‍വ്വമായി മാത്രമാണെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായ ഡോ. മരിയ വാന്‍ കെര്‍കോവാണ് പ്രസ്താവനയിറക്കിയത്. ലോകാരോഗ്യ സംഘടനയിലെ പുതുതായി പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ മേധാവിയാണ് ഡോ. വാന്‍ കെര്‍കോവെ. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളില്‍ നിന്നും കോവിഡ് പകരുന്നുവെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയപ്പോഴും ഈ വാദത്തെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നില്ല.
മൂന്ന് വിഭാഗമായാണ് കോവിഡ് രോഗികളെ ലോകാരോഗ്യ സംഘടന തരംതിരിച്ചിട്ടുള്ളത്. 1). പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍. 2). രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ളവര്‍. 3). രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍. ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് പരിശോധിച്ചാലും കോവിഡ് സ്ഥിരീകരിക്കാനാകും. ഇത്തരക്കാരില്‍ നിന്നും ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പു തന്നെ രോഗം പകരാമെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പല പഠനങ്ങളും രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ളവരേയും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരേയും ഒരു വിഭാഗത്തില്‍ പെടുത്തിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
