2019 ആഗസ്തില്‍ തന്നെ കോവിഡ് ചൈനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹാര്‍വാഡ്
കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ പുതിയ ആരോപണവുമായി ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി. കോവിഡിന്റെ ഉത്ഭവത്തെപ്പറ്റി ചൈന ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്നാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ കണ്ടെത്തല്‍. ചൈന പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 ഡിസംബര്‍ മാസത്തിലാണ് വുഹാനില്‍ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ വുഹാനില്‍ വൈറസ് പടരാന്‍ ആരംഭിച്ചിരുന്നതായി ഗവേഷക സംഘം വെളിപ്പെടുത്തുന്നു. ആഗസ്ത് മാസത്തില്‍ തന്നെ ചൈനയുടെ സേര്‍ച് എഞ്ചിനായ ബൈഡുവില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ തിരഞ്ഞതായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷക സംഘം കണ്ടെത്തുകയായിരുന്നു.
”അതിസാരത്തെ കുറിച്ചും ചുമയെ കുറിച്ചും ഇന്റര്‍നെറ്റില്‍ പതിവിലും കൂടുതല്‍ ആഗസ്ത് മാസത്തില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പല പകര്‍ച്ചപ്പനിയുടെ സമയത്തും കാണാത്തത്രയും തവണയാണ് സെര്‍ച്ച് എഞ്ചിനുകളില്‍ ചൈനക്കാര്‍ അവയെ കുറിച്ച് അന്വേഷിച്ചത്” -ഗവേഷക സംഘം പറയുന്നു. അതോടൊപ്പം ആഗസ്ത് മാസത്തില്‍ തന്നെ വുഹാനിലെ ആശുപത്രികള്‍ക്ക് മുന്നില്‍ വലിയ ഗതാഗതം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രികള്‍ക്ക് മുന്നില്‍ പതിവിലും കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സംഭവവും ഹാര്‍വാര്‍ഡ് ഗവേഷക സംഘം ദുരൂഹമായി കാണുന്നു.
