5 Friday
December 2025
2025 December 5
1447 Joumada II 14

വാക്‌സിന്‍ യുദ്ധം കനക്കുന്നു

കോവിഡ്-19 വാക്‌സിന്‍ ആദ്യം സ്വന്തമാക്കി കുത്തകയാക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ശ്രമം തുടങ്ങിയതോടെ രാജ്യാന്തര തലത്തില്‍ വാക്‌സിന്‍ യുദ്ധം. നിര്‍ധന രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ വൈകിയേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന പ്രശ്‌നത്തില്‍ ഇടപെട്ടു തുടങ്ങി. വാക്‌സിന്‍ പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തില്‍ മേധാവിത്വം നേടിയ ബ്രിട്ടനാണു കരാറുകള്‍ ഉറപ്പിക്കുന്നതില്‍ മുന്നില്‍. ഏറ്റവുമൊടുവില്‍, ജിഎസ്‌കെ സനോഫി കമ്പനികളുടെ സംയുക്ത വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട കരാറില്‍ ബ്രിട്ടന്‍ ഒപ്പുവച്ചു. ഈ കമ്പനികള്‍ വാക്‌സിന്‍ വികസിപ്പിച്ചാല്‍ ആദ്യത്തെ 6 കോടി ഡോസ് ബ്രിട്ടനു നല്‍കണം. ഇതുള്‍പ്പെടെ മുപ്പതോളം കമ്പനികളാണു ബ്രിട്ടനു വേണ്ടി പരീക്ഷണം നടത്തുന്നത്. യു എസ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണങ്ങളുമായി മുന്നേറുകയാണ്. യു എസ് സര്‍ക്കാരുമായി 200 കോടി ഡോളറിന്റെ കരാറില്‍ ജര്‍മനി ഒപ്പുവച്ചിട്ടുണ്ട്. ലോകത്താകെ 177-ല്‍ ഏറെ വാക്‌സിനുകളാണു പരീക്ഷണത്തിലുള്ളത്. വീറിലും വാശിയിലും വ്യാവസായിക വിപ്ലവത്തിനു സമാനമാണ് വാക്‌സിന്‍ വിപ്ലവം എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്‍ കമ്പനികളുടെ ഓഹരി മൂല്യവും ഇരട്ടിയിലേറെയായി.

Back to Top