21 Saturday
December 2024
2024 December 21
1446 Joumada II 19

ഖത്തറിനെതിരായ ഉപരോധം നാലാം വര്‍ഷത്തിലേക്ക്

സഊദിഅറേബ്യ അടക്കം നാല് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം നാലാം വര്‍ഷത്തിലേക്ക്. ജി സി സി യോഗത്തിലടക്കം സമാധാനചര്‍ച്ചകള്‍ നടന്നെങ്കിലും ഇരുകൂട്ടരും നിലപാടുകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് ലോകം. ഗള്‍ഫ് നാടുകള്‍ ഒന്നിച്ചുനീങ്ങുമെന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷകളും പാതിവഴിയിലുപേക്ഷിച്ചു സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര, ഗതാഗത, വ്യാപാര ഉപരോധം പ്രഖ്യാപിച്ചത് 2017 ജൂണ്‍ 5-നാണ്. ആരോപണ പ്രത്യാരോപണങ്ങളായിരുന്നു ആദ്യനാളുകളില്‍ ഉയര്‍ന്നുകേട്ടതെങ്കില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മഞ്ഞുരുകലിന്റെ സൂചനകളുയര്‍ന്നു. ഖത്തര്‍ ആതിഥേയത്വം വഹിച്ച അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഊദിയും യു എ ഇയും ബഹ്‌റൈനും പങ്കെടുത്തതടക്കം നല്ല സൂചനകളുണ്ടായി. മധ്യസ്ഥചര്‍ച്ചകളുമായി കുവൈത്തും ഒമാനും ഇപ്പോഴും സജീവമാണ്. ഉപരോധം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന നിലപാടാണ് ഖത്തറിന്റേത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച യു എന്‍ വെര്‍ച്വല്‍ യോഗത്തിലും ഇതേ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. ജിസിസിയില്‍ നിന്ന് പുറത്തുപോകുമെന്ന വാര്‍ത്തകള്‍ ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്. ഡിസംബറില്‍ റിയാദില്‍ നടന്ന ജിസിസി യോഗത്തില്‍ പ്രതീക്ഷ പകരുന്ന ചര്‍ച്ചകളുണ്ടായിരുന്നു. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ ഉപരോധം അവസാനിപ്പിച്ച് ജിസിസി രാജ്യങ്ങള്‍ ഒരുമിച്ചു നീങ്ങുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍.

Back to Top