ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് യു എസ് വിലക്ക്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായ ചെന്‍ ക്വാന്‍ഗോക്കെതിരെ യു എസ് വിലക്ക്. ക്വാന്‍ഗോ ഉള്‍പ്പടെ നാല് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് യു എസ് വിലക്കേര്‍പ്പെടുത്തിയത്. ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് നടപടി. യു എസ് അധികൃതര്‍ ഇവരെ കരിമ്പട്ടികയില്‍ പെടുത്തും. ഷിന്‍ജിയാങ്ങിലെ ഡെപ്യൂട്ടി പാര്‍ട്ടി സെക്രട്ടറി സാഹു ഹാലുന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടി വാങ് മിങ്ഷാന്‍, മുന്‍ പാര്‍ട്ടി സെക്രട്ടറി ഹുവോ ലിയുജുന്‍ എന്നിവരെയും വിലക്കിയിട്ടുണ്ട്. ഷിന്‍ജിയാങ് മേഖലയില്‍ സ്വന്തം പൗരന്‍മാരായ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ലോകം ഒന്നിക്കണമെന്നും യു എസ് ആവശ്യപ്പെട്ടു. ഉയിഗുര്‍ മുസ്‌ലിംകളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിത ജോലി, മതപരിവര്‍ത്തനം, ഭ്രൂണഹത്യ എന്നിവക്ക് വിധേയമാക്കുന്നുണ്ടെന്നും യു എസ് ആരോപിച്ചു. ഷിന്‍ജിയാങ് മേഖലയില്‍ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരായ ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്ത് വന്നിരുന്നു. അതേസമയം, ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ കുറിച്ച് യു എസിലെ ചൈനീസ് എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല