മക്ക, മദീന നഗരങ്ങളില്‍ ഏകീകൃത പാസ്
കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങാനുള്ള ഏകീകൃത പാസ് മക്ക, മദീന നഗരങ്ങളില്‍ പ്രാബല്യത്തില്‍. നേരത്തേ ലഭിച്ച പാസുകളെല്ലാം അസാധുവാകും. കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. ഇളവിന്‍റെ മറവില്‍ റോഡുകളില്‍ വാഹനങ്ങള്‍ കൂടിയ പശ്ചാത്തലത്തിലാണ് സഞ്ചാരം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പാസ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പാസില്‍ അതത് വകുപ്പ് മേധാവികളും ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സമിതിയുമാണ് ഒപ്പുവെക്കേണ്ടത്. കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസില്‍ ഡ്രൈവര്‍ക്ക് മാത്രം പാസ് മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രൈവറുടെ പാസില്‍ വാഹനത്തില്‍ യാത്രചെയ്യുന്ന ആളുകളുടെ എണ്ണം രേഖപ്പെടുത്തണം. എണ്ണം ബസിലെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ കൂടാന്‍ പാടില്ല. വാഹന നമ്പര്‍, റൂട്ട്, കമ്പനി പ്രവൃത്തിദിവസങ്ങള്‍, പ്രവൃത്തി സമയം എന്നിവയും പാസില്‍ രേഖപ്പെടുത്തിയിരിക്കണം. ഇതിനു പുറമെ വാഹനത്തിലുള്ളര്‍ ആരോഗ്യനിയമങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. പാസില്ലാതെ യാത്രചെയ്താല്‍ കര്‍ഫ്യൂ നിയമലംഘനമായി കണക്കാക്കി 10,000 റിയാല്‍ പിഴ ചുമത്തും. രണ്ടാംതവണ ഇരട്ടി പിഴയും മൂന്നാം തവണ ജയില്‍ശിക്ഷയും ലഭിക്കും
