നാല് രാജ്യങ്ങള്‍ പട്ടിണിയിലേക്കെന്ന് യു എന്‍
സംഘര്‍ഷത്തെ തുടര്‍ന്ന് നാല് രാജ്യങ്ങള്‍ പട്ടിണിയിലേക്കും ഭക്ഷ്യ വിഭവ ദൗര്‍ലഭ്യത്തിലേക്കും നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കോംഗോ, യമന്‍, നോര്‍ത്ത് ഈസ്റ്റ് നൈജീരിയ, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ അപകട മുനമ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രതിസന്ധിയാണ് ഈ നാലു രാജ്യങ്ങളിലും അനുഭവപ്പെടാന്‍ പോകുന്നതെന്ന് രക്ഷാസമിതി അംഗങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്ന സോമാലിയ, അഫ്ഗാനിസ്താന്‍, ബുര്‍ക്കിനഫാസോ എന്നീ രാജ്യങ്ങളിലും ജനങ്ങള്‍ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എത്രയും വേഗം നടപടി വേണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്ക് 22 ശതമാനം സഹായമേ ലഭിച്ചിട്ടുള്ളൂ. ഇതിനാല്‍ പല പദ്ധതികളും മാറ്റിവെക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു