ട്വിറ്റര്‍ അല്‍ഗോരിതങ്ങളില്‍ ഉടമയും അടിമയും ഇനിയില്ല
കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയില്‍ വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള വംശീയ സൂചനകളുള്ള വാക്കുകള്‍ അല്‍ഗോരിതങ്ങളില്‍ നിന്നു നീക്കം ചെയ്ത് സമൂഹമാധ്യമമായ ട്വിറ്ററും. ഉടമ, അടിമ, കരിമ്പട്ടിക തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന മാസ്റ്റര്‍, സ്ലേവ്, ബ്ലാക്‌ലിസ്റ്റ്, വൈറ്റ്‌ലിസ്റ്റ്, ലിംഗഭേദം സൂചിപ്പിക്കുന്ന ഹി, ഹിസ് തുടങ്ങിയ വാക്കുകളാണ് അല്‍ഗോരിതങ്ങളില്‍ നിന്നു നീക്കുന്നതായി ട്വിറ്റര്‍ എന്‍ജിനീയര്‍മാര്‍ അറിയിച്ചത്. യുഎസില്‍ ശക്തമായ വംശീയവിരുദ്ധസമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു മാറ്റം. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ ക്രോം തുടങ്ങിയ കമ്പനികളും ഇത്തരം പദങ്ങള്‍ അല്‍ഗോരിതങ്ങളില്‍ നിന്നൊഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രോഗ്രാമിങ് ഭാഷയില്‍ മാസ്റ്റര്‍ എന്നാല്‍ ഒരു കോഡിന്റെ പ്രാഥമികപതിപ്പും സ്ലേവ് അവയുടെ അനുകരണങ്ങളുമാണ്. ഓട്ടമാറ്റിക്കായി നിരസിക്കേണ്ട ഇനങ്ങളുടെ പട്ടികയാണ് ബ്ലാക്‌ലിസ്റ്റ്. ബ്ലാക്‌ലിസ്റ്റ് ഡിനൈലിസ്റ്റും വൈറ്റ്‌ലിസ്റ്റ് അലൗലിസ്റ്റുമാകും. മാസ്റ്ററും സ്ലേവും യഥാക്രമം ലീഡറും ഫൊളോവറും ആകും. പ്രോഗ്രാമിങ് ഭാഷയിലെ ഈ മാറ്റം ഉപയോക്താക്കളെ ബാധിക്കുന്നതല്ല.