തുര്‍ക്കി സൈനിക അട്ടിമറി ശ്രമം: മുന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം
നാലുവര്‍ഷം മുമ്പ് തുര്‍ക്കിയില്‍ അരങ്ങേറിയ സൈനിക അട്ടിമറി ശ്രമത്തിലുള്‍പ്പെട്ട മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും നാലു പൗരന്മാര്‍ക്കും ജീവപര്യന്തം കഠിന തടവ്. 2016 ജൂലൈ 15ന് നടന്ന വിഫലമായ അട്ടിമറി ശ്രമത്തിനിടെ വിമത സൈനികര്‍ തുര്‍ക്കി പാര്‍ലമെന്റ്, പ്രസിഡന്റിന്റെ വസതി എന്നിവക്കുനേരെ ബോംബാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 251 പേര്‍ കൊല്ലപ്പെടുകയും 2,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് ബോംബിട്ട മുന്‍ പൈലറ്റും ലഫ്. കേണലുമായ ഹസന്‍ ഹുസ്‌നു ബല്‍കിജി, ബോംബാക്രമണത്തിന് ഉത്തരവ് നല്‍കിയ മുന്‍ ലെഫ്റ്റനന്റ് മുസ്തഫ മിതി കൈഗുസുസ്, ഇന്ധനം നല്‍കിയ ടാങ്കര്‍ താവള കമാന്‍ഡര്‍ ബാകിര്‍ എര്‍ജാന്‍ വാന്‍, അട്ടിമറി ആസൂത്രണം ചെയ്ത പൗരന്മാരായ കമാല്‍ ബാത്മാസ്, ഹാകാന്‍ തശീക്, ഹാറൂന്‍ ബിനിസ്, നൂറുദ്ദീന്‍ ഔറുതുശ് എന്നിവര്‍ക്ക് 79 വീതം ജീവപര്യന്തം കഠിന തടവാണ് അങ്കാറ കോടതി വിധിച്ചത്. 15 പേരുടെ മരണത്തിനിടയാക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വസതിക്ക് സമീപം ബോംബിട്ട യുദ്ധവിമാനത്തിന്റെ പൈലറ്റ് മുസ്‌ലിം മജീദിനെ 16 വീതം ജീവപര്യന്ത്യം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇവരുള്‍പ്പെടെ 21 പേരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യു എസില്‍ കഴിയുന്ന തുര്‍ക്കി മതപണ്ഡിതനും വ്യവസായിയുമായ ഫത്ഹുല്ല ഗുലന്റെ സംഘമാണ് അട്ടിമറിക്ക് പിന്നിലെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. ഗുലന്‍ ഉള്‍പ്പെടെ അഞ്ചുപേരെ കേസില്‍ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യുമെന്ന് കോടതി അറിയിച്ചു.
