3 Thursday
July 2025
2025 July 3
1447 Mouharrem 7

കരിങ്കടലില്‍ വന്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി തുര്‍ക്കി

കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 2023 ഓടെ ഇവിടെനിന്നും പ്രകൃതി വാതകം വാണിജ്യപരമായി ഖനനം ചെയ്യാനാകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 320 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതക നിക്ഷേപം ഉള്ളതായാണ് കരുതുന്നതെന്നും തുര്‍ക്കിയുടെ പുതിയ യുഗത്തിന് അത് കാരണമാകുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കി സര്‍ക്കാറിന്റെ കീഴിലുള്ള എണ്ണക്കമ്പനിയായ ടി പി എ ഒക്ക് പ്രകൃതി വാതക നിര്‍മാണത്തില്‍ നിലവില്‍ വൈദഗ്ധ്യമില്ല. ഇതിനായി വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വലിയ അളവില്‍ പ്രകൃതി വാതകം തുര്‍ക്കി ഇറക്കുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയുടെ ഫാതിഹ് പര്യവേഷണ കപ്പലാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. അതേസമയം, എണ്ണപോലുള്ള ഊര്‍ജ സ്രോതസ്സുകളുടെ പ്രസക്തി കുറഞ്ഞു വരുന്നതിനാല്‍ പുതിയ കണ്ടെത്തല്‍ തുര്‍ക്കിയുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കാവുന്ന കുതിപ്പിന് പരിമിതികളുണ്ടെന്നും ചില വിദഗ്ധര്‍ നിരീക്ഷിക്കുന്നു`

Back to Top