5 Friday
December 2025
2025 December 5
1447 Joumada II 14

ബഹിരാകാശ ദൗത്യവുമായി സ്‌പേസ് എക്‌സിന്റെ റോക്കറ്റ് പറന്നുയര്‍ന്നു

യു എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ ദൗത്യവുമായി ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റ് പറന്നുയര്‍ന്നു. മെയ് 30ന് പ്രാദേശിക സമയം വൈകീട്ട് 3.22-നായിരുന്നു വിക്ഷേപണം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സന്റെറില്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അതേ ലോഞ്ച്പാഡ് ’39-എ’യില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഒമ്പത് വര്‍ഷങ്ങക്ക് ശേഷമാണ് അമേരിക്കന്‍ മണ്ണില്‍നിന്നും നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പറക്കുന്നത്.
സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ബോബ് ബെങ്കന്‍, ഡഗ്ലസ് ഹര്‍ലി എന്നീ ബഹിരാകാശ ഗവേഷകരാണുള്ളത്. സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റിലായിരുന്നു വിക്ഷേപണം. ബെങ്കനും ഹാര്‍ലിയും സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികളായി മാറി. നാസയുടെ നിരവധി ദൗത്യങ്ങളില്‍ പങ്കാളികളായ ഇരുവരും ഏജന്‍സിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളുമാണ്. 19 മണിക്കൂര്‍ കൊണ്ടാണ് ഇവര്‍ ബഹിരാകാശ നിലയിത്തിലെത്തുക. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിക്ഷേപണം കാണാന്‍ ഫ്‌ലോറിഡയിലെത്തിയിരുന്നു. 2011-ന് ശേഷം റഷ്യന്‍ വാഹനമായ സോയൂസിലാണ് അമേരിക്കന്‍ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തിലെത്തിയിരുന്നത്. റഷ്യക്ക് ദശലക്ഷങ്ങള്‍ കൊടുത്തായിരുന്നു യാത്രകള്‍. ബഹിരാകാശ രംഗത്തെ അമേരിക്കയുടെ കുത്തക തിരികെ പിടിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം പദ്ധതികള്‍. ഇതിന്റെ ചുവടുപിടിച്ച് 2024-ല്‍ വീണ്ടും ചന്ദ്രനിലേക്കും പിന്നാലെ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാന്‍ നാസ പദ്ധതിയിടുന്നുണ്ട്.

Back to Top