3 Thursday
July 2025
2025 July 3
1447 Mouharrem 7

കിമ്മിന് കൊറോണപ്പേടിയെന്ന് ദക്ഷിണ കൊറിയ

രണ്ടാഴ്ചയിലേറെയായി പൊതുരംഗത്ത് കാണാത്ത ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കുറിച്ച് കഥകള്‍ പറന്നുനടക്കുന്നതിനിടെ പുതിയ അവകാശവാദവുമായി ദക്ഷിണ കൊറിയ. ലോകം കീഴടക്കിയ കോവിഡ് ഭീതി മൂലമാകാം കിം പുറത്തിറങ്ങാതിരിക്കുന്നതെന്ന് ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയന്‍ കാര്യ മന്ത്രി കിം യിവോണ്‍ ചുല്‍ പറഞ്ഞു. രാഷ്ട്രപിതാവും വല്യച്ഛനുമായ കിം ഇല്‍ സങ്ങിന്‍റെ ജന്മദിനത്തില്‍ പതിവുതെറ്റിച്ച് പൊതുവേദിയില്‍ വരാതിരുന്നതിനെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്കാണ് പുതിയ ട്വിസ്റ്റ്. കിം ജോങ് ഉന്‍ മരിച്ചുവെന്നും സഹോദരി അധികാരാരോഹണത്തിന് അരികെയാണെന്നും വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കിമ്മിന് എന്തു സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്നും പറയില്ലെന്നും യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു പിറകെയാണ് സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുടെ വിശദീകരണം. 20 ദിവസത്തിലേറെ തുടര്‍ച്ചയായി പൊതുവേദിയില്‍ നിന്ന് വിട്ടുനിന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കിം യിവോണ്‍ ചുല്‍ പറഞ്ഞു.

Back to Top